മന്നത്ത് പത്മനാഭനും നവോത്ഥാനവും

ബ്രാഹ്മണ മേധാവിത്വത്തിന്റെ ഭാഗമായി നായര്‍സമൂഹം അനുഭവിച്ച പ്രശ്‌നങ്ങള്‍ അക്കാലത്ത് ഏറെ ഗുരുതരമായ ഒന്നായിരുന്നു. അവയ്‌ക്കെതിരായുള്ള വലിയ സമരമായിരുന്നു മന്നത്ത് പത്മനാഭന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് നമ്പൂതിരി യോഗക്ഷേമ സഭയുടെ യോഗത്തില്‍ മന്നത്ത് പത്മനാഭന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ''സകല കാര്യങ്ങള്‍ക്കും പ്രതിബദ്ധമായി നില്‍ക്കുന്നത് യഥാസ്ഥിതികന്‍മാരാണ്. യാഥാസ്ഥിതികത എന്ന പദത്തിന് നിഘണ്ടുവില്‍ എന്തര്‍ഥമായിരുന്നാലും ജീവനില്ലായ്മ എന്നാണ് ഞാന്‍ അര്‍ഥം കല്‍പ്പിക്കുന്നത്'' അങ്ങനെ യാഥാസ്ഥിതികത്വത്തെ ജീവനില്ലായ്മയായി പ്രഖ്യാപിക്കുകയും അതിനെതിരായി ശക്തമായ സമരം മുന്നോട്ടുവയ്ക്കുകയും ചെയ്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതം എന്ന് കാണാം.

കേരളത്തിന്റെ നവോത്ഥാനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഓരോ പ്രസ്ഥാനവും വ്യക്തികളും അതില്‍ വഹിച്ച പങ്ക് വിശദമായി വിലയിരുത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തിലാണ് മന്നത്ത് പത്മനാഭന്റെ ജന്മദിനം ഇന്ന് ആചരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം മന്നത്ത് പത്മനാഭനുണ്ട്.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ വ്യക്തികളില്‍നിന്ന് ആരംഭിക്കുകയും പിന്നീട് അത് മഹാ പ്രസ്ഥാനമായി മാറുകയുമാണ് ചെയ്തത്. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും ഇത്തരം മുന്നേറ്റത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. അയ്യാ വൈകുണ്ഠനെയും ആറാട്ട്പുഴ വേലായുധപ്പണിക്കരെയും പോലെയുള്ളവരെ നവോത്ഥാനത്തിന്റെ ആദ്യ പഥികരെന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടാറുണ്ട്.

നവോത്ഥാന ചിന്തകള്‍ പിന്നീട് വിപുലപ്പെടുന്നത് ചട്ടമ്പിസ്വാമികളിലാണ്. ജാതീയതയ്ക്കും ബ്രാഹ്മണാധിപത്യത്തിനും എതിരായി നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് ചട്ടമ്പിസ്വാമികള്‍ കേരളീയ നവോത്ഥാനത്തിന് സവിശേഷമായ സംഭാവന നല്‍കിയത്. വേദങ്ങളും ഉപനിഷത്തുക്കളും ബ്രാഹ്മണരുടെ കുത്തകയായിരുന്ന കാലത്ത് അതിന് മാറ്റംവരുത്താനുള്ള പ്രവര്‍ത്തനം നടത്തി എന്നതാണ് ചട്ടമ്പിസ്വാമികളുടെ പ്രാധാന്യം. കേരളീയ നവോത്ഥാന മുന്നേറ്റത്തിന് അടിത്തറ ഒരുക്കുന്ന ചിന്താഗതികളായിരുന്നു ഇവയെന്ന് കാണാം.

നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളത്തെയാകമാനം വ്യാപിക്കുന്ന ഒന്നായി മാറുന്നത് ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. അരുവിപ്പുറം പ്രതിഷ്ഠയും സര്‍വമത സമ്മേളനവും ശിവഗിരി തീര്‍ഥാടനവുമെല്ലാം ഈ ദിശയിലുള്ള ശക്തമായ ചുവടുവയ്പ്പുകളായിരുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനത്തിന്റെ പതാകവാഹകനായി ശ്രീനാരായണ ഗുരുവിനെ നാം കാണുന്നത്. സാധുജന പരിപാലന സംഘം രൂപീകരിച്ച് നവോത്ഥാന ചിന്തകള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയായിരുന്നു അയ്യന്‍കാളി. കര്‍ഷക–തൊഴിലാളി സമരത്തെ പോലും നവോത്ഥാനപരമായ മുന്നേറ്റങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ അവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളില്‍നിന്നാണ് നവോത്ഥാന ചിന്തകള്‍ വളര്‍ന്ന് വികസിച്ച് മഹാ പ്രസ്ഥാനങ്ങളായി വളര്‍ന്നുവന്നത് എന്ന് കാണാം. ആ മാറ്റങ്ങള്‍ സവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളിലും വലിയ ചലനങ്ങള്‍ക്ക് ഇടയാവുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലും ഇത് മാറ്റങ്ങള്‍ വരുത്തി. അങ്ങനെ നവോത്ഥാനമെന്നത് കേരളീയ ജീവിതത്തെ സമഗ്രമായി സ്പര്‍ശിച്ച ഒന്ന് എന്ന നിലയിലാണ് നാം കാണേണ്ടത്. ഫലത്തില്‍ ഇവയെല്ലാം ജന്മിത്വത്തിന്റെ ഭാഗമായി വികസിച്ചുവന്ന ജാതീയമായ അടിച്ചമര്‍ത്തലുകളെയും അത് മുന്നോട്ടുവച്ച ആചാരക്രമങ്ങളെയും ചോദ്യംചെയ്യുന്ന തരത്തിലേക്ക് വികസിക്കുകയാണ് ഉണ്ടായത്. വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയിലൂടെ മാത്രമേ ആധുനിക ലോകത്ത് മുന്നോട്ടുപോകാനാവൂ എന്ന സന്ദേശവും ഇത് മുന്നോട്ടുവച്ചു.

കേരളത്തില്‍ വളര്‍ന്നുവികസിച്ച നവോത്ഥാന ചിന്തകളെ നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ രംഗപ്രവേശം ചെയ്യുന്നത്. നായര്‍ സമൂഹത്തിനകത്ത് അന്ന് നിലനിന്ന തെറ്റായ ഏതെല്ലാം സമ്പ്രദായങ്ങളെയും രീതികളെയുമാണ് മന്നത്ത് പത്മനാഭന്‍ എതിര്‍ത്തതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ എന്‍എസ്എസ് പ്രസിദ്ധീകരിച്ച 'മന്നത്ത് പത്മനാഭന്‍ കര്‍മയോഗിയായ കുലപതി' എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട് : ''കൂട്ടുകുടുംബ വ്യവസ്ഥയില്‍ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആര്‍ഭാടസമന്വിതങ്ങളും അമിത വ്യയഹേതുക്കളുമായ ആഘോഷങ്ങള്‍ക്ക് വിരാമമിടുക, പടേനി, ഗുരുഡന്‍തൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികള്‍ നിര്‍ത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്‌കരണ സംബന്ധികളുമായ യത്‌നങ്ങളില്‍ മന്നം സജീവമായി ഏര്‍പ്പെട്ടു.'' (പേജ് 86)

ഇത് കാണിക്കുന്നത് നായര്‍ സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്ന ദായക്രമങ്ങളെയും ആചാര സമ്പ്രദായങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. അതോടൊപ്പംതന്നെ ആര്‍ഭാടരഹിതമായ തരത്തില്‍ ആഘോഷങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നതും തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയതുമായ ഉത്സവരീതികളെപ്പോലും എതിര്‍ത്തുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആചാരങ്ങള്‍ മാറ്റാന്‍ പറ്റാത്തതാണെന്ന നിലപാടായിരുന്നില്ല മന്നത്ത് പത്മനാഭന്റേത് എന്നര്‍ഥം. മനുഷ്യന്റെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായി നില്‍ക്കുന്നവയെ മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് എന്ന് വ്യക്തം. ഈ നിലപാടും അതിനായുള്ള ഇടപെടലുമാണ് സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മന്നത്ത് പത്മനാഭന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സ്ഥാനം നേടാനായത്.

നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ വിവാഹം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന സംബന്ധം സമ്പ്രദായത്തിനെതിരെയും ശക്തമായ നിലപാട് അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എന്‍എസ്എസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഇത് സംബന്ധിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ''നമ്പൂതിരിമാരുമായി വിവാഹ ബന്ധമുണ്ടായപ്പോള്‍ അത് കുടുംബ ശൈഥില്യത്തെ ത്വരിതപ്പെടുത്തി. ഭര്‍ത്താവിന് ഭാര്യയെയോ സന്താനങ്ങളെയോ സംരക്ഷിക്കാന്‍ യാതൊരു ബാധ്യതയും ഇല്ലാത്ത തരത്തിലുള്ള വിചിത്രമായ ബന്ധമായിരുന്നു അത്. നമ്പൂതിരിയുടെ ആചാരത്വം, പൗരോഹിത്യം എന്നിവയാല്‍ ദാനധര്‍മാദികള്‍ക്കും മറ്റുമുള്ള നായന്മാരുടെ സാമ്പത്തിക ബാധ്യത വളരെ വര്‍ധിക്കുകയും ചെയ്തു. കുടുംബത്തില്‍ വര്‍ധിച്ചുവരുന്ന അംഗങ്ങളെ തീറ്റിപ്പോറ്റാനും മറ്റുമായി തറവാട്ടുമുതല്‍ വില്‍ക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല.'' (മന്നത്ത് പത്മനാഭന്‍ കര്‍മയോഗിയായ കുലപതി, പേജ് 87)

ഇത്തരത്തില്‍ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഭാഗമായി നായര്‍സമൂഹം അനുഭവിച്ച പ്രശ്‌നങ്ങള്‍ അക്കാലത്ത് ഏറെ ഗുരുതരമായ ഒന്നായിരുന്നു. അവയ്‌ക്കെതിരായുള്ള വലിയ സമരമായിരുന്നു മന്നത്ത് പത്മനാഭന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് നമ്പൂതിരി യോഗക്ഷേമ സഭയുടെ യോഗത്തില്‍ മന്നത്ത് പത്മനാഭന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ''സകല കാര്യങ്ങള്‍ക്കും പ്രതിബദ്ധമായി നില്‍ക്കുന്നത് യഥാസ്ഥിതികന്‍മാരാണ്. യാഥാസ്ഥിതികത എന്ന പദത്തിന് നിഘണ്ടുവില്‍ എന്തര്‍ഥമായിരുന്നാലും ജീവനില്ലായ്മ എന്നാണ് ഞാന്‍ അര്‍ഥം കല്‍പ്പിക്കുന്നത്'' അങ്ങനെ യാഥാസ്ഥിതികത്വത്തെ ജീവനില്ലായ്മയായി പ്രഖ്യാപിക്കുകയും അതിനെതിരായി ശക്തമായ സമരം മുന്നോട്ടുവയ്ക്കുകയും ചെയ്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതം എന്ന് കാണാം.

സാമൂദായിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംഘടനയ്ക്ക് രൂപംനല്‍കാനും അദ്ദേഹം തയ്യാറായി. അതിന്റെ അടിസ്ഥാനത്തിലാണ് 1914ല്‍ രൂപംകൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം കണ്ടത്. ബ്രാഹ്മണമേധാവിത്വത്തിന്റെ രീതികളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. അക്കാലത്തെ സ്ഥിതിയെപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. ''അക്ഷരാഭ്യാസം സിദ്ധിക്കാത്ത നിര്‍ധനനായ ഒരു ഉണ്ണി നമ്പൂതിരി സര്‍. സി ശങ്കരന്‍നായരെ കണ്ടാലും എഴുന്നേല്‍ക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാല്‍ ശങ്കരന്‍ നായര്‍ക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.'' ഇങ്ങനെ ജാതി വ്യവസ്ഥയുടെ ഭാഗമായി നിലനിന്ന അടിമ മനോഭാവത്തിനെതിരെയുള്ള സമരമായിരുന്നു അദ്ദേഹത്തിന്റേത്.

പുതിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാവൂ എന്നതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന്റെ നാനാഭാഗത്തും കെട്ടിപ്പടുക്കുന്നതിനും ത്യാഗപൂര്‍ണമായ ഇടപെടലാണ് അദ്ദേഹം വഹിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എന്നത് നവോത്ഥാന ചിന്തകള്‍ക്കും സാമൂഹ്യ പരിഷ്‌കരണത്തിനുമായി ഒഴിഞ്ഞുവച്ച ഒന്നായിരുന്നു എന്ന് കാണാവുന്നതാണ്.

നവോത്ഥാന നായകര്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു സവിശേഷത അവര്‍ ജനിച്ചുവളര്‍ന്ന വിഭാഗത്തിന്റെ മാത്രമല്ല, മറ്റു വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെയും സജീവമായി പരിഗണിച്ചു എന്നതാണ്. അയിത്തോച്ഛാടനത്തിനെതിരായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. വൈക്കം സത്യഗ്രഹത്തിന്റെ കാലത്താണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു സവര്‍ണജാഥ വൈക്കത്ത്‌ നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം എല്ലാ പൗരന്മാരുടെയും ജന്മാവകാശമാണെന്ന് എഴുതിയ ബോര്‍ഡ് വച്ചുകൊണ്ടായിരുന്നു ആ ജാഥ പോയത്. സ്വീകരണ കേന്ദ്രങ്ങളില്‍ മന്നത്ത് പത്മനാഭന്റെ പ്രസംഗവും ഉണ്ടായിരുന്നു. അയിത്തമില്ലാതാക്കാനും സഞ്ചാരസ്വാതന്ത്ര്യമുണ്ടാക്കാനും സവര്‍ണ ഹിന്ദുക്കള്‍ക്കുള്ള ഉത്തരവാദിത്തം എന്താണെന്നും അവര്‍ണ ഹിന്ദുക്കള്‍ അനുഭവിക്കുന്ന ക്ലേശങ്ങളെയും കുറിച്ചായിരുന്നു ആ ജാഥ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായി ആ ജാഥ മാറുകയും ചെയ്തു.

ഗുരുവായൂര്‍ സത്യഗ്രഹത്തിലും മന്നത്ത് പത്മനാഭന്‍ നേതൃത്വനിരയില്‍ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മന്നത്ത് പത്മനാഭന്റേത്.

രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ ചില പോരായ്മകളും സംഭവിച്ചു എന്ന് കാണാം. വിമോചന സമരത്തിന്റെ ഘട്ടത്തില്‍ അതിന്റെ മുന്‍പന്തിയില്‍ തന്നെ അദ്ദേഹം നിലയുറപ്പിച്ചിരുന്നു.

ഇത്തരം രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോഴും കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണരംഗത്ത് മന്നത്ത് പത്മനാഭന്‍ നല്‍കിയ സംഭാവന ആര്‍ക്കും നിഷേധിക്കാനാവുന്നതല്ല. മന്നത്ത് പത്മനാഭന്‍ കേരളീയ നവോത്ഥാനത്തില്‍ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. നവോത്ഥാനത്തിന്റെ പുതിയ വഴികളിലേക്ക് കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്‌കരണ ചിന്തയില്‍നിന്ന് നമുക്ക് ഏറെ പഠിക്കാനുമുണ്ട്.

 

02-Jan-2019

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More