ഏപ്രില്‍ 8, സംസ്ഥാന ഹര്‍ത്താല്‍

റബറിന്റെ ഇറക്കുമതി നിരോധിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളേണ്ടതുണ്ട്. ഇറക്കുമതി ചുങ്കം 50 ശതമാനമായി ഉയര്‍ത്തുകയും വേണം റബറിന്റെ താങ്ങുവില 200 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. നെല്ലിന്റെ താങ്ങുവില 25 രൂപയായി വര്‍ധിപ്പിക്കുകയും വേണം. സംഭരിച്ച നെല്ലിന്റെ വില ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം. എല്ലാ വിളകള്‍ക്കും വില സ്ഥിരതാ ഫണ്ട് രൂപീകരിക്കാനും അധികാരികള്‍ തയ്യാറാവണം. വെളിച്ചെണ്ണയുടെ ഇറക്കുമതി നിരോധിക്കണം. ഭൂനിയമം അട്ടിമറിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ഉപേക്ഷിക്കണം. സംയുക്ത സമര സമിതി പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിലെ കര്‍ഷകര്‍ ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ആ സമരങ്ങള്‍ക്ക് മുന്നില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കേരളത്തിലെ കര്‍ഷക സംഘടനകളുടെ സംയുക്തവേദി ഏപ്രില്‍ 8ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി. കേരളത്തിലെ കര്‍ഷകരുടെ ജീവിത ദുരിതത്തിന് രാഷ്ട്രീയ മത സാമുദായിക വ്യത്യാസങ്ങളൊന്നുമില്ല. ഏത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകനും ബാക്കിയുള്ളത് ദുരിതം മാത്രമാണ്. അതിനാല്‍ കര്‍ഷക സംയുക്തവേദിയുടെ ഹര്‍ത്താലില്‍ കേരളത്തിലെ എല്ലാ കര്‍ഷകരും അണിനിരക്കും. നാടിന്റെ പച്ചപ്പും നന്‍മയും കാര്‍ഷിക കേരളത്തിന്റെ ആവശ്യകതയും ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഈ ഹര്‍ത്താലിന് പിന്തുണയുമായി ഉണ്ടാവുമെന്നത് ഉറപ്പാണ്.

കേരളത്തിലെ കാര്‍ഷിക സമ്പദ്ഘടനയുടെ മുഖ്യസ്രോതസ് റബറാണ്. റബറിന്റെ വിലയിടിവ് നാടിന്റെ സമ്പദ്ഘടനയെ പിടിച്ചുലച്ചു. അതോടൊപ്പം ഒരുകോടിയോളം വരുന്ന ജനങ്ങളുടെ ജീവിതവും താറുമാറായി. 2012ല്‍ ഒരു കിലോ റബറിന് 248 രൂപ ലഭിച്ചിരുന്നു. ഇന്ന് 95-105 എന്ന നിരക്കാണ് ലഭിക്കുന്നത്. റബറിനൊപ്പം കേരളത്തിലെ മറ്റ് നാണ്യവിളകളുടെ വിലയും തകരുക തന്നെയാണ്. ഇതിനൊക്കെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നവ-ഉദാരവത്കരണ ഇറക്കുമതി നയങ്ങളാണ്. കേരളത്തിലെ സര്‍ക്കാരാണെങ്കില്‍ കര്‍ഷകരെ മനുഷ്യ ജീവികളായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

കേന്ദ്രത്തിന്റെ അതേ നയങ്ങളെ കുറച്ചുകൂടി ഭാവനാ വിലാസത്തോടെ നടപ്പിലാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കാര്‍ഷിക മേഖല തകര്‍ന്നടിയുന്നതില്‍ അവര്‍ക്കൊരു കുലുക്കവുമില്ല. കര്‍ഷകരുടെ ആത്മഹത്യകളെ പരമപുച്ഛത്തോടെയാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ നോക്കി കാണുന്നത്. നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ പോലും തയ്യാറാവാത്തത് അതുകൊണ്ടാണ്. ഇന്നും താങ്ങുവില 19 രൂപ തന്നെയാണ്. പക്ഷെ, അത് പ്രഖ്യാപനത്തില്‍ മാത്രമേയുള്ളു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ താങ്ങുവിലയായ 13.60 രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യഗഡുവായി നല്‍കിയത്. ഇപ്പോള്‍ ഒന്നും കൊടുക്കുന്നില്ല. കുടിശികയാണ്. അത്തരമൊരു സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ വഴികള്‍ തെരഞ്ഞെടുക്കാതെ മറ്റ് നിര്‍വാഹങ്ങളൊന്നുമില്ല. കരുത്തുറ്റ സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമേ ഭരണവര്‍ഗത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ സാധിക്കുകയുള്ളു.

റബറിന്റെ ഇറക്കുമതി നിരോധിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളേണ്ടതുണ്ട്. ഇറക്കുമതി ചുങ്കം 50 ശതമാനമായി ഉയര്‍ത്തുകയും വേണം റബറിന്റെ താങ്ങുവില 200 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. നെല്ലിന്റെ താങ്ങുവില 25 രൂപയായി വര്‍ധിപ്പിക്കുകയും വേണം. സംഭരിച്ച നെല്ലിന്റെ വില ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം. എല്ലാ വിളകള്‍ക്കും വില സ്ഥിരതാ ഫണ്ട് രൂപീകരിക്കാനും അധികാരികള്‍ തയ്യാറാവണം. വെളിച്ചെണ്ണയുടെ ഇറക്കുമതി നിരോധിക്കണം. ഭൂനിയമം അട്ടിമറിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ഉപേക്ഷിക്കണം. സംയുക്ത സമര സമിതി പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി കര്‍ഷക ആത്മഹത്യകളുടെ നാടായി നമ്മുടെ നാട് മാറാതിരിക്കാന്‍ വേണ്ടിയാണ് കര്‍ഷകരുടെ പ്രക്ഷോഭം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ തിരുത്താന്‍ വേണ്ടി, ഏപ്രില്‍ 8ന്റെ ഹര്‍ത്താല്‍ വിജയിപ്പിക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെ ജീവന്‍ നിലനിര്‍ത്താനായി നമുക്ക് കൈകോര്‍ക്കാം. 

30-Mar-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More