കെപിസിസി'യിൽ പുതുതായെന്ത് സംഭവിക്കും?
കോടിയേരി ബാലകൃഷ്ണന്
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തം നേരിട്ട കേരളത്തെ പുതുകേരളമാക്കുന്നതിനുള്ള ശ്രമകരമായ ദൗത്യത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. നവകേരള നിര്‍മിതിക്കുള്ള ഈ ദൗത്യത്തില്‍ രാഷ്ട്രീയവിദ്വേഷമില്ലാതെ കോണ്‍ഗ്രസുകാരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തം കെപിസിസി നിര്‍വഹിക്കുമോ എന്നത് പ്രധാനമാണ്. തന്റെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം മുല്ലപ്പള്ളിക്ക് ഇക്കാര്യത്തില്‍ തടസ്സമാകുമോ എന്നത് വരുംകാലനടപടികള്‍ ബോധ്യപ്പെടുത്തും. |
കെപിസിസിക്ക് പുതിയ ഭാരവാഹികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിക്കുകയും അവര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരിക്കുകയാണല്ലോ. കോണ്‍ഗ്രസ് വലിയ ജനാധിപത്യ പാര്‍ടിയാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ ജനാധിപത്യം പഴങ്കഥയായി. കോണ്‍ഗ്രസ് അധ്യക്ഷന്റെ 'ഇഷ്ടവും' സ്വേച്ഛാധിപത്യവും ജനാധിപത്യത്തിന് വഴിമാറി. രാഹുല്‍ ഗാന്ധിയുടെ നോമിനേഷനിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റും മറ്റു മൂന്നുപേര്‍ വര്‍ക്കിങ് പ്രസിഡന്റുമാരുമായിരിക്കുന്നത്. കെപിസിസിയുടെയോ മറ്റേതെങ്കിലും ഘടകത്തിന്റെയോ യോഗമോ സമ്മേളനമോ ചേര്‍ന്നോ സംഘടന അംഗീകരിച്ച ഭരണഘടനപ്രകാരമുള്ള തെരഞ്ഞെടുപ്പിലൂടെയോ അല്ല ഭാരവാഹികള്‍ വന്നിരിക്കുന്നത്. രാഹുലിന്റെ കൃപാകടാക്ഷത്താല്‍ കസേര കിട്ടിയിരിക്കുന്നവരാണ് ഇവരെല്ലാം. ആരെ ഭാരവാഹിയാക്കുന്നു, എങ്ങനെ ആക്കുന്നു എന്നത് കോണ്‍ഗ്രസ് പാര്‍ടിയുടെ ആഭ്യന്തരകാര്യമാണ്. എങ്കിലും വലിയ ജനാധിപത്യപാര്‍ടിയാണ് തങ്ങളുടേതെന്ന അവകാശവാദം മുഴക്കുമ്പോള്‍ അതിനുനേരെ പൊന്തിവരുന്ന വൈരുധ്യം മറയ്ക്കാന്‍ പറ്റുന്നതല്ല.
കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ ചലനം ഉണ്ടാകുമെന്നാണ് പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാഠംപഠിച്ച് മുന്നേറാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുമുണ്ട്. പക്ഷേ, എം എം ഹസ്സനെ മാറ്റി മുല്ലപ്പള്ളിയെ നിയമിച്ചതുകൊണ്ട് കോണ്‍ഗ്രസ് കേരളത്തില്‍ പടുകുഴിയില്‍നിന്ന് കരകയറില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലും ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റിന്റെ പ്രാപ്തിക്കുറവ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാണോ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് ചോദിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി ഭരണം അവസാനിപ്പിക്കുമെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കുമെന്നും മുല്ലപ്പള്ളി അവകാശവാദമുന്നയിക്കുന്നുമുണ്ട്.
മോഡിഭരണത്തിന് അന്ത്യംകുറിക്കാന്‍ ഇന്ത്യന്‍ ജനത ഒരുങ്ങിക്കഴിഞ്ഞുവെന്നത് വസ്തുതയാണ്. അത്രമാത്രം ജനവിരുദ്ധനടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. റഫേല്‍ പോര്‍വിമാന ഇടപാടിലെ അഴിമതി മോഡി സര്‍ക്കാരിനെ കടുത്ത വിഷമവൃത്തത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോര്‍പറേറ്റ് ചങ്ങാത്തമാണ് അഴിമതിയുടെ കളമൊരുക്കിയത്. റഫേല്‍ നിര്‍മാതാക്കളായ ദസ്സാള്‍ട്ട് കമ്പനി ഇന്ത്യയിലെ നിര്‍മാണപങ്കാളിയായി പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സുമായി (എച്ച്എഎല്‍) കരാര്‍ ഉറപ്പിച്ചിരുന്നു. അത് തകിടംമറിഞ്ഞത് നരേന്ദ്ര മോഡിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഓളന്ദും തമ്മിലുള്ള കരാര്‍ പ്രഖ്യാപനത്തോടെയാണെന്നതിന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാസ്ഥാപനത്തെ തഴഞ്ഞ് കോര്‍പറേറ്റ് കമ്പനിയായ റിലയന്‍സിന് രംഗപ്രവേശനമേകി. ഇതടക്കമുള്ള വന്‍ അഴിമതികള്‍ മോഡി സര്‍ക്കാരിനെ വരുന്ന തെരഞ്ഞെടുപ്പില്‍ വേട്ടയാടുകയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാകുകയും ചെയ്യും. ഇതിനുള്ള ക്യാമ്പയിന് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷം നേതൃത്വം നല്‍കുമ്പോഴാണ് ജനങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാകുക. മറിച്ച് കോണ്‍ഗ്രസാണെങ്കില്‍ കാര്യങ്ങള്‍ തകിടംമറിയും. കാരണം, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അധികാരത്തിലിരിക്കുമ്പോള്‍ ഭരണത്തെ അഴിമതിക്കായി മാറ്റുന്ന കലയില്‍ അഗ്രഗണ്യരാണ് കോണ്‍ഗ്രസ്. ബൊഫോഴ്‌സ്, 2 ജി സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതിമുതല്‍ സോളാര്‍ അഴിമതിവരെ കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് പ്രതിക്കൂടാണ്. അതായത്, മോഡിഭരണത്തിലെ അഴിമതി തുറന്നുകാട്ടാനുള്ള ക്യാമ്പയിന്‍ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി ചെയ്താല്‍ അതിന് വേണ്ടത്ര ഫലം കിട്ടില്ലെന്ന് സാരം.
അതുപോലെ, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വനയവും ബിജെപി ആര്‍എസ്എസ് ശക്തികളെ തളയ്ക്കുന്നതിനുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റുകാര്‍ നയിക്കുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി വര്‍ധിക്കുന്നു. ഇത് തിരിച്ചറിയാനും യുഡിഎഫിനെയും ബിജെപി മുന്നണിയെയും പരാജയപ്പെടുത്തി എല്‍ഡിഎഫിന് വലിയ മുന്നേറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കാനും കേരളജനത മുന്നോട്ടുവരും.
സി കെ ഗോവിന്ദന്‍നായര്‍ക്ക് ശേഷം മലബാറില്‍നിന്നുള്ള ആദ്യ കെപിസിസി അധ്യക്ഷന്‍ എന്ന വിശേഷണം മുല്ലപ്പള്ളിക്ക് നല്‍കുന്നുണ്ട്. വര്‍ഗീയശക്തികള്‍ക്ക് വഴങ്ങാത്തതായിരുന്നു സി കെ ഗോവിന്ദന്‍ നായരുടെ രാഷ്ട്രീയശൈലി. മുസ്ലിംലീഗുമായുള്ള ചങ്ങാത്തത്തിന്റെ ആപത്ത് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം ആശയപരവും രാഷ്ട്രീയവുമായ നിലപാട് പുതിയ കെപിസിസി പ്രസിഡന്റില്‍നിന്നോ പുനഃസംഘടിപ്പിക്കപ്പെടുന്ന കെപിസിസിയില്‍നിന്നോ ഉണ്ടാകുമെന്ന് കരുതാനാകില്ലല്ലോ. മുല്ലപ്പള്ളി പല കാര്യങ്ങളിലും സുധീരന്റെ സ്‌കൂളില്‍പ്പെടുന്നയാളാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അഞ്ചാംമന്ത്രിക്ക് മുസ്ലിംലീഗ് പ്രഖ്യാപനം നടത്തിയപ്പോള്‍ അതിനെ പരസ്യമായി എതിര്‍ത്ത ആളാണ് മുല്ലപ്പള്ളി.
ലീഗിന്റെ കോണിയും പച്ചക്കൊടിയും ഇല്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസിന്റെ പടികാണില്ലായിരുന്നെന്നും പുതുപ്പള്ളിയില്‍ സൈക്കിള്‍ ടയര്‍ ഉരുട്ടി നടന്നേനെയെന്നുമാണ് ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞത്. അങ്ങനെ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതിനുള്ള പണിക്കൂലിയായിട്ടാണ് അഞ്ചാംമന്ത്രിയെ ചോദിച്ചത്. പക്ഷേ, അത് കൊടുക്കില്ലെന്നും കൊടുത്താല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്നും ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ഉച്ചകോടി പ്രഖ്യാപിച്ചു. അതിന് ഹൈക്കമാന്‍ഡ് തുല്യംചാര്‍ത്തുകയും ചെയ്തു. ലീഗിന്റെ അപ്രമാദിത്വത്തിന് കീഴടങ്ങാതിരിക്കുന്നതിനുള്ള ഈ നീക്കത്തില്‍ മുല്ലപ്പള്ളിയും ഉണ്ടായിരുന്നു. എന്നാല്‍, അന്ന് ഇരുപത് എംഎല്‍എമാരുടെ ബലത്തില്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ ഉഗ്രശാസനം നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെ നട്ടെല്ല് വാഴപ്പിണ്ടിയില്‍ തീര്‍ത്തതാണെന്ന കാര്യം പരസ്യപ്പെട്ടു.
2012 ഏപ്രില്‍ 12ന് അഞ്ചാംമന്ത്രി വന്നു. ഈ ഏട് ഓര്‍മിപ്പിക്കുന്നത് മുസ്ലിംലീഗ് എങ്ങനെ യുഡിഎഫിന്റെ തലയായി തുടരുന്നുവെന്നത് ചൂണ്ടിക്കാണിക്കാനാണ്. യുഡിഎഫിന്റെ തലയായി മുസ്ലിംലീഗ് തുടരുന്ന ശൈലിക്ക് അറുതിവരുത്താന്‍ കെപിസിസിയുടെ പുതിയ ടീമിന് കഴിയുമോ? കോണ്‍ഗ്രസും യുഡിഎഫും രാഷ്ട്രീയമായും സംഘടനാപരമായും ഏറെ ദുര്‍ബലമാണ്. ഈ ദൗര്‍ബല്യം അതിജീവിക്കാന്‍ മതജാതി വര്‍ഗീയ സംഘടനകളുടെ വിനീതവിധേയത്വമാണോ നയമായി കോണ്‍ഗ്രസ് ഇനിയും സ്വീകരിക്കുക എന്ന ചോദ്യം പ്രസക്തമാണ്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തം നേരിട്ട കേരളത്തെ പുതുകേരളമാക്കുന്നതിനുള്ള ശ്രമകരമായ ദൗത്യത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. നവകേരള നിര്‍മിതിക്കുള്ള ഈ ദൗത്യത്തില്‍ രാഷ്ട്രീയവിദ്വേഷമില്ലാതെ കോണ്‍ഗ്രസുകാരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തം കെപിസിസി നിര്‍വഹിക്കുമോ എന്നത് പ്രധാനമാണ്. തന്റെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം മുല്ലപ്പള്ളിക്ക് ഇക്കാര്യത്തില്‍ തടസ്സമാകുമോ എന്നത് വരുംകാലനടപടികള്‍ ബോധ്യപ്പെടുത്തും.
പുനരധിവാസത്തിനും ദുരിതാശ്വാസത്തിനും പ്രത്യേക സഹായത്തിനുമായി അയ്യായിരംകോടി രൂപ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി നേരില്‍ ചോദിച്ചു. ഇതടക്കം നേടിയെടുക്കാനും വിദേശധനസഹായം കേരളത്തിന് വാങ്ങാനുള്ള കേന്ദ്ര അനുമതിക്കും കൂട്ടായ സമ്മര്‍ദം ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സംസ്ഥാനത്തെ പ്രതിപക്ഷത്തിനുണ്ട്. അത് നിറവേറ്റാന്‍ കെപിസിസി മുന്‍കൈയെടുക്കുമോ. അതുപോലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 'സാലറി ചലഞ്ചി'നെ വിഭാഗിയതയുടെയും സങ്കുചിതരാഷ്ട്രീയത്തിന്റെയും പോര്‍ക്കളമാക്കാനുള്ള പ്രതിപക്ഷ ആഭിമുഖ്യ സര്‍വീസ് സംഘടനകളുടെ നീക്കം വിപല്‍ക്കരമാണ്.
ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തെ പുതുക്കിപ്പണിയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മഹായജ്ഞത്തില്‍ എല്ലാവിഭാഗത്തില്‍പ്പെട്ടവരെയും തുറന്നമനസ്സോടെ പങ്കെടുപ്പിക്കാനും എല്ലാ രാഷ്ട്രീയപാര്‍ടികളും മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ കെപിസിസിയുടെ പുതിയ നേതൃത്വത്തിന്റെ ചുവടുവയ്പുകള്‍ കേരളം ശ്രദ്ധയോടെ വീക്ഷിക്കും.
28-Sep-2018
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍