ഞങ്ങള്‍ മുന്നേറുക തന്നെയാണ്

ജനങ്ങളുമായി കൂടുതല്‍ ഇടപഴകി, ജനസേവകരായി പ്രവര്‍ത്തിക്കുക എന്ന സന്ദേശമാണ് ഈ ഇലക്ഷനില്‍ ജനങ്ങള്‍ നല്‍കുന്നത്. അത് സിപിഐ എംന് അനുകൂലമായ മനോഭാവമാണ്. കാരണം സിപിഐ എം ജനങ്ങളോടൊപ്പം തന്നെയാണ്. ജൈവപച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, സ്വാന്ത്വന പരിചരണ യൂണിറ്റുകള്‍ തുടങ്ങിയുള്ള ഞങ്ങളുടെ പരിപാടികള്‍ ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുകയും പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍, ജനങ്ങളുടെ അഭിലാഷത്തെ മാനിച്ച് ഞങ്ങള്‍ തയ്യാറാവും. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലെയും തനത് പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിച്ച് അവയില്‍ ഇടപെടാന്‍ ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന പാഠം. അതിനനുസരിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേതൃത്വം നല്‍കും. ഞങ്ങള്‍ മുന്നേറുക തന്നെ ചെയ്യും.

യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേരളം വിധിയെഴുതിയിരിക്കുന്നു. യു ഡി എഫിനേറ്റ തിരിച്ചടിയാണ് ഇടതുപക്ഷത്തിന്റെ ഉജ്ജ്വല വിജയം. അഴിമതിക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, കെ പി സി സി പ്രസിഡന്റും യു ഡി എഫ് നേതാക്കളും ഇലക്ഷന്‍ ഫലം സര്‍ക്കാരിനെ കുറിച്ചുള്ള ഹിതപരിശോധനയായിരിക്കുമെന്ന് മുന്നേ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ഫലം പുറത്തുവന്നിരിക്കുന്നു. സര്‍ക്കാരിനെതിരെ ജനങ്ങള്‍ തങ്ങളുടെ വികാരം പ്രകടിപ്പിച്ചിരിക്കുന്നു. ഈ ജനവിധി മാനിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ? അദ്ദേഹം ജനങ്ങളെയും ജനങ്ങളുടെ ഈ വിധിയെഴുത്തിനെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാവുന്നതാണ്. അതല്ല വെറും വീണ്‍വാക്ക് പറഞ്ഞതാണെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാം.

ഇതിന് മുമ്പ് നടന്ന ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഭരണത്തിന്റെ വിലയിരുത്തലുണ്ടാവും എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്. പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളകളിലും കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്തും അദ്ദേഹം പറഞ്ഞത് ഈ തെരഞ്ഞെടുപ്പുകള്‍ സമര്‍ക്കാരിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ആണെന്നാണ്. സര്‍ക്കാരിന് അനുകൂലമായ ജനവിധികള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പ്രതീക്ഷിച്ചതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായ ഒരു വിലയിരുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ യു ഡി എഫിനെ വലിച്ചെറിഞ്ഞിരിക്കുന്നു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണം എന്ന മുന്നറിയിപ്പും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. ചിലയിടങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് വന്നത് ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ്. എന്നാല്‍, പാര്‍ലമെന്റ് ഇലക്ഷനില്‍ ബി ജെ പി കാഴ്ചവെച്ച മുന്നേറ്റം നിലനിര്‍ത്താന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ അറുപത്തിരണ്ട് വാര്‍ഡുകളില്‍ ഭൂരിപക്ഷം നേടിയ ബി ജെ പി, ഇപ്പോള്‍ മുപ്പത്തിനാല് വാര്‍ഡുകളായി കുറഞ്ഞു. പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പത്ത് വാര്‍ഡുകളില്‍ മാത്രമാണ് ഭൂരിപക്ഷം നേടിയത്. എന്നാല്‍, ഇപ്പോള്‍ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. പാര്‍ലമെന്റ് ഇലക്ഷനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ എല്‍ ഡി എഫിന് സാധിച്ചു എന്നത് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ്, ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുന്നു. യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ തകരുന്നു എന്നതിന് ഇതില്‍പ്പരം ഒരു തെളിവ് വേറെയില്ല.

കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ് യു ഡി എഫിന് മേല്‍കൈ നേടാന്‍ കഴിഞ്ഞത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് ഗീര്‍വാണം അടിച്ചവരായിരുന്നു യു ഡി എഫുകാര്‍. പക്ഷെ, അവിടെ യു ഡി എഫിന് ഭൂരിപക്ഷമില്ല. കൊല്ലം കോര്‍പ്പറേഷനില്‍ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി ആര്‍ എസ് പിയുടെ ശക്തികേന്ദ്രങ്ങളായ ചില പഞ്ചായത്തുകള്‍ യു ഡി എഫ് സര്‍ക്കാര്‍ കോര്‍പ്പറേഷനില്‍ കൂട്ടി ചേര്‍ത്തു. അവിടെ യു ഡി എഫ് വന്‍ പരാജയം രുചിച്ചു. പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ആര്‍ എസ് പിയെ വലിയൊരു ശക്തിയായി പലരും ഉയര്‍ത്തിക്കാട്ടിയിരുന്നു. ആര്‍ എസ് പിയുടെ ശക്തികേന്ദ്രങ്ങളെന്ന് പറയപ്പെടുന്ന പ്രദേശങ്ങളിലെല്ലാം കനത്ത തിരിച്ചടിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ആര്‍ എസ് പി കാണിച്ച രാഷ്ട്രീയവഞ്ചനയ്ക്കുള്ള മറുപടി അവിടുത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനാവട്ടെ ഒരു കാരണവശാലും എല്‍ ഡി എഫിന് അടുക്കാന്‍ കഴിയരുത് എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയതാണ്. പക്ഷെ, അവിടെ എല്‍ ഡി എഫ്, യു ഡി എഫിനൊപ്പം സീറ്റുകള്‍ നേടി നില്‍ക്കുകയാണ്. ഒരു സീറ്റ് കോണ്‍ഗ്രസ് റിബല്‍ വിജയിച്ചിരിക്കുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രഖ്യാപിച്ചത് നമുക്കറിയാം. എന്നാല്‍, കണ്ണൂരില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ച് യുഡിഎഫിന്റെ കൂടെ നില്‍ക്കാനുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടു കഴിഞ്ഞു. റിബല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വി എം സുധീരന്‍ നടത്തിയ പ്രസ്താവനയില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുനില്‍ക്കുന്നുണ്ടോ?

ഈ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുമായി ചിലര്‍ രംഗത്ത് വന്നിരുന്നു. ആ മുന്നണിക്ക് അവര്‍ പ്രഖ്യാപിച്ചതുപോലെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ എസ് എന്‍ ഡി പി- ബി ജെ പി കൂട്ടുകെട്ടിന് ഒരു വിഭാഗം വോട്ടര്‍മാരില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ വസ്തുതയെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി സന്നദ്ധമാവും. എസ് എന്‍ ഡി പി- ബി ജെ പി സഖ്യത്തിന്റെ ഉദ്ദേശം സിപിഐ എംനെ തകര്‍ക്കുക എന്നതായിരുന്നു. കേരളത്തില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പോകും എന്നായിരുന്നു അവരുടെ ദിവാസ്വപ്നം. കേരളത്തില്‍ ബി ജെ പിയെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്നതായിരുന്നു ആ സഖ്യത്തിന്റെ ഉദ്ദേശ്യം. പക്ഷെ, അത് വിജയം കണ്ടില്ല. വെള്ളാപ്പള്ളി നടേശന്റെ സ്വാധീന കേന്ദ്രങ്ങളില്‍ തന്നെ മെച്ചപ്പെട്ട കാഴ്ചവെക്കാന്‍ ആ മുന്നണിക്ക് സാധിച്ചില്ല. ജനങ്ങള്‍ക്ക് നല്ല തിരിച്ചറിവുണ്ട് എന്നതിന്റെ സൂചനയാണ് ഇത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വരുന്നതിന് മുന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്. ജയപരാജയങ്ങളെ കുറിച്ച് ഫലം പൂര്‍ണമായി വരുമ്പോള്‍ സിപിഐ എം വിശദമായി പരിശോധിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ക്ക് ദൗര്‍ബല്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കും.

ജനങ്ങളുമായി കൂടുതല്‍ ഇടപഴകി, ജനസേവകരായി പ്രവര്‍ത്തിക്കുക എന്ന സന്ദേശമാണ് ഈ ഇലക്ഷനില്‍ ജനങ്ങള്‍ നല്‍കുന്നത്. അത് സിപിഐ എംന് അനുകൂലമായ മനോഭാവമാണ്. കാരണം സിപിഐ എം ജനങ്ങളോടൊപ്പം തന്നെയാണ്. ജൈവപച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, സ്വാന്ത്വന പരിചരണ യൂണിറ്റുകള്‍ തുടങ്ങിയുള്ള ഞങ്ങളുടെ പരിപാടികള്‍ ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുകയും പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍, ജനങ്ങളുടെ അഭിലാഷത്തെ മാനിച്ച് ഞങ്ങള്‍ തയ്യാറാവും. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലെയും തനത് പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിച്ച് അവയില്‍ ഇടപെടാന്‍ ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന പാഠം. അതിനനുസരിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേതൃത്വം നല്‍കും. ഞങ്ങള്‍ മുന്നേറുക തന്നെ ചെയ്യും.

 

07-Nov-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More