അതിനുള്ള ധീരതയുണ്ടോ?
കെ ഇ എന്‍
പെരുമാള്‍ മുരുഗന്റെ സാംസ്‌കാരിക രക്തസാക്ഷിത്വത്തെ അഭിമുഖീകരിക്കാന്‍, മറികടക്കാന്‍ നിങ്ങള്‍ക്ക് ധീരതയുണ്ടോ എന്നാണ് ഇന്ത്യയിലെ എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും മുന്നില്‍ ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞ ചോദ്യം. ഞങ്ങള്‍ ഭീരുക്കളാണ് എന്നാണവര്‍ തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് തെളിയിക്കാന്‍ പോകുന്നത് എങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമായിരിക്കും നേരിടേണ്ടി വരിക. |
ക്ലാസിക്കല്‍ ഫാസിസത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ പോലും സംഭവിച്ചിട്ടില്ലാത്ത, വേറിട്ടതും അപൂര്‍വമായതുമായ സാംസ്‌കാരിക സംഭവത്തിനാണ്, രാജ്യം 2015 ജനുവരി 14ന് സാക്ഷ്യം വഹിച്ചത്. എഴുത്തുകാര്‍ വേട്ടയാടപ്പെടുകയും അവരുടെ കൃതികള്‍ എരിക്കപ്പെടുകയും സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ ഫാസിസത്തിന്റെ നാള്‍വഴികളില്‍ നിരവധി തവണ കാണാന്‍ സാധിക്കും. ക്ലാസിക്കല്‍ ഫാസിസത്തിന്റെ ഇത്തരത്തിലുള്ള പീഡനപര്‍വങ്ങളെ മുഴുവന്‍ നിസാരമാക്കുന്ന നവഫാസിസത്തിന്റെ പുതിയ സാംസ്‌കാരിക ഹത്യയുടെ ഏറ്റവും പുതിയ മാതൃകയാണ് ഇത്. പെരുമാള്‍ മുരുഗന്റെ സാംസ്‌കാരിക രക്തസാക്ഷിത്വം.
സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈദിക പ്രത്യയശാസ്ത്രത്തെ ഏറ്റവും നിശിതമായി വെല്ലുവിളിച്ച, ഇ വി രാമസ്വാമി മുതലുള്ള പ്രക്ഷോഭ പ്രതിഭകളുടെ സാംസ്‌കാരിക പശ്ചാത്തലമുള്ള മണ്ണാണ് തമിഴിന്റേത്. അതുകൊണ്ടാണ് നരേന്ദ്രമോഡി, ഹിന്ദി അടിച്ചേല്‍പ്പിക്കാനായി ഒരു പരീക്ഷണ ശ്രമം നടത്തിയപ്പോള്‍ തമിഴകം അതിനെ പരാജയപ്പെടുത്തിയത്. ഈ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരെ സജീവമായി പ്രതികരിക്കാന്‍ കഴിയുന്ന സാംസ്‌കാരിക മൂലധനമുള്ള ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. അവിടെയാണ് ഒരു തമിഴ് എഴുത്തുകാരന് സാംസ്‌കാരികമായ രക്തസാക്ഷിത്വം അനുഷ്ഠിക്കേണ്ടി വന്നത്.
“പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്‌കൂള്‍ ടീച്ചര്‍ പി മുരുഗനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക. സാഹിത്യോത്സവങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കോ എഴുത്തുകാരനെന്ന നിലയില്‍ തന്നെ ആരും ക്ഷണിക്കരുത്.' എന്നിങ്ങനെയൊക്കെ പെരുമാള്‍ മുരുഗന്‍ പ്രസ്താവിക്കുകയാണ്. അതൊരു പ്രസ്താവനയല്ല നിലവിളിയാണ്. ലോകത്തിലെങ്ങുമുള്ള മുഴുവന്‍ മനുഷ്യരുടെയും മുന്നിലേക്ക് നെഞ്ചത്തടിച്ചുകൊണ്ട് മുന്നോട്ടുവെക്കുന്ന ഒരു സങ്കട ഹര്‍ജിയാണ് അത്. ഇതിനോട് സമരോത്സകമായി പ്രതികരിക്കാന്‍ ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യര്‍ക്ക് കഴിയുമോ എന്നൊരൊറ്റ ചോദ്യം മാത്രമേ ബാക്കിയുള്ളു.
ഫാസിസത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ പരിമിതമായി മാത്രമാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ സാംസ്‌കാരിക അജണ്ടകളെ അഭിമുഖീകരിക്കാന്‍ ഇന്നും ഇന്ത്യന്‍ ജനാധിപത്യം വേണ്ടത്ര ധീരമായിട്ടില്ല എന്നാണ് പെരുമാള്‍ മുരുഗന്റെ അവസ്ഥ കാണിക്കുന്നത്. ഇതൊരൊറ്റപ്പെട്ട സംഭവമായി കാണരുത്. യു ആര്‍ അനന്ദമൂര്‍ത്തിയുടെ അവസ്ഥയും ഇത്തരത്തിലുള്ളത് തന്നെയായിരുന്നു. അദ്ദേഹം രോഗിയായിരിക്കുമ്പോള്‍ ഫാസിസത്തിന്റെ അലോസരപ്പെടുത്തലുകള്‍ക്കിടയിലാണ് മരണപ്പെട്ടത്. അത് പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഭാവിക മരണമായിരുന്നില്ല. അര്‍ദ്ധരക്തസാക്ഷിത്വമെന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്. ആ മരണം ആഘോഷിക്കപ്പെടുകയാണ് ഉണ്ടായത്. ഫാസിസ്റ്റുകള്‍ മധുരം വിളമ്പി. മഹാത്മാഗാന്ധിയെ കൊല്ലുകയും കൊന്നതിന് ശേഷം ആഹ്ലാദിക്കുകയും ചെയ്ത സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ചത്. അതിന്റെ തുടര്‍ച്ചയായി തന്നെ പെരുമാള്‍ മുരുഗന്റെ അവസ്ഥയെ നോക്കി കാണേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ഒരു പ്രദേശത്ത്, ഒരു വ്യക്തിക്ക്, ഒരു നോവലെഴുതിയത് കൊണ്ടുണ്ടായ ഒരവസ്ഥ മാത്രമായി ഇതിനെ കുറച്ചുകാണരുത്. മറിച്ച് ഏറ്റവും ആഴത്തില്‍ നടക്കുന്ന ഒരു സാംസ്‌കാരിക അട്ടിമറിയാണ് ഈ സംഭവം.
ഇന്ത്യന്‍ ഫാസിസം ഒരു സാംസ്‌കാരിക അട്ടിമറി നടത്താന്‍ മാത്രം കരുത്താര്‍ജ്ജിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരുദ്യോഗസ്ഥനെ സാക്ഷി നിര്‍ത്തിയാണ് പെരുമാള്‍ മുരുഗനെ സാഷ്ട്രംഗം വീഴ്ത്തി അടിയറവ് പറയിപ്പിച്ചത്. അവിടെ ഒരു എഴുത്തുകാരനല്ല, ഇന്ത്യന്‍ ജനാധിപത്യത്തിനാണ് പതനമുണ്ടായത്. ഇനിമുതല്‍ ജനുവരി 14 ഇന്ത്യന്‍ ചരിത്രത്തില്‍ ഭീതി പരത്തുന്ന ഒരു ദിനമായി നിലനില്‍ക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ഈ സംഭവത്തെ ഫാസിസത്തിനെതിരായ പോരാട്ടത്തിനുള്ള ഇന്ധനമാക്കി മാറ്റേണ്ടത് ജനാധിപത്യമാണ്. അതിനുള്ള ധീരതയുണ്ടോ?
പെരുമാള്‍ മുരുഗന്റെ സാംസ്‌കാരിക രക്തസാക്ഷിത്വത്തെ അഭിമുഖീകരിക്കാന്‍, മറികടക്കാന്‍ നിങ്ങള്‍ക്ക് ധീരതയുണ്ടോ എന്നാണ് ഇന്ത്യയിലെ എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും മുന്നില്‍ ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞ ചോദ്യം. ഞങ്ങള്‍ ഭീരുക്കളാണ് എന്നാണവര്‍ തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് തെളിയിക്കാന്‍ പോകുന്നത് എങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമായിരിക്കും നേരിടേണ്ടി വരിക.
15-Jan-2015
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍