മെഡിക്കല്‍ പ്രവേശനം ചില വസ്തുതകള്‍
അശ്വതി, പ്രതീഷ്
അതായത് കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് മെറിറ്റുള്ള കുട്ടികള്ക്ക് മെഡിക്കല് വിദ്യാഭ്യാസം തേടുവാന് താരതമ്യേന എളുപ്പമാണ് ഈ വര്ഷം. അവരില് നിന്നും ഈടാക്കപ്പെടുന്ന ശരാശരി പണം കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് കുത്തനെ ഇടിയുകയാണ്. ഇത് മാത്രമല്ല ഈ വര്ഷത്തെ കരാറിനെ കഴിഞ്ഞ വര്ഷത്തേതില് നിന്നും വ്യത്യസ്തമാക്കുന്നത്. മാനേജ്‌മെന്റിന് കഴിഞ്ഞ വര്ഷം 600 സീറ്റുകളാണ് കച്ചവടത്തിനായി ലഭ്യമായിരുന്നതെങ്കില് അത് മൂന്നിലൊന്നായി കുറയ്ക്കുവാന് ഈ സര്ക്കാരിന് കഴിഞ്ഞു. മെറിറ്റിനെ ബഹുമാനിക്കാതെ ശരാശരി 8.5 ലക്ഷം രൂപയുടെ വാര്ഷിക ഫീസ് (തലവരിപ്പണം പുറമേ) ഈടാക്കി കച്ചവടം നടത്തുവാന് സാധിക്കുമായിരുന്നുവെങ്കില് ഇത്തവണ അത് നടക്കുകയില്ല. മെറിറ്റ് ലിസ്റ്റിനെ ബഹുമാനിച്ചു കൊണ്ടേ ധാരണയിലെത്താത്ത കോളേജുകള്ക്ക് പോലും പ്രവേശനം നടത്തുവാന് സാധിക്കുകയുള്ളൂ. ഈ വസ്തുതകളൊക്കെ മറച്ചു വെച്ചു കൊണ്ട് പ്രതിപക്ഷം നടത്തുന്ന സമരാശ്ലീലം ആര്ക്ക് വേണ്ടിയെന്ന് പൊതുജനം മനസ്സിലാക്കുമെന്ന കാര്യം തീര്ച്ചയാണ്. ഇത്തവണ അഡ്മിഷന് പോകുന്ന വിദ്യാര്ത്ഥികളും അവരുടെ രക്ഷിതാക്കളും സര്ക്കാരിനൊപ്പമാണ് എന്നതില് നിന്ന് തന്നെ ഇത് വ്യക്തമാണ്. |
മെറിറ്റിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഒരു കരാറാണ് ഈ വര്‍ഷം എല്‍ ഡി എഫ് ഗവണ്മെന്‍റ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒപ്പ് വച്ചത് എന്ന് നിസ്സംശയം പറയാം. ഇത് കൂടാതെ തന്നെ മാനേജ്മെന്‍റ്, എന്‍ ആര്‍ ഐ ക്വോട്ടകളില്‍ മെറിറ്റ് മാനദണ്ഡം കര്‍ശനമായി പാലിക്കപ്പെടുവാന്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ നിര്‍ബന്ധിതരായി എന്നതും വസ്തുതയാണ്. തുറന്ന് ചോദിച്ചാല് യുഡിഎഫുകാരും അംഗീകരിക്കുന്നതാണ് ഈ രണ്ട് കാര്യങ്ങളും. എന്നാലിതൊക്കെ മറച്ചു വെച്ചാണ് യുഡിഎഫുകാര്‍ സര്‍ക്കാറിരിനെതിരെ പടപ്പുറപ്പാട് നടത്തുന്നത്. സ്വാശ്രയ കരാര്‍ പിന്‍വലിക്കപ്പെട്ടാല്‍ അതിന്റെ പൂര്‍ണമായ ഗുണമുണ്ടാകുന്നത് സ്വാശ്രയ മാനേജ്മെന്റുകള്‍ക്കാണ് എന്നതിനാല്‍ തന്നെ യുഡി എ ഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിഷ്പക്ഷരായി ചിന്തിക്കുന്ന ആര്‍ക്കും വ്യക്തമാകും.
ഒരല്പം ചരിത്രം
സ്വാശ്രയവിഷയവും കോടതിയുമായി ബന്ധപ്പെട്ട ചരിത്രം 1992ൽ Mohini Jain vs. State of Karnataka കേസിൽ നിന്ന് തുടങ്ങുന്നു. Unni Krishnan J.P, v. State of Andhra Pradesh (1993), TMA Pai Foundation v. State of Karnataka (2002), Islamic Academy v. State of Karnataka (2003) എന്നിവ കടന്ന് PA Inamdar v. State of Maharashtra (2005) വരെ ഇപ്പോൾ എത്തിനിൽക്കുകയാണ്. സ്വാശ്രയവിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സുപ്രീംകോടതിവിധിയും PA Inamdar v. State of Maharashtra കേസിന്റെ തന്നെ. ആ വിധിയിൽ സുപ്രീംകോടതി ഇങ്ങനെ പറയുന്നു.
“Fees to be charged by unaided institutions cannot be regulated but no institution should charge capitation fee” (സ്വാശ്രയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് നിയന്ത്രിക്കാൻ അധികാരമില്ല. എന്നാൽ ഒരു കോളേജും തലവരിപ്പണം വാങ്ങാൻ പാടുള്ളതല്ല).
സ്വാശ്രയകോളേജുകളിലെ സംവരണനയത്തെക്കുറിച്ചും വിധിയിൽ പരാമർശിക്കുന്നുണ്ട്. “Neither the policy of reservation can be enforced by the State nor any quota or percentage of admissions can be carved out to be appropriated by the State in a minority or non-minority unaided educational institution”. (സംസ്ഥാനത്തിന്റെ സംവരണതത്വങ്ങൾ പാലിക്കാൻ സ്വാശ്രയകോളേജുകളെ സർക്കാരിന് നിർബന്ധിക്കാൻ സാധിക്കില്ല).
അതായത് നിലവിലുള്ള വിധി പ്രകാരം സ്വകാര്യ മാനേജ്മെന്റ് മെഡിക്കൽ കോളേജുകൾക്ക് എല്ലാ സീറ്റിലും തങ്ങൾക്കിഷ്ടമുള്ള ഫീസ് നിശ്ചയിക്കാവുന്നതാണ്. സ്വാശ്രയ കോളേജുകളുമായി കരാർ ഉണ്ടാക്കുന്നതിൽ സർക്കാർ നേരിടുന്ന ഏറ്റവും വലിയ തടസവും ഇതുതന്നെയാണ്.
സർക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കുവാന്‍ മാനേജ്മെന്റുകളെ പ്രേരിപ്പിച്ചതെന്ത് ?
സ്വകാര്യ മാനേജ്മെന്റുകൾക്ക് സർക്കാരുമായി കരാറിലേർപ്പെടണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നാൽ പലപ്പോഴും സർക്കാരിനെ പിണക്കണ്ട എന്ന ഒറ്റ ഉദ്ദേശം കൊണ്ടു മാത്രമാണ് സ്വകാര്യ മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയ്യാറാകുന്നത്. എന്താണ് സർക്കാരിനെ പിണക്കാതിരുന്നാലുള്ള ഗുണം? ഇനാംദാർ കേസിലെ സുപ്രീം കോടതി വിധി പ്രകാരം സ്വകാര്യ കോളേജുകൾക്ക് തലവരിപ്പണം വാങ്ങാൻ അനുവാദമില്ല. എന്നാൽ സ്വാശ്രയ കോളേജുകൾ എല്ലാം തന്നെ കഴിഞ്ഞ വർഷം വരെ മാനേജ്മെന്റ് സീറ്റുകളിൽ കോടികൾ തലവരിപ്പണം വാങ്ങാറുണ്ടായിരുന്നെന്നതും സീറ്റ് കച്ചവടം നടത്താറുണ്ടായിരുന്നെന്നതും പകൽ പോലെ വ്യക്തമാണ്. എൻട്രൻസ് പരീക്ഷ എന്ന പേരിൽ മാനേജ്മെന്റുകൾ നടത്തുന്ന പ്രഹസന പ്രവേശന പരീക്ഷയിലൂടെ തങ്ങളുടെ കൈയിൽ നിന്ന് സീറ്റ് വിലയ്ക്കെടുത്ത വിദ്യാർഥികളെ മാനേജ്മെന്റ് സീറ്റുകളിൽ തിരുകിക്കയറ്റാനുള്ള എല്ലാ അവസരവും അവർക്കുണ്ടായിരുന്നു താനും. ഇതിനു നേരെ സർക്കാർ കണ്ണടയ്ക്കുന്നു എന്നതു കൊണ്ട് മാത്രമാണ് 50 ശതമാനം സീറ്റ് സർക്കാരിനു വിട്ടുകൊടുക്കാനും അവിടെ സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ പ്രവേശനം നടത്താനും ഇത്രയും നാൾ മാനേജ്മെന്റുകൾ വഴങ്ങിയിരുന്നത്.
സ്വാശ്രയ മെഡിക്കല്‍ കരാറില്‍ ശരിക്കും എന്താണ് പറഞ്ഞിരിക്കുന്നത് ?
2016ൽ സുപ്രീംകോടതിയുടെ വിധി പ്രകാരം എല്ലാ മെഡിക്കൽ കോളേജുകളിലെയും മുഴുവൻ സീറ്റുകളിലേക്കും (മാനേജ്മെന്റ് സീറ്റുകളടക്കം) NEET (National Eligibility cum Entrance Test)ൽ നിന്നും മാത്രമേ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നത് നിർബന്ധമായി. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ പാടുള്ളൂവെന്ന അവസ്ഥ വന്നതോടെ തന്നിഷ്ടപ്രകാരം സീറ്റു വിൽക്കാനുള്ള അവസരം സ്വകാര്യ മാനേജ്മെന്റുകൾക്ക് നിഷേധിക്കപ്പെട്ടു. മെറിറ്റ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജെയിംസ് കമ്മിറ്റിക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുകയും ചെയ്തു. മുൻ UDF സർക്കാരിൽ നിന്നു വ്യത്യസ്തമായി ഒരു തരത്തിലുള്ള മെറിറ്റ് അട്ടിമറിക്കോ സീറ്റ് വില്പനയ്ക്കോ ഇടതുപക്ഷസർക്കാർ ഒരു തരത്തിലും കൂട്ടുനിൽക്കില്ലെന്നു പൂർണബോധ്യം വന്ന മാനേജ്മെന്റുകൾ സർക്കാരുമായുള്ള ചർച്ചയിൽ കടുംപിടിത്തം പിടിച്ചതിൽ അദ്ഭുതമില്ല.
സര്‍ക്കാരിന്റെ വരുതിക്ക് മാനേജ്മെന്റുകള്‍ വന്നതെങ്ങനെ ?
പ്രവേശനവുമായി ബന്ധപ്പെട്ട് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുമായി 3 തവണ സർക്കാർ ചർച്ച നടത്തുകയുണ്ടായി. മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നടത്തുന്നതിനുള്ള പൂർണ അവകാശം അവർക്ക് വിട്ടു കൊടുക്കണം എന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. പ്രവേശന സമയത്ത് മെരിറ്റ് കൃത്യമായി പാലിക്കാൻ മുഴുവൻ സീറ്റുകളിലും സര്ക്കാർ തന്നെ അലോട്ട്മെന്റ് നടത്തുമെന്ന് കേരളത്തിലെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ചർച്ചയിൽ നിന്ന് മാനേജ്മെന്റ് പ്രതിനിധികൾ ഇറങ്ങിപ്പോകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഹൈക്കോടതി മാനേജ്മെന്റിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയും 100%സീറ്റുകളിലും അലോട്ട്മെന്റ് നടത്താനുള്ള അവകാശം അവര്ക്കുതന്നെ നല്കുകയും ചെയ്തു. ഒന്നുകിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോവുക. അല്ലെങ്കിൽ മാനേജ്മെന്റുമായി ചര്ച്ച നടത്തി 50%സീറ്റിൽ സര്ക്കാരിന് അലോട്ട്മെന്റ് നടത്താനുള്ള സൗകര്യവും സര്ക്കാർ മെരിറ്റ് സീറ്റുകൾ നിലനിര്ത്താനുള്ള സൗകര്യവും ഉറപ്പ് വരുത്തുക. അപ്പീൽ പോകുന്നതുമായി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആരോഗ്യവകുപ്പ് ചര്ച്ച നടത്തി. സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവയ്ക്കുകയാണോ തള്ളിക്കളയുകയാണോ ചെയ്യുക എന്നത് ഉറപ്പു പറയാൻ വയ്യാത്ത സാഹചര്യമായിരുന്നു. ഒപ്പം സെപ്തംബർ 30-നുള്ളിൽ അലോട്ട്മെന്റ് പൂര്ത്തിയാക്കണം എന്ന് സുപ്രീം കോടതി വിധിയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രവേശന നടപടികൾ തടസ്സുമുണ്ടാതിരിക്കുന്നതിനും മെരിറ്റ് സീറ്റ് നഷ്ടപ്പെടാതിരിക്കുന്നതിനും കര്ശനമായ നിബന്ധകളോടെ മാനേജ്മെന്റുമായി ധാരണ ഉണ്ടാക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.
അങ്ങനെ സർക്കാർ മുൻകൈ എടുത്ത് മാനേജ്മെന്റുകളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു ചേർത്തു. ഈ ചർച്ചയിൽ 20% സീറ്റുകളിലൊഴികെ ബാക്കി മുഴുവൻ സീറ്റിലും ഫീസ് വർധനവ് വേണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു. എന്നാൽ 50% സീറ്റ് സർക്കാർ മെറിറ്റ് സീറ്റായി തന്നെ നിലനിർത്തണമെന്ന നിബന്ധനയിൽ സർക്കാർ ഉറച്ചുനിന്നു. സർക്കാർ മെറിറ്റ് സീറ്റിലെ 30%ത്തിന് 185000 ഫീസ് എന്നത് 12 ലക്ഷം രൂപയായി വർധിപ്പിക്കണം എന്നതായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം. 35% വരുന്ന മാനേജ്മെന്റ് സീറ്റിന് 12 ലക്ഷം രൂപയും 15% വരുന്ന എൻ.ആർ.ഐ. സീറ്റിന് 20 ലക്ഷം രൂപയുമാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ 50% മെറിറ്റ് ഫീസിലെ വർധനവ് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് സർക്കാർ അറിയിച്ചപ്പോൾ മാനേജ്മെന്റുകൾ അതിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയുടെ സമക്ഷത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ് പുതിയ കരാറിൽ എത്തിച്ചേർന്നത്. ആകെയുള്ള 23 സ്വാശ്രയ എം.ബി.ബി.എസ് കോളേജുകളിൽ 21 കോളേജുകളുമായും കരാറിലേർപ്പെടാൻ സാധിച്ചത് സർക്കാരിന്റെ വിജയമാണ്. കണ്ണൂർ മെഡിക്കൽ കോളേജും, പാലക്കാട്ടെ കരുണ മെഡിക്കൽ കോളേജും മാത്രമാണ് സർക്കാരുമായി കരാറിലേർപ്പെടാതിരുന്നത്.
കരാർ വ്യവസ്ഥകൾ – വസ്തുതാപരമായ ഒരു അവലോകനം
യുഡിഎഫ് ഭരണകാലത്ത് (2015-16) 14 സ്വാശ്രയ മെഡിക്കൽ കോളേജുകളുമായിട്ടാണ് കരാറിലെത്തിയത്. എല്ഡിഎഫ് സര്ക്കാരിനാകട്ടെ ഇത് 21 ആയി ഉയര്ത്തുവാൻ സാധിച്ചു. (പട്ടിക 1 കാണുക)കഴിഞ്ഞവര്ഷം വെറും 800 സീറ്റിൽ മാത്രമേ ഗവണ്മെന്റിന് നേരിട്ട് പ്രവേശനം നടത്തുവാൻ സാധിച്ചിരുന്നുള്ളൂവെങ്കിൽ ഇന്ന് 1225 സീറ്റുകളിൽ സര്ക്കാരിന് നേരിട്ട് പ്രവേശനം നടത്തുവാൻ സാധിക്കും (425 സീറ്റിന്റെ വർധന). അതായത് 1225 വിദ്യാർഥികൾക്ക് ഇനി മുതൽ സർക്കാർ ഫീസിൽ എം.ബി.ബി.എസ് പഠിച്ചിറങ്ങാം. കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ഇതൊരു പുതിയ റെക്കോഡാണ്.
കഴിഞ്ഞ വർഷം സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കൈയിൽ ആകെയുണ്ടായിരുന്ന സീറ്റ് 2250 ആയിരുന്നു. ഇത്തവണ പുതിയതായി തുടങ്ങിയ 3 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകളും കൂടി കണക്കാക്കി കഴിയുമ്പോൾ സ്വാശ്രയ കോളേജുകളുടെ കൈവശമുള്ള ആകെ സീറ്റുകളുടെ എണ്ണം 2700 ആയി വർധിച്ചു. ഇതിൽ സർക്കാരിനു ലഭിച്ച സീറ്റുകൾ 2015-16-ൽ 800ഉം, 2016-17-ൽ 1225ഉം ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ആകെയുള്ള സ്വാശ്രയകോളേജ് സീറ്റുകളിൽ 32.6% സീറ്റുകളിൽ മാത്രമാണ് 2015-16-ൽ സർക്കാരിന് നേരിട്ട് പ്രവേശനസ്വാതന്ത്ര്യം ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം അത് 45.3% ആയി വർധിച്ചിരിക്കുകയാണ്
വര്‍ഷം |
സര്‍ക്കാരുമായി ധാരണയായ കോളേജുകള്‍ |
സര്‍ക്കാരിന് അഡ്മിഷന്‍ നടത്താന്‍ സാധിക്കുന്ന സീറ്റുകള്‍ |
2011 |
13 |
735 |
2012 |
15 |
835 |
2013 |
16 |
940 |
2014 |
15 |
975 |
2015 |
14 |
800 |
2016 |
21 |
1225 |
മാനേജ്മെന്റുകളുമായുണ്ടാക്കുന്ന കരാർ പ്രകാരം 50 ശതമാനം സീറ്റുകൾ സർക്കാരിനവകാശപ്പെട്ടതാണ്. സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ വേണം ആ സീറ്റുകളിൽ പ്രവേശനം നടത്താൻ.
സര്‍ക്കാരുമായി ധാരണയായ കോളേജുകളിലെ സീറ്റ് വിതരണം |
|||
വിതരണം |
സീറ്റുകള്‍ (%) |
സീറ്റുകളുടെ എണ്ണം |
|
2015-16 |
2016-17 |
||
ബിപിഎല്‍/എസ്‌ഇബിസി |
20 |
329 |
490 |
ഗവ. മെറിറ്റ് സീറ്റുകള്‍ |
30 |
471 |
735 |
മാനേജ്‌മെന്റ് |
35 |
603 |
900 |
എന്‍ആര്‍ഐ |
15 |
247 |
375 |
ആകെ |
100 |
1650 |
2500 |
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളിൽ നിന്ന് കഴിഞ്ഞ വർഷം ഈടാക്കിയിരുന്ന ഫീസ് 25000 രൂപയായിരുന്നു. ഈ വർഷവും അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പകരം അവർക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന സീറ്റുകളുടെ എണ്ണം (ആകെ സീറ്റുകളുടെ 20%) വർധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. കഴിഞ്ഞവർഷം ഈ വിഭാഗത്തിലുള്ളവർക്ക് ലഭ്യമായിരുന്ന സീറ്റുകളുടെ എണ്ണം 329 ആയിരുന്നുവെങ്കിൽ ഇക്കൊല്ലം അത് 161 സീറ്റുകൾ വര്ദ്ധിപ്പിച്ച് 490 ആയി മാറി. കൂടുതൽ സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുമായി ധാരണയിലെത്തുവാൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സാധിച്ചത്
സീറ്റുകളുടെഎണ്ണത്തിലുണ്ടായ വര്‍ധനവും ഫീസിലുള്ള മാറ്റവും. |
സീറ്റിലുണ്ടായ വര്‍ധനവ് |
||||
|
2015-16 |
2016-17 |
|||
|
ഫീസ് |
സീറ്റുകളുടെ എണ്ണം |
ഫീസ് |
സീറ്റുകളുടെ എണ്ണം |
|
ബിപിഎല്‍ / എസ് ഇ ബി സി |
25000 |
329 |
25000 |
490 |
161 |
ഗവ.മെറിറ്റ് സീറ്റുകള്‍ |
185000 |
471 |
250000 |
735 |
264 |
മാനേജ്മെന്റ് |
850000 |
603 |
1100000 |
900 |
|
എന്‍ ആര്‍ ഐ |
1250000 |
247 |
1500000 |
375 |
|
ആകെ |
|
1650 |
|
2500 |
425 |
ഗവണ്മെന്റ് ഓപ്പൺ മെറിറ്റിൽ ആണ് 30% സീറ്റുകൾ. കഴിഞ്ഞ വര്ഷത്തെ കരാർ അനുസരിച്ച് ഗവണ്മെന്റ് മെറിറ്റിൽ വെറും 471 സീറ്റുകളായിരുന്നുവെങ്കിൽ ഈ സർക്കാർ അത് 264 സീറ്റുകൾ വർധിപ്പിച്ച് 735 ആക്കി. 2.5 ലക്ഷമാണ് ഈ വിഭാഗത്തിൽ നിന്ന് ഇത്തവണ കരാർ പ്രകാരം ഈടാക്കപ്പെടുന്ന ഫീസ്.
കഴിഞ്ഞ വര്ഷത്തെ കരാർ അനുസരിച്ചായിരുന്നുവെങ്കിൽ ഈ 264+161=425 വിദ്യാര്ത്ഥികളും മാനേജ്മെന്റ് ക്വോട്ടയിൽ (8.5 ലക്ഷം രൂപ. കാരണം സർക്കാരുമായി കരാറുണ്ടാക്കിയിരിക്കുന്ന മാനേജ്മെന്റുകൾ മാനേജ്മെന്റ് സീറ്റിൽ വാങ്ങുന്ന ഫീസ് 8.5 ലക്ഷം രൂപയാണ്) പഠിക്കേണ്ടി വരുമായിരുന്നു.
സർക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയമെഡിക്കൽ കോളേജുകൾ
ഇപ്പോഴത്തെ ചർച്ചകളിൽ ഒന്നും ഉയർന്നുവരാത്ത ഒരു വിഷയം കരാറുണ്ടാക്കാത്ത കോളേജുകളുമായി ബന്ധപ്പെട്ടതാണ്. അതുംകൂടി കണക്കിലെടുത്താൽ മാത്രമേ എൽ.ഡി.എഫ്. സർക്കാർ സ്വാശ്രയ കോളേജുകളുമായി ഉണ്ടാക്കിയ കരാറിന്റെ ഗുണം മനസിലാക്കാൻ സാധിക്കൂ.
സർക്കാരുമായി കരാറുണ്ടാക്കാത്ത കോളേജുകളുടെ ഫീസ് ഘടനയിൽ സർക്കാരിന് യാതൊരു അധികാരവും ഇല്ല. തങ്ങൾക്ക് തോന്നുന്ന ഫീസാണ്ഓരോ കോളേജും നിശ്ചയിക്കുക. എല്ലാ സീറ്റുകളിലും ഒരേ ഉയർന്ന ഫീസ് തന്നെയാണ് അവർ വാങ്ങിക്കൊണ്ടിരുന്നത്. യാതൊരു തരത്തിലുള്ള സംവരണമാനദണ്ഡങ്ങളും അവർക്ക് ബാധകമായിരുന്നുമില്ല. ലഭ്യമായ ഫീസ് ഘടന പ്രകാരം കഴിഞ്ഞവർഷം സർക്കാരുമായി ഒപ്പിടാത്ത ആറ് കോളേജുകളിൽ 3 കോളേജുകൾ എല്ലാ സീറ്റുകളിലും വാങ്ങിക്കൊണ്ടിരുന്നത് 6.5 ലക്ഷം. 7 ലക്ഷം, 8 ലക്ഷം എന്നീ ക്രമത്തിലായിരുന്നു. തലവരിപ്പണത്തിനു പുറമെയായിരുന്നു ഈ ഉയർന്ന ഫീസ്ഘടന എന്നോർക്കണം (കണക്കുകൂട്ടലിനുള്ള സൗകര്യത്തിന് ശരാശരി 7 ലക്ഷം രൂപയെന്ന് നമുക്ക് സങ്കല്പിക്കാം).
കഴിഞ്ഞ വർഷം സർക്കാരുമായി കരാറുണ്ടാക്കാത്ത 6 സ്വാശ്രയകോളേജുകളാണ് ഉണ്ടായിരുന്നത്. ഈ 6 കോളേജുകളിലായി 600 സീറ്റുകളും ഉണ്ടായിരുന്നു. ഈ കോളേജുകളുമായും കഴിഞ്ഞ വർഷം സർക്കാരിന് കരാറിലെത്താൻ സാധിച്ചിരുന്നെങ്കിൽ 300 സീറ്റുകൾ കൂടി സർക്കാരിന് അധികമായി ലഭിച്ചേനെ. അതായത് 300 സീറ്റുകളിൽ കൂടി സർക്കാർ ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ സീറ്റുകളെ കൂടി സർക്കാർ സീറ്റുകളായി പരിഗണിച്ച് കണക്കു കൂട്ടിയാൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തെ പ്രവേശനത്തിന്റെ പൊള്ളത്തരം വെളിവാകും.
2015-16 അധ്യയനവർഷം 9.53 കോടി രൂപയാണ് സർക്കാർ സീറ്റുകളിൽ നിന്ന് സർക്കാരുമായി കരാർ ഒപ്പിട്ട സ്വാശ്രയമെഡിക്കൽ കോളേജുകൾക്ക് ലഭിച്ചിരുന്നത്. സർക്കാരുമായി കരാർ ഒപ്പിടാത്ത കോളേജുകളിലെ 300 സീറ്റുകളിൽ (കരാർ ഒപ്പിട്ടിരുന്നെങ്കിൽ സർക്കാരിന് ലഭിക്കുമായിരുന്ന വിഹിതം) മുൻ പറഞ്ഞപോലെ ശരാശരി 7 ലക്ഷം വീതമാണ് ഇവർ വാങ്ങിയിരുന്നതെന്ന് സങ്കല്പിക്കാം. അങ്ങനെ വരുമ്പോൾ മൊത്തം 21 കോടി രൂപയാണ് ഈ 300 സീറ്റുകളിൽ നിന്ന് സ്വാശ്രയകോളേജുകൾക്ക് ലഭിച്ചിരുന്നത്. അതായത് കരാറുണ്ടാക്കിയ കോളേജുകളിലെ സർക്കാർ സീറ്റുകളിൽ നിന്നും, കരാറുണ്ടാക്കാത്ത കോളേജുകളിലെ കരാറുണ്ടാക്കിയിരുന്നെങ്കിൽ സർക്കാരിന് ലഭ്യമാകുമായിരുന്ന സീറ്റുകളിൽ നിന്നും സ്വകാര്യമാനേജ്മെന്റുകൾക്ക് 2015-16 വർഷം ആകെ ലഭ്യമായ തുക കണക്കാക്കിയാൽ അത് 30.5 കോടി രൂപയായിരുന്നു (21 കോടി+9.5 കോടി). ഈ വർഷം കരാറുണ്ടാക്കിയതിനാൽ സർക്കാരിന് നഷ്ടം 100 സീറ്റുകൾ മാത്രമാണ്. അതുകൊണ്ടുതന്നെ നേരത്തെ സൂചിപ്പിച്ച 30.5 കോടി രൂപ 26.6 കോടിയായി കുറയുകയാണുണ്ടായത് (മൊത്തം മെഡിക്കൽ സീറ്റുകൾ കൂടിയിട്ടു പോലും).
2015-16-ൽ സ്വാശ്രയകോളേജുകളിലെ സർക്കാരിനവകാശപ്പെട്ട സീറ്റുകളും കരാറുണ്ടാക്കാത്തതു കാരണം സർക്കാരിന് നഷ്ടമായ സീറ്റുകളും ഒരുമിച്ച് (329+471+300) 1100 എണ്ണമാകും വരിക. 2016-17-ൽ ഇത് 1325 ആണ് (490+735+100). ഇതിന്റെ അടിസ്ഥാനത്തിൽ മേല്പറഞ്ഞ വിഭാഗത്തിൽപ്പെട്ട സീറ്റുകളിൽ ഒരു കുട്ടിയിൽ നിന്ന് സ്വാശ്രയമാനേജ്മെന്റുകൾക്ക് ലഭിക്കുന്ന ശരാശരി ഫീസ് 2015-16-ൽ 2.77 ലക്ഷം ആയിരുന്നത് 2016-17-ൽ 2 ലക്ഷമായി കുറയുകയാണ് ചെയ്തിരിക്കുന്നത് (ചിത്രം 2). കരാറുണ്ടാക്കിയതു മൂലം നഷ്ടം സംഭവിച്ചിരിക്കുന്നതു സ്വാശ്രയ കോളേജുകൾക്കാണെന്നതും കൂടുതൽ കുട്ടികൾക്ക് ഗുണമുണ്ടാകുകയാണ് ചെയ്തിരിക്കുന്നതെന്നും പകൽ പോലെ വ്യക്തം.
അതായത് കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് മെറിറ്റുള്ള കുട്ടികള്ക്ക് മെഡിക്കല് വിദ്യാഭ്യാസം തേടുവാന് താരതമ്യേന എളുപ്പമാണ് ഈ വര്ഷം. അവരില് നിന്നും ഈടാക്കപ്പെടുന്ന ശരാശരി പണം കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് കുത്തനെ ഇടിയുകയാണ്. ഇത് മാത്രമല്ല ഈ വര്ഷത്തെ കരാറിനെ കഴിഞ്ഞ വര്ഷത്തേതില് നിന്നും വ്യത്യസ്തമാക്കുന്നത്. മാനേജ്‌മെന്റിന് കഴിഞ്ഞ വര്ഷം 600 സീറ്റുകളാണ് കച്ചവടത്തിനായി ലഭ്യമായിരുന്നതെങ്കില് അത് മൂന്നിലൊന്നായി കുറയ്ക്കുവാന് ഈ സര്ക്കാരിന് കഴിഞ്ഞു. മെറിറ്റിനെ ബഹുമാനിക്കാതെ ശരാശരി 8.5 ലക്ഷം രൂപയുടെ വാര്ഷിക ഫീസ് (തലവരിപ്പണം പുറമേ) ഈടാക്കി കച്ചവടം നടത്തുവാന് സാധിക്കുമായിരുന്നുവെങ്കില് ഇത്തവണ അത് നടക്കുകയില്ല. മെറിറ്റ് ലിസ്റ്റിനെ ബഹുമാനിച്ചു കൊണ്ടേ ധാരണയിലെത്താത്ത കോളേജുകള്ക്ക് പോലും പ്രവേശനം നടത്തുവാന് സാധിക്കുകയുള്ളൂ.
ഈ വസ്തുതകളൊക്കെ മറച്ചു വെച്ചു കൊണ്ട് പ്രതിപക്ഷം നടത്തുന്ന സമരാശ്ലീലം ആര്ക്ക് വേണ്ടിയെന്ന് പൊതുജനം മനസ്സിലാക്കുമെന്ന കാര്യം തീര്ച്ചയാണ്. ഇത്തവണ അഡ്മിഷന് പോകുന്ന വിദ്യാര്ത്ഥികളും അവരുടെ രക്ഷിതാക്കളും സര്ക്കാരിനൊപ്പമാണ് എന്നതില് നിന്ന് തന്നെ ഇത് വ്യക്തമാണ്.
29-Sep-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍