ഹൃദയതാളം പോലെ ഈ മുന്നേറ്റം

കേരളത്തിലെ യു ഡി എഫ് ആഭ്യന്തരസംഘര്‍ഷം കൊണ്ട് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ്. പല ഘടകക്ഷികളും യുഡിഎഫ് വിടുന്നു. ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. വര്‍ഗീയ രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലും മനംമടുത്തവര്‍ ആ പാര്‍ടിയോട് വിടപറയുന്നു. കണ്ണൂരില്‍ അതാണ് കണ്ടത്. കേരളത്തില്‍ വ്യാപകമായി ഇത് ആവര്‍ത്തിക്കും. ഇക്കാര്യങ്ങളെല്ലാം ജനങ്ങളിലെത്തിക്കുകയാണ് കേരള രക്ഷാമാര്‍ച്ച്. കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പുരോഗമന ജനാധിപത്യശക്തികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാന്‍ തീര്‍ച്ചയായും കേരളരക്ഷാ മാര്‍ച്ചിന് കഴിയും. കേരള രക്ഷാമാര്‍ച്ചിനെ നെഞ്ചേറ്റുന്ന കേരളത്തിലെ എല്ലാ സുമനസുകള്‍ക്കും നന്ദി. കേരളത്തിന്റെ നന്‍മയും പുരോഗതിയും പ്രതീക്ഷിക്കുന്ന എല്ലാ പുരോഗമനകാരികളുടെയും പിന്തുണ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. നല്ലൊരു നാളേയ്ക്ക് വേണ്ടിയുള്ള ഈ മഹത്പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ തീര്‍ച്ചയായും ദേശീയ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതുണ്ട്. പതിനാറാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിലയിരുത്തലിന്റെ പ്രതിഫലനം കാണാനാവും. കൂടാതെ കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയില്‍ സിപിഐ എം ന്റെ കടമയാണ്. അതിനാലാണ് മതനിരപേക്ഷ ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി, കേരളരക്ഷാ മാര്‍ച്ചിലൂടെ നാടും നഗരവും ഇളക്കിമറിച്ചുള്ള സമാനതകളില്ലാത്ത മുന്നേറ്റവുമായി പാര്‍ട്ടി ജനങ്ങളിലേക്കിറങ്ങുന്നത്.

കേരളത്തില്‍ എല്‍ഡിഎഫ് നിലവിലുണ്ട്. പശ്ചിമബംഗാളിലും ത്രിപുരയലും ഇടതുമുന്നണിയുണ്ട്. തമിഴ്‌നാട്ടില്‍ എഐഡിഎംകെയുമായും കര്‍ണാടകത്തില്‍ ജനതാദള്‍ സെക്കുലറുമായും ബിഹാറില്‍ ജെഡിയുമായും ഒഡിഷയില്‍ ബിജു ജനതാദളുമായും ഉത്തര്‍പ്രദേശില്‍ മുലായംസിങ് യാദവിന്റെ സമാജ് വാദി പാര്‍ടിയുമായും അസമില്‍ എജിപിയുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആന്ധ്രപ്രദേശില്‍ മതനിരപേക്ഷ കക്ഷികളുമായി ഉടന്‍ ചര്‍ച്ച നടത്തും. ദേശീലതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം മറ്റ് മതനിരപേക്ഷകക്ഷികളെയും അണിനിരത്തി ഒരു ബദല്‍ കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഐ എം.
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ദേശീയ ബദല്‍ കെട്ടിപ്പടുക്കണമെങ്കില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ സര്‍വേകളും തെളിയിക്കുന്നത് കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുമെന്നാണ്. രണ്ടക്കസംഖ്യ തികയ്ക്കാന്‍പോലും കോണ്‍ഗ്രസിന് സാധിക്കില്ല.

ഒറ്റയ്ക്ക് മല്‍സരിക്കുന്ന സംസ്ഥാനങ്ങളില്‍ പത്ത് സീറ്റ് നേടാനുള്ള ത്രാണിപോലുമില്ലാത്ത കോണ്‍ഗ്രസിന് ബിജെപിയുടെ അധികാരാരോഹണത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല. അവിടെയാണ് ഇടതുപക്ഷ കക്ഷികളുടെയും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുടെയും പ്രസക്തി. ഈ ശക്തികള്‍ യോജിച്ചാല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ധാരയെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സിപിഐ എം ഉള്ളത്.

ഇടതുബദലിനെ പ്രതീക്ഷയോടുകൂടി നോക്കി കാണുന്ന ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നത് പോലെയാണ് കുത്തകമാധ്യമങ്ങളുടെ സഹായത്തോടെ ആം ആദ്മി പാര്‍ട്ടിയെ ഉയര്‍ത്തി കാണിക്കുന്നത്. വ്യക്തമായ ഒരു നയസമീപനവുമില്ലാതെയുള്ള ആള്‍ക്കൂട്ടം മാത്രമാണ് എഎപി. അവര്‍ക്കെങ്ങനെ ഒരു ബദലാവാന്‍ സാധിക്കും? ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ ശരിയായ ബദല്‍ ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളും ചേര്‍ന്നതാണ്. കാരണം നവ ഉദാരവല്‍ക്കരണ വിരുദ്ധസാമ്രാജ്യത്വ വിരുദ്ധ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് ഇടതുപക്ഷംമാത്രമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള ബദല്‍ രൂപപ്പെടുക ഉറച്ച ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിലാണെങ്കില്‍ യു ഡി എഫ് ഭരണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. ജനവിരുദ്ധനയങ്ങളുടെ പേമാരിയില്‍ നാട് വിറങ്ങലിച്ചുനില്‍ക്കുന്നു. കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എംന് ഉണ്ട്. കേരളത്തിന്റെ എല്ലാ നന്‍മകളും പുരോഗതികളും അട്ടിമറിക്കുന്ന കിരാത ഭരണത്തെ തൂത്തെറിയുവാനുള്ള സന്ദര്‍ഭമാണ് നമുക്ക് മുന്നിലുള്ളത്.

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള 1957ലെ മന്ത്രിസഭ തുടക്കമിട്ട കേരളമോഡല്‍ വികസനം തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരുകള്‍ ഏറെ പരിപോഷിപ്പിക്കുകയുണ്ടായി. ഇതിന്റെ ഫലമായാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യം കേന്ദ്രമാക്കി നാടിന്റെ വികസന പരിപാടി തയ്യാറാകുന്ന സമീപനം ഉരുത്തിരിഞ്ഞ് വന്നത്. പാവങ്ങള്‍ക്കത് അനുഭവവേദ്യമായത്. ഭൂപരിഷ്‌കരണം നടപ്പിലായതും പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാര്‍പ്പിടം തുടങ്ങിയവ ഉറപ്പുവരുത്താനും സാധിച്ചത് അത്തരത്തിലുള്ള നിലപാടുകളുടെ ഭാഗമായാണ്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതോടൊപ്പംതന്നെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇടതുപക്ഷത്തിന് സാധിച്ചു. ദരിദ്രനാരായണന്‍മാര്‍ക്കും ആദിവാസി-ദളിത് തുടങ്ങിയ ദുര്‍ബലവിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. അധികാരവികേന്ദ്രീകരണം സാര്‍ത്ഥകമാക്കിയതും ഇടതുപക്ഷം തന്നെയാണ്. ഇത്തരത്തിലുള്ള നടപടികളുടെ ഭാഗമായാണ് പാവപ്പെട്ട ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്, അവരുടെ ഹൃദയപക്ഷത്ത് നില്‍ക്കുന്നതിന് ഇടതുപക്ഷത്തിന് സാധിച്ചത്. ലോകമാകെ ശ്രദ്ധപിടിച്ചുപറ്റിയ കേരളമോഡല്‍ വികസനമെന്നത് ഇടതുപക്ഷത്തിന്റെ സംഭാവനയാണ് എന്നത് കാണാതിരിക്കാനാവില്ല.

കേരളത്തിന്റെ ഒരു പ്രത്യേകത ഇടവിട്ടുള്ള ഭരണമാറ്റമാണ്. ഇടതുപക്ഷം അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ അധികാരത്തിലെത്തുന്ന വലതുപക്ഷം കേരളത്തെ കാതങ്ഹളോളം പിറകോട്ട് നടത്തിക്കും. സര്‍വ്വ നേട്ടങ്ങളെയും അട്ടിമറിക്കും. ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളെ തിരുത്തിയെഴുതും. അഴിമതിയിലേക്ക് നാടിനെ നടത്തിക്കും. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും വ്യത്യസ്തമല്ല. കേരളത്തെ നശിപ്പിക്കുക എന്ന ദൗത്യമാണ് മുഖ്യമന്ത്രി കസേരയിലിരുന്ന് ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നത്.

പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്ന ഒരു സമീപനം ഉമ്മന്‍ചാണ്ടിസ്റ്റൈല്‍ ആയി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സൗരോര്‍ജ്ജത്തെ ഉപയോഗിച്ചുള്ള കുംഭകോണം. തട്ടിപ്പുകാരെല്ലാം സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ സന്തത സഹചാരികള്‍. കൊലപാതകികള്‍ക്ക് മുഖ്യമന്ത്രിയോട് മണിക്കൂറുകള്‍ മുറിയടച്ചിരുന്ന് സംസാരിക്കാം. പാവപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കുകയും കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും താല്‍പ്പര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍. അതാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍. ഭൂമാഫിയകള്‍ക്ക് ഭൂമി വിട്ടുകൊടുക്കുന്നു. വിദ്യാഭ്യാസരംഗവും പൊതുജനാരോഗ്യ സംവിധാനങ്ങളും സ്വകാര്യവത്കരിക്കുന്നു, ഇല്ലാതാക്കുന്നു. ഊര്‍ജ സ്രോതസ്സുകള്‍ കുംഭകോണക്കാര്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുനല്‍കുന്നു. കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ വാതായനങ്ങള്‍ തുറന്നിടുന്നു. കൊള്ളക്കാര്‍ക്കും കള്ളന്‍മാര്‍ക്കും വീതിച്ചെടുക്കാന്‍ ഒരു സംസ്ഥാനത്തെ വിട്ടുകൊടുക്കുന്ന മുഖ്യമന്ത്രി. അതാണ് ഉമ്മന്‍ചാണ്ടി. കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും വികസനകാഴ്ചപ്പാട് 2030 എന്ന രേഖയിലൂടെ തകര്‍ത്തെറിയാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പരിശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ല.

കേരളത്തില്‍ കാണാന്‍ സാധിക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. സര്‍ക്കാര്‍ ഒത്താശയോടെ വന്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നു. കുഭകോണങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജും ബിജുരാധാകൃഷ്ണനും സരിത എസ് നായരും തട്ടിപ്പ് നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹനവും സഹായവുംകൊണ്ടാണ്. ഉമ്മന്‍ചാണ്ടി അറിയാതെ ഈ തട്ടിപ്പ് നടക്കില്ല എന്നത് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്.

യു ഡി എഫ് ഭരണകാലത്ത് കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ച ആക്രമണങ്ങള്‍, ഗുണ്ടാവിളയാട്ടം, തീവ്രവാദ പ്രവര്‍ത്തനം എന്നിവയെല്ലാം ശക്തിപ്പെടുകയാണ്. ഇത് സര്‍ക്കാര്‍ തന്നെ നിയമവാഴ്ചയെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് സര്‍ക്കാര്‍ പരാജയപ്പെടുമ്പോഴാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ നീക്കംപോലും നിയമവിരുദ്ധമാണ്. അതിനായി ആര്‍ എം പിയുടെ സഹായത്തോടെ യു ഡി എഫ് കളിക്കുന്ന രാഷ്ട്രീയ നാടകം കേരള ചരിത്രത്തിലെ ഏറ്റവും സഹതാപമുണര്‍ത്തുന്ന രാഷ്ട്രീയനീക്കമാണ്.

ഇന്ന് സിപിഐ എം എടുക്കുന്ന ശരിയായ നിലപാടുകളില്‍ മറ്റു രാഷ്ട്രീയ കക്ഷികളിലെ ജനവിഭാഗങ്ങള്‍പോലും ആകര്‍ഷണീയരാകുന്നുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെല്ലാം ഒരുമിച്ച് ആക്രമിച്ചിട്ടും സിപിഐ എം തകരാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് തകര്‍ച്ച നേരിടുന്നതും അതിന്റെ പ്രതിഫലനമാണ്.

കേരളത്തിലെ യു ഡി എഫ് ആഭ്യന്തരസംഘര്‍ഷം കൊണ്ട് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ്. പല ഘടകക്ഷികളും യുഡിഎഫ് വിടുന്നു. ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. വര്‍ഗീയ രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലും മനംമടുത്തവര്‍ ആ പാര്‍ടിയോട് വിടപറയുന്നു. കണ്ണൂരില്‍ അതാണ് കണ്ടത്. കേരളത്തില്‍ വ്യാപകമായി ഇത് ആവര്‍ത്തിക്കും. ഇക്കാര്യങ്ങളെല്ലാം ജനങ്ങളിലെത്തിക്കുകയാണ് കേരള രക്ഷാമാര്‍ച്ച്. കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പുരോഗമന ജനാധിപത്യശക്തികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാന്‍ തീര്‍ച്ചയായും കേരളരക്ഷാ മാര്‍ച്ചിന് കഴിയും. കേരള രക്ഷാമാര്‍ച്ചിനെ നെഞ്ചേറ്റുന്ന കേരളത്തിലെ എല്ലാ സുമനസുകള്‍ക്കും നന്ദി. കേരളത്തിന്റെ നന്‍മയും പുരോഗതിയും പ്രതീക്ഷിക്കുന്ന എല്ലാ പുരോഗമനകാരികളുടെയും പിന്തുണ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. നല്ലൊരു നാളേയ്ക്ക് വേണ്ടിയുള്ള ഈ മഹത്പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

 

07-Feb-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More