അരുവിക്കരയുടെ ശബ്ദം

വളരെയേറെ രാഷ്ട്രീയപ്രാധാന്യം അരുവിക്കര ഉപതെരഞ്ഞെടുപ്പിനുണ്ട്. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ യുഡിഎഫ് സര്‍ക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ജനവിരുദ്ധ സര്‍ക്കാരുകളാണെന്നത് ഇതിനകം തെളിഞ്ഞതാണ്. ഇതിനെതിരെ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണനടപടികള്‍ കാരണം ജനജീവിതം പൊറുതിമുട്ടി. സാധാരണജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായി. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കാന്‍ ഇടപെടാത്തവരാണ് ഭരണത്തിലുള്ളത്.

സമ്പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്‍ഡിഎഫിനുമാത്രമേ കഴിയുകയുള്ളൂ. ഇത് തിരിച്ചറിയുന്ന കേരളീയന്റെ ശബ്ദം അരുവിക്കരയില്‍നിന്ന് ഉയരണം. ഇതിനായി എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കണം

ജൂണ്‍ 27നാണ് അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ്. സഭയില്‍ അംഗമായിരുന്ന ജി കാര്‍ത്തികേയന്റെ അകാലചരമമാണ് തെരഞ്ഞെടുപ്പിന് ഇടയാക്കിയത്. സഭയുടെ കാലാവധി തീരാന്‍ പത്തുമാസം മാത്രമേയുള്ളൂ. എന്നാല്‍, ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളാല്‍ വളരെയേറെ രാഷ്ട്രീയപ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ട്. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ യുഡിഎഫ് സര്‍ക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ജനവിരുദ്ധ സര്‍ക്കാരുകളാണെന്നത് ഇതിനകം തെളിഞ്ഞതാണ്. ഇതിനെതിരെ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണനടപടികള്‍ കാരണം ജനജീവിതം പൊറുതിമുട്ടി. സാധാരണജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായി. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കാന്‍ ഇടപെടാത്തവരാണ് ഭരണത്തില്‍.

നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തനിനിറം ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായി. കോര്‍പറേറ്റുവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, പ്രതിദിനം 50 രൂപ വരുമാനത്തില്‍ ജീവിക്കുന്ന 80 ശതമാനം ഇന്ത്യക്കാരെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വര്‍ഗീയവികാരം ഇളക്കിവിട്ട് കോര്‍പറേറ്റ് മൂലധനശക്തികളെയും വിദേശ ബഹുരാഷ്ട്ര കുത്തകകളെയും സഹായിക്കുകയാണ് ബിജെപി. 27 ലക്ഷം ഹെക്ടര്‍ ഭൂമി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഏറ്റെടുത്ത് കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള ഓര്‍ഡിനന്‍സും തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്ത് 75 ശതമാനത്തിലേറെ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഇല്ലാതാക്കാനുള്ള നടപടിയും അതാണ് തെളിയിക്കുന്നത്.

റോഡ് സുരക്ഷാനിയമംവഴി റോഡ് ഗതാഗതരംഗം കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിച്ച് കടല്‍സമ്പത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകളെ അനുവദിക്കുന്നു. വനാവകാശനിയമവും വനസംരക്ഷണനിയമവും ഭേദഗതിചെയ്ത് ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കി ധാതുവിഭവങ്ങളടക്കമുള്ള വനസമ്പത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകളെ അനുവദിക്കുകയാണ്. ചെറുകിട വ്യാപാരമേഖലയില്‍ വിദേശ കുത്തകകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഇന്‍ഷുറന്‍സ്, ബാങ്കിങ്, രാജ്യരക്ഷ തുടങ്ങിയ മേഖലകളെല്ലാം വിദേശ മൂലധനശക്തികളെ ഏല്‍പ്പിക്കുന്നു.

അതേസമയം, വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ ഒരു നടപടിയുമില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കാതെ കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. എന്‍ആര്‍ഇജി പദ്ധതിക്കുള്ള തുക മുന്‍വര്‍ഷത്തേക്കാള്‍ 60 ശതമാനം വെട്ടിക്കുറച്ചത് കാര്‍ഷികമേഖലയിലെ പട്ടിണിക്കാരുടെ എണ്ണം പെരുകാന്‍ ഇടയാക്കി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍വന്ന കുറവിന്റെ അടിസ്ഥാനത്തില്‍ 35 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന ഒരു ലിറ്റര്‍ പെട്രോള്‍ എഴുപതിലധികം രൂപയ്ക്കാണ് വില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ തൊഴിലാളി- കര്‍ഷക ജനവിഭാഗങ്ങളില്‍ വളരുന്ന അസംതൃപ്തി വഴിതിരിച്ചുവിടാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ വര്‍ഗീയത ഇളക്കിവിടുകയാണ്.

എല്ലാ മേഖലയിലും ആര്‍എസ്എസ് വല്‍ക്കരണത്തിന് ഭരണകൂടം അരങ്ങൊരുക്കുന്നു. മുസ്ലിങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും ഇന്ത്യ വിട്ടുപോകണമെന്നും ആക്രോശിക്കുന്നു. ക്രിസ്ത്യന്‍പള്ളികള്‍ ആക്രമിക്കുകയും കന്യാസ്ത്രീകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയുംചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായി. മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വതന്ത്രപരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപിക്കെതിരായ പ്രതിഷേധം കേരളത്തില്‍നിന്ന് ഉയരണം. ബിജെപിക്കുപകരം, കോണ്‍ഗ്രസോ കോണ്‍ഗ്രസിനുപകരം ബിജെപിയോ അല്ല. ഇതിന് രണ്ടിനും ബദല്‍ ഇടതുപക്ഷമാണ് എന്ന ജനങ്ങളുടെ തിരിച്ചറിവിന്റെ പ്രഖ്യാപനം ഉണ്ടാകണം.

യുഡിഎഫിന്റെ നാലുവര്‍ഷത്തെ ഭരണം കേന്ദ്രത്തിലെ ബിജെപിനയം മറ്റൊരു രൂപത്തില്‍ നടപ്പാക്കുന്ന കേരളപതിപ്പാണ്. കോര്‍പറേറ്റുവല്‍ക്കരണമാണ് ഉമ്മന്‍ചാണ്ടിയും നടപ്പാക്കുന്നത്. രാജ്യവ്യാപകമായി ഘര്‍വാപസി എന്ന പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടപ്പാക്കുകയാണ് ആര്‍എസ്എസ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെതിരെ നടപടി സ്വീകരിച്ചപ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഒരു കേസുപോലും രജിസ്റ്റര്‍ചെയ്തില്ല. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു. ഇതൊരു സംഘടിത കുറ്റകൃത്യമായിട്ടും, പരാതി ലഭിക്കാതെ കേസ് എടുക്കേണ്ട കുറ്റമായിട്ടും ഒരു കേസും രജിസ്റ്റര്‍ചെയ്യാതെ ആര്‍എസ്എസിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.വിലക്കയറ്റം, അഴിമതി, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം, വികസനമുരടിപ്പ്, ക്രമസമാധാന തകര്‍ച്ച, വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണം, പരമ്പരാഗത- പൊതുമേഖലാ വ്യവസായങ്ങളുടെയും കാര്‍ഷികമേഖലയുടെയും തകര്‍ച്ച- ഇതെല്ലാമാണ് യുഡിഎഫ് ഭരണത്തിന്റെ അടയാളങ്ങള്‍.

വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് പരിതപിക്കുകയാണ് മുഖ്യമന്ത്രി. ഒരു വര്‍ഷത്തെ മോഡിഭരണംമാത്രമല്ല, യുപിഎ ഭരണനടപടികളും യുഡിഎഫ് നയവൈകല്യങ്ങളുമാണ് ഇന്നത്തെ അനിയന്ത്രിത വിലക്കയറ്റത്തിന് കാരണം. പൊതുവിതരണസമ്പ്രദായം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് തകര്‍ത്തു. ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിച്ചു. റേഷന്‍ഷോപ്പുകളില്‍ ഭക്ഷ്യവസ്തുവിതരണം ഇല്ലാതായി. നീതിസ്റ്റോറുകളും മാവേലിസ്റ്റോറുകളും തകര്‍ന്നു. മാര്‍ക്കറ്റില്‍ ഇടപെടാന്‍ യുഡിഎഫ് സര്‍ക്കാര്‍ പണം നല്‍കിയില്ല. അരി, ഗോതമ്പ്, പഞ്ചസാര, പച്ചക്കറി, പലവ്യഞ്ജനം, മാംസം, മുട്ട, മത്സ്യം, പാല്‍ തുടങ്ങി എല്ലാ അവശ്യവസ്തുക്കള്‍ക്കും വില വര്‍ധിച്ചു.

ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്ക് 20 ശതമാനംമുതല്‍ 200 ശതമാനംവരെ വില കൂട്ടി. ബസ് ചാര്‍ജ്, ഇലക്ട്രിസിറ്റി ചാര്‍ജ്, വസ്തുനികുതി, കുടിവെള്ള ചാര്‍ജ് എന്നിവ സര്‍ക്കാര്‍തന്നെ വര്‍ധിപ്പിച്ചു. നാലുവര്‍ഷത്തിനിടയില്‍ 8412 കോടി രൂപയുടെ അധിക നികുതിയും വൈദ്യുതിചാര്‍ജിനത്തില്‍ 3500 കോടി രൂപയുടെ അധികബാധ്യതയും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. 60,000 കോടി രൂപ പുതുതായി കടം വാങ്ങി. എന്നിട്ടും ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാണ്. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലാണ്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് നാലുമാസമായി പെന്‍ഷനില്ല. 22 പെന്‍ഷന്‍കാര്‍ ആത്മഹത്യചെയ്തു. കരാറുകാര്‍ക്ക് 3600 കോടി രൂപ കുടിശ്ശികയായതിനാല്‍ നിര്‍മാണജോലികള്‍ സ്തംഭിച്ചു.റബര്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ തുടങ്ങി. ഒരു കിലോ റബറിന് 250 രൂപ കിട്ടിയ സ്ഥാനത്ത് ഇന്ന് 125 രൂപയ്ക്കുപോലും എടുക്കാന്‍ ആളില്ലാതായി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഇറക്കുമതിനയം റബര്‍കൃഷിക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടു. റബര്‍ സംഭരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി.

അഴിമതിയില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു എന്നതാണ് യുഡിഎഫ് ഭരണത്തെ വ്യത്യസ്തമാക്കുന്നത്. സോളാര്‍, ബാര്‍, സലിംരാജിന്റെ ഭൂമികുംഭകോണം, ഉതുപ്പിന്റെ നേഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ്, പാമൊലിന്‍, ടൈറ്റാനിയം, കെഎംഎംഎല്‍, പ്ലസ്ടു കുംഭകോണങ്ങള്‍ എന്നിവ ഉമ്മന്‍ചാണ്ടിയുടെ ഭരണം അഴിമതി ഭരണമാണെന്ന് വിളംബരംചെയ്യുന്നു. ആറുമന്ത്രിമാര്‍ വിജിലന്‍സ് കേസിലെ പ്രതികള്‍. മറ്റ് ആറുപേര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഇത്തരമൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടോ? എല്ലാ അഴിമതികളും ഭരണം ഉപയോഗിച്ച് മൂടിവയ്ക്കുകയും അഴിമതിക്കേസുകള്‍ അട്ടിമറിക്കുകയുംചെയ്യുന്നു. നിയമനം, സ്ഥലംമാറ്റം, എന്‍ഒസി നല്‍കല്‍, പദ്ധതികള്‍ അംഗീകരിക്കല്‍ ഇതിലെല്ലാം അഴിമതി നടക്കുന്നു എന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കുവരെ പരസ്യമായി സമ്മതിക്കേണ്ടിവന്നു.

സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍പ്പോലും രക്ഷയില്ലാതായി. ഗാര്‍ഹികപീഡനങ്ങള്‍ വര്‍ധിച്ചു. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എതിരായ ബലാത്സംഗങ്ങള്‍ കൂടിവരുന്നു. എരുവട്ടിയില്‍ സരോജിനിയമ്മയെ വീട്ടില്‍ കയറിയാണ് ബോംബ് എറിഞ്ഞുകൊന്നത്. നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് ജീവനക്കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. നിയമസഭാ അംഗങ്ങളായ സ്ത്രീകളെ സഭയ്ക്കകത്തുവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ കൈയേറ്റംചെയ്ത സംഭവംവരെ ഉണ്ടായി.

വികസനപദ്ധതികള്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയുംമാത്രമാണ് പണി നടക്കുന്നത്. വിഴിഞ്ഞം ഹാര്‍ബര്‍, നാലുവരിപാത, ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍, ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി, സ്മാര്‍ട്ട്സിറ്റി, പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി ഇവയെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി.

ക്രമസമാധാനം തകര്‍ന്നു. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതായി. സിപിഐ എമ്മിന്റെ 25 പ്രവര്‍ത്തകരാണ് ഇക്കാലയളവില്‍ കൊലചെയ്യപ്പെട്ടത്. കോണ്‍ഗ്രസുകാരായ രണ്ടുപേരെ കോണ്‍ഗ്രസുകാര്‍തന്നെ വെട്ടിക്കൊന്നു. പൊലീസുകാരെ ക്രിമിനലുകള്‍ വെട്ടിക്കൊല്ലുന്നു. കൊല്ലത്തെ എസ്ഐയെ കൊന്ന പ്രതിയെ മൂന്നരവര്‍ഷമായിട്ടും പിടികൂടിയില്ല. കണ്ണൂരില്‍ എസ്ഐയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മണല്‍മാഫിയാ സംഘത്തിന്റെ പ്രധാനികളെ പിടികൂടാന്‍ ഒരുമാസമായിട്ടും കഴിഞ്ഞില്ല. പൊലീസ് പിടികൂടുന്ന പ്രതികളെ യുഡിഎഫ് നേതാക്കള്‍ ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകുന്നു. കല്‍പ്പറ്റയിലും വളപട്ടണത്തും ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. പൊലീസ് ഉന്നതര്‍ക്ക് നോക്കിനില്‍ക്കേണ്ടിവന്നു. കേരള പൊലീസിന്റെ സംരക്ഷണം പട്ടാളത്തെ ഏല്‍പ്പിക്കേണ്ട സ്ഥിതിയായി.

പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും വാണിജ്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുകയും ചെയ്തു. അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നു. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നു. സ്വയംഭരണപദവിയുടെ മറവില്‍ സര്‍ക്കാര്‍ കോളേജുകളെ സ്വാശ്രയ കോളേജുകളാക്കി. എസ്എസ്എല്‍സി പരീക്ഷാഫലംപോലും കുറ്റമറ്റരീതിയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. തോറ്റ വിദ്യാര്‍ഥി ജയിക്കുന്നു! ജയിച്ച വിദ്യാര്‍ഥി തോല്‍ക്കുന്നു!! സ്കൂള്‍ പാഠപുസ്തകങ്ങളും യൂണിഫോമും എപ്പോള്‍ നല്‍കുമെന്നതിന് ഇനിയും വ്യക്തത ഇല്ല. ഇത്തരമൊരു അരാജകാവസ്ഥ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.

കയര്‍, കശുവണ്ടി, ഈറ്റ, പനമ്പ്, കൈത്തറി, ബീഡി, ഓട് തുടങ്ങിയ എല്ലാ പരമ്പരാഗത വ്യവസായങ്ങളെയും തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാക്കി. അഴിമതി, ധൂര്‍ത്ത്, കെടുകാര്യസ്ഥത ഇതിന്റെ ഫലമാണ് ഇത്തരമൊരു ദുഃസ്ഥിതി സംജാതമായത്. ഈ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്‍ഡിഎഫിനുമാത്രമേ കഴിയുകയുള്ളൂ. ഇത് തിരിച്ചറിയുന്ന കേരളീയന്റെ ശബ്ദം അരുവിക്കരയില്‍നിന്ന് ഉയരണം. ഇതിനായി എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കണം

 

11-Jun-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More