ജലജയുടെ ജലയുദ്ധങ്ങള്‍
വീണ
ഭൂമി ഉണങ്ങിപ്പൊട്ടുന്ന ചൂട് കാലം കഴിയുമ്പോള്‍ ആദ്യത്തെ മഴയ്ക്കൊപ്പം ദിവാകരേട്ടന് വരും. മഴക്കാലം മുഴുവന്‍ പിന്നെ ഒപ്പമുണ്ടാകും. മീനിന് പിന്നാലെ മണ്ടി നടക്കുന്ന പൂച്ചയെപ്പോലെ മഴക്കാലം കഴിയും വരെ മൂപ്പര് അകത്തും പുറത്തും നടക്കും. അവള് രാത്രിയിലെപ്പോഴോ ആര്‍ത്തലച്ചുപെയ്യുന്ന മഴ സ്വപനം കണ്ടുറങ്ങി. |
വെളളമെടുക്കാന്‍ പൊതുപൈപ്പിലേക്ക് പോയി തിരികെ നടക്കുമ്പോള്‍ ജലജയ്ക്ക് നിരാശ തോന്നിയില്ല. ഇതില്‍ അത്ഭുതമൊന്നുമില്ല. ഇന്നും വെളളമില്ല. ഉണങ്ങി വരണ്ടു കിടക്കുന്ന വഴിയിലൂടെ തിരിച്ചു നടന്നപ്പോള്‍ അവളെന്തു കൊണ്ടോ ദിവാകരനെ ഓര്‍ത്തു. അടുത്ത വീട്ടിലെ പെണ്ണിനോട് നടക്കുന്നതിനിടയില്‍ അവള് വിളിച്ചു പറഞ്ഞു
- ഇന്നിനി വെളളം വരുമെന്ന് തോന്നുന്നില്ല.. വെറുതെ കുടവും താണ്ടി ഇനി അത്ര ദൂരം പോകണ്ട..
കുടം താഴെ വെച്ച് കട്ടിലിലേയ്ക്കു വന്നു മറിയുമ്പോള്‍ അപ്പുറത്തെ പെണ്ണിന്റെ ചോദ്യം ജലജയുടെ പിന്നാലെ കയറിവന്നു
- ദിവാകരേട്ടന് ഇനിയെന്നു വരും..?
-അറിയില്ല
വാതിലിനൊപ്പം പെണ്ണിന്റെ ചോദ്യത്തെയും അടച്ചുപുറത്താക്കി. ഇനി എന്നാണ് വെളളം വരുന്നതെന്നറിയില്ല, ദിവാകരേട്ടനും. ഇന്നിനി അടുപ്പു കൂട്ടേണ്ട..ഓര്‍മ്മകള്‍ ആസ്ബറ്റോസിനിടയിലൂടെ ചൂടിനൊപ്പം ഇറങ്ങി വന്ന് തിളച്ചു തുടങ്ങി.
അഞ്ചാറുകൊല്ലം മുമ്പ് ഇതുപോലെ ഒരു ദിവസം പൈപ്പില്‍ വെളളമെടുക്കാന്‍ പോയപ്പോഴാണ് ദിവാകരേട്ടനെ ആദ്യമായി കണ്ടത്. അന്നാണയാള്‍ ആദ്യമായി തണ്ണീരില്ലാത്ത ഈ ഗ്രാമത്തിലേക്ക് വന്നത്. ബസ്സിറങ്ങി വന്നപ്പോള്‍ ചെമ്മണ്ണ് നിറഞ്ഞ പൊടിക്കാറ്റ് പടര്‍ന്ന് ദിവാകരേട്ടന് ഒരു ചെമപ്പു നിറം തോന്നിച്ചിരുന്നു. ഇന്‍സ്റ്റാള്‍മെന്റ് മെത്ത വില്‍ക്കുന്നതിനുളള ഓര്‍ഡര്‍ പിടിക്കാനെത്തിയതായിരുന്നു. മെത്ത വില്ക്കുന്നയാളാണെങ്കിലും നീണ്ടനാളുകളായി നേരെ ചൊവ്വെ ഉറങ്ങാത്ത ഒരാളെപ്പോലെ തോന്നി. പൈപ്പിന് ചുവട്ടിലെ പെണ്ണുങ്ങളോട് മെത്ത സ്ക്കീം അയാള്‍ പറയുന്നത് കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ആരു കാണാത്ത ഒരു നനവ് കണ്ടു. സരളേച്ചിയും കൗസുത്തായും ഓര്‍ഡര്‍ ചെയ്തപ്പോ മിണ്ടാതെ നിന്നപ്പോള്‍ ദീവാകരേട്ടന്‍ തന്നെയാണ് പറഞ്ഞത്.
-അടുത്താഴ്ചയാണ് ഡെലിവറി..വരുമ്പോ ഇയാള്‍ക്കും ഒരു മെത്ത കൊണ്ടുവരാം..പൈസാ പതിയെ പതിയെ തന്നാ മതി..
ദിവാകരേട്ടനും ഒരു ചെക്കനും കൂടി ഒതുക്കുകല്ലുകള്‍ കയറി മെത്തയുമായി വന്നു. താഴെ റോഡില്‍ കിടക്കുന്ന മാരുതി വാനിന്റെ പുറത്ത് വേറെയും മെത്തകള്‍ കെട്ടിവെച്ചിരുന്നു. പിഞ്ഞിപ്പോയ പഞ്ഞി പുറത്തു ചാടിയ മെത്ത മാറ്റി കട്ടിലിലേക്ക് ഒരധികാരത്തോടെ മെത്തയിടുകയായിരുന്നു. ക്ഷീണം മാറ്റാന്‍ ഒരു ഗ്ളാസ് കഞ്ഞിവെളളവും വാങ്ങിക്കുടിച്ച് പടിയിറങ്ങിപ്പോയി.
പിന്നെ ഇന്‍സ്റ്റാള്‍മെന്റ് പിരിവിന് വന്നപ്പോഴാണ് കണ്ടത്. കൊടുക്കാന്‍ കാശുണ്ടായില്ല. അന്ന് ചെക്കനുണ്ടായില്ല കൂടെ മത്തിക്കറിയും ചോറും തിന്ന് പോയി. രണ്ടാം പിരിവിന് വന്നപ്പോള്‍ വീട്ടിലായി താമസം. പിന്നെ പിന്നെ ദീവാകരേട്ടന്‍ ജീവിതത്തിന്റെ ഭാഗമായി. വെളളം വറ്റിയ തൊണ്ടക്കുഴികളിലൂടെ ഗ്രാമം പലതും കുശുകുശുത്തു.
-ഓക്കും വേണ്ടെ ഒരു കൂട്ട്..കൂനിത്തളള ചത്തേപ്പിന്നെ ഓള് ഒറ്റക്കല്ലേ ഈ നയിക്കണെ..
ഗ്രാമ മുത്തശ്ശിമാര്‍ പരസ്പരം പറഞ്ഞ ദിവസം പൈപ്പില്‍ നിനച്ചിരിക്കാതെ വെളളം വന്ന പോലെ സന്തോഷമായി. വേനല്‍ കഴിഞ്ഞ് മഴക്കാലം വന്നു. ഓണവും ക്രിസ്മസും പല തവണ വന്നുപോയി. ഇപ്പോള്‍ വീണ്ടും വേനലായിരിക്കുന്നു. കത്തുന്ന ചൂടിനൊപ്പം ദിവാകരേട്ടന് ഇറങ്ങിപ്പോയതാണ്.
-ജലജേച്ചീ..ഓടി വാ..അടി നടക്കുന്നു..
അടി കാണാന്‍ ഓടുന്നവരില്‍ ആരോ വിളിച്ചുകൂവിയപ്പോള്‍ അവള് ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നു
അന്ന് രാത്രി മെത്തയില്‍ കിടക്കാതെ അവള് സിമന്റെുതറയിലിറങ്ങിക്കിടന്നു. തണുപ്പുണ്ട്. ഉറക്കം വരുന്നില്ല. കുറെ നാളായി മെത്തയില്‍ കിടന്നിട്ട്. എട്ട് അടവുളള ഇന്‍സ്റ്റാള്‍മെന്റ് മെത്തയാണ് ദിവാകരേട്ടന് കൊണ്ടുവന്നത്. കൊടും വേനല്‍ ആസ്ബസ്റ്റോസില്‍ വിയര്‍ത്തിറങ്ങുന്നു. ഈ വേനലില്‍ ഇനി ദിവാകരേട്ടനെ പ്രതീക്ഷിക്കണ്ട. മെത്തയുമായി വന്നതിനു ശേഷം എല്ലാ വേനലിലും അയാളങ്ങനെയായിരുന്നല്ലോ. ജലജയോര്ത്തു
ഭൂമി ഉണങ്ങിപ്പൊട്ടുന്ന ചൂട് കാലം കഴിയുമ്പോള്‍ ആദ്യത്തെ മഴയ്ക്കൊപ്പം ദിവാകരേട്ടന് വരും. മഴക്കാലം മുഴുവന്‍ പിന്നെ ഒപ്പമുണ്ടാകും. മീനിന് പിന്നാലെ മണ്ടി നടക്കുന്ന പൂച്ചയെപ്പോലെ മഴക്കാലം കഴിയും വരെ മൂപ്പര് അകത്തും പുറത്തും നടക്കും. അവള് രാത്രിയിലെപ്പോഴോ ആര്‍ത്തലച്ചുപെയ്യുന്ന മഴ സ്വപനം കണ്ടുറങ്ങി.
പിറ്റേന്ന് ഒരു കുട്ടി അയാളെ തിരഞ്ഞു വന്നു.
-ദീവാകരേട്ടന്‍ എവിടെ?
വീടിനുളളില്‍ കയറി തിരയുന്നതിനിടയില്‍ അവന് ചോദിച്ചു. അയാളെ കാണാത്ത നിരാശയോടെ മടങ്ങിപ്പോയി. ദിവാകരേട്ടനെ തിരക്കി വരുന്നതാകെ കുട്ടികള്‍ മാത്രമാണ്. രാവിലെയും വൈകിട്ടും ക്രമം തെറ്റാതെ വരുന്ന ഏക ബസാണ് ഗ്രാമത്തിലേക്കുളളത്. അതിലാണ് ദിവാകരേട്ടന് വരിക. ഇന്ന് ബസ്സ് വന്നുപോയി. ജലജ വേലിക്കല് വന്ന് നോക്കി. ഇല്ല..വന്നിട്ടില്ല.. സാധാരണ അയാള്‍ ബസ്സിറങ്ങി ചിലപ്പോള്‍ ഒരു പൊതിയും കയ്യില്‍ പിടിച്ച് ചെമ്പരത്തിവേലി കടന്ന് ഒതുക്കുകല്ലു കയറി വരും. ചിലപ്പോള്‍ പാളയംകോടന് പഴമോ, കപ്പലണ്ടിമുട്ടായിയോ, പൊറൊട്ടയും മുട്ടക്കറിയുമോ ഒക്കെ പൊതിഞ്ഞ് കൊണ്ടു വരും. അയാളുടെ പുറകെ ഒരുവരിപോലെ കുട്ടികള്‍ വേലി കടന്ന് വരും. തീറ്റ കഴിഞ്ഞ് കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ കാത്തു നിന്ന മഴ പെയ്യും. ദിവാകരേട്ടന് വരുന്ന ദിവസം കൃത്യമായി മഴയെങ്ങനെ അറിയുന്നുവെന്ന് അവള്‍ക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.
-കിണറു കുത്തിയപ്പോള്‍ വെളളം കിട്ടിയില്ല..എത്ര വളയങ്ങള്‍ കഴിഞ്ഞീറ്റും ഒരു തൊളളി വെളളമില്ലപ്പാ..പാതാളം വരെ കണ്ടിനി..ഈ കാലുമുറിച്ചപ്പോഴും ഇത്ര വേദന തോന്നീറ്റില്ല...
കാന്‍സര്‍ വന്ന് കാലുമുറിച്ച രവിയേട്ടന് വിലപിക്കുന്നത് ചന്തയ്ക്ക് പോയി വന്ന ജലജ കേട്ടു. ഗ്രാമം മുഴുവന്‍ വേനലിന്റെ ദു:ഖകഥകള്‍ ഉരുക്കഴിക്കുകയാണ്. തൊണ്ടപൊളളി ഒരു നായയോടി അവള്ക്കുമുമ്പെ പോയി. നായ പോയപ്പോഴേക്കും ബസിന്റെ ഹോണടിയും ഇരമ്പവും പിന്നാലെ കേട്ടു. ജലജയുടെ മനസ്സൊന്നിളകി. ദിവാകരേട്ടന് വരുന്ന ബസ്സ്. ഇല്ല ബസ്സിലില്ല. വീട്ടിലെത്തിയപ്പോള്‍ പാമ്പ് പടം പൊഴിച്ചുപോയ പോലെ കിടക്കുന്നു അയാളുടെ കൈലിയും ഷര്‍ട്ടും. എത്ര കഴുകിയാലും ജലജയ്ക്ക് മതിയാവില്ല. അവളത് വീണ്ടും വീണ്ടും വെടിപ്പാക്കി വെയ്ക്കും വരി നിന്ന് നടുവൊടിഞ്ഞ് കൊണ്ടു വരുന്ന വെളളത്തില്‍ നനച്ച് തുവരാനിടും. വീണ്ടും മടക്കി വെയ്ക്കും വീണ്ടും നനയ്ക്കും. പാറ്റകളാണ് വീട് നിറയെ. മഴക്കാലങ്ങളില്‍ മോറിയ ഒരു പാത്രം പോലെയാണ് വീട്. പൊറ്റയടര്‍ന്ന പാറ്റകള്‍ ചൂടുകാലത്ത് വീട് മുഴുവന്‍ നടക്കും.
ഗ്രാമത്തില്‍ മൈക്കിന്റെ ശബ്ദമുയര്‍ന്നു. വല്ലപ്പോഴുമെത്തുന്ന സന്നദ്ധ സംഘടനയുടെ മൈക്കാണത്. ക്ലാസിൽ പെണ്ണുങ്ങളു കുറേപ്പേരുണ്ട്. ജലജ പിന്നിലിരുന്നു. നന്നായി വെളളം കുടിച്ച് തണുത്ത ഒരാളെപ്പോലെ തോന്നുന്ന ഒരു ചെറുപ്പക്കാരനാണിപ്പോള് സംസാരിക്കുന്നത്
-ഇനിയുളള കാലം ജലയുദ്ധങ്ങളുടേതാണ്. ഇനി നമ്മള് ജലത്തിനുവേണ്ടി യുദ്ധം ചെയ്യേണ്ടി വരും..ഒരിറ്റു ദാഹജലത്തിനു വേണ്ടി മനുഷ്യന് മനുഷ്യനെ കൊന്നൊടുക്കും. ശക്തിയുളളവന് ജലാശയങ്ങള്‍ കീഴടക്കും. അതിനാല്‍ ജലം നമുക്ക് സംരക്ഷിക്കാം
ഒരു കുടം വെളളം പോലും കിട്ടാത്ത ദിവസമാണിന്ന്. ജലജയ്ക്ക് ചെറുപ്പക്കാരനോട് ദേഷ്യം തോന്നി. വിണ്ടുകീറിയ കാലുകള്‍ കാണാതിരിക്കാനായി ജലജ സാരി വലിച്ചിട്ടു.
സന്നദ്ധസംഘടനയുടെ ക്ലാസ് കഴിഞ്ഞ് മില്ലിന്റെ വഴി മുറിച്ച് വീടുകള്‍ക്കിടയിലൂടെ ഞരമ്പുപോലെ ഒഴുകുന്ന തോട്ടുവരമ്പിലൂടെ ജലജ നടന്നു. മഴക്കാലത്ത് ഒരു ഗര്‍ഭിണിയെപ്പോലെ നിറവയറോടെ ഒഴുകുന്ന തോടാണ്. ഇപ്പോള്‍ പീള കെട്ടിയ നാറ്റം പിടിച്ച പായലു മൂടി കിടക്കുകയാണ് തോട്. വീടുകളുടെ പിന്നാമ്പുറത്തൂടെ ഒാവുചാലു പോലെ. ഏതൊക്കേയോ ചിന്തകളാല്‍ മെല്ലെ തോട്ടിന് വരമ്പിനൂടെ നടന്ന ശൈലജയെ പിന്തള്ളി ആരൊക്കേയോ മുന്നോട്ട് ഓടിപ്പോയി. സ്ത്രീകള്‍ വലിയ വായോടെ നിലവിളിച്ചോടി വന്നപ്പോഴാണ് തോടിനുചുററും കൂടി നില്ക്കുന്ന ഒരാള്‍ക്കൂട്ടത്തെ അടുത്ത തിരിവില്‍ ജലജ കണ്ടത്. ഒരു നോട്ടം നോക്കിയതേയുളളു. ദിവാകരേട്ടനെ അവള് കണ്ടു. ഒരു ഡെമ്മി വീണ പോലെ കമന്നു കിടക്കുകയാണ്. പായലും ചീഞ്ഞ കറുത്ത വെളളവും ഒരുടുപ്പുപോലെ അയാളെ മൂടിയിരിക്കുന്നു.
ജലജ ഞെട്ടിയുണര്‍ന്നു. വിയര്‍പ്പൊട്ടി നൈറ്റി നനഞ്ഞിരുന്നു. വേനല്‍ക്കാലത്തെ ദുസ്വപ്നം. ദിവാകരേട്ടന് മരിച്ചില്ലെന്നോര്ത്തപ്പോള് അവള്‍ക്ക് സമാധാനം തോന്നി. കുടവുമെടുത്ത് നടന്നു. പൊടിക്കാറ്റ് പാറി വന്നു. പൈപ്പിന് ചുവട്ടില്‍ ജലയുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. മഴയും ദിവാകരേട്ടനും ഇനി എന്നു വരുമോ.? ജലജ യുദ്ധഭൂമിയിലേക്ക് നടന്നു.
05-Jan-2018
മാജി ഷെറീഫ്
ദുര്‍ഗ മനോജ്
ആര് സി
സവിത എ പി
പ്രിയ ഉണ്ണികൃഷ്ണന്