വര്‍ഗീയതവീഴും വികസനംവാഴും ഇത് കേരളമാണ്

ബി ജെ പി മുന്നോട്ടുവെയ്ക്കുന്ന വിദേ്വഷത്തിന്റെ ആശയസംഹിതകളോട് പൊരുതുവാനും അത് ശരിയായ നടപടിയല്ലെന്ന് പറയാനും കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ആശയപരമായും രാഷ്ട്രീയമായും അവരുടെ നേതാക്കളെയും അണികളെയും ബി ജെ പിക്കെതിരെ സജ്ജമാക്കുന്നതിന് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നില്ല. ഇതിന്റെ ഭാഗമായാണ് അധികാരം കിട്ടുമെന്ന സാധ്യതകള്‍ മുമ്പില്‍ വരുമ്പോള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സുകാര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നത്. കോണ്‍ഗ്രസ്സുകാര്‍ എപ്പോഴാണ് ബി ജെ പിയാവുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ബി ജെ പിയിലേക്ക് ചേക്കേറാതിരിക്കാന്‍ റിസോര്‍ട്ടുകളില്‍ പാര്‍പ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. ഇത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ നിലപാട് രാഹിത്യമാണ്. കോണ്‍ഗ്രസ് ജൂനിയര്‍ ബി ജെ പിയായി നില്‍ക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്ത് നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മറ്റൊരു സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പോരാട്ടമായി മാറുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയുമൊക്കെ പിച്ചിചീന്താന്‍ വേണ്ടി നില്‍ക്കുന്നവര്‍, മതനിപേക്ഷതയും ഫെഡറല്‍ സംവിധാനങ്ങളും പാര്‍ലമെന്ററി വ്യവസ്ഥയുമൊക്കെ ആവശ്യമില്ലെന്ന് തിട്ടൂരമിറക്കുന്നവര്‍. അവരുടെ പ്രചാരകനായ ഒരു പ്രധാനമന്ത്രി. ഇത്രയും ഭീഷണിയുയര്‍ത്തുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ രാജ്യം മുമ്പ് അഭിമുഖീകരിച്ചിട്ടില്ലെന്ന് നിസംശയം പറയാം. രാജ്യം ഭരിക്കുന്ന ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ഈ നാടിന്റെ ഗുണപരമായ എല്ലാ മൂല്യങ്ങളെയും തകര്‍ക്കുന്ന നിലപാടാണ് നടപ്പിലാക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുക എന്നത് അവരുടെ പ്രധാന അജണ്ടയാണ്. അത്തരമൊരു ഘട്ടത്തില്‍ രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്താനായി ബി ജെ പിയെ അധികാരത്തില്‍നിന്നും തൂത്തെറിയുക എന്നത് രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണ്.

സാമ്പത്തിക ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ജനങ്ങളില്‍ അടിച്ചല്‍പ്പിച്ച് സാധാരണക്കാരായ മനുഷ്യരുടെ ജീവിതം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഈ നയങ്ങളുടെ ഭാഗമായാണ് നമ്മുടെ തെരുവുകളില്‍ കൂടി കര്‍ഷകരുടെ വിലാപയാത്രകള്‍ കടന്നുപോവുന്നത്. ഒരു നാടിനെ ആത്മഹത്യയിലേക്ക് നയിക്കുന്ന നിലപാടുകളുമായി നിര്‍ലജ്ജം നില്‍ക്കുന്ന ഗവണ്‍മെന്റ്. പൊതുമേഖലാ സ്ഥാപനങ്ങളടക്കം നമ്മുടെ നാടിന്റെ കരുത്തുറ്റ സകല മേഖലകളെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. പുതിയ തലമുറയില്‍ തൊഴിലില്ലായ്മയും രാജ്യ വ്യാപകമായി കുത്തനെ ഉയരുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുകയും പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന് കോര്‍പ്പറേറ്റുകളുടെ ആറു ലക്ഷം കോടിയിലധികം രൂപയുടെ കടം എഴുതിത്തള്ളി. ബാങ്കിംഗ് മേഖലയെ അപ്പാടെ തകര്‍ക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നേര്‍ക്ക് നീട്ടുന്നത് ആത്മഹത്യ ചെയ്യാനുള്ള കയറാണ്.

രാജ്യത്തെ വര്‍ഗീയത ആളിപ്പടരുന്ന ഭൂമികയാക്കി മാറ്റാനുള്ള ഗൂഡതന്ത്രങ്ങള്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബി ജെ പിയുടെ നേതൃത്വത്തില്‍ പയറ്റുന്നു. ഭരണകൂടത്തെ, വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഇന്ധനമെന്നപോലെ മാറ്റി തീര്‍ത്തിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പരസ്പര വിദേ്വാഷം സൃഷ്ടിക്കുകയും ദുര്‍ബല ജനവിഭാഗങ്ങളെ ആക്രമിക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ തന്നെ തയ്യാറാക്കി നടപ്പിലാക്കുകയാണ് സംഘപരിവാര്‍. ഇതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍, ദളിത് ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, ജനാധിപത്യവാദികള്‍ തുടങ്ങിയവരെല്ലാം ഭീകരമായ അക്രമണത്തിന് വിധേയമാകുന്നു. പലരും കൊല്ലപ്പെടുന്നു. ഫാസിസത്തിന്റെ രീതിശാസ്ത്രമാണ് ആര്‍ എസ് എസിന്റെ കൈയ്യിലുള്ളതെന്ന് നാട് തിരിച്ചറിയുന്നുണ്ട്.

നാടിന്റെ ഗുണപരമായ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയും തുടര്‍ന്ന് ജനങ്ങള്‍ ജീവിതദുരിതത്തില്‍ മുങ്ങാംകുഴിയിടുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അതേ നയങ്ങളുടെ പ്രായോജകരായി നില്‍ക്കുകയാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരേ സാമ്പത്തിക നയത്തിന്റെ വക്താക്കളാണ്. കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച സാമ്പത്തിക നയങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ തീവ്രമായി ബി ജെ പി നടപ്പിലാക്കുന്നത്. കോണ്‍ഗ്രസിന് ഭരിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവര്‍ അത് കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കും. അതിനാല്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും അകറ്റി നിര്‍ത്തേണ്ടതുണ്ട്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം പിന്തുണയുമായി നിന്നതുകൊണ്ടാണ് കോണ്‍ഗ്രസിന് തങ്ങളുടെ സാമ്പത്തിക അജണ്ടകള്‍ കണ്ണുംപൂട്ടി നടപ്പിലാക്കാന്‍ സാധിക്കാതിരുന്നത്. അന്ന് യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ആയിരുന്നില്ല. ഒരു പൊതുമിനിമം പരിപാടിയായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളെ ശക്തമായി എതിര്‍ക്കുന്നതിനോ ഒരു ബദല്‍ നയം മുന്നോട്ടുവെച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനോ സ്വന്തം നിലയില്‍ സാധിക്കാത്ത കോണ്‍ഗ്രസിനെ എങ്ങിനെയാണ് ജനങ്ങള്‍ വിശ്വസിക്കുക ?

മതനിരപേക്ഷതയുടെ കാര്യത്തില്‍പ്പോലും ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ബാബറി മസ്ജിദ് തകര്‍ക്കുന്ന ഘട്ടത്തില്‍ അധികാരമുണ്ടായിട്ടും അതിനെതിരായി നടപടികള്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാലാണ് സാധ്യമാകുക എന്ന് ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ്് നേതാക്കള്‍ തന്നെ പരസ്യമായി പ്രഖ്യാപിക്കുകയാണ്. ദിഗ്‌വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസ്് നേതാക്കളാവട്ടെ ഗോവധ നിരോധനം പോലുള്ള കാര്യങ്ങളെ പിന്തുണച്ചും രംഗത്തുവന്നിരിക്കുന്നു. പശുവിന്റെ പേരില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ രാജ്യത്ത് വ്യാപകമായ ഘട്ടത്തിലാണ് ഈ നിലപാടെന്നത് അത്യന്തം ഗൗരവകരമാണ്.

ബി ജെ പി മുന്നോട്ടുവെയ്ക്കുന്ന വിദേ്വഷത്തിന്റെ ആശയസംഹിതകളോട് പൊരുതുവാനും അത് ശരിയായ നടപടിയല്ലെന്ന് പറയാനും കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ആശയപരമായും രാഷ്ട്രീയമായും അവരുടെ നേതാക്കളെയും അണികളെയും ബി ജെ പിക്കെതിരെ സജ്ജമാക്കുന്നതിന് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നില്ല. ഇതിന്റെ ഭാഗമായാണ് അധികാരം കിട്ടുമെന്ന സാധ്യതകള്‍ മുമ്പില്‍ വരുമ്പോള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സുകാര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നത്. കോണ്‍ഗ്രസ്സുകാര്‍ എപ്പോഴാണ് ബി ജെ പിയാവുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ബി ജെ പിയിലേക്ക് ചേക്കേറാതിരിക്കാന്‍ റിസോര്‍ട്ടുകളില്‍ പാര്‍പ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. ഇത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ നിലപാട് രാഹിത്യമാണ്. കോണ്‍ഗ്രസ് ജൂനിയര്‍ ബി ജെ പിയായി നില്‍ക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും വ്യത്യസ്തമായി ഇച്ഛാശക്തിയോടുകൂടി ബദല്‍ നയങ്ങളും നിലപാടുകളും മുന്നോട്ടുവെച്ച് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. രാജ്യം നേരിടുന്ന അപകടകരമായ സ്ഥിതിവിശേഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഇടതുപക്ഷത്തിന്റെ കരുത്ത് അനിവാര്യമാണ്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഒന്നാമത്തെ നിലപാട്. അതോടൊപ്പം ജനങ്ങളെ ദുരിതക്കയത്തിലേക്കയക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ മുന്നോട്ടുവച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. ഇതിന് അനുയോജ്യമായ രാഷ്ട്രീയ അടവുകള്‍ ഒരോ സംസ്ഥാനത്തും രൂപപ്പെടുത്തി മുന്നോട്ടുപോവുകയാണ് ഇടതുപക്ഷം.

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയില്‍ ചേരാനുള്ള ക്ഷണത്തെ നിരാകരിച്ച് പുറത്തുനിന്ന് എല്‍ ഡി എഫ് പിന്തുണച്ചത് മതനിരപേക്ഷതയോടുള്ള ശക്തമായ പ്രതിബദ്ധതയുടെ ഭാഗമായാണ്. അതോടൊപ്പം തന്നെ ആഗോളവത്ക്കരണ നയങ്ങളെ പ്രതിരോധിക്കുന്ന നിലപാടും ഭരണതലത്തില്‍ ചെലുത്താവുന്ന സ്വാധീനം ഉപയോഗിച്ച് എല്‍ ഡി എഫ് സ്വീകരിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി ലോകത്തെമ്പാടും ഉയര്‍ന്നുവന്നപ്പോഴും അതിനെ പ്രതിരോധിച്ച് രാജ്യത്തിന് ഉയര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന്റെ ഈ നിലപാട് മൂലമാണ്.

ജനക്ഷേമകരമായ നിരവധി പദ്ധതികളും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടായിരുന്ന കാലത്ത് നടപ്പിലാക്കാനുമായി. തൊഴിലുറപ്പ് പദ്ധതി, വനാവകാശനിയമം തുടങ്ങിയവ ഇതിനുദാഹരണമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട വിഭവം ലഭിച്ചതും ഈ കാലഘട്ടത്തില്‍ തന്നെ. പാലക്കാട്ടെ കോച്ച് ഫാക്ടറിയും തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍ കോളേജും പ്രഖ്യാപിച്ചതും ഈ കാലത്തായത് അതിനാലാണ്. എല്‍ ഡി എഫിന് കേന്ദ്ര ഭരണത്തിലുള്ള സ്വാധീനം നഷ്ടപ്പെട്ട ശേഷം പ്രാവര്‍ത്തികമാവാതെ പോയതിന് കാരണവും മറ്റൊന്നല്ല.

ഇതെല്ലാം വ്യക്തമാക്കുന്നത് മതനിരപേക്ഷത സംരക്ഷിക്കാനും ജനതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനും കേരളത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കേന്ദ്ര ഭരണത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിക്കേണ്ടതുണ്ട് എന്നതാണ്. ജനകീയ താല്‍പര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തണമെങ്കിലും ഇത് അനിവാര്യമാണ്. എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്നത് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്.

കേരള സംസ്ഥാന സര്‍ക്കാരാവട്ടെ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ്. പൊതുമേഖല സംരക്ഷിച്ചും കാര്‍ഷികമേഖല ശക്തിപ്പെടുത്തിയും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ചും മുന്നോട്ടുപോകുകയാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വെട്ടിച്ചുരുക്കുന്ന കാലത്ത് പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തിന് കരുത്തേകി സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും കേരളത്തില്‍ സംതൃപ്തരാണ്. ഉല്‍പാദനം വര്‍ദ്ധിപ്പിച്ച്, അത് നീതിയുക്തമായി വിതരണം ചെയ്യുക എന്ന ഇടതുപക്ഷ കാഴ്ചപ്പാടിലൂന്നിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ നയങ്ങള്‍ രാജ്യത്തെമ്പാടും പ്രാവര്‍ത്തികമാക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മുന്നണികള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ അത്തരത്തിലുള്ള നയങ്ങളും നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്നില്ല. കേരളം മുന്നോട്ടുവയ്ക്കുന്ന ബദലുകളെ രാജ്യത്തെമ്പാടും വ്യാപിപ്പിക്കുന്നതിനായാണ് ഇടതുപക്ഷം വിജയിക്കേണ്ടത്. ഇടതുപക്ഷത്തിന്റെ ശക്തി എത്രമേല്‍ വര്‍ധിപ്പിക്കുന്നുവോ, അത്രമേല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദുരിതം കുറഞ്ഞുനില്‍ക്കും. ഇടതുപക്ഷത്തിന്റെ ശബ്ദം എന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കും. അതിനാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നുള്ളത് നാടിന്റെ നിലനില്‍പ്പിന്റെ ആവശ്യകതയാണ്.

08-Apr-2019

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More