ചുംബന പരിഭാഷ

യാത്രക്കിടയില്‍,
മേല്‍പ്പാലങ്ങള്‍ക്കു മുകളില്‍
അവ്യക്തമായി കുറിച്ചിടുന്ന
അവന്റെ രാജ്യത്തിലേക്കുള്ള
ക്ഷണം പോലെ. അല്ലെങ്കില്‍,
ഉച്ച ബിരിയാണിയെരുവിനെ
കുലുക്കുഴിഞ്ഞൊഴിക്കുന്ന
പിടപ്പുകള്‍ക്കുള്ളില്‍ ധൃതിയില്‍
ചുണ്ടിലേക്കു പകര്‍ത്തുന്ന
സുലൈമാനി പുളിപ്പുകളെ പോലെയോ
ഏകനായ ഒരു മനുഷ്യനെ
നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന
ഒരു പെണ്ണിന്റെ
നിസ്സഹായത പോലെയോ
വിഷാദത്തിലേക്കു
ഉരുകി പോയേക്കാവുന്ന ഒന്നിനെ,
ജീവനായ മാറ്റുന്ന
ദയയുടെ മറുഭാഷപോലെയൊ
സങ്കടക്കടലില്‍ ചുളിഞ്ഞു പോകുന്ന
കപ്പലുകള്‍ക്ക് പായകെട്ടുന്ന
ഈറന്‍ മുറിവുകളുടെ
തണുപ്പ് പോലെയോ!
അതുമല്ലെങ്കില്‍ രക്തച്ചുവപ്പുകള്‍
മാന്ത്രികതകളുടെ
നീലവരകള്‍ വരയ്ക്കുന്ന
അതിര്‍ത്തി രേഖകളില്‍ മാത്രം
പൂര്‍ണമാകുന്ന
ആസക്തികള്‍ പോലെയോ
അതോ
ഭാഷകളുടെ അപൂര്‍ണത്തില്‍
ചരിത്രമാകുന്ന ശ്വാസഗതികളുടെ
വ്യാകരണനിയമങ്ങളായോ!!
എങ്ങിനെയെല്ലാമാണ്
ചുണ്ടുകള്‍ കൊണ്ട് ശ്വസിക്കുന്ന
ഒരുവള്‍ ചുംബനങ്ങളെ
പരിഭാഷപ്പെടുത്തികൊണ്ടിരിക്കുന്നത്

23-Oct-2017

കവിതകൾ മുന്‍ലക്കങ്ങളില്‍

More