എന്റെ രാജ്യത്തിലെ പ്രണയം
രാഹുല്‍ എസ്
അരികിലെത്തുമ്പോഴെല്ലാം
നീ ഉറക്കമായിരുന്നു
നിശബ്ദമായി നിന്റെ സ്വപ്നത്തിലേക്ക്
ഞാൻ നുഴഞ്ഞുകേറി
അവിടെ വേലികളില്ല.
പ്രണയപ്പെട്ട്
ഒന്നായ ഭാഷയിൽ
ഞാൻ മൃഗങ്ങളോടു സംസാരിച്ചു
സ്നേഹത്തിന്റെ ദൂതരാകാനല്ലാതെ
ആരെയും കൊല്ലാൻ
കഴിയാത്ത സ്നേഹിതരാണവർ
ക്യൂപിഡിന്റെ
അമ്പു പോലെയാണ്
നമ്മുക്കിടയിലേക്ക്
ഒരു ശൂലം ഇറങ്ങിയത്
പക്ഷേ
അവർ അതിൽ വിഷം തേച്ചിരുന്നു
ആ സ്വപ്നത്തിൽ
ആരും കേട്ടിട്ടില്ലാത്തൊരു ഗാനം
ഞാൻ നിനക്കായി പാടി
ഗാനം അലിഞ്ഞടങ്ങുമ്പോൾ
വീണ്ടും ഞാനും നീയും
ഒരു രാജ്യത്തിന്റെ രണ്ടറ്റത്ത്
ഈ രാജ്യം
നമ്മെ അകറ്റുകയാണ്
അടുക്കുതോറും
നിന്നിലേക്കുള്ള അകലം
കൂട്ടികൊണ്ടേയിരിക്കുന്നു.
27-Sep-2017
കവിതകൾ മുന്‍ലക്കങ്ങളില്‍
More