സംവരണവും സിപിഐ എമ്മും
കോടിയേരി ബാലകൃഷ്ണന്
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ ഒ ബി സി സംവരണം കൊണ്ടുവന്നു. അതോടൊപ്പം മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പത്തുശതമാനം സംവരണം കൊണ്ടുവരാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. ആ തീരുമാനമെടുത്തപ്പോള്‍ ശക്തമായ എതിര്‍ത്തവരായിരുന്നു ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം. അവര്‍ ഇപ്പോള്‍ സംവരണത്തെ കുറിച്ച് വാചാലരാവുന്നത് അവരുടെ ഇരട്ടത്താപ്പാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. നിലപാടിലെ ആത്മാര്‍ത്ഥതയില്ലായ്മയാണ് തങ്ങളുടെ മുഖമുദ്രയെന്ന് ബി ജെ പി ഇപ്പോള്‍ വീണ്ടും തെളിയിക്കുന്നു. |
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും പത്ത് ശതമാനം സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം കേന്ദ്രഗവണ്‍മെന്റ് കൈക്കൊണ്ടത് വളരെ ധൃതിപിടിച്ചാണ്. അതില്‍ നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ല. ബില്ല് പാര്‍ലമെന്റില്‍ തിരക്കിട്ടവതരിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് പല സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മാത്രമല്ല കോടതിയുടെ നിയമപരിശോധനയില്‍ ഇത് അതിജീവിക്കുമോ എന്ന ആശങ്കയും പ്രബലമാണ്.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സിപിഐ എം വളരെ നേരത്തെ തന്നെ മുന്നോട്ടുവെച്ചതാണ്. 1977ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന കാലത്താണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അത് നടപ്പിലാക്കിയത് 1990ല്‍ വി പി സിംഗിന്റെ കാലത്താണ്. ആ ഘട്ടത്തില്‍ ശക്തമായ എതിര്‍പ്പ് മുന്നോക്ക സമുദായത്തില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ സിപിഐ എം'ന്റെ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്നോക്ക സമുദായത്തില്‍ ഒരു വിഭാഗം വളരെ പാവപ്പെട്ടവരാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാരാണ് അവര്‍. സംവരണാനുകൂല്യം ലഭിക്കാത്ത സമുദായങ്ങളില്‍പ്പെട്ടവര്‍. ഇവര്‍ക്ക് പത്ത് ശതമാനത്തില്‍ കുറയാത്ത സംവരണം കൊണ്ടുവരണമെന്നത് സിപിഐ എം നയപരിപാടിയുടെ ഭാഗമാക്കി. പാര്‍ടി പരസ്യമായി അത് ആവശ്യപ്പെടുകയും ചെയ്തു. 1991ലെ പൊതുതെരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച പ്രകടന പത്രികയില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് സിപിഐ എം പൂര്‍ണപിന്തുണ നല്‍കി. ആ സന്ദര്‍ഭത്തില്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പിന്നോക്ക വിഭാഗങ്ങളിലും മുന്നോക്ക വിഭാഗങ്ങളിലുമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ താല്‍പ്പര്യം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കണം എന്ന പ്രായോഗികമായ നിര്‍ദേശം സിപിഐ എം മുന്നോട്ടുവെച്ചു.
1991ലാണ് ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തരവ് നരസിംഹറാവു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സാമ്പത്തിക മാനദണ്ഡം അതില്‍ മുന്നോട്ടുവെക്കുകയുണ്ടായി. ജനറല്‍ കാറ്റഗറിയില്‍ പത്തുശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേകം മാറ്റിവെച്ചിരുന്നു. സുപ്രീംകോടതിയാവട്ടെ ഒ ബി സി ക്കുള്ള 27 ശതമാനം സംവരണം മാത്രം അംഗീകരിക്കുകയും ജനറല്‍ കാറ്റഗറിയിലുള്ള സംവരണം റദ്ദാക്കുകയും ചെയ്തു. വളരെക്കാലമായി ഇത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും ഭരണഘടനാഭേദഗതി ഇല്ലാതെ ഇത്തരത്തില്‍ ഒരു സംവിധാനം നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും വിശദമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണ്. ഭരണഘടനാ ഭോദഗതി പാര്‍ലമെന്റ് പാസാക്കിയാല്‍ മാത്രം നിയമമാവില്ല. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അത് അംഗീകരിക്കുകയും വേണം.
ഇന്നിപ്പോള്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ടികളുമായി ഒരു ചര്‍ച്ചയ്ക്ക് പോലും ബി ജെ പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടു. അവരുടെ ശക്തികേന്ദ്രങ്ങളിലാണ് പരാജയമേറ്റുവാങ്ങിയത്. ഈയൊരു പശ്ചാത്തലത്തിലാണ് പൊതുതെരഞ്ഞെടുപ്പിന് നൂറുദിവസം മാത്രം ബാക്കി നില്‍ക്കെ ധൃതിപിടിച്ച് ഇങ്ങനെയൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രവര്‍ത്തികമാക്കാന്‍ കഴിയില്ല. അതായത് തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഉപയോഗിക്കാനുള്ള ഒരു പ്രചരണായുധം മാത്രമാണ് മോഡിയുടെ ഈ ഗിമ്മിക്ക്.
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സംവരണം എന്ന് പറഞ്ഞുകൊണ്ട് മുന്നോക്കക്കാരിലെ സാമ്പത്തികമായി താരതമ്യേന ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ഗുണം ലഭ്യമാക്കാനുള്ള വഴികളാണ് തുറന്നിട്ടിരിക്കുന്നത്. മുന്നോക്ക സമുദായങ്ങളിലെ ഏറ്റവും പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് പരിഗണന കൊടുക്കുന്ന വിധത്തിലല്ല സംവരണ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയുള്ളവര്‍ക്കും അഞ്ചേക്കര്‍ ഭൂമിയുള്ളവര്‍ക്കും സംവരണം ലഭ്യമാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. രണ്ടരലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ ഇന്‍കംടാക്‌സ് നല്‍കണം. അത്തരക്കാര്‍ക്കുപോലും സംവരണം ലഭിക്കും. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് ഇടത്തരം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുന്നത്. പാവപ്പെട്ടവര്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ തുറന്നിടുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണ്. എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന നയമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ സംവരണത്തിന്റെ ആനുകൂല്യം പൂര്‍ണമായി ലഭിക്കണമെങ്കില്‍ സ്വകാര്യമേഖലയിലും സംവരണം വ്യാപിപ്പിക്കണം. അത്തരത്തിലുള്ള തീരുമാനത്തിലേക്കെത്താനുള്ള ഇച്ഛാശക്തി ബി ജെ പി സര്‍ക്കാരിനില്ല. കേന്ദ്രത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വ്വീസുകളിലും നിയമന നിരോധനമാണ് നിലവിലുള്ളത്. ഒരുകോടി പത്തുലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തൊഴിലില്ലാത്ത യുവജനങ്ങളെ കബളിപ്പിക്കുക എന്ന ഉദ്ദേശമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതുകൊണ്ട് സാധാരണക്കാരായ യുവജനങ്ങള്‍ക്ക് ഒരു ഗുണവും ലഭിക്കില്ല. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഒരു തീരുമാനം മാത്രമാണിത്.
ഇപ്പോള്‍ സംവരണവുമായി ബി ജെ പി വന്നതിന് പിറകില്‍ ജാതീയമായ ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ട്. ഉത്തര്‍പ്രദേശില്‍ ബി എസ് പിയും എസ് പിയും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഇതോടെ ബി ജെ പിയുടെ ഭാവി അപകടത്തിലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെ മറികടക്കാന്‍ ജാതീയ ധ്രുവീകരണം ഉണ്ടാക്കിയാല്‍ മതിയാകുമെന്നുള്ള സംഘപരിവാര്‍ അജണ്ടയാണ് മുന്നോക്ക വീഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ പിറകിലുള്ളത്. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാനും അതേസമയം ജാതീയമായ ധ്രുവീകരണവുമാണ് ബി ജെ പി സംഘപരിവാരം ലക്ഷ്യം വെക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ ഒ ബി സി സംവരണം കൊണ്ടുവന്നു. അതോടൊപ്പം മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പത്തുശതമാനം സംവരണം കൊണ്ടുവരാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. ആ തീരുമാനമെടുത്തപ്പോള്‍ ശക്തമായ എതിര്‍ത്തവരായിരുന്നു ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം. അവര്‍ ഇപ്പോള്‍ സംവരണത്തെ കുറിച്ച് വാചാലരാവുന്നത് അവരുടെ ഇരട്ടത്താപ്പാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. നിലപാടിലെ ആത്മാര്‍ത്ഥതയില്ലായ്മയാണ് തങ്ങളുടെ മുഖമുദ്രയെന്ന് ബി ജെ പി ഇപ്പോള്‍ വീണ്ടും തെളിയിക്കുന്നു.
10-Jan-2019
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍