സാമൂഹ്യവൈരുധ്യങ്ങളുടെ മോഡിത്വം
ഡോ. കെ എന്‍ ഗണേഷ്
ഇന്ത്യക്കാര്‍ക്ക് അവരുടെ ഭൂതകാലാവശിഷ്ടങ്ങളില്‍നിന്നും രേഖകളില്‍നിന്നും രൂപപ്പെടുത്തിയെടുത്ത സാമാന്യം സുദൃഢമായ ചരിത്രമുണ്ട്. ചരിത്രസംഭവങ്ങളുടെ കാലഗണനയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഇന്ത്യന്‍ ജനതയുടെ വളര്‍ച്ചയെയും വിന്യാസത്തെയുംകുറിച്ച് ഇവയുടെ അടിസ്ഥാനത്തില്‍ ഒരു പൊതുചിത്രം നമുക്കുണ്ട്. ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രം ഹിന്ദുത്വവാദികള്‍ക്ക് ഒരു വിഷയമല്ല. ഇതിഹാസപുരാണങ്ങളും മറ്റു കഥകളും വഴി നിര്‍മിക്കപ്പെട്ട മിത്തുകളായി മാറിയ ചരിത്രത്തില്‍ വ്യാപരിക്കാനാണ് അവര്‍ക്കിഷ്ടം. ഇന്ത്യന്‍ പാരമ്പര്യവും സാമ്രാജ്യങ്ങളും കലകളും ആവിഷ്‌കാരങ്ങളുമെല്ലാം ഈ മിത്തുകളിലാണ്. ഇന്ത്യന്‍ സയന്‍സ് പോലും അടര്‍ത്തിയെടുക്കുന്നത് മിത്തുകളില്‍നിന്നാണ്. മിത്തും ചരിത്രവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനുള്ള ഈ ശ്രമം ഇന്ത്യയ്ക്കുവേണ്ടി അവകാശപ്പെടുന്ന ''സാംസ്‌കാരിക ദേശീയത''യുടെ വികൃതമായ മുഖത്തെയാണ് കാണിക്കുന്നത്. ഈ വികൃതമായ മുഖം 'ഛത്രപതി' ശിവജിയുടെ കീര്‍ത്തിഗാഥകളിലും രജപുത്രന്മാരുടെ ധീരാപദാനകഥകളിലുമെല്ലാം കാണാം. കഥകളെന്ന നിലയ്ക്ക് ഇവയ്ക്ക് ചടുലത ഉണ്ടാകാം. അവ ചരിത്രമായി മാറുമ്പോഴും അവ പഠിക്കണമെന്ന് നിര്‍ബന്ധിക്കപ്പെട്ടപ്പോഴും ഈ വൈകൃതം പൂര്‍ണമാകുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അജ്മീറിലെ ദര്‍ഗ ഒരു രാജകൊട്ടാരമായിരുന്നുവെന്നും മറ്റുമുള്ള കഥകള്‍. ഇവ 'ചരിത്ര'മായി പഠിപ്പിക്കുമ്പോള്‍ ജനമനസ്സില്‍ രൂപപ്പെടുന്ന ഹിന്ദു ദേശീയതയെ സംബന്ധിച്ച കൃത്രിമാശയങ്ങള്‍ പിന്നീട് മതാധിപത്യത്തിന്റെ അടിത്തറയായി മാറുകയാണ്. |
നരേന്ദ്രമോഡി അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം തികഞ്ഞു. മോഡിയും സഹമന്ത്രിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി നടന്ന് വികസന പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. അഴിമതിയുടെ കറപുരളാത്ത ഗവണ്‍മെന്റ് എന്ന അവകാശവാദവും അതിനോടൊപ്പമുണ്ട്. ആദ്യം ലളിത്‌മോഡിയെയും ഇപ്പോള്‍ വിജയ്മല്ല്യയെയും വഴിവിട്ടു സഹായിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണിത്. പനാമാ ബാങ്ക് നിക്ഷേപങ്ങളില്‍ സംശയത്തിന്റെ നിഴലിലായ അമിതാഭ് ബച്ചന്‍ മോഡി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളില്‍ അവതാരകന്റെ സ്ഥാനം ഏറ്റെടുത്തതും ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഇതിനോടൊപ്പം നടന്ന തിരഞ്ഞെടുപ്പുകള്‍ മറ്റൊരു പ്രവണതയും വ്യക്തമാക്കുന്നു. കേരളമൊഴികെ അസംബ്ലി തിരഞ്ഞെടുപ്പു നടന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം വലതുപക്ഷമാണ് വിജയം കൈവരിച്ചത്. അസമില്‍ ബിജെപി, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയും വിജയിച്ചപ്പോള്‍ പോണ്ടിച്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തിന് പിടിച്ചുനില്‍ക്കാനായത്. ബിജെപിയുടെ വിജയം തുടങ്ങിവെച്ച വലതുപക്ഷ വ്യതിയാനം ഇപ്പോഴും സജീവമായി തന്നെ നിലനില്‍ക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിനും ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല, കോണ്‍ഗ്രസിന്റെ തകര്‍ച്ച കൂടുതല്‍ പ്രകടമാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം കൂടുതല്‍ ശ്രദ്ധേയമാകുന്നത്.
ഇന്ത്യയിലെ വലതുപക്ഷ വ്യതിയാനത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ അടിവേരുകള്‍ മോഡിയുടെ രണ്ടു വര്‍ഷങ്ങള്‍ കൂടുതല്‍ പ്രകടമാക്കി. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണം, ഗംഗയുടെയും മറ്റു നദികളുടെയും പാവനത ഉറപ്പുവരുത്തല്‍, ''ശുദ്ധി''യുടെ പ്രചരണം, പാഠ്യഭാഗങ്ങളായി യോഗവും സംസ്‌കൃതിയും ''പ്രാചീന ഭാരത പാരമ്പര്യ''വും കൊണ്ടുവരല്‍ തുടങ്ങിയവയിലാണ് പ്രധാനമായും ഗവണ്‍മെന്റിന്റെ ഹിന്ദുത്വ ഇടപെടല്‍ ഊന്നുന്നത്. സര്‍ക്കാര്‍ പൂര്‍ണമായും നവലിബറല്‍ വികസനത്തിന്റെ വക്താക്കളുമാണ്. മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം തുറന്നുവിട്ട വലതുപക്ഷ - തീവ്രഹിന്ദുത്വ മുന്നേറ്റം ഇത്തരം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരെയെ വധിച്ച സനാതന്‍ സംസ്ഥ, കല്‍ബുര്‍ഗിയെ വധിച്ച ശ്രീറാം സേന, ഝാര്‍ഖണ്ഡില്‍ രണ്ട് മുസ്ലീങ്ങളുടെ വധത്തിനു കാരണമായ ഗോരക്ഷാസേന, ദാദ്രിയില്‍ മുഹമ്മദ് അക്‌ലാഖിനെ വധിച്ചവര്‍, കേരളത്തില്‍ കിസ് ഓഫ് ലവിനെതിരെ അക്രമത്തിനിറങ്ങിയ ഹനുമാന്‍ സേന, ബജ്‌രംഗ്ദള്‍ തുടങ്ങി നിരവധി തീവ്ര ഹിന്ദു സംഘടനകള്‍ പ്രവര്‍ത്തനനിരതമാകുന്നത് മോഡി സര്‍ക്കാരിന്റെ തണലിലാണ്.
ഇന്ത്യയിലെ ക്യാമ്പസുകളില്‍ അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്തും അവരെ പിന്തുണയ്ക്കുന്ന അധ്യാപകരും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കെതിരെ അതിതീവ്രമായ നിലപാടുകള്‍ കൈക്കൊള്ളുന്നതും ഈ കാലയളവിലാണ്. ജെഎന്‍യുവിനെപ്പോലെ പൂര്‍ണമായും സെക്കുലര്‍ ആയിരുന്ന സര്‍വകലാശാലകളില്‍ യോഗയിലും ഇന്ത്യന്‍ സംസ്‌കാരത്തിലും ഡിപ്ലോമാ കോഴ്‌സ് നടത്താനുള്ള തീരുമാനവും അതിനെ ചൊല്ലിയുള്ള തര്‍ക്കവും മറ്റൊരു കടന്നുകയറ്റത്തിന്റെ സൂചനയാണ്. ഇന്ത്യയിലെ പ്രധാന ക്യാമ്പസുകളിലെല്ലാം സവര്‍ണ ഹിന്ദുപക്ഷവും ദളിത് - ബഹുജന്‍ - ന്യൂനപക്ഷവും തമ്മിലുള്ള വേര്‍തിരിവ് പ്രകടമാണ്. ഈ വേര്‍തിരിവിനിടയില്‍ എന്തു നിലപാടെടുക്കണമെന്നതിനെ സംബന്ധിച്ച് സെക്കുലര്‍ ജനാധിപത്യശക്തികള്‍ക്കിടയില്‍ നടന്നുവരുന്ന ചര്‍ച്ചകളും ഗൗരവമുള്ളതാണ്. ഈയിടെയായി നടന്ന ക്യാമ്പസ് പ്രക്ഷോഭങ്ങള്‍ ഇത്തരം ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.
ധാബോല്‍ക്കര്‍ - പന്‍സാരെ - കല്‍ബുര്‍ഗിമാരുടെ വധവും ഗോമാംസപ്രശ്‌നവും ക്യാമ്പസ് പ്രക്ഷോഭങ്ങളും ഏതാനും ബുദ്ധിജീവികള്‍ നടത്തുന്ന ''സാംസ്‌കാരിക പ്രക്ഷോഭ''മായി മാത്രം കാണുന്നത് ശരിയാകില്ല. എല്ലാ സാംസ്‌കാരിക വൈരുദ്ധ്യങ്ങളും ആഴത്തിലുള്ള സാമൂഹ്യമായ അടിയൊഴുക്കുകള്‍ സൃഷ്ടിക്കുന്ന അലകളാണ്. സമൂഹത്തില്‍ ആഴത്തിലുള്ള വേര്‍തിരിവുകളില്ലാതെ സവര്‍ണരും അവര്‍ണരും തമ്മിലും ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലുമുള്ള വൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയില്ല. ഓരോ കൂട്ടരും അവരവരുടെ നിലപാടുകളെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ നീതീകരിക്കുവാന്‍ ശ്രമിക്കുകയില്ല. പശുക്കളെ കൊല്ലുന്നതിനെ സംബന്ധിച്ച് ദീര്‍ഘകാലത്തെ തര്‍ക്കങ്ങളുടെയും പ്രചരണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ മുഹമ്മദ് അക്‌ലാഖും മറ്റുള്ളവരും വധിക്കപ്പെടുകയില്ല. ഈയിടെയായി കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് മെസ്സില്‍ ഗോമാംസം നിരോധിച്ചത് പ്രചരണത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്. സാമൂഹ്യവിമര്‍ശകരും നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന നിരന്തരമായ പ്രചരണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ആരും ആരെയും കൊലചെയ്യാന്‍ മുതിരില്ല. ഇതുപോലെ ദളിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായി പ്രചരണം നടന്നിട്ടുണ്ട്. ഫ്രിഡ്ജില്‍ മാംസം സൂക്ഷിച്ച മുഹമ്മദ് അക്‌ലാഖ് ഏതു മാംസമാണ് സൂക്ഷിക്കുക എന്നതിനെപ്പറ്റിയുള്ള മുന്‍ധാരണ മാംസത്തിനെതിരെ മാത്രമല്ല, അതു സൂക്ഷിച്ച ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള പൊതുമുന്‍ധാരണകളുടെ തെളിവാണ്.
ഇതുപോലെ, സ്ത്രീ വീട്ടിലിരിക്കേണ്ടവളാണെന്നും പുറത്തിറങ്ങി നടക്കുന്ന സ്ത്രീ ഒരുമ്പെട്ടവളാണെന്നും ചന്തപ്പെണ്ണാണെന്നുമുള്ള ധാരണകളുടെ വികാസം തന്നെയാണ് നിര്‍ഭയയുടെയും സൗമ്യയുടെയും ജിഷയുടെയും കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. ഈ മാനസികാവസ്ഥകളുടെ വികാസം ഒരു ദിവസം സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ല. ആര്‍എസ്എസും അവരുടെ നൂറുകണക്കിന് സഹോദര സംഘടനകളും ചേര്‍ന്ന് സമൂഹത്തിനുള്ളില്‍ നിരന്തരമായി നടത്തിപ്പോന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉരുണ്ടുകൂടിവന്ന സാമൂഹ്യ മാനസികാവസ്ഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതു പുറത്തുവരുന്നതിനനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കുന്നതിലാണ് മോഡി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ വിജയിച്ചത്.
ഇത്തരം രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കുന്നതിലുള്ള വിജയം രണ്ടു വിധത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒന്ന്, ഹിന്ദുത്വവാദികള്‍ക്ക് സ്വന്തം തീവ്ര ഹിന്ദു രാഷ്ട്രീയം നേരിട്ടും അര്‍ത്ഥശങ്കയ്ക്കിടവരാതെയും പ്രകടിപ്പിക്കാനുള്ള തന്റേടം അതു സൃഷ്ടിക്കുന്നു; രണ്ട്, അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹിന്ദു രാഷ്ട്രീയത്തിന്റെ യുക്തിക്കുള്ളില്‍ കുടുങ്ങിക്കിടക്കേണ്ടിവരുന്നു. ന്യൂനപക്ഷങ്ങളുടെയും പിന്നോക്കവിഭാഗങ്ങളുടെയും സംവരണത്തിനെതിരായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പ്രസ്താവനനടത്തുന്നു. ഇന്ത്യന്‍ ദേശീയത സാംസ്‌കാരിക ദേശീയതയാണെന്നും മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം ഇതനുസരിച്ചു വ്യാഖ്യാനിക്കാവുന്നതാണെന്നും ആര്‍എസ്എസ് അഭിപ്രായപ്പെടുന്നു. അതനുസരിച്ച് ദേശീയവാദികളും ദേശീയവിരുദ്ധരും ആരെന്ന നിര്‍വചനങ്ങളുണ്ടാകുന്നു.
ബിജെപി അനുകൂല ചാനലായ 'ടൈംസ് നൗ'വിന്റെ അവതാരകന്‍ അര്‍ണബ് ഗോസ്വാമി ഒരു കൂട്ടം ജെഎന്‍യു വിദ്യാര്‍ഥികളെ ദേശീയ വിരുദ്ധരായി ചിത്രീകരിക്കാനുള്ള വാദങ്ങള്‍ പ്രേക്ഷകരുടെ മേല്‍ അടിച്ചേല്‍പിക്കുന്നു. ക്ലാസ് മുറികളിലെ പഠനപ്രക്രിയ, ക്ഷേത്രങ്ങളിലെ സ്ത്രീകളുടെ പ്രവേശനം, ക്ഷേത്രങ്ങളിലെ ആചാരമര്യാദകള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിലെല്ലാം ഇന്ത്യന്‍ സംസ്‌കാരം, ഹൈന്ദവ പാരമ്പര്യം, സാംസ്‌കാരിക ദേശീയത തുടങ്ങിയവയ്ക്ക് പ്രാധാന്യം കൈവരുന്നു. ഇത്തരം മേഖലകളിലെ സെക്കുലര്‍ ഇടപെടല്‍പോലും ചോദ്യം ചെയ്യപ്പെടുന്നു. ക്ഷേത്രപരികര്‍മ്മികള്‍ ''വിശ്വാസി''കളായതുകൊണ്ട് അവരുടെ നിയമനങ്ങള്‍ പൊതുമാനദണ്ഡങ്ങള്‍ക്കു പുറത്താണെന്നുള്ള വാദവും ക്ഷേത്രാചാരങ്ങള്‍ തീരുമാനിക്കുന്നത് തന്ത്രിമാരും ജ്യോത്സ്യന്മാരുമാണെന്ന കോടതിവിധിയും ഇത്തരം ഹൈന്ദവ ''ഉണര്‍വിനു'' ഉദാഹരണങ്ങളാണ്.
ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനത്തിനുള്ള വിലക്ക് ''പാരമ്പര്യ''ത്തിനനുസരിച്ചായതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് സാധാരണ സെക്കുലര്‍ നിയമങ്ങള്‍ക്കു പുറത്താണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ വാദം (അദ്ദേഹം കോണ്‍ഗ്രസ്സുകാരനാണ്) മറ്റൊരുദാഹരണമാണ്. സെക്കുലര്‍ ജനാധിപത്യത്തിന് മേല്‍കോയ്മയുള്ള അന്തരീക്ഷത്തില്‍ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തീവ്രഹിന്ദുത്വപരമായ നിലപാടുകള്‍ സുധീരം പ്രകടിപ്പിക്കാനും ന്യായീകരിക്കാനുമുള്ള സന്നദ്ധത സൃഷ്ടിച്ചത് മോഡി സര്‍ക്കാര്‍ നല്‍കിയ രാഷ്ട്രീയാന്തരീക്ഷമാണെന്നതില്‍ സംശയമില്ല.കേരളത്തില്‍ എക്കാലത്തും നിലവിലിരുന്നതും എന്നാല്‍ ഒരു സെക്കുലര്‍ 'മറ'യിട്ട് അവതരിപ്പിച്ചിരുന്നതുമായ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ മറനീക്കി പുറത്തുവന്നത് ഇപ്പോള്‍ ഏവരും ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ എത്രമാത്രം സഹായിച്ചുവെന്നത് അന്വേഷിക്കേണ്ടതാണ്.
ഒരു ആശയസംഹിതയുടെ സാമൂഹ്യവും രാഷ്ട്രീയവുമായ സ്വാധീനത്തിന്റെ ഉരകല്ല് അതിനെതിരായ രാഷ്ട്രീയ സാമൂഹ്യ ശക്തികളുടെ ആശയങ്ങളെ സ്വാധീനിക്കുന്നതില്‍ അതിനുണ്ടാകുന്ന വിജയമാണ്. ഒരു സമൂഹത്തില്‍ പ്രചരിക്കുന്ന മൊത്തം ആശയങ്ങളെ സ്വാധീനിക്കുന്നതില്‍ അതു വിജയിച്ചാല്‍ അത്തരം ആശയസംഹിതകള്‍ക്ക് അധീശ (വലഴലാീിശര) സ്വഭാവം കൈവന്നുവെന്നു പറയാം. ഹൈന്ദവ തീവ്രവാദം ഹിന്ദു സമുദായത്തിന്റെ ആശയസംഹിതയുടെ രൂപമാണ്. ഈ ആശയസംഹിത നിലനില്‍ക്കുന്നത് അന്യമതസ്ഥരും നിരീശ്വരവാദികളുമൊക്കെയായ ശത്രുക്കളെ ചൂണ്ടിക്കാണിച്ചാണ്. ഇസ്ലാമും (ക്രിസ്തുമതവും) കമ്യൂണിസ്റ്റുകാരുമെല്ലാം ഇങ്ങനെ ഹിന്ദുക്കളുടെ ശത്രുക്കളാണ്. ആധുനിക ജനാധിപത്യ സമൂഹങ്ങളിലെ നിത്യജീവിത രൂപങ്ങളിലൊന്നും ഇത്തരം ഒരു ശത്രുത നിലനില്‍ക്കുന്നില്ല.
മതവിശ്വാസങ്ങളെന്തു തന്നെയായാലും, നിത്യജീവിതത്തില്‍ സമ്പത്തിന്റെ വിതരണം മതവിശ്വാസമനുസരിച്ചല്ല, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവം അതായത് മുതലാളിത്തബന്ധങ്ങള്‍ക്കനുസരിച്ചാണ്. വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തന്നെയാണ് ജീവിതദുരിതങ്ങളകറ്റാനുള്ള യഥാര്‍ത്ഥ പോംവഴി. ഇതിനെ മറച്ചുപിടിക്കുകയും സ്വന്തം സമുദായങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാര്‍ത്ഥ കാരണം അന്യമതസ്ഥരും സമുദായങ്ങളുമാണെന്നു വരുത്തിതീര്‍ക്കുകയും ചെയ്യുന്നതില്‍ മതരാഷ്ട്രീയം വിജയിക്കുന്നു. ഇതനുസരിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുമ്പോള്‍ വിജയിക്കുന്നത് ഹിന്ദുമത രാഷ്ട്രീയം തന്നെയാണ്. മറുപക്ഷത്തെ ''തീവ്രവാദി''കളും ''ഭീകരവാദി''കളും ''ദേശദ്രോഹി''കളും മറ്റുമായി മുദ്രകുത്തുമ്പോഴും ഇത്തരം ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ മറ്റുള്ളവര്‍ ശ്രമിക്കുമ്പോഴും മതാധിഷ്ഠിത ആശയസംഹിതകള്‍ക്കു തന്നെയാണ് മേല്‍കോയ്മ ലഭിക്കുന്നത്.
ഇവിടെയാണ് ജെഎന്‍യുവില്‍ നടന്ന പ്രതിരോധ സമരത്തിന്റെ പ്രസക്തി. ജെഎന്‍യുവിലെ പ്രതിരോധ ഗ്രൂപ്പുകളില്‍ മതവാദികളും ഉണ്ടായിരുന്നു. പക്ഷെ, ദേശദ്രോഹികളെന്ന് അവരെ മുദ്രയടിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം മതപരതയുടേതായിരുന്നില്ല, മുതലാളിത്തത്തില്‍നിന്നും ജാതീയതയില്‍നിന്നും ഭൂരിപക്ഷ മതരാഷ്ട്രീയത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെതായിരുന്നു. ഈ മുദ്രാവാക്യത്തില്‍ അടങ്ങിയ വൈകാരികതയുടെ അംശം എന്തായിരുന്നാലും, അത് മതപരതയില്‍നിന്ന് സെക്കുലര്‍ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തിന്റെ സങ്കല്‍പത്തിലേക്ക് മൊത്തം പ്രക്ഷോഭത്തെ മാറ്റാന്‍ സഹായിച്ചുവെന്നതു തീര്‍ച്ചയാണ്. സ്വാതന്ത്ര്യത്തെ ജനങ്ങളുടെ അഭിപ്രായ പ്രകടനത്തിനും ചിന്തയ്ക്കും വികാരങ്ങള്‍ക്കും ജീവിതശൈലികള്‍ക്കുമുള്ള സ്വാതന്ത്ര്യമായി കണക്കാക്കിയതോടെ, മതരാഷ്ട്രീയത്തെ മറികടക്കാനുള്ള ശക്തമായ ആയുധമാണ് പ്രക്ഷോഭകാരികള്‍ സമ്മാനിച്ചത്. സ്വാതന്ത്ര്യത്തിന്റെ വിശാലമായ അര്‍ത്ഥതലങ്ങള്‍ക്കുള്ളില്‍ തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിച്ച ന്യൂനപക്ഷ ഗ്രൂപ്പുകള്‍ സങ്കല്‍പിച്ചിരിക്കാവുന്ന മതപരമായ അര്‍ത്ഥതലങ്ങള്‍ ഇല്ലാതെയായി. ദേശദ്രോഹം മുതലായ ആരോപണങ്ങളെപോലും ന്യൂനീകരിച്ച ആശയമായിരുന്നു അത്.
സ്വാതന്ത്ര്യത്തിന്റെ വിശാലമായ, സെക്കുലര്‍ ജനാധിപത്യപരമായ അര്‍ത്ഥതലങ്ങള്‍ എല്ലാ പ്രതിരോധ ഗ്രൂപ്പുകളെയും സ്വാധീനിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. മോഡി സര്‍ക്കാര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ഹിന്ദുമത രാഷ്ട്രീയത്തിനെതിരെ സെക്കുലര്‍ മറയുള്ളതോ അല്ലാത്തതോ ആയ മതരാഷ്ട്രീയം തന്നെ പ്രചരിപ്പിക്കാനാണ് പല ന്യൂനപക്ഷമതസംഘടനകളും ശ്രമിക്കുന്നത്. ഹിന്ദുമതരാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷങ്ങളുടെ മതരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംഘാടനം നടക്കുമ്പോള്‍ വിജയിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയം തന്നെയാണ്. സെക്കുലര്‍ ജനാധിപത്യ ആശയങ്ങളനുസരിച്ചുള്ള പൊതുജീവിതം വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സാധ്യമല്ല എന്ന ആര്‍എസ്എസിന്റെ പ്രചരണം ശരിവയ്ക്കുകയാണ് ന്യൂനപക്ഷ മതസംഘടനകളും ചെയ്യുന്നത്.
ജാതീയതയിലും ലിംഗപരമായ ഭിന്നതയിലും ഇതേ ആശയങ്ങള്‍ കാണാം. ഹൈന്ദവസംസ്‌കാരത്തിന്റെ ചാതുര്‍വര്‍ണ്യവ്യവസ്ഥയും മനു അടക്കമുള്ള ധര്‍മ്മശാസ്ത്രങ്ങളുടെ നീതിക്രമവുമാണ് ജാതിയുടെ ആശയസംഹിതയായി പ്രവര്‍ത്തിക്കുന്നത്. ആധുനിക കാലത്ത് ജാതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലും കാണാവുന്നത് പ്രധാന ധര്‍മശാസ്ത്രനീതിയും ആചാരക്രമങ്ങളുമായുള്ള അതിന്റെ ബന്ധമാണ്. ജനനം, വിവാഹം, മരണം, ശുദ്ധി, ആചാരങ്ങള്‍ തുടങ്ങിയവയിലെല്ലാമുള്ള ജാതി സമുദായങ്ങളുടെ ഊന്നല്‍ പാരമ്പര്യത്തിന്റെ പുനഃസൃഷ്ടിയിലേക്കാണ് നയിക്കുക. ഇതിനെ ആധാരമാക്കിയാണ് സംവരണം പോലുള്ള ജനാധിപത്യ അവകാശങ്ങളുടെ നിര്‍ണയവും നടക്കുന്നത്. സംവരണം ജാതീയതമൂലം ചരിത്രപരമായി പിന്തള്ളപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്ത വലിയ ജനവിഭാഗത്തിന്റെ മോചനത്തിനുള്ള പാത എന്നതിനേക്കാള്‍ ആധുനിക രാഷ്ട്ര ഘടനയില്‍ നല്‍കപ്പെടുന്ന സൗകര്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും മേല്‍ വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ക്കുള്ള അവകാശം എന്ന നിലയില്‍ നിര്‍വചിക്കപ്പെടുന്നു. ഈ അവകാശത്തിനാണ് ഗുജറാത്തില്‍ പട്ടേല്‍മാരും ഹരിയാനയില്‍ ജാട്ടുകളും സമരം ചെയ്തത്.
ഹിന്ദുമതത്തിലേക്കു തിരിച്ചുചെന്നാല്‍ സംവരണം നല്‍കാമെന്ന ഉറപ്പിന്മേലാണ് 'ഘര്‍വാപസി' പല ഹിന്ദു സംഘടനകളും നടത്തിയത്. ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും മതമേതെന്നുപോലും പലപ്പോഴും വ്യക്തമല്ലാത്ത ആദിവാസികള്‍ക്കുമടക്കം അവരുടെ ചരിത്രപരമായ ബാധ്യതകള്‍മൂലം സംവരണം നല്‍കേണ്ടിവരും. ഇതിനെല്ലാം പകരം ജാതിയെ ഹിന്ദുമതവുമായി ബന്ധിപ്പിക്കുകയും അതിന്റെ ഭാഗമാക്കി സംവരണവും ഗിരിജനക്ഷേമവുമെല്ലാം മാറ്റുകയും ചെയ്യുന്നതോടെ ജാതികളെ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുത്തുകയാണ് സ്വത്വവാദികള്‍ ചെയ്യുന്നത്. ബിഡിജെഎസ് പോലെ വ്യത്യസ്ത ജാതീയ സംഘടനകളുമായുള്ള സഖ്യങ്ങളിലും വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഒരു ദളിത് - ബഹുജന വക്താവായി നരേന്ദ്ര മോഡിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലും ജാതീയതയെ ഉള്‍ക്കൊള്ളാനുള്ള ഹിന്ദുത്വതന്ത്രം കാണാം. ഇതിനോടുള്ള പ്രതിരോധം ജാതീയതയെ അംഗീകരിച്ചുകൊണ്ടല്ല, ഒരു കാലത്ത് ധര്‍മശാസ്ത്ര നീതിക്രമം വളര്‍ത്തിയെടുത്തിയ ജാതീയതയെ നിരാകരിച്ചുകൊണ്ടാണ് നടത്തേണ്ടത്. അംബേദ്ക്കര്‍ അവതരിപ്പിച്ച ഈ യുക്തിയുടെ പ്രാധാന്യം ദളിത് സംഘടനകളടക്കം ഉള്‍ക്കൊണ്ട മട്ടില്ല. ദളിത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഈ ആശയപരമായ അവ്യക്തത കാണാം.
ലിംഗപദവിയെ സംബന്ധിച്ച ചര്‍ച്ചകളിലും ഇതേ അവ്യക്തത കാണാം. സ്ത്രീധര്‍മ്മത്തെയും സ്ത്രീകളുടെ ചലനത്തെയും വസ്ത്രധാരണ രീതി, പെരുമാറ്റം മുതലായവയെയുംകുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് മതസംഹിതകളാണ്. സ്ത്രീപുരുഷ ബന്ധങ്ങളെയും കുടുംബങ്ങളെയും സംബന്ധിച്ച ആശയങ്ങളിലാണ് ജാതിയും മതവും ശക്തമായ സ്വാധീനം ചെലുത്തുന്നതും. സ്ത്രീകള്‍ പൊതുവേദികളില്‍വെച്ച് പീഡിപ്പിക്കപ്പെടുമ്പോള്‍, സ്ത്രീധര്‍മ്മത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പെട്ടെന്ന് പ്രചരിക്കുന്നതുകാണാം. മതസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സദാചാര പൊലീസിങ്ങിന്റെയും ആശയം വേറൊന്നല്ല. ഈ ആശയങ്ങള്‍ നമ്മുടെ പൊതുബോധത്തിന്റെ ഭാഗമായി മാറുന്നതു കാണാം. സെക്കുലര്‍ ജനാധിപത്യരൂപങ്ങളില്‍ വളര്‍ന്നുവരേണ്ട സ്ത്രീപുരുഷ ബന്ധങ്ങളെയും ട്രാന്‍സ്‌ജെന്‍ഡര്‍ അടക്കമുള്ളവരുടെ സാമൂഹ്യപദവിയെയുംകുറിച്ചുള്ള ആശയങ്ങള്‍ നിരാകരിക്കപ്പെടുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജീവിതരീതികളും സാമൂഹ്യമര്യാദകളും വളര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്കുപകരം സ്ത്രീരക്ഷയെക്കുറിച്ചുള്ള സദാചാരബദ്ധമായ പല്ലവികള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെയും മതജാതി രാഷ്ട്രീയത്തിന്റെ സ്വാധീനം പ്രകടമാണ്. കേരളത്തില്‍ തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു ബെഞ്ചിലിരുന്നു പഠിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം ഉദാഹരണമാണ്. മഹാരാഷ്ട്രയില്‍ ഒരു കോടതി വിധിപ്രകാരം എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തെ ചൊല്ലി ഇപ്പോഴും നിലനില്‍ക്കുന്ന തര്‍ക്കം ഈ മേഖലയിലെ യാഥാസ്ഥിതികത്വത്തിന്റെ മറ്റൊരുദാഹരണമാണ്. ഇവിടെയെല്ലാം മതബദ്ധമായ പുരുഷാധിപത്യക്രമത്തെ നിലനിര്‍ത്താന്‍ ഹിന്ദുത്വശക്തികളും മറ്റു മതസംഘടനകളും ഒരുപോലെ പരിശ്രമിക്കുന്നതും കാണാം.
ഇത്തരത്തില്‍ ആശയങ്ങളും ആചാരങ്ങളും പല്ലും നഖവുമുപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന ഹിന്ദുമതരാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളും പ്രകടമാണ്. ഇന്ത്യക്കാര്‍ക്ക് അവരുടെ ഭൂതകാലാവശിഷ്ടങ്ങളില്‍നിന്നും രേഖകളില്‍നിന്നും രൂപപ്പെടുത്തിയെടുത്ത സാമാന്യം സുദൃഢമായ ചരിത്രമുണ്ട്. ചരിത്രസംഭവങ്ങളുടെ കാലഗണനയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഇന്ത്യന്‍ ജനതയുടെ വളര്‍ച്ചയെയും വിന്യാസത്തെയുംകുറിച്ച് ഇവയുടെ അടിസ്ഥാനത്തില്‍ ഒരു പൊതുചിത്രം നമുക്കുണ്ട്. ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രം ഹിന്ദുത്വവാദികള്‍ക്ക് ഒരു വിഷയമല്ല. ഇതിഹാസപുരാണങ്ങളും മറ്റു കഥകളും വഴി നിര്‍മിക്കപ്പെട്ട മിത്തുകളായി മാറിയ ചരിത്രത്തില്‍ വ്യാപരിക്കാനാണ് അവര്‍ക്കിഷ്ടം. ഇന്ത്യന്‍ പാരമ്പര്യവും സാമ്രാജ്യങ്ങളും കലകളും ആവിഷ്‌കാരങ്ങളുമെല്ലാം ഈ മിത്തുകളിലാണ്. ഇന്ത്യന്‍ സയന്‍സ് പോലും അടര്‍ത്തിയെടുക്കുന്നത് മിത്തുകളില്‍നിന്നാണ്. മിത്തും ചരിത്രവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനുള്ള ഈ ശ്രമം ഇന്ത്യയ്ക്കുവേണ്ടി അവകാശപ്പെടുന്ന ''സാംസ്‌കാരിക ദേശീയത''യുടെ വികൃതമായ മുഖത്തെയാണ് കാണിക്കുന്നത്. ഈ വികൃതമായ മുഖം 'ഛത്രപതി' ശിവജിയുടെ കീര്‍ത്തിഗാഥകളിലും രജപുത്രന്മാരുടെ ധീരാപദാനകഥകളിലുമെല്ലാം കാണാം. കഥകളെന്ന നിലയ്ക്ക് ഇവയ്ക്ക് ചടുലത ഉണ്ടാകാം. അവ ചരിത്രമായി മാറുമ്പോഴും അവ പഠിക്കണമെന്ന് നിര്‍ബന്ധിക്കപ്പെട്ടപ്പോഴും ഈ വൈകൃതം പൂര്‍ണമാകുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അജ്മീറിലെ ദര്‍ഗ ഒരു രാജകൊട്ടാരമായിരുന്നുവെന്നും മറ്റുമുള്ള കഥകള്‍. ഇവ 'ചരിത്ര'മായി പഠിപ്പിക്കുമ്പോള്‍ ജനമനസ്സില്‍ രൂപപ്പെടുന്ന ഹിന്ദു ദേശീയതയെ സംബന്ധിച്ച കൃത്രിമാശയങ്ങള്‍ പിന്നീട് മതാധിപത്യത്തിന്റെ അടിത്തറയായി മാറുകയാണ്.
ഇതിന്റെ തുടര്‍ച്ചയാണ് മറ്റു മതങ്ങള്‍ക്ക് ഒരു സംഭാവനയും നല്‍കാന്‍ കഴിയില്ലെന്ന ആശയം. ഇന്ത്യയിലെ സംഗീതത്തിലും നൃത്തത്തിലും ശില്‍പകലയിലും കെട്ടിട നിര്‍മാണ രൂപങ്ങളിലുമെല്ലാം ഏതെങ്കിലും മതപാരമ്പര്യത്തിനതീതമായി നിരവധി കലാകാരന്മാരുടെയും ശില്‍പികളുടെയും സംഭാവന പ്രകടമാണ്. ഇവരില്‍ പലരും ആരെന്നോ അവരുടെ ജാതിയും മതവും എന്തെന്നോ നമുക്കറിയുകയുമില്ല. ഇത്തരത്തിലുള്ള സമ്മിശ്ര പാരമ്പര്യം നിലനില്‍ക്കേ തന്നെയാണ് നാം സംഗീതത്തില്‍ ഒരു ഗുലാം അലിയെ ഇന്ത്യയിലേക്കുകടക്കാന്‍ പാടില്ലെന്നു വിധിക്കുന്നത്. ഒരേ മാതൃകയില്‍ പണിചെയ്യപ്പെട്ട ക്ഷേത്രങ്ങളുടെയും പള്ളിയുടെയും കെട്ടിടങ്ങളെ നാം ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിക്കുന്നത്. അതിന്റെ രസകരമായ വശം, നമുക്കിന്ന് അവശേഷിക്കുന്ന സംഗീത നൃത്ത പാരമ്പര്യങ്ങളുടെയും കെട്ടിടനിര്‍മാണ കലയുടെയുമെല്ലാം മൂര്‍ത്തമായ ഉദാഹരണങ്ങള്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമടങ്ങുന്ന മദ്ധ്യകാലത്താണ് നിര്‍മിക്കപ്പെടുന്നത് എന്നതാണ്. ഇന്ത്യന്‍ സയന്‍സിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും മൂര്‍ത്തമായ തെളിവുകളും പ്രത്യക്ഷപ്പെടുന്നത് മദ്ധ്യകാലത്തു തന്നെയാണ്. ഇതെല്ലാം മാറ്റിവെച്ചുകൊണ്ടാണ് ഇന്ത്യന്‍ ഹിന്ദുത്വവാദികള്‍ ശുന്‍വ സൂത്രങ്ങളിലും യോഗസൂത്രങ്ങളിലും ഇന്ത്യന്‍ വൈജ്ഞാനിക പാരമ്പര്യത്തെ തേടുന്നത്. അത് പഠിപ്പിക്കണമെന്ന് വാശിപിടിക്കുന്നത്.
മിത്തുവല്‍കരിക്കപ്പെട്ട ചരിത്രം സാംസ്‌കാരിക ദേശീയത എന്ന ആശയനിര്‍മ്മിതിയുടെ ഏറ്റവും പ്രധാന ഘടകമാണ്. അതു പൂര്‍ണമായി പഠിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതിയെ ഇന്ന് നിര്‍ണയിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ ആശയസംഹിതകള്‍ക്ക് ഇത്തരം ചരിത്രരചന അപ്രസക്തമാണ് എന്നതു മാത്രമാണ്. എങ്കിലും ഇന്ത്യയാകെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സ്വന്തം സ്ഥാപനങ്ങളിലൂടെ സംസ്‌കൃതവും ഭഗവദ്ഗീതയും പുരാണേതിഹാസങ്ങളും പഠിപ്പിക്കാന്‍ ആര്‍എസ്എസ് തീവ്രമായി ശ്രമിക്കുന്നുണ്ട്. ഈയിടെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള ശാസ്ത്രീയവും സെക്കുലറുമായ അവതരണങ്ങള്‍പോലും നിരോധിക്കണമെന്ന് ശിക്ഷാ ബച്ചാവോ സംഘടനയുടെ പ്രവര്‍ത്തകനും ആര്‍എസ്എസുകാരനുമായ ദീനനാഥ് ബത്ര ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശ്രമങ്ങളെല്ലാം വിജയിക്കുകയാണെങ്കില്‍ ഇപ്പോള്‍ അവശേഷിക്കുന്ന സെക്കുലര്‍ സംസ്‌കാരിക പാരമ്പര്യം പോലും ഇല്ലാതെയാകും.
ഇവയെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ സ്വാധീനം സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും ആശയതലത്തിലുമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്നത്തെ ലോക സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വികസനത്തെ ചൊല്ലിയുള്ള മോഡിയുടെ അവകാശവാദങ്ങള്‍ പാഴ്‌വാക്കുകളാകും. മോഡി ലോകമാസകലം നടത്തുന്ന വ്യത്യസ്ത കരാറുകളുടെ പരിണതഫലങ്ങള്‍ ഇനിവരാനിരിക്കുന്നതേ ഉള്ളൂ. അതുകൊണ്ട് അഴിമതിയുടെ സാധ്യതകളും തള്ളിക്കളയാനാകില്ല. ഇവയുടെയെല്ലാം ഫലമായുണ്ടാകുന്ന ജനരോഷം മോഡി ഗവണ്‍മെന്റിനെ തന്നെ ഇല്ലാതാക്കും. സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ മോഡി സര്‍ക്കാര്‍ തുറന്നുവിട്ടിരിക്കുന്ന ദുര്‍ഭൂതത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്. മോഡി സര്‍ക്കാര്‍ ഇല്ലാതാകുന്നതുകൊണ്ട് ഇപ്പോഴത്തെ ഹൈന്ദവ മത രാഷ്ട്രീയത്തിന്റെ നിലപാടുകള്‍ ഇല്ലാതാകണമെന്നില്ല. അതു സൃഷ്ടിച്ച മതപരതയുടെയും ജാതീയതയുടെയും സാമൂഹ്യമായ സ്വാധീനം ഇല്ലാതാകണമെന്നുമില്ല. എക്‌സിക്യൂട്ടീവും നീതിന്യായകോടതികളുംപോലും ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിക്കാത്ത ഒരു സംവിധാനത്തില്‍ മതനിരപേക്ഷതയും അഭിപ്രായത്തിലും പ്രവര്‍ത്തനത്തിലുമുള്ള സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ജനാധിപത്യവുമാണ് ബലിയാടുകളാകുന്നത്. മോഡിക്കുശേഷം വരുന്ന ഭരണാധികാരികള്‍ക്കുപോലും ജാതിമത ആശയസംഹിതകള്‍ക്ക് അതീതമായി ചിന്തിക്കാന്‍ കഴിയണമെന്നില്ല.
മോഡി സര്‍ക്കാരിനെതിരായി മു ന്നോട്ടുവയ്ക്കുന്ന ബദലുകളുടെ സങ്കല്‍പങ്ങളും ഇതേ പശ്ചാത്തലത്തില്‍ പരിശോധിക്കണം. ഹിന്ദുത്വ ''ഫാസിസ''ത്തിനെതിരായി ചിലര്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍ ദളിത് - ബഹുജന്‍ - ന്യൂനപക്ഷ ഐക്യത്തിന്‍േറതാണ്. ആധുനിക ഹിന്ദുത്വത്തിന്റെ ഘടന സവര്‍ണ - ബ്രാഹ്മണ ഹിന്ദുത്വത്തിന്റെതാണെന്നും അതിനെതിരായ മുന്നേറ്റം ഘടനാപരമായി സവര്‍ണ - ബ്രാഹ്മണ ഘടനയെ എതിര്‍ക്കുന്ന ശക്തികളില്‍നിന്നു വളര്‍ന്നുവരണമെന്നുമുള്ള വാദമാണ് ഇവരുന്നയിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആകര്‍ഷകമെന്നു തോന്നാവുന്ന ഈ വാദത്തിന്റെ ദൗര്‍ബല്യം ചൂണ്ടിക്കാണിക്കണം. ആധുനിക ഹിന്ദുത്വത്തെ നിര്‍ണയിക്കുന്നത് സവര്‍ണ ബ്രാഹ്മണ ഘടനയല്ല, ആശയസംഹിതയാണ്. ''നമ്പൂതിരി മുതല്‍ നായാടി വരെ'' ആര്‍ക്കുവേണമെങ്കിലും ഈ ആശയസംഹിതയുടെ വക്താക്കളും പ്രയോക്താക്കളുമാകാം. അതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതും. കേരളത്തില്‍ തന്നെയുള്ള ആര്‍എസ്എസ് സ്വാധീനത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ആധുനിക ഹിന്ദുത്വം വളര്‍ന്നുവരുന്ന നവലിബറല്‍ കാലഘട്ടത്തില്‍ സവര്‍ണര്‍ തീര്‍ച്ചയായും പ്രയോജനപ്പെടുമെങ്കിലും അധഃസ്ഥിത ജനവിഭാഗങ്ങളില്‍ വരെയെത്തുന്ന ആശയസംഹിതയുടെ രൂപീകരണത്തിലാകും നവലിബറലിസത്തിന്റെ വക്താക്കള്‍ക്കും താല്‍പര്യം.
ഹിന്ദുത്വ ആശയസംഹിതയ്‌ക്കെതിരായ പോരാട്ടത്തിലും ദളിത് - ബഹുജന്‍ - ന്യൂനപക്ഷ ഐക്യത്തിനു പ്രസക്തിയുണ്ടാകും. അപ്പോള്‍ അത്തരം ഐക്യത്തിന്റെ ആശയസംഹിതയും ഭിന്നമായിരിക്കും. ജാതിരഹിതവും മതനിരപേക്ഷവുമായ പൊതുഇടങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും വളര്‍ച്ചയിലും അഭിപ്രായ പ്രകടനത്തിലും ചിന്തയിലും ജീവിതരീതികളിലും സ്ത്രീ പുരുഷബന്ധങ്ങളിലുമെല്ലാം പൂര്‍ണമായ സ്വാതന്ത്ര്യത്തിലും സമത്വത്തിലുമധിഷ്ഠിതമായ ജനാധിപത്യ രൂപങ്ങളുടെ വികാസത്തിലും ഊന്നിയുള്ള സമൂഹത്തിന്റെ വളര്‍ച്ചയിലായിരിക്കും പുതിയ ആശയസംഹിതകള്‍ ഊന്നുക. പഴയ ലിബറല്‍ ജനാധിപത്യത്തില്‍ പ്രകടമായ ദൗര്‍ബല്യവും ഈ ആശയസംഹിതകള്‍ മറികടക്കാന്‍ ശ്രമിക്കും. ലിബറല്‍ ജനാധിപത്യം മറ്റ് എല്ലാ സ്വാതന്ത്ര്യങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന് കീഴ്‌പ്പെടുത്തുകയും വ്യക്തികള്‍ സ്വന്തം ഉള്‍പ്രേരണ വഴിയായി ഇവയെല്ലാം സൃഷ്ടിച്ചുകൊള്ളുമെന്ന് കരുതുകയും ചെയ്തിരുന്നു. എന്നാല്‍ അതു സാധ്യമല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ജനാധിപത്യപരമായ സമവായമനുസരിച്ചുള്ള സമൂഹത്തിന്റെ തീരുമാനങ്ങള്‍ ഈ പുതിയ ആശയസംഹിതകളുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാകും. മതസംഹിതകള്‍ കേന്ദ്രീകൃതമായ അധികാരരൂപങ്ങളില്‍ ഊന്നുന്നുവെങ്കില്‍ ജനാധിപത്യ സങ്കല്‍പം താഴെതട്ടില്‍നിന്ന് രൂപപ്പെട്ടുവരുന്ന സംവാദാത്മകമായ രീതികളിലാകും ഊന്നുക. അങ്ങനെ ഇന്നത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ പങ്കുണ്ടായിരിക്കും. ഇത്തരത്തില്‍ ചിന്തിക്കുന്ന ഇടതുപക്ഷമടക്കമുള്ള സമാനചിന്താഗതിക്കാര്‍ക്ക് എല്ലാവരുമായി സംവാദങ്ങളിലേര്‍പ്പെടാനും പൊതുപ്രവര്‍ത്തന പ്രക്ഷോഭ പരിപാടികള്‍ സൃഷ്ടിക്കാനും കഴിയണം. ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരായ പുതിയ ഐക്യമുന്നണി ഇത്തരത്തിലാണ് രൂപം കൊള്ളുക.
14-Jun-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍