പായപ്പെണ്ണ്

കോണിപ്പടിയിൽ വിരിച്ചിട്ട 
പായപ്പെണ്ണ് എന്ത് കുസൃതിയാണ്
മിഠായി തെരുവിൽ നിന്ന്
വാങ്ങിയെത്തിയ ഉടൻ
തന്റെ പവറ് കാട്ടി

കോണിപ്പടികൾ സ്വന്തമാക്കിയ ഉടൻ
തന്റെ മേൽ ഉരുണ്ട് മറിഞ്ഞ
ടിപ്പുവിനെ അവൾ തന്റെ നഖങ്ങൾ
കൊണ്ട് പോറലേൽപ്പിച്ചു

പാലുമായി വന്ന ഏല്യാമ്മ ചേച്ചിയെ
ഇടം കാലിട്ട് വീഴ്ത്തി
എന്റെ ചിട്ടി പൈസയ്ക്ക് അർത്ഥം നൽകി

ഒന്നു കുടഞ്ഞ് വിരിക്കാൻ പോയ
അമ്മക്ക് നേരെ പഴുതാര 
കുഞ്ഞുങ്ങളെ പായിപ്പിച്ച് പേടിപ്പിച്ചു

മെരുങ്ങാത്ത പട്ടിക്കുഞ്ഞിനെപ്പോലെ
അവളെല്ലാവരുമായി കലഹിച്ചു
പുതുതായി ആര് വന്നാലും തന്റെ നടുവളച്ചോ 
അറ്റംകൊണ്ടു കടന്നു പിടിച്ചോ 
പേടിപ്പിച്ചു 

എന്തെങ്കിലും മിണ്ടിയാൽ 
പിന്നെ ചുരുണ്ടൊരോറ്റ കിടപ്പാണ് 
രണ്ടറ്റവും പിടിച്ചു 
സമസ്താപരാധവും പറഞ്ഞു 
നിവർത്തിയാലും 
പിന്നെയും 
ചുരുണ്ടു ചുരുണ്ടൊരു പായപ്പെണ്ണ്.

27-Sep-2017

കവിതകൾ മുന്‍ലക്കങ്ങളില്‍

More