ഇടതുപക്ഷ ബദലിന്റെ പ്രസക്തി

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഏറ്റവും വലിയ രാഷ്ട്രീയ സമരമാണ്. ഈ സമരത്തിലാണ് അധ്വാനിക്കുന്ന വര്‍ഗം വിജയിക്കേണ്ടത്. അതിന് ഇടതുപക്ഷ മതേതര ജനാധിപത്യ ശക്തികളെ വിജയിപ്പിക്കണം. മതന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍, പിന്നോക്ക ജനവിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവര്‍. മത നിരപേക്ഷ ശക്തികള്‍, ജനാധിപത്യ വാദികള്‍ എല്ലാം ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്നില്‍ അണിനിരക്കണം. ഇതുവഴി പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം ഉയര്‍ന്നുവരണം. ഇതിന് ഇടതുപക്ഷ അംഗസംഖ്യ ഗണ്യമായി വര്‍ധിക്കുന്ന ഒരു ലോകസഭാ രൂപീകരിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം.

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യം. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍, തങ്ങളുടെ ജീവിതത്തെ നിലംപരിശാക്കിയ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ മുന്നണിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെപിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി യുമുണ്ട്. ഈ രണ്ട് മുന്നണികളുടെയും മുഖമുദ്ര ഇക്കൂട്ടര്‍ ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു, നടപ്പിലാക്കാനായി പരിശ്രമിക്കുന്നു എന്നതാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇതിനെതിരായ ബദല്‍ പ്രസക്തമാവുന്നത്. ബദല്‍ നയങ്ങളും ജനപക്ഷ കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കാനും നടപ്പിലാക്കാനുമുള്ള പ്രാപ്തി, കോണ്‍ഗ്രസ്-ബി ജെ പി ഇതര കൂട്ടുകെട്ടിന് മാത്രമേ ഉള്ളു.

കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും ബി ജെ പി ഭരണത്തില്‍ വരാതിരിക്കാനുമുള്ള രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആഗ്രഹം സാര്‍ത്ഥകമാക്കാന്‍ പതിനൊന്ന് ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് സാധിക്കും. ഇന്ന് ലോകസഭയിലുള്ള കക്ഷിനില പരിശോധിക്കുമ്പോള്‍ അത് നടപ്പിലാവാന്‍ മികച്ചൊരു ഏകോപനത്തിന്റെ ആവശ്യകതയേ ഉള്ളു. 206 സീറ്റുകളുമായി കോണ്‍ഗ്രസും 106 സീറ്റുകളുമായി ബി ജെ പിയും നില്‍ക്കുമ്പോള്‍ ബാക്കി 222 സീറ്റുകളില്‍ മറ്റ് കക്ഷികളാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നക്കം തികക്കാന്‍ പാകത്തില്‍ സീറ്റ് ലഭിക്കാനുള്ള ഒരു സാധ്യതയും ഇല്ല. കാരണം അവര്‍ ജനങ്ങളില്‍ നിന്നും അത്രയ്ക്ക് അകന്നുപോയി. ബി ജെ പിയുടെ കാര്യവും ദയനീയമാണ്. കുത്തക മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹൈടെക് പ്രചാരണ മാമാങ്കങ്ങളുടെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ പുതിയ ഇടതുകൂട്ടുകെട്ടിനെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. തങ്ങളുടെ ജീവിതത്തിന് മേല്‍ഗതിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷമാണ് രാജ്യത്തിന്റെ ദിശ നിര്‍ണയിക്കാന്‍ പോകുന്നത്.

അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ് രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. ബോഫോഴ്‌സ് അഴിമതി കേസിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണ് എന്നൊരു പൊതുധാരണ ഉടലെടുത്തത്. ആ അഴിമതിയുടെ വിശദാംശങ്ങള്‍ സ്വീഡിഷ് റേഡിയോയിലൂടെ വിദേശത്ത് നിന്നാണ് നമ്മളറിഞ്ഞത്. ഈയടുത്ത് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതിക്കഥകളും ഇത്തരത്തില്‍ തന്നെ നമ്മള്‍ അറിഞ്ഞു. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഈ അഴിമതിയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി യു പി എ സര്‍ക്കാര്‍ ഒപ്പുവെച്ച 3760 കോടി രൂപയുടെ കരാറിന് പിന്നിലുള്ള ഭീമമായ അഴിമതി. കരാര്‍ ഒപ്പുവെച്ച 2010നും മുന്‍പ് 2008മുതലുള്ള കോഴപ്പണത്തിന്റെ ഒഴുക്ക്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് 24 കോടിയോളം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത്, ഞെട്ടിപ്പിക്കുന്നതായി മാറി. ഈ അഴിമതി നടന്ന കാലഘട്ടവും പ്രസക്തമാണ്. അമേരിക്കയുമായി ഒപ്പിട്ട ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇത് നടക്കുന്നത്. ഈ പണം പിന്നീട് വോട്ടുകോഴയെന്ന് പ്രസിദ്ധമായ എം പിമാരെ വിലക്കെടുക്കല്‍ പരിപാടിക്കുവേണ്ടി സമാഹരിച്ചതായിരുന്നോ എന്നത് ഇനി വെളിച്ചത്ത് വരേണ്ട സത്യമാണ്. അഴിമതിയുടെ കാര്യത്തില്‍ റിക്കാര്‍ഡിട്ട ഭരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നത്. 2ജി സ്‌പെക്ട്രം അഴിമതി 1.76 ലക്ഷം കോടിയാണ്. കല്‍ക്കരി കുംഭകോണം 1.86ലക്ഷം കോടിയാണ്. 750 കോടിരൂപയുടെ ടെട്രാ ട്രക്ക് അഴിമതി. ഇങ്ങിനെ ഒന്നും രണ്ടും യു പി എ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അഴിമതികള്‍ അഞ്ചരലക്ഷം കോടിയില്‍ പരം വരും. ഇതില്‍ ഏറ്റവും വലിയ അഴമതിക്കാരന്‍ പ്രധാനമന്ത്രി തന്നെയാണ്. കല്‍ക്കരിപ്പാടം ലേലം ചെയ്യാതെ രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടം ഉണ്ടാക്കുമ്പോള്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് മന്‍മോഹന്‍ സിംഗ് ആയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും യഥേഷ്ടം അഴിമതി നടത്തി.

എഴുപത്തിയഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെ ഉണ്ടായത്. പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശ വകുപ്പില്‍ നടന്ന എസ് ബാന്‍ഡ് അഴിമതി രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിന് വരുത്തിവെച്ചു. മധ്യപ്രദേശിലെ സസാനില്‍ റിലയന്‍സിന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരിപ്പാടം വഴിവിട്ട് കൊടുത്തത് വഴി രാജ്യത്തിനുണ്ടായ നഷ്ടം 29033 കോടി രൂപയാണ്. കെ ജി ബേസിനിലെ പ്രകൃതി വാതക സമ്പത്ത് സ്വകാര്യമേഖലയ്ക്ക് വഴിവിട്ട് നല്‍കിയത് കൊണ്ടുണ്ടായ നഷ്ടം തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല എന്നാണ് സി എ ജി വിലയിരുത്തിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ദി വിമാനത്താവളത്തിന്റെ 240 ഏക്കര്‍ഭൂമി വിമാനത്താവള വികസന കമ്പനിക്ക് സ്വകാര്യാവശ്യത്തിന് വിട്ടുകൊടുത്തത് വഴി ഖജനാവിന് 160ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത്തരത്തിലുള്ള അഴിമതികള്‍ നടത്തി രാജ്യത്തെ കൊള്ളയടിക്കുന്നതോടൊപ്പം ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പരീക്ഷിച്ചും ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ.

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളാണ് രാജ്യത്തെ ഭീമമായ അഴിമതിയുടെ അടിസ്ഥാന കാരണം. സ്വകാര്യവത്കരണ നയങ്ങളിലൂടെ കോര്‍പ്പറേറ്റുകള്‍ വമ്പിച്ച മൂലധനം കുന്നുകൂട്ടുകയാണ്. അതിന്റെ പങ്ക് പറ്റുന്ന വലതുപക്ഷ രാഷ്ട്രീയ നേതൃത്വം കോര്‍പ്പറേറ്റുകള്‍ക്ക് വളര്‍ന്ന് പന്തലിക്കാനുള്ള അന്തരീക്ഷമൊരുക്കുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകിടം മറിക്കും വിധത്തില്‍ അഴിമതിയുടെ ദുര്‍ഭൂതം രാജ്യത്തെ പിടികൂടുമ്പോള്‍, കോണ്‍ഗ്രസിനെയും അവരുടെ യു പി എ മുന്നണിയെയും കുടഞ്ഞെറിയാതിരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല.

കേന്ദ്രഗവണ്‍മെന്റിന്റെ കടിഞ്ഞാണ്‍ തങ്ങളുടെ കൈയില്‍വരും എന്നുള്ള പ്രചരണവുമായി രാജ്യം മുഴുക്കെ നടക്കുകയാണ് ബി ജെ പിയും സംഘവും. നരേന്ദ്രമോഡിയെയാണ് അവര്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. മോഡിയുടെ മുഖത്ത് പൗഡറിട്ടാല്‍ വംശഹത്യയുടെ ചോരക്കറമാറുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്. ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് അടുത്തിടെ നടത്തിയ മാപ്പപേക്ഷ വരെ അത്തരത്തിലുള്ള പൗഡര്‍ പൂശലാണ്. മോഡി അവകാശപ്പെടുന്നത് രാജ്യത്തെ ഒരു സ്വര്‍ഗമാക്കുമെന്നാണ്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് നയങ്ങള്‍ അതുപോലെ പിന്തുടരുന്ന ബി ജെ പിക്ക് എങ്ങനെയാണ് സ്വര്‍ഗം സൃഷ്ടിക്കാന്‍ സാധിക്കുക! ആ നയങ്ങള്‍ ബി ജി പി നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് മാറ്റമുണ്ടാവുമെന്ന് കരുതാന്‍ സാധിക്കുമോ? 24 പാര്‍ട്ടികളുടെ സഹായത്തോടെ എന്‍ ഡി എ മുന്നണിയുണ്ടാക്കി ഭരിക്കുമ്പോഴും ബി ജെ പി ഇതിനേക്കാള്‍ വലിയ വാഗ്ദാനങ്ങള്‍ പറഞ്ഞിരുന്നു. ആ കാലത്ത് ആഗോളവത്കരണ-നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസിനെപ്പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ബി ജെ പിയുടേത്. ഇപ്പോള്‍ മോഡി എന്ന മുഖത്തെ മുന്നില്‍ നിര്‍ത്തുമ്പോള്‍ സാമ്രാജ്യത്വ നയങ്ങളോടൊപ്പം കടുത്ത വര്‍ഗീയതയും ബി ജെ പി മുന്നോട്ടുവെക്കുകയാണ്.

ഗുജറാത്ത് മോഡല്‍ എന്നാണ് മോഡി പണംകൊടുത്ത് ശബ്ദിപ്പിക്കുന്ന കുത്തക മാധ്യമങ്ങള്‍ അവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ യാഥാര്‍ത്ഥ്യങ്ങളെ എന്നും മൂടിവെക്കാം എന്ന് മോഡിയും അനുചരന്‍മാരും പ്രതീക്ഷിക്കരുത്. മോഡി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ അഴിമതി കേസില്‍ കുരുങ്ങിക്കിടക്കുകയാണ്. കൃഷിമന്ത്രി ദിലീപ് ഭായ് സംഘാനിയ, ജലവിഭവമന്ത്രി ബാബുലാല്‍ ബൊക്കാഡിയ, തൊഴില്‍സഹമന്ത്രി പുരുഷോത്തം സോളങ്കി എന്നിവര്‍. ബാബുലാല്‍ ബൊക്കാഡിയയെ ഖനനത്തിന് അനധികൃതമായി ഭൂമി നല്‍കിയ കേസില്‍ വിചാരണകോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഈ മന്ത്രിമാര്‍ക്കെതിരെ എന്തുകൊണ്ട് നരേന്ദ്രമോഡി തിരിയുന്നില്ല? 400 കോടി രൂപയുടെ ഫിഷറീസ് അഴിമതി കേസും ജലസേചനത്തിനുള്ള 100കോടി രൂപയുടെ സഹായം കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതുമൊന്നും മോഡിയെ അലട്ടുന്നില്ലേ? ഗുജറാത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പോഷകാഹാരമില്ലാതെ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്നത് ഗുജറാത്ത് ആണ്. കഴിഞ്ഞ ഫെബ്രുവരി മാസം വൈറല്‍പ്പനി പിടിച്ച് ഗുജറാത്തില്‍ മരണപ്പെട്ടത് 53പേരാണ്. അഹമ്മദാബാദിലായിരുന്നു മരണനിരക്ക് കൂടുതല്‍. അവിടെ ബി ജെ പി ഭരിക്കുന്ന കോര്‍പ്പറേഷന്‍ മലിനജലം കുടിക്കാനായി വിതരണം ചെയ്തതാണ് മരണകാരണം കൂട്ടിയത് എന്ന റിപ്പോര്‍ട്ടുണ്ട്. അഹമ്മദാബാദില്‍ 65000പേര്‍ക്കും സൂറത്തില്‍ 3000പേര്‍ക്കും വൈറല്‍പ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭാവനാശാലിയായ മോഡിക്ക് ഇതൊന്നും മുന്‍കൂട്ടി കാണാനുള്ള ഭാവന ഉണ്ടായിരുന്നില്ലേ? പനി വന്ന് ജനങ്ങള്‍ പിടഞ്ഞ് മരിച്ചപ്പോഴാണ് ശുചിത്വത്തെ കുറിച്ച് മോഡിക്ക് ബോധം വീണത്. അപ്പോഴാണ് ശുചിത്വമിഷന്‍ തുടങ്ങിയത്. ഇത്തരം തുടക്കങ്ങള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. പരസ്യങ്ങള്‍ നിര്‍ലോഭം നല്‍കുന്നു. മരണങ്ങള്‍ മൂടിവെക്കുകയും ചെയ്യുന്നു. ഇതാണ് മോഡിത്വം.

ആരോഗ്യമേഖലയില്‍ ഗുജറാത്ത് ദിവസം തോറും പിറകോട്ട് പോകുന്നത് ആരോഗ്യമേഖലയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമം നടത്തുന്നത് കൊണ്ടാണ്. അവിടെ ഗ്രാമീണ മേഖലയില്‍ 1000 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൊടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ശതമാനം ഡോക്ടര്‍മാരുടെ ഒഴിവ് നികത്താതെ കിടക്കുന്നു. സ്വകാര്യ മേഖലയാണെങ്കില്‍ സാധാരണക്കാരന് അപ്രാപ്യമായ ചികിത്സാചെലവാണ് ചുമത്തുന്നത്. പത്ത് വര്‍ഷമായി സര്‍ക്കാര്‍ അശുപത്രികളില്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നില്ല. 2008ലെ മനുഷ്യ വികസന സൂചികയില്‍ ഗുജറാത്ത് പത്താം സ്ഥാനത്താണ്. അവരുടെ ജനസംഖ്യയുടെ 31.8 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനവും ഗുജറാത്താണ്. 2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ ഗുജറാത്തിലെ പകുതിയോളം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്ന് പറയുന്നു. 2012ലെ യൂനിസെഫ് റിപ്പോര്‍ട്ടില്‍ അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികളില്‍ ഒരാള്‍ പോഷകാഹാരകുറവ് ഉള്ളവരാണെന്ന് പറയുന്നു. ഇതാണ് മോഡിയുടെ ഭാവിയെ വാര്‍ത്തെടുക്കല്‍!

തൊഴിലില്ലായ്മയും ഗുജറാത്തില്‍ രൂക്ഷമാണ്. അവിടെയുള്ള വില്ലേജ്-ബ്ലോക്ക് ഓഫീസുകളിലേക്ക് 15000 ഒഴിവുകലിലേക്ക് അപേക്ഷ അയച്ച് പരീക്ഷ എഴുതിയത് 8ലക്ഷം ബിരുദ ധാരികളാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു എന്നതിന്റെ തളിവാണ് മോഡിയുടെ അടുപ്പക്കാരനായ കല്യാണ്‍സിംഗിന്റെ അറസ്റ്റിലൂടെ തെളിയിക്കപ്പെട്ടത്. പത്തലക്ഷത്തോളെ രൂപ കൈക്കൂലി വാങ്ങി തൊഴില്‍ ശരിപ്പെടുത്തിക്കൊടുക്കുന്ന ഈ വ്യക്തിയുടെ കൈയ്യില്‍ അറസ്റ്റിലാവുമ്പോള്‍ 1.6കോടി രൂപയുണ്ടായിരുന്നു. മോഡിയുടെ ഗുജറാത്തില്‍ ഇപ്പോഴും ശൈശവ വിവാഹമുണ്ട്. രാജ്യത്ത് നാലാം സ്ഥാനത്താണ് അവര്‍. അവിടെ മൂന്ന് അമ്മമാരില്‍ ഒരാള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ്. വ്യവസായങ്ങളേറെയുണ്ട് എങ്കിലും ജോലിയെടുക്കുന്നവര്‍ക്ക് നട്ടെല്ലുയര്‍ത്തി ജീവിക്കാനുള്ള കൂലി ലഭ്യമല്ല. വീടുകളില്‍ 67 ശതമാനത്തിലും കക്കൂസ് ഇല്ല. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 44 പേര്‍ മരണപ്പെടുന്ന, ശശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പക്ഷെ, അവിടെ കുത്തകകള്‍ക്ക് നല്ല കാലമാണ്. അവരുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതാണ് ഗുജറാത്ത് മോഡല്‍ വികസനം. 2011-12ല്‍ മാത്രം കോര്‍പറേറ്റ് ഹൗസുകള്‍ക്ക് 1275 കോടിയുടെ ഇളവുകള്‍ നല്‍കിയെന്ന് സിഎജി ആരോപിക്കുന്നുണ്ട്. ഈ കോര്‍പ്പറേറ്റുകളാണ് മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പരസ്യമായി ശുപാര്‍ശചെയ്യുന്നത്. പ്രവര്‍ത്തിക്കുന്നത്. പണമിറക്കുന്നത്. കോര്‍പറേറ്റുകളുടെ ലാഭം കൂട്ടാനുള്ള പ്രവൃത്തകളില്‍ മോഡി വ്യാപൃതനാവുമ്പോള്‍ സാധാരണ മനുഷ്യര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്നത് സ്വാഭാവികം മാത്രമാണ്. അതാണ് ഗുജറാത്തില്‍ സംഭവിക്കുന്നത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് സംഭവിക്കുന്നതും ആ ദുരവസ്ഥ ആയിരിക്കും.

കോണ്‍ഗ്രസ്-ബിജെപി മുന്നണികളുടെ തനിനിറം മനസിലാക്കുന്ന രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ ആശ്രയവും പ്രതീക്ഷയുമെന്നത് പോലെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന കൂട്ടുകെട്ടിനെ ഉറ്റുനോക്കുകയാണ്. രാജ്യത്ത് ജനങ്ങളുടെ കണ്ണീരൊപ്പുന്നതിന് വേണ്ടിയുള്ള ബദല്‍ നയങ്ങളാണ് ആവശ്യം. അത് പ്രയോഗിക്കാനുള്ള ഇച്ഛാശക്തിയും രാഷ്ട്രീയ ബോധ്യവും ഇടതുപക്ഷത്തിന് മാത്രമേയുള്ളു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത ഇന്ത്യയിലെ ജനകോടികളുടെ വികാരം ഈ തെരഞ്ഞെടുപ്പ വിജയത്തില്‍ പ്രതിഫലിക്കും. രണ്ട് സന്ദര്‍ഭങ്ങളിലായി നടന്ന അഖിലേന്ത്യാപണിമുടക്കുകള്‍, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സ്വകാര്യവത്കരണത്തിനും പങ്കാളിത്ത പെന്‍ഷനെതിരായും നടത്തിയ സമരങ്ങള്‍, ചെറുകിട വ്യാപാര മേഖലയിലെ വിദേശ, പ്രത്യക്ഷ നിക്ഷേപത്തിനെതിരെ ചെറുകിട കച്ചവടക്കാര്‍ നടത്തിയ സമരങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും നടത്തിയ പ്രക്ഷോഭങ്ങള്‍ ഇവയുടെയെല്ലാം വിജയം ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഏറ്റവും വലിയ രാഷ്ട്രീയ സമരമാണ്. ഈ സമരത്തിലാണ് അധ്വാനിക്കുന്ന വര്‍ഗം വിജയിക്കേണ്ടത്. അതിന് ഇടതുപക്ഷ മതേതര ജനാധിപത്യ ശക്തികളെ വിജയിപ്പിക്കണം. മതന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍, പിന്നോക്ക ജനവിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവര്‍. മത നിരപേക്ഷ ശക്തികള്‍, ജനാധിപത്യ വാദികള്‍ എല്ലാം ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്നില്‍ അണിനിരക്കണം. ഇതുവഴി പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം ഉയര്‍ന്നുവരണം. ഇതിന് ഇടതുപക്ഷ അംഗസംഖ്യ ഗണ്യമായി വര്‍ധിക്കുന്ന ഒരു ലോകസഭാ രൂപീകരിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം.

 

11-Mar-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More