മാണിയെ മാറ്റി നിര്‍ത്തണം

ബാര്‍കോഴ മാത്രമല്ല, ധനമന്ത്രി ബജറ്റ് നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതുതന്നെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. യുഡിഎഫ് സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും അഴിമതിയുടെ വ്യാപ്തി സംബന്ധിച്ച് നേരിട്ടുള്ള അറിവുകള്‍ പുറത്തുകൊണ്ടുവന്നിട്ടും ബജറ്റുമായി നിയമസഭയിലേക്കുവരാന്‍ മാണിക്ക് പരവതാനി വിരിക്കുകയാണ് മുഖ്യമന്ത്രി. മാണിയെ ബജറ്റ് അവതരണത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കെപിസിസി വക്താവുതന്നെ അഭിപ്രായപ്പെട്ടിട്ടും വാശിയോടെ മാണിയെ നിയമസഭയില്‍ ബജറ്റുമായി എഴുന്നള്ളിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമം നീതിയുടെ വഴിയിലേക്കല്ല പ്രതിയായ മന്ത്രിയുടെ വഴിക്കാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇത് ജനാധിപത്യകേരളത്തിന് അപമാനമാണ്. ഇതിനെതിരെ ആത്മാഭിമാനമുള്ള ജനത ഉയര്‍ന്നെഴുന്നേല്‍ക്കണം. സമരക്കാരെ ഭീകരവാദികളെ കൈകാര്യംചെയ്യുംപോലെ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കേരളം കീഴടങ്ങാന്‍ പോകുന്നില്ല. 

അഴിമതിക്കേസില്‍ പ്രതിയായ മന്ത്രി ബജറ്റ് അവതരിപ്പിക്കരുതെന്ന് കേരളം ശക്തമായി ആവശ്യപ്പെടുകയാണ്. എല്‍ഡിഎഫ് മാത്രമല്ല ഈ ആവശ്യം ഉന്നയിക്കുന്നത്. പ്രതിപക്ഷത്തിന്റെയാകെയും ഭരണപക്ഷത്തുള്ള ചിലരുടെയും അഭിപ്രായമായി ഇത് മാറി. എന്നിട്ടും ബജറ്റ് അവതരണത്തില്‍നിന്ന് കെ എം മാണിയെ മാറ്റിനിര്‍ത്താതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. മാര്‍ച്ച് 13ന് മാണിതന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ നിയമസഭയ്ക്ക് അകത്തുംപുറത്തും ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഏഴിന് ആയിരത്തില്‍പ്പരം കേന്ദ്രങ്ങളില്‍ നടന്ന മാണിയെ വിചാരണചെയ്യുക എന്ന പരിപാടി വളരെ ശ്രദ്ധേയമായി. 12ന് പ്രധാന കേന്ദ്രങ്ങളില്‍ പ്രാദേശിക പ്രകടനങ്ങള്‍ നടത്താന്‍ എല്‍ഡിഎഫ് ആഹ്വാനം നല്‍കിയിട്ടുണ്ട്.

പതിമൂന്നിന് അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ ഒരു സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം നിശ്ചലമാക്കിയുള്ള ഉപരോധസമരവും തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിയമസഭാ മന്ദിരത്തിലേക്ക് ബഹുജന പ്രതിരോധവും നടക്കും. ഇത്തരം സമരത്തെ ഭീകരപ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചിരിക്കുന്നത്. സമാധാനപരമായ പ്രക്ഷോഭത്തെ ഭീകരസമരമായി ചിത്രീകരിച്ച് പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. മന്ത്രി മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ സംരക്ഷണം നല്‍കണമെന്ന് സ്പീക്കറോടും യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുകയാണ്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വേഷത്തില്‍ പൊലീസുകാരെ കുത്തിനിറച്ച് നിയമസഭ പൊലീസ് ക്യാമ്പാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വഴിവിട്ട നടപടികളും സ്വീകരിച്ച് അഴിമതിക്കാരനായ മന്ത്രിയെ രക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കേരളചരിത്രത്തില്‍ ആദ്യമായാണ് സിറ്റിങ് മന്ത്രി അഴിമതിക്കേസില്‍ പ്രതിയാകുന്നത്. മുമ്പ് പ്രതികളായവരെല്ലാം അവര്‍ മന്ത്രിമാരായിരുന്ന കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ പിന്നീടുവന്ന സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത കേസുകളാണ്. എന്നാല്‍, മാണിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചത് സ്വന്തം സര്‍ക്കാര്‍തന്നെ. രാഷ്ട്രീയ വിരോധം കാരണം ഉണ്ടായ കേസല്ല. ഗുരുതരമായ ആരോപണങ്ങളാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്നത്. നിലവിലെ നിയമങ്ങളും ഭരണഘടനാതത്വങ്ങളും പാലിക്കേണ്ട മന്ത്രിക്ക് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ബാര്‍ ഹോട്ടല്‍ ഉടമകളോട് അഞ്ചുകോടി രൂപ കോഴപ്പണം ആവശ്യപ്പെട്ടതായും അതില്‍ ഒരു കോടി നേരിട്ട് കൈപ്പറ്റിയതായും പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടതായി ഈ സര്‍ക്കാരിന്റെതന്നെ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തി. തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ ക്രൈം നമ്പര്‍ വിഇ 6/2014 ആയി വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (എസ്‌ഐയു) 2014 ഡിസംബര്‍ 10ന് എഫ്‌ഐആര്‍ ഫയല്‍ചെയ്തു. കൈക്കൂലി നേരിട്ട് ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) വകുപ്പുകള്‍പ്രകാരം കേസ് അന്വേഷണം നടത്തിവരുന്നതായി വിജിലന്‍സ്തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഓരോ വകുപ്പിനും ഏഴുവര്‍ഷംവീതം തടവ് ലഭിക്കുന്ന കുറ്റകൃത്യങ്ങള്‍ മന്ത്രിക്കുമേല്‍ ചുമത്തിയാണ് ഈ സര്‍ക്കാരിന്റെതന്നെ വിജിലന്‍സ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എഫ്‌ഐആറില്‍ മാണിക്കെതിരായ തെളിവുകള്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്.

ചോദ്യംചെയ്യപ്പെട്ട സാക്ഷികളില്‍ ബാറുടമകളായ സാക്ഷികള്‍ പറഞ്ഞത് മന്ത്രി മാണിക്ക് കൈക്കൂലി കൊടുക്കാനായി അവരുടെ വിഹിതം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നല്‍കി എന്നാണ്. മറ്റ് ചില സാക്ഷികള്‍ കോഴപ്പണം മാണിക്ക് കൈമാറുന്നത് കണ്ടു എന്നും മൊഴി നല്‍കി. കോഴപ്പണം മാണിക്ക് കൈമാറുമ്പോള്‍ മാണിയുടെ വസതിയില്‍ ഉണ്ടായിരുന്നതായി ചില സാക്ഷികള്‍ മൊഴി നല്‍കി. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ സാക്ഷിമൊഴികള്‍ ശരിവയ്ക്കുന്നതായി എഫ്‌ഐആര്‍ പറയുന്നു. അങ്ങനെ സാക്ഷികളുടെ മൊഴികളും രേഖകളുടെ തെളിവുകളും മാണിക്കെതിരായ കുറ്റകൃത്യം അടിവരയിടുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വിജിലന്‍സിനെ അനുവദിക്കുന്നില്ല. പ്രാഥമികാന്വേഷണത്തില്‍ കിട്ടിയ തെളിവുകള്‍തന്നെ നിര്‍വീര്യമാക്കാനാണ് ഇപ്പോള്‍ വിജിലന്‍സ് ശ്രമിക്കുന്നത്.

പ്രാഥമികാന്വേഷണം നടത്തി വിലപ്പെട്ട തെളിവുകള്‍ കണ്ടെത്തിയ എസ് പി രാജമോഹനന്റെ വിജിലന്‍സ് യൂണിറ്റില്‍നിന്ന് അന്വേഷണച്ചുമതല മറ്റൊരു യൂണിറ്റിലേക്ക് മാറ്റി. ഇത് കേസ് അട്ടിമറിക്കാനാണ്. പ്രതി മന്ത്രിസ്ഥാനത്ത് തുടരുന്നതിനാലാണ് അന്വേഷണസംഘത്തിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. സര്‍ക്കാര്‍തന്നെ നിലനില്‍ക്കുന്നത് പ്രതിയുടെ പാര്‍ടിയുടെ ഒമ്പത് എംഎല്‍എമാരുടെ പിന്തുണയിലാണ്. അതുകൊണ്ടാണ് ഇത്തരം കേസുകളില്‍ അനുവര്‍ത്തിച്ചുവരുന്ന സാധാരണ നടപടിക്രമംപോലും പാലിക്കാന്‍ വിജിലന്‍സിന് കഴിയാത്തത്. പ്രതിയുടെ വീട്ടില്‍ അര്‍ധരാത്രിയും പുലര്‍ച്ചെയുമായി കാറിലെത്തിയ ബാറുടമകള്‍ കൈമാറിയ കോഴപ്പണം നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ച് തിട്ടപ്പെടുത്തി മന്ത്രിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബാര്‍ ഹോട്ടല്‍ മുതലാളിമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടും പ്രസ്തുത കോഴപ്പണം തൊണ്ടിമുതലായി കണ്ടെടുക്കാന്‍ ഒരു നടപടിയും വിജിലന്‍സ് സ്വീകരിച്ചില്ല.

പ്രതിയുടെ വീട് പരിശോധിക്കുകയോ, പ്രതിയെ ചോദ്യംചെയ്യുകയോ ചെയ്തില്ല. പ്രതി മന്ത്രിയാണ്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന പ്രതിയുടെ വീട് എങ്ങനെ മന്ത്രിക്കുകീഴിലുള്ള പൊലീസിന് പരിശോധിക്കാന്‍ കഴിയും? മന്ത്രിയായ പ്രതിയെ പൊലീസ് എങ്ങനെ ചോദ്യംചെയ്യും? വിജിലന്‍സ് കേസില്‍പെട്ട് ഏത് ഉന്നതന്‍ പ്രതിയായാലും തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുകയാണ് പതിവ് നടപടിക്രമം. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യുക. ക്രിമിനല്‍ കേസില്‍പെട്ട ഏതൊരാളെയും നിയമപരമായ നടപടിക്ക് വിധേയമാക്കണം. പശ്ചിമബംഗാളില്‍ ശാരദ ചിറ്റ് കുംഭകോണകേസില്‍ പ്രതിയായ മന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇവിടെ ജയിലില്‍ കിടക്കേണ്ട മന്ത്രി നിയമസഭയില്‍ കയറി ബജറ്റ് അവതരിപ്പിക്കുന്നു! ഇതനുവദിക്കാന്‍ കഴിയില്ല.

കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നു. പ്രാഥമികാന്വേഷണത്തില്‍ത്തന്നെ ബോധ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനെ അനുവദിക്കുന്നില്ല. വ്യക്തവും സുതാര്യവുമായ തെളിവുകള്‍ ഉണ്ടെന്നും അത് ഹാജരാക്കാമെന്നും മാണിയുടെ സംഭാഷണത്തിന്റെ സിഡി ഉള്‍പ്പെടെ കൈവശമുണ്ടെന്നും പറഞ്ഞ ബിജുരമേശിനെ ചോദ്യംചെയ്ത് സിഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കുന്നില്ല. കൈക്കൂലി കൊടുത്തവര്‍ ഇപ്പോള്‍ മൊഴി മാറ്റി പറയുന്നത് സ്വരക്ഷയ്ക്കുവേണ്ടിയാണ്. ധനമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ തന്റെ ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന ഭയമാണ് മൊഴിമാറ്റത്തിന് കാരണം. മൊഴികള്‍ വിഴുങ്ങി മന്ത്രിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ്. മൊഴി മാറ്റി പറഞ്ഞവരെ എന്തുകൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയരാക്കുന്നില്ല? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാനും സിഡി ഹാജരാക്കാനും ബിജു രമേശ് സമ്മതമറിയിച്ചിട്ടും എന്തുകൊണ്ട് പൊലീസ് തുടര്‍നടപടി എടുത്തില്ല? ഒരു സാക്ഷിയെപ്പോലും കോടതിയില്‍ ഹാജരാക്കി 164ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തിയില്ല. രണ്ടുമാസത്തിനകം മാണിക്കെതിരെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുമെന്നാണ് വിജിലന്‍സിന്റെ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്. കുറ്റപത്രം ഹാജരാക്കി കഴിഞ്ഞാല്‍ കൈയാമംവച്ച് പ്രതിയെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നതുവരെ കാത്തിരിക്കാനാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി എടുക്കാത്തത് മുഖ്യമന്ത്രിക്കും മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ അഴിമതിയില്‍ പങ്കാളിത്തമുള്ളതിനാലാണ്.

ബജറ്റ് അവതരണത്തില്‍നിന്ന് മാണിയെ മാറ്റിനിര്‍ത്താന്‍ പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ബാര്‍കോഴ മാത്രമല്ല, ധനമന്ത്രി ബജറ്റ് നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതുതന്നെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. യുഡിഎഫ് സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും അഴിമതിയുടെ വ്യാപ്തി സംബന്ധിച്ച് നേരിട്ടുള്ള അറിവുകള്‍ പുറത്തുകൊണ്ടുവന്നിട്ടും ബജറ്റുമായി നിയമസഭയിലേക്കുവരാന്‍ മാണിക്ക് പരവതാനി വിരിക്കുകയാണ് മുഖ്യമന്ത്രി. മാണിയെ ബജറ്റ് അവതരണത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കെപിസിസി വക്താവുതന്നെ അഭിപ്രായപ്പെട്ടിട്ടും വാശിയോടെ മാണിയെ നിയമസഭയില്‍ ബജറ്റുമായി എഴുന്നള്ളിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമം നീതിയുടെ വഴിയിലേക്കല്ല പ്രതിയായ മന്ത്രിയുടെ വഴിക്കാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇത് ജനാധിപത്യകേരളത്തിന് അപമാനമാണ്. ഇതിനെതിരെ ആത്മാഭിമാനമുള്ള ജനത ഉയര്‍ന്നെഴുന്നേല്‍ക്കണം. സമരക്കാരെ ഭീകരവാദികളെ കൈകാര്യംചെയ്യുംപോലെ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കേരളം കീഴടങ്ങാന്‍ പോകുന്നില്ല. 

10-Mar-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More