ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം

എന്റമ്മ നട്ട പൂന്തോട്ടത്തില്‍
ഞാനാരേയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടും കേട്ട്
ദേവസ്സിക്കുട്ടി വെള്ളപൂശുകയാണ്

സെമിത്തേരിയുടെ മതിലിന്

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി 
ഇല്ല ഞാനാരേയും കയറ്റുകില്ല
എന്നമര്‍ത്തി പാടി 
ദേവസ്സിക്കുട്ടി

ഓരോ മുക്കും കൂടുതല്‍ മുക്കി
ഓരോ വലിയും കൂടുതല്‍ വലിച്ച്
അമര്‍ത്തിയമര്‍ത്തി
മതിലില്‍
ആഞ്ഞാഞ്ഞ്
വെള്ളയടിച്ചു

ഇല്ല ഞാനാരേയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികള്‍
ദേവസ്സിക്കുട്ടിയുടെ 
പണിഷര്‍ട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു

ഒരു പെയിന്റര്‍ 
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായി ദേവസ്സിക്കുട്ടി

കുട്ടികള്‍ക്ക് അയാള്‍
കാഴ്ച്ചവസ്തുവായി
കുട്ടികളവര്‍ 
ദേവസ്സിക്കുട്ടിക്ക് വട്ടം ചുറ്റി

എന്റെമ്മ നട്ട
പൂന്തോട്ടത്തില്‍
ഞാനാരേയും 
കയറ്റുകില്ല
എന്ന പാട്ടും 
കൂടെ ചുറ്റി

അപ്പോള്‍ അമ്മ നട്ട പൂന്തോട്ടത്തില്‍
കറുത്ത ചെടികള്‍, വെളുത്ത ഇലകള്‍
കറുത്ത പൂവുകള്‍, വെളുത്ത കായകള്‍
കറുത്ത മൊട്ടുകള്‍, വെളുത്ത പൂമ്പാറ്റകള്‍
കറുത്തതും വെളുത്തതുമായ പൂമ്പൊടികള്‍

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്
അമ്മ 
നടന്നു വരാഞ്ഞതെന്തെന്നോര്‍ത്ത്
അപ്പോള്‍
ദേവസ്സിക്കുട്ടിക്ക് വട്ടായി

* * *

അല്ല
ശരിക്കും
എന്തിനാണ്
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകള്‍
സെമിത്തേരിയിലേക്ക്
എടുത്ത് കൊണ്ട് പോയത്.

https://www.facebook.com/kuzhur

06-Dec-2013

കവിതകൾ മുന്‍ലക്കങ്ങളില്‍

More