സംവരണവും സിപിഐ എം നിലപാടും

ആര്‍എസ്എസിന്റെ സംവരണവിരുദ്ധ നിലപാടിനെ അനുകൂലിച്ച് കേന്ദ്ര ഭരണകക്ഷിയായ ശിവസേനയും രംഗത്തെത്തി. മോഹന്‍ ഭാഗവതിന്റെ അഭിപ്രായത്തെ തള്ളിപ്പറയാന്‍ നരേന്ദ്രമോഡി ഇതേവരെ തയ്യാറായിട്ടില്ല. സന്ദര്‍ഭം കിട്ടിയാല്‍ ഇന്ത്യയിലെ സംവരണം ബിജെപി എടുത്തുകളയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം നിലപാട് സ്വീകരിച്ച സംഘപരിവാറുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ്, സംവരണത്തിനായി എല്ലാക്കാലത്തും കേരളത്തില്‍ നിലകൊണ്ടുവരുന്ന എസ്എന്‍ഡിപി നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ നീക്കം. ഈ നിലപാട് പിന്നോക്ക ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനല്ല എന്ന് വ്യക്തം. സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പരിഗണിച്ചാണ് സംവരണകാര്യത്തില്‍ സിപിഐ എം എക്കാലത്തും നിലപാട് സ്വീകരിച്ചത്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംവരണ ആവശ്യം ഉയര്‍ന്നുവന്നു. അതിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയും തയ്യാറായി. മറ്റ് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി സംവരണപ്രശ്‌നത്തെ കമ്യൂണിസ്റ്റ് പാര്‍ടി വര്‍ഗസമരത്തിന്റെ ഭാഗമായാണ് കണ്ടത്. പിന്നോക്ക ദളിത് വിഭാഗങ്ങളെ ഉള്‍പ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്‌കരണം പ്രധാനമാണെന്ന് പാര്‍ടി കണ്ടു. 1957ലെ സര്‍ക്കാര്‍ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ടി വിലയിരുത്തി. കേരളത്തിലുള്ളതുപോലെ കേന്ദ്രസര്‍വീസിലും പിന്നോക്കവിഭാഗത്തിന് സംവരണം ആവശ്യമാണെന്ന നിലപാടിനൊപ്പം പാര്‍ടി ഉറച്ചുനിന്നു. പിന്നോക്കവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാര്‍ടി കണ്ടു. അതിനാല്‍, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് അനിവാര്യമാണെന്നും പാര്‍ടി വിലയിരുത്തി. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് ആദ്യ പരിഗണന ലഭിക്കണം എന്ന സമീപനം സ്വീകരിച്ചു. പാര്‍ടി മുന്നോട്ടുവച്ച ഈ നയത്തെയാണ് സുപ്രീംകോടതി പില്‍ക്കാലത്ത് അംഗീകരിച്ചത്.

സംവരണനയത്തില്‍ മാറ്റം നിര്‍ദേശിക്കുന്നതിന് ഒരു സമിതിക്ക് രൂപംനല്‍കണമെന്ന ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന സംവരണപ്രശ്‌നത്തെ വീണ്ടും സജീവ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു. ഇത് യാദൃച്ഛികമല്ല. ദിവസങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസ് നേതാവ് വൈദ്യയും ഇതേതരത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഗുജറാത്തില്‍ പട്ടേല്‍വിഭാഗം സംവരണത്തിനായി പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണങ്ങള്‍ എന്നതും ശ്രദ്ധേയം.

ആര്‍എസ്എസിന്റെ സംവരണവിരുദ്ധ നിലപാടിനെ അനുകൂലിച്ച് കേന്ദ്ര ഭരണകക്ഷിയായ ശിവസേനയും രംഗത്തെത്തി. മോഹന്‍ ഭാഗവതിന്റെ അഭിപ്രായത്തെ തള്ളിപ്പറയാന്‍ നരേന്ദ്രമോഡി ഇതേവരെ തയ്യാറായിട്ടില്ല. സന്ദര്‍ഭം കിട്ടിയാല്‍ ഇന്ത്യയിലെ സംവരണം ബിജെപി എടുത്തുകളയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം നിലപാട് സ്വീകരിച്ച സംഘപരിവാറുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ്, സംവരണത്തിനായി എല്ലാക്കാലത്തും കേരളത്തില്‍ നിലകൊണ്ടുവരുന്ന എസ്എന്‍ഡിപി നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ നീക്കം. ഈ നിലപാട് പിന്നോക്ക ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനല്ല എന്ന് വ്യക്തം.

ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും ജാതീയമായ വിഭജനങ്ങളെയും ശാശ്വതമായി നിര്‍ത്തുകയാണ് സംഘപരിവാര്‍ അജന്‍ഡ. ആര്‍എസ്എസിന്റെ താത്വികഗ്രന്ഥമായ വിചാരധാരയില്‍ ഈ സമീപനം വ്യക്തമാക്കുന്നുണ്ട്. ''ജാതികള്‍ പ്രാചീനകാലത്തും നൂറ്റാണ്ടുകാലത്ത് തുടര്‍ച്ചയായി സമുജ്വല രാഷ്ട്രീയ ജീവിതത്തിലും നിലവിലുണ്ടായിരുന്നു. സമാജത്തിന്റെ പുരോഗതിയെ അത് തടസ്സപ്പെടുത്തിയെന്നോ ഐക്യത്തെ ശിഥിലമാക്കിയെന്നോ ഒറ്റ ഉദാഹരണവും കാണില്ല. മറിച്ച് സാമൂഹ്യകെട്ടുറപ്പിന് ഒരു ഉറച്ച കണ്ണിയായി അത് വാസ്തവത്തില്‍ സഹായിക്കുകയാണ് ചെയ്തത്''. ജാതിയുടെ പേരില്‍ രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ സംഘപരിവാര്‍ പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്. ഗോള്‍വാള്‍ക്കര്‍ വിചാരധാര എഴുതുന്ന കാലത്ത് രാജ്യവ്യാപകമായി പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കാണ് സംവരണം ഉണ്ടായിരുന്നത്. ആ സംവരണത്തെ സംബന്ധിച്ച് അദ്ദേഹം എഴുതുന്നു.

''ജാതിയില്‍മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രത്യേക വിഭാഗത്തില്‍ തുടരുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യും. സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവര്‍ ഇഴുകിച്ചേരുന്നതിന് ഇത് തടസ്സമാണ്''. ഭരണഘടനാപരമായ ദളിത് സംവരണത്തെപ്പോലും ആര്‍എസ്എസിന് അംഗീകരിക്കാനാകുന്നില്ല എന്നര്‍ഥം. ഇത്തരം നയമുള്ളവര്‍ക്ക് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനാകില്ലെന്ന് വ്യക്തമാണല്ലോ.

പിന്നോക്ക സംവരണകാര്യത്തിലെ കോണ്‍ഗ്രസിന്റെ കള്ളക്കളികളും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പിന്നോക്കവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണ് ഒന്നാം പിന്നോക്കവര്‍ഗ കമീഷന്‍ രൂപീകരിച്ചത്. കാലേക്കര്‍ കമീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 1956ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പിന്നോക്ക വിഭാഗങ്ങളുടെ സംവരണകാര്യത്തില്‍ ആര്‍എസ്എസിന് പ്രത്യക്ഷമായും കോണ്‍ഗ്രസിന് പരോക്ഷമായും ഒരേ അജന്‍ഡയാണ് ഉണ്ടായിരുന്നത് എന്നര്‍ഥം. ഇന്ത്യയില്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍വരുന്നത് 1977ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. അന്ന് ഇടതുപക്ഷ പിന്തുണയോടെ അധികാരത്തില്‍വന്ന ജനത സര്‍ക്കാരാണ് മണ്ഡല്‍കമീഷന്‍ എന്നപേരില്‍ രണ്ടാം പിന്നോക്കവര്‍ഗ വിഭാഗ കമീഷനെ നിയമിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് ലഭിക്കുന്നതിനുമുമ്പ് ആ സര്‍ക്കാര്‍ പുറത്തുപോയി. പിന്നീടുവന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൈയില്‍ 1980ലാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഇത് നടപ്പാക്കാനും കോണ്‍ഗ്രസ് തയ്യാറായില്ല.

വി പി സിങ്ങിന്റെ സര്‍ക്കാര്‍ ഇടതുപക്ഷ പിന്തുണയോടെ അധികാരത്തില്‍ വന്നതോടെയാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയായ കേന്ദ്രസര്‍വീസില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത് (1990 ആഗസ്ത് 13). ഇതോടെ പിന്നോക്കസംവരണത്തെ എക്കാലത്തും എതിര്‍ത്ത കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പാര്‍ടികളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. മാത്രമല്ല, ഈ ഉത്തരവിനെ ചോദ്യംചെയ്തുള്ള നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെടുകയുംചെയ്തു. കോടതി ഇടപെട്ട് ഇതിന്റെ അനന്തരനടപടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്പ്പിച്ചു.

പിന്നോക്കസംവരണവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് അതില്‍നിന്ന് ശ്രദ്ധതിരിക്കുക എന്ന ലക്ഷ്യത്തോടെ രഥയാത്രയും ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുള്ള പദ്ധതികളുമായും സംഘപരിവാര്‍ മുന്നോട്ടുവന്നത്. വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോള്‍ രഥയാത്ര തടഞ്ഞു. ഇതിന്റെപേരില്‍ വി പി സിങ്ങിനെതിരെ ബിജെപി പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസ് പിന്തുണയോടെ ഈ അവിശ്വാസം പാസാവുകയും വി പി സിങ്ങിന് പുറത്തുപോകേണ്ടിവരികയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ക്കുന്നത് കോണ്‍ഗ്രസ് തടയാതിരുന്നത് മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലെ ഇത്തരം സമീപനത്തിന്റെകൂടി പശ്ചാത്തലത്തിലാണ്.

വി പി സിങ് സര്‍ക്കാര്‍ ഉയര്‍ത്തിവിട്ട പിന്നോക്കവിഭാഗത്തിന്റെ സംവരണാവശ്യം പിന്നീടുവന്ന നരസിംഹറാവു സര്‍ക്കാരിന് പരിഗണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രയേറെ സമ്മര്‍ദം രാജ്യത്ത് രൂപപ്പെട്ട് കഴിഞ്ഞിരുന്നു. നരസിംഹറാവു സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് 1992 നവംബര്‍ 16ന് പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം സുപ്രീംകോടതി അംഗീകരിച്ചത്. അതോടൊപ്പം മേല്‍ത്തട്ടുകാരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വി പി സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ കേന്ദ്രസര്‍വീസില്‍ പിന്നോക്കസംവരണം ഉണ്ടാകുമായിരുന്നില്ല എന്ന യാഥാര്‍ഥ്യമാണ് ഈ സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പരിഗണിച്ചാണ് സംവരണകാര്യത്തില്‍ സിപിഐ എം എക്കാലത്തും നിലപാട് സ്വീകരിച്ചത്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംവരണ ആവശ്യം ഉയര്‍ന്നുവന്നു. അതിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയും തയ്യാറായി. മറ്റ് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി സംവരണപ്രശ്‌നത്തെ കമ്യൂണിസ്റ്റ് പാര്‍ടി വര്‍ഗസമരത്തിന്റെ ഭാഗമായാണ് കണ്ടത്. പിന്നോക്ക ദളിത് വിഭാഗങ്ങളെ ഉള്‍പ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്‌കരണം പ്രധാനമാണെന്ന് പാര്‍ടി കണ്ടു. 1957ലെ സര്‍ക്കാര്‍ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ടി വിലയിരുത്തി.

കേരളത്തിലുള്ളതുപോലെ കേന്ദ്രസര്‍വീസിലും പിന്നോക്കവിഭാഗത്തിന് സംവരണം ആവശ്യമാണെന്ന നിലപാടിനൊപ്പം പാര്‍ടി ഉറച്ചുനിന്നു. പിന്നോക്കവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാര്‍ടി കണ്ടു. അതിനാല്‍, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് അനിവാര്യമാണെന്നും പാര്‍ടി വിലയിരുത്തി. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് ആദ്യ പരിഗണന ലഭിക്കണം എന്ന സമീപനം സ്വീകരിച്ചു. പാര്‍ടി മുന്നോട്ടുവച്ച ഈ നയത്തെയാണ് സുപ്രീംകോടതി പില്‍ക്കാലത്ത് അംഗീകരിച്ചത്.

സുപ്രീംകോടതി വിധിയില്‍ ഉണ്ടായ ഒരു പ്രധാന ദൗര്‍ബല്യം പാര്‍ടി എടുത്തുപറഞ്ഞു. പിന്നോക്കവിഭാഗത്തിന് ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി സംവരണം ലഭിക്കുമ്പോള്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് പ്രഥമ പരിഗണന ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. എന്നാല്‍, ആ വിഭാഗത്തില്‍ പാവപ്പെട്ടവര്‍ ഇല്ലെങ്കില്‍ ആ ഉദ്യോഗം പൊതു ക്വോട്ടയിലേക്ക് പോകുന്ന സ്ഥിതിയാണുണ്ടാവുക. ഇത് പിന്നോക്കവിഭാഗത്തിന്റെ അവകാശം നഷ്ടപ്പെടുത്തുന്നതാണ്. അതിനാല്‍, പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ ഇല്ലെങ്കില്‍ സംവരണസമുദായത്തില്‍പ്പെട്ട മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണമെന്ന കാഴ്ചപ്പാട് സ്വീകരിച്ചു. അതായത്, പാവപ്പെട്ടവര്‍ക്ക് പ്രഥമപരിഗണന. അതേസമയം, സംവരണവിഭാഗങ്ങള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാത്ത അവസ്ഥ ഇതാണ് ഈ നിലപാടിന്റെ രത്‌നച്ചുരുക്കം. ഇത് സാധാരണനിലയ്ക്ക് ശാസ്ത്രീയമാണെന്ന് ആരും അംഗീകരിക്കും.

മറ്റൊരു പ്രധാനപ്രശ്‌നവും പാര്‍ടി മുന്നോട്ടുവച്ചു. മുന്നോക്ക വിഭാഗത്തിലെ ഒരുവിഭാഗം വര്‍ത്തമാനകാലത്ത് ഏറെ പുറകോട്ട് പോയിട്ടുണ്ട്. അതിനാല്‍, 10 ശതമാനത്തില്‍ കവിയാത്ത സംവരണം മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കണമെന്ന നിലപാട്. മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം നല്‍കുമ്പോള്‍ നിലവിലുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സംവരണത്തില്‍ ഒരു കുറവും ഉണ്ടാകരുത് എന്നും വ്യക്തമാക്കി. പൊതുവിഭാഗത്തില്‍നിന്നാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇതിനുള്ള ക്വോട്ട കണ്ടെത്തേണ്ടത് എന്നും എടുത്തുപറഞ്ഞു.

അതായത്, സംവരണകാര്യത്തില്‍ മൂന്ന് അടിസ്ഥാന നിലപാടുകള്‍ പാര്‍ടി സ്വീകരിച്ചു. 1) പട്ടികജാതിവര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം. 2) പിന്നോക്കവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന ഉണ്ടാകണം. അവരില്ലെങ്കില്‍ അതിലെതന്നെ സമ്പന്നവിഭാഗത്തെ പരിഗണിക്കണം. 3) മുന്നോക്കത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. ഇതിനായി ഭരണഘടന ഭേദഗതിചെയ്യണം. ഈ നയം നടപ്പാക്കണമെന്നാണ് പാര്‍ടിയുടെ അഭിപ്രായം. ഹിന്ദുക്കളുടെ ദയനീയത പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം നല്‍കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം?

വര്‍ത്തമാനകാലത്ത് ആഗോളവല്‍ക്കരണനയത്തോടെ പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുകയാണ്. പുതിയ നയങ്ങള്‍ സ്വകാര്യമേഖലയിലാണ് തൊഴിലവസരം ഉണ്ടാക്കുന്നത്. ഇത്തരം മേഖലയില്‍ക്കൂടി സംവരണം വ്യാപിപ്പിക്കണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നിട്ടുണ്ട്. ചില കോടതിവിധികളും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നു. ഇത് പ്രാബല്യത്തിലായാല്‍ കോര്‍പറേറ്റുകളുടെ സ്ഥാപനങ്ങളില്‍ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കേണ്ടിവരും. എന്നാല്‍, ഇതിന് അവര്‍ക്ക് താല്‍പ്പര്യമില്ല. എല്ലാ മേഖലയിലും കോര്‍പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കുന്ന ബിജെപി സര്‍ക്കാര്‍ സംവരണത്തെതന്നെ ഇല്ലാതാക്കി കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം ലഭിക്കണമെന്ന ന്യായമായ ആവശ്യംകൂടി നടപ്പാക്കുന്നതിനു പകരം സംവരണത്തെതന്നെ ഇല്ലാതാക്കാനാണ് ഇവര്‍ പരിശ്രമിക്കുന്നത്. മുന്നോക്കമായാലും പിന്നോക്കമായാലും പാവങ്ങള്‍ എന്നത് ഇവരുടെ അജന്‍ഡയിലില്ല.

സംവരണത്തിന്റെ പ്രശ്‌നം ഉയര്‍ത്തി ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത് നിലവിലുള്ള സംവരണത്തെ ഇല്ലാതാക്കാനാണ്. നിലനില്‍ക്കുന്ന ബൂര്‍ഷ്വാ ഭൂപ്രഭു ഭരണവര്‍ഗത്തിന്റെ കീഴില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു എന്നതുകൊണ്ടാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥയ്‌ക്കെതിരെ എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവരുടെ ഐക്യനിരയാണ് ഉയര്‍ന്നുവരേണ്ടത്. അതിലൂടെയേ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അത്തരം പോരാട്ടങ്ങള്‍ക്കായി പാവപ്പെട്ടവരെ യോജിപ്പിക്കുന്നതിനുള്ള നയമാണ് സിപിഐ എം മുന്നോട്ടുവച്ചിട്ടുള്ളത്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെയാകെ യോജിപ്പിക്കുന്നതിനുപകരം അവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി ജനവിരുദ്ധനയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ജാതിപാര്‍ടികള്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും എല്ലാവിഭാഗത്തിലെയും പാവപ്പെട്ടവരെ സംരക്ഷിക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമുള്ള നയമാണ് വേണ്ടത്. അതിന് പാര്‍ടി മുന്നോട്ടുവച്ച സംവരണനയം നടപ്പാക്കണം.

26-Sep-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More