അഴിമതിക്കെതിരെ ഒറ്റക്കെട്ടായി ഒരു ജനത

അഴിമതിയും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം തടുത്തുനിര്‍ത്താന്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങളും കേരളത്തില്‍ നടത്തുകയാണ്. ആര്‍എസ്എസുകാരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന ആവേശം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ അട്ടിമറിക്കുന്നതിനുള്ള സമീപനങ്ങളാണ് നടക്കുന്നത്.

ആപല്‍ക്കരമായ അവസ്ഥ സൃഷ്ടിച്ച് അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ഒരു ഭാഗത്തും, കേന്ദ്രത്തിലെ അഴിമതി ചര്‍ച്ചചെയ്യപ്പെടാതിരിക്കാന്‍ ബിജെപി കേരളത്തിലെ അഴിമതികള്‍ക്കുനേരെയും കണ്ണടയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുനടത്തുന്നത്. കേന്ദ്രത്തിലെ ബിജെപി അഴിമതിക്കെതിരെയും കേരളത്തിലെ യുഡിഎഫ് അഴിമതിക്കെതിരെയും ഉയര്‍ന്നുവരുന്ന ശക്തമായ മുന്നേറ്റമായിരിക്കും വരാനിരിക്കുന്ന അഴിമതിവിരുദ്ധ പ്രതിഷേധം.

രാജ്യത്ത് വന്‍തോതില്‍ അഴിമതി വ്യാപിക്കുകയാണ്. ഇതിനെതിരായി ജൂലൈ 20ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇടതുപക്ഷകക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ അന്ന് വൈകുന്നേരം അഞ്ചുമുതല്‍ ഏഴുവരെ 140 മണ്ഡലങ്ങളില്‍ സായാഹ്നധര്‍ണ നടത്തി പ്രതിഷേധദിനം ആചരിക്കും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ വമ്പിച്ച അഴിമതിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന മുദ്രാവാക്യമായിരുന്നു ബിജെപി മുന്നോട്ടുവച്ചത്. എന്നാല്‍, മറ്റെല്ലാ മേഖലയിലും എന്ന പോലെ ഈ വാഗ്ദാനവും ജലരേഖയായി. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ്.

ബിജെപി ഏറെക്കാലമായി ഭരിക്കുന്ന മധ്യപ്രദേശിലെ വ്യാപം അഴിമതി രാജ്യത്താകമാനം ചര്‍ച്ചയായി. മെഡിക്കല്‍, എന്‍ജിനിയറിങ് സീറ്റുകളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ ഒഴിവിലേക്കും നിയമനത്തിനായുള്ള പരീക്ഷ നടത്തുന്നത് മധ്യപ്രദേശില്‍ മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാമണ്ഡല്‍ എന്ന ഏജന്‍സിയാണ്. അതിന്റെ ചുരുക്കപ്പേരാണ് വ്യാപം എന്നത്. ഈ പരീക്ഷയില്‍ നടത്തിയിട്ടുള്ള അഴിമതി 77 ലക്ഷത്തോളം യുവാക്കളെ നേരിട്ട് ബാധിച്ചതാണ്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും ഉള്‍പ്പെടെ കുറ്റാരോപിതരായി ജയിലഴിക്കുള്ളിലായി. രണ്ടായിരത്തോളം പേരെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. കേസിലെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി ഉമാഭാരതിതന്നെ, താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിക്കുന്ന സ്ഥിതിപോലും ഉണ്ടായി.

അത്യന്തം ഗുരുതരമായ ഈ സ്ഥിതി കണക്കിലെടുത്താണ് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതിയില്‍ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗവര്‍ണര്‍ രാംനരേഷ് യാദവിനും ഗവര്‍ണറെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇത്ര ഗുരുതരമായ സ്ഥിതിഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതെങ്കിലും തരത്തില്‍ താരതമ്യമുണ്ടെങ്കില്‍ അത് നാഗര്‍വാല കേസുമായി മാത്രമാണ്. ഛത്തീസ്ഗഡില്‍ പൊതുവിതരണസമ്പ്രദായത്തില്‍ ഒരു രൂപയ്ക്ക് ഒരുകിലോ അരി പദ്ധതിയുടെ പേരില്‍ നടത്തിയ 36,000 കോടി രൂപയുടെ അഴിമതി പുറത്തുവന്നു. മുഖ്യമന്ത്രി രമണ്‍സിങ്ങാണ് ഇതില്‍ ഉള്‍പ്പെട്ടത്. ഒരുവര്‍ഷം രാജ്യത്ത് തൊഴിലുറപ്പുപദ്ധതിക്ക് നീക്കിവയ്ക്കുന്ന അത്രയും തുകയാണ് തട്ടിയെടുത്തത്. മഹാരാഷ്ട്രയില്‍ വിനോദ് താവ്‌ഡെ എന്ന മന്ത്രി ടെന്‍ഡര്‍ വിളിക്കാതെ 191 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതിലുള്ള അഴിമതിയും സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി പങ്കജ് മുണ്ഡെ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കാതെ 206 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയതിന്റെ പിന്നിലെ അഴിമതിയുമാണ് തെളിവുസഹിതം പുറത്തുവന്നത്.

ഐപിഎല്‍ കോഴവിവാദത്തില്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ലളിത് മോഡി. അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് യാത്രാനുമതി നല്‍കുന്നതിന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ ലളിത് മോഡിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിന് സത്യവാങ്മൂലം നല്‍കുകയുണ്ടായി. തന്റെ പ്രസ്താവന ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നുപോലും ആ കത്തില്‍ പറയുന്നു. ബിജെപിയുടെ രാജ്യസ്‌നേഹം തെളിയിക്കുന്നതിന് ഇതില്‍പ്പരം മറ്റെന്താണ് വേണ്ടത്. വസുന്ധര രാജെ ഇത്തരം കത്ത് നല്‍കുന്നതിന് ഇടയാക്കിയത് മകന്റെ ഹോട്ടലിന്റെ 10 രൂപ വിലയുള്ള ഓഹരികള്‍ ഓരോ ഓഹരിയും 96,000 രൂപ വീതം നല്‍കി വാങ്ങിയതുകൊണ്ടുകൂടിയാണ്. ഇങ്ങനെ ലഭിച്ച പണം വസുന്ധര രാജെയ്ക്ക് ജന്മദിനസമ്മാനായി കൈമാറുകയും ചെയ്തു. അഴിമതിയില്‍ ബിരുദം നേടിയ കോണ്‍ഗ്രസിനെ പിന്നിലാക്കി 14 മാസംകൊണ്ട് ബിജെപി ബിരുദാനന്തര ബിരുദം നേടി.

കോര്‍പറേറ്റുകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ഒരു അവിശുദ്ധകൂട്ടുകെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്നിരുന്നു. അതേ നിലയിലേക്കുതന്നെയാണ് രാജ്യത്തെ ബിജെപിയും നയിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കളാണെന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തില്‍ യുഡിഎഫ് ഭരണത്തിന് കീഴില്‍ നടക്കുന്ന അഴിമതി ഇക്കാര്യത്തിന് അടിവരയിടുന്നു. മന്ത്രിസഭയിലെ ആറുപേര്‍ അഴിമതിക്കേസില്‍ പ്രതികളാണ്. യുഡിഎഫ് സര്‍ക്കാര്‍തന്നെ പ്രാഥമിക അന്വേഷണം നടത്തി ധനമന്ത്രി കെ എം മാണിക്കെതിരെയുള്ള ആരോപണം കാമ്പുള്ളതാണെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങി. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെ ഉപയോഗപ്പെടുത്തി കേസ് അട്ടിമറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. ബാര്‍ കോഴക്കേസില്‍ 164ാം വകുപ്പ് പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ എക്‌സൈസ് മന്ത്രി കെ ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല.

കേസ് അട്ടിമറിക്കുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് പാമൊലിന്‍ അഴിമതി കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ വ്യക്തമാകും. പ്രതിമാസം 15,000 മെട്രിക് ടണ്‍ എന്ന കണക്കില്‍ 1992 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 30,000 മെട്രിക് ടണ്‍ പാമോയില്‍ ഇറക്കുമതിചെയ്തു. ഒരു മെട്രിക് ടണ്ണിന് 405 ഡോളറായിരുന്നു വില. ഇറക്കുമതി നടത്തിയത് മലേഷ്യയിലെ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ഇടപാട് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് 1994 ഫെബ്രുവരി രണ്ടിലെ സിഎജി റിപ്പോര്‍ട്ട് നിരീക്ഷിച്ചു. 1996 മാര്‍ച്ച് 19ന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിലും ഈ ക്രമക്കേട് വ്യക്തമാവുകയുണ്ടായി. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനായിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ ഈ കേസ് അട്ടിമറിക്കുന്നതിന് ശ്രമിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് കേസ് മുന്നോട്ടുകൊണ്ടുപോയത്. ഇതും അട്ടിമറിക്കുന്നതിനുള്ള ഇടപെടലാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്ക് അനിഷേധ്യമായി തെളിയിക്കുന്നതാണ്.

ടൈറ്റാനിയം അഴിമതിക്കേസിലും ഉമ്മന്‍ ചാണ്ടിയുടെ ഉത്തരവാദിത്തം വ്യക്തമാണ്. 120 കോടി രൂപ വാര്‍ഷിക വിറ്റുവരവുളള ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ 256 കോടി രൂപയുടെ മലിനീകരണ നിവാരണ പദ്ധതി നടപ്പാക്കാന്‍ 2006ല്‍ തന്റെ ഭരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയുണ്ടായി. ടൈറ്റാനിയം കമ്പനിക്ക് വന്‍ ബാധ്യത വരുന്ന പദ്ധതി മെക്കോണിന് നല്‍കാന്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന കാര്യമാണ് ഉയര്‍ന്നുവന്നത്. ഈ അഴിമതിയും തേയ്ച്ചുമായ്ച്ച് കളയാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ പരമ്പരതന്നെയാണ് അരങ്ങേറിയത്. സോളാര്‍ കേസില്‍ സരിത നായര്‍ക്ക് തട്ടിപ്പ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് ശ്രീധരന്‍നായരുടെ മൊഴിയില്‍ വ്യക്തമാണ്. പിന്നീടുവന്ന തെളിവുകളും ഇതിനെ ശക്തിപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേരെ പുറത്താക്കേണ്ട സാഹചര്യം ഉയര്‍ന്നുവന്നത് ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവന്നു. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പ്പറത്തിതന്നെയും തന്റെ ഓഫീസിനെയും അന്വേഷണത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ ഭരണസ്വാധീനം ഉപയോഗിച്ച് ടേംസ് ഓഫ് റഫറന്‍സ് തന്നെ മാറ്റിയെഴുതി.

എന്നാല്‍, പിന്നീട് ഇടതുപക്ഷ സംഘടനകള്‍ നടത്തിയ നിയമപരമായ ഇടപെടലുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയതും കേരളീയര്‍ മനസ്സിലാക്കിയതാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ കടകംപള്ളി കളമശേരി ഭൂമിയിടപാടില്‍ സിബിഐ അറസ്റ്റ് ചെയ്തു. അതിശക്തമായ പിന്‍ബലമില്ലാതെ ഇത്തരമൊരു തട്ടിപ്പ് നടത്താനാകില്ല. ഇതിന്റെ പിന്നിലെ ശക്തിയും മുഖ്യമന്ത്രിതന്നെ. സോളാര്‍ കുംഭകോണം, കടകംപള്ളി കളമശേരി ഭൂമിതട്ടിപ്പ് കേസ്, സ്വര്‍ണ കള്ളക്കടത്ത് കേസ്, വ്യാജ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് വഴി അഴിമതി നടത്തിയ പ്രശ്‌നം തുടങ്ങിയവ സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്ത ആരോപണങ്ങളാണ്. ഇത്തരം അഴിമതികളുടെ പിന്നിലും സംരക്ഷകനായി മുഖ്യമന്ത്രിയുണ്ട്്.

വിദ്യാഭ്യാസരംഗത്ത് ലോകപ്രസിദ്ധി നേടിയ കേരളത്തില്‍ കുട്ടികള്‍ക്ക് പാഠപുസ്തകംപോലും നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്, സ്വകാര്യപ്രസിന് അച്ചടി നല്‍കാനുള്ള ഗൂഢപദ്ധതിയുടെ ഫലമാണ്. പ്ലസ്ടു രംഗത്തെ അഴിമതിയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. യൂണിവേഴ്‌സിറ്റി ഭൂമിപോലും റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായി പതിച്ചുവില്‍ക്കുന്ന സ്ഥിതിയിലേക്ക് കേരളം എത്തി. എമര്‍ജിങ് കേരള എന്ന പേരില്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസനപദ്ധതികള്‍ സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് നല്‍കുന്നതിനായിരുന്നു. വികസനം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരം ഉപയോഗിച്ച് വിഴിഞ്ഞംപദ്ധതി അദാനി ഗ്രൂപ്പിന് നല്‍കി ഉമ്മന്‍ ചാണ്ടിയുടെ രഹസ്യ കരാര്‍ നടപ്പാക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പിനെ മാനേജ് ചെയ്യുന്നതില്‍ അദാനി വിജയിച്ചതോടെ ഉമ്മന്‍ ചാണ്ടിക്ക് ഉദ്ദേശിച്ച ഫലം ലഭ്യമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. മന്ത്രിമാരുടെ ഇത്തരം നയങ്ങള്‍ സ്വാഭാവികമായും അടിത്തട്ടിലോളം വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കല്‍, എന്‍ഒസി കൊടുക്കല്‍ ഇവയുടെ പേരിലെല്ലാം കൈക്കൂലി വാങ്ങുന്നുവെന്ന് കെപിസിസി പ്രസിഡന്റുതന്നെ പരസ്യമായി പറയുകയുണ്ടായി. അഴിമതി കേരളത്തില്‍ വ്യാപിക്കുന്നുവെന്ന് എ കെ ആന്റണിയും പറയുകയുണ്ടായി. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് അഴിമതി തിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ പോലും നിസ്സഹായത പ്രകടിപ്പിക്കുന്നു എന്നത് സംസ്ഥാനത്തിന്റെ ഭരണം ഉമ്മന്‍ ചാണ്ടിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം തടുത്തുനിര്‍ത്താന്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങളും കേരളത്തില്‍ നടത്തുകയാണ്. ആര്‍എസ്എസുകാരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന ആവേശം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ അട്ടിമറിക്കുന്നതിനുള്ള സമീപനങ്ങളാണ് നടക്കുന്നത്.

ആപല്‍ക്കരമായ അവസ്ഥ സൃഷ്ടിച്ച് അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ഒരു ഭാഗത്തും, കേന്ദ്രത്തിലെ അഴിമതി ചര്‍ച്ചചെയ്യപ്പെടാതിരിക്കാന്‍ ബിജെപി കേരളത്തിലെ അഴിമതികള്‍ക്കുനേരെയും കണ്ണടയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുനടത്തുന്നത്. കേന്ദ്രത്തിലെ ബിജെപി അഴിമതിക്കെതിരെയും കേരളത്തിലെ യുഡിഎഫ് അഴിമതിക്കെതിരെയും ഉയര്‍ന്നുവരുന്ന ശക്തമായ മുന്നേറ്റമായിരിക്കും വരാനിരിക്കുന്ന അഴിമതിവിരുദ്ധ പ്രതിഷേധം.

19-Jul-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More