കരുത്ത്‌ തെളിയിച്ച തെരഞ്ഞെടുപ്പ്‌ ഫലം

തെരഞ്ഞെടുപ്പുവിധി സര്‍ക്കാരിനുള്ള അംഗീകാരമായിരിക്കും എന്നാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ജനവിധി എതിരായപ്പോള്‍ ജനഹിതം മാനിച്ച് രാജിവച്ച് പോകുന്നതിനുപകരം എല്‍ഡിഎഫിന് 23,000 വോട്ടുമാത്രമാണ് അധികം ലഭിച്ചതെന്ന് പ്രചരിപ്പിച്ചുകൊണ്ട് പരാജയം മറച്ചുപിടിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമമാരംഭിച്ചിട്ടുള്ളത്. യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിന് ഇത്തവണ 3,26,994 വോട്ടാണ് അധികം ലഭിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 1,55,571 വോട്ടാണ് അധികം ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫ് 3,35,573 വോട്ടാണ് നേടിയിരുന്നത്. അന്നെല്ലാം യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന് അഭിമാനിച്ചുനടന്ന ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ എല്‍ഡിഎഫ് മൂന്നരലക്ഷത്തിലധികം വോട്ട് നേടിയിട്ടും എല്‍ഡിഎഫിന്‍റെ വിജയത്തെ ഇകഴ്ത്തി കാണിക്കുന്നതും അധികാരത്തില്‍ തുടരാനുള്ള കുരുട്ടുബുദ്ധിയാണ്. ഇത്തവണ എല്‍ഡിഎഫിന് 82,73,715 വോട്ടും യുഡിഎഫിന് 79,46,721 വോട്ടും ലഭിച്ചു. വോട്ടിങ് ശതമാനം കൃത്യമായി പരിശോധിച്ചാല്‍ എല്‍ഡിഎഫിന് 41.91 ശതമാനവും യുഡിഎഫിന് 40.26 ശതമാനവും ബിജെപിക്ക് 14.28 ശതമാനവുമാണ് ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ ഇതിനുമുമ്പായി നടന്ന തെരഞ്ഞെടുപ്പുമായി താരതമ്യംചെയ്താല്‍ യുഡിഎഫിന്‍റെ വോട്ടിങ് ശതമാനം 2005ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്‍റെ നിലയിലേക്ക് താണിരിക്കുകയാണ്. അന്ന് കരുണാകരന്‍റെ നേതൃത്വത്തിലുള്ള ഡിഐസി യുഡിഎഫിനെതിരായിരുന്നു. ഇന്ന് എല്ലാ ഗ്രൂപ്പും ഒന്നിച്ചുചേര്‍ന്ന കോണ്‍ഗ്രസും അതിന്‍റെ കൂടെ ജനതാദള്‍ (യു), ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് എന്നിവയെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് യുഡിഎഫിന്‍റെ വോട്ട് 40 ശതമാനമായി കുറഞ്ഞു. ഇത് പരിശോധിക്കാനാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്.

2015ലെ തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ മുന്‍കൈ നേടിയത് കേരളരാഷ്ട്രീയത്തില്‍ എല്‍ഡിഎഫിന് അനുകൂലമായ മാറ്റത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. അതോടൊപ്പംതന്നെ യുഡിഎഫിന്‍റെ ശിഥിലീകരണത്തിനും ഇത് വഴിവച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പുവിധി സര്‍ക്കാരിനുള്ള അംഗീകാരമായിരിക്കും എന്നാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ജനവിധി എതിരായപ്പോള്‍ ജനഹിതം മാനിച്ച് രാജിവച്ച് പോകുന്നതിനുപകരം എല്‍ഡിഎഫിന് 23,000 വോട്ടുമാത്രമാണ് അധികം ലഭിച്ചതെന്ന് പ്രചരിപ്പിച്ചുകൊണ്ട് പരാജയം മറച്ചുപിടിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമമാരംഭിച്ചിട്ടുള്ളത്. യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിന് ഇത്തവണ 3,26,994 വോട്ടാണ് അധികം ലഭിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 1,55,571 വോട്ടാണ് അധികം ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫ് 3,35,573 വോട്ടാണ് നേടിയിരുന്നത്. അന്നെല്ലാം യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന് അഭിമാനിച്ചുനടന്ന ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ എല്‍ഡിഎഫ് മൂന്നരലക്ഷത്തിലധികം വോട്ട് നേടിയിട്ടും എല്‍ഡിഎഫിന്‍റെ വിജയത്തെ ഇകഴ്ത്തി കാണിക്കുന്നതും അധികാരത്തില്‍ തുടരാനുള്ള കുരുട്ടുബുദ്ധിയാണ്.

ഇത്തവണ എല്‍ഡിഎഫിന് 82,73,715 വോട്ടും യുഡിഎഫിന് 79,46,721 വോട്ടും ലഭിച്ചു. വോട്ടിങ് ശതമാനം കൃത്യമായി പരിശോധിച്ചാല്‍ എല്‍ഡിഎഫിന് 41.91 ശതമാനവും യുഡിഎഫിന് 40.26 ശതമാനവും ബിജെപിക്ക് 14.28 ശതമാനവുമാണ് ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ ഇതിനുമുമ്പായി നടന്ന തെരഞ്ഞെടുപ്പുമായി താരതമ്യംചെയ്താല്‍ യുഡിഎഫിന്‍റെ വോട്ടിങ് ശതമാനം 2005ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്‍റെ നിലയിലേക്ക് താണിരിക്കുകയാണ്. അന്ന് കരുണാകരന്‍റെ നേതൃത്വത്തിലുള്ള ഡിഐസി യുഡിഎഫിനെതിരായിരുന്നു. ഇന്ന് എല്ലാ ഗ്രൂപ്പും ഒന്നിച്ചുചേര്‍ന്ന കോണ്‍ഗ്രസും അതിന്‍റെ കൂടെ ജനതാദള്‍ (യു), ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് എന്നിവയെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് യുഡിഎഫിന്‍റെ വോട്ട് 40 ശതമാനമായി കുറഞ്ഞു. ഇത് പരിശോധിക്കാനാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച 40 ശതമാനം വോട്ട് ഇത്തവണ 42 ശതമാനത്തോളമായി എന്നതും യുഡിഎഫിന്‍റെ വോട്ട് 42 ശതമാനത്തില്‍നിന്ന് 40.2 ശതമാനമായി കുറഞ്ഞതും വ്യക്തമാക്കുന്നത് രണ്ട് ശതമാനത്തോളം വോട്ട് എല്‍ഡിഎഫിന് വര്‍ധിച്ചപ്പോള്‍ ഒന്നര ശതമാനത്തോളം വോട്ട് യുഡിഎഫിന് കുറഞ്ഞുവെന്നതാണ്. ഇത് സര്‍ക്കാരിനെതിരായിട്ടുള്ള ശക്തമായ വിധിയെഴുത്താണെന്ന് അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി എന്തുകൊണ്ടാണ് വൈമനസ്യം കാണിക്കുന്നത്.

അരുവിക്കര ആവര്‍ത്തിക്കുമെന്നാണ് ഇലക്ഷന്‍രംഗത്ത് ഉടനീളം നടത്തിയ പ്രചാരവേല. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച 46,320 വോട്ട് 54,323 ആയി വര്‍ധിച്ചു. 8003 വോട്ടിന്‍റെ വര്‍ധനയാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് ലഭിച്ച 56,448 വോട്ട് 47,427 ആയി കുറഞ്ഞു. അഞ്ചുമാസത്തിനുള്ളില്‍ 9021 വോട്ടിന്‍റെ കുറവാണുണ്ടായത്. ബിജെപിക്കാകട്ടെ 34,145 വോട്ട് കിട്ടിയ സ്ഥാനത്ത് 25,517 വോട്ടായി കുറഞ്ഞു. 8628 വോട്ടിന്‍റെ കുറവാണുണ്ടായത്. അരുവിക്കര ആവര്‍ത്തിക്കുമെന്ന അവകാശവാദം അരുവിക്കര മണ്ഡലത്തില്‍പ്പോലും പ്രാവര്‍ത്തികമായില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത.

2010ലെ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തില്‍ 360ല്‍ ജയിച്ച എല്‍ഡിഎഫ് ഇത്തവണ 549 പഞ്ചായത്തിലാണ് ജയിച്ചത്. യുഡിഎഫ് 601 പഞ്ചായത്തില്‍ ജയിച്ച സ്ഥാനത്ത് ഇത്തവണ 365 പഞ്ചായത്തില്‍മാത്രമേ ജയിച്ചുള്ളൂ. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 59ല്‍നിന്ന് തൊണ്ണൂറായി വര്‍ധിച്ചു. യുഡിഎഫ് 91ല്‍നിന്ന് അറുപത്തൊന്നായി കുറഞ്ഞു. ജില്ലാപഞ്ചായത്തുകളില്‍ ആറില്‍നിന്ന് ഏഴെണ്ണത്തിലേക്ക് എല്‍ഡിഎഫ് വിജയിച്ചു. ജനസംഖ്യയും സീറ്റും കൂടുതലുള്ള 10 ജില്ലാപഞ്ചായത്തില്‍ ഏഴെണ്ണത്തിലും എല്‍ഡിഎഫാണ് വിജയിച്ചതെന്നത് കേരളത്തിന്‍റെ മൊത്തം ജനങ്ങളുടെ ചിന്ത എന്താണെന്ന് വ്യക്തമാക്കുന്ന ഘടകമാണ്. 
മുനിസിപ്പാലിറ്റികളില്‍ 2010ല്‍ 17 മാത്രമുണ്ടായിരുന്ന എല്‍ഡിഎഫിന് ഇത്തവണ 44 മുനിസിപ്പാലിറ്റിയായി വര്‍ധിച്ചു. യുഡിഎഫിന് കഴിഞ്ഞതവണ ലഭിച്ച 41ല്‍ വര്‍ധനവരുത്താന്‍ കഴിയാതെ 41 മുനിസിപ്പാലിറ്റിയില്‍ ഒതുങ്ങേണ്ടിവന്നു. കഴിഞ്ഞതവണത്തേക്കാള്‍ 28 മുനിസിപ്പാലിറ്റി വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫിന് 44 എണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് നഗരമേഖലയിലെ വോട്ടര്‍മാരുടെ മനസ്സ് എല്‍ഡിഎഫിന് അനുകൂലമായി മാറുന്നുവെന്നതിന് തെളിവാണ്. 

കോര്‍പറേഷനുകളില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പുതുതായി രൂപീകരിച്ചത് യുഡിഎഫിന് കൂടുതല്‍ കോര്‍പറേഷന്‍ ലഭിക്കാനായിരുന്നു. കൊല്ലം കോര്‍പറേഷനില്‍ ചുറ്റുപാടുള്ള പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തതും കോര്‍പറേഷന്‍ഭരണം പിടിച്ചെടുക്കാനായിരുന്നു. എന്നാല്‍ കഴിഞ്ഞതവണ അഞ്ചില്‍ രണ്ട് സ്ഥലത്ത് വിജയിച്ച യുഡിഎഫിന് ഇത്തവണ, കൊച്ചി കോര്‍പറേഷനില്‍മാത്രമാണ് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യനിലയാണ് ഉണ്ടായിരിക്കുന്നത്. മറ്റു നാല് കോര്‍പറേഷനിലും എല്‍ഡിഎഫാണ് ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് നഗരകേന്ദ്രങ്ങളിലുള്ള ജനങ്ങള്‍ യുഡിഎഫിനെ തിരസ്കരിച്ചിരിക്കുന്നു എന്നതാണ്. ഇവിടങ്ങളിലെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും പതിവില്‍നിന്ന് വ്യത്യസ്തമായി വീടുതോറും കയറി വോട്ട് പിടിച്ചിട്ടും ജനസമ്പര്‍ക്കപരിപാടി നടത്തിയിട്ടും ജനങ്ങള്‍ യുഡിഎഫിനെ തിരസ്കരിക്കുകയാണുണ്ടായത്. 
സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എങ്ങനെയാണെന്ന് ഇക്കാര്യങ്ങളില്‍നിന്ന്  ഇനിയും മുഖ്യമന്ത്രിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് 2004 പാര്‍ലമെന്‍റ് ഇലക്ഷനിലെ പരാജയം മുഖ്യമന്ത്രിയെ ഇപ്പോഴും വേട്ടയാടുന്നതുകൊണ്ടാണ്. അന്ന് യുഡിഎഫിന് തിരിച്ചടി നേരിട്ടപ്പോള്‍ ജനവിധി അംഗീകരിച്ച് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്‍റണി രാജിവയ്ക്കണമെന്ന നിലപാട് സ്വീകരിച്ചു. ആന്‍റണിയെ പുകച്ച് പുറത്തുചാടിച്ച ഓര്‍മ ഇപ്പോഴും പിന്തുടരുന്നു എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാജയം സമ്മതിക്കാത്തത്.

യുഡിഎഫ് സര്‍ക്കാരിന്‍റെ ജനവിരുദ്ധമായ നയങ്ങള്‍, അഴിമതി, വര്‍ഗീയപ്രീണനം, വികസനരംഗത്തെ മുരടിപ്പ്, ധൂര്‍ത്ത് എന്നിവയ്ക്കെതിരായ വികാരമാണ് ജനങ്ങള്‍ യുഡിഎഫിനെതിരെ പ്രകടിപ്പിച്ചത്. ദേശീയതലത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ മതനിരപേക്ഷശക്തികളും ന്യൂനപക്ഷ- പിന്നോക്ക- ദളിത് ജനവിഭാഗങ്ങളില്‍പ്പെട്ടവരും എല്‍ഡിഎഫിന് അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് യുഡിഎഫിന്‍റെ വോട്ട് ഗണ്യമായി കുറഞ്ഞത്. 
കേരളത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുകയും ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു.

കേരള ഹൗസില്‍ കേന്ദ്ര പൊലീസുകാര്‍ അതിക്രമിച്ചുകടന്ന് റെയ്ഡ് നടത്തിയപ്പോള്‍ മുഖ്യമന്ത്രി ആര്‍എസ്എസിന് കീഴടങ്ങുകയാണ് ചെയ്തത്. ഘര്‍ വാപസിയുടെ പേരില്‍ നിര്‍ബന്ധ മതപരിവര്‍ത്തനം ആര്‍എസ്എസ് നേതൃത്വത്തില്‍ പല സ്ഥലത്ത് നടന്നിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു കേസുപോലും രജിസ്റ്റര്‍ചെയ്തില്ല. തൊഗാഡിയ ഉള്‍പ്പെടെ ആര്‍എസ്എസുകാര്‍ പ്രതികളായ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചുകൊടുത്തു. ഗോവധനിരോധം ഇന്ത്യ മുഴുവന്‍ നടപ്പാക്കണമെന്ന എഐസിസി സെക്രട്ടറി ദ്വിഗ്വിജയ്സിങ്ങിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രിയും കെപിസിസിയും മൗനംപാലിച്ചു. ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫിനുമാത്രമേ കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂവെന്നും കേരളം വീണ്ടും ഭ്രാന്താലയമാകാതിരിക്കണമെങ്കില്‍ എല്‍ഡിഎഫ് ശക്തിപ്പെടണമെന്നുമുള്ള ചിന്താഗതി വളര്‍ന്നുവരുന്നുവെന്നതാണ് തെരഞ്ഞെടുപ്പിന്‍റെ ഫലം തെളിയിച്ചത്. 

എന്നാല്‍, ബിജെപി മുന്‍കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തില്‍ ചെറിയതോതില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട് എന്ന വസ്തുത ഗൗരവമായി കണക്കിലെടുക്കണം. 14.28 ശതമാനം വോട്ട് ഇത്തവണ ബിജെപിക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 10.83 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 12.11 ശതമാനം വോട്ടുണ്ടായിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 23.99 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത് ഉയര്‍ത്തിക്കാണിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാംമുന്നണി രൂപംകൊള്ളുമെന്നും എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവര്‍ ഒന്നിച്ചുചേരുന്നതോടെ മൂന്നാംമുന്നണി 34 ശതമാനം വോട്ട് നേടുമെന്നുമായിരുന്നു ബിജെപി നേതാവ് ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പുഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. 

ബിജെപിയും എന്‍ഡിഎയിലെ ഘടകകക്ഷികളും ഇവരോടൊപ്പം എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നൂറില്‍പ്പരം ജാതി- ഉപജാതി സംഘടനകളും ചേരുന്നതോടെ കേരളഭരണം പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു ശക്തിയായി ഈ മുന്നണി മാറുമെന്നായിരുന്നു അമിത് ഷാമുതല്‍ നരേന്ദ്ര മോഡിവരെയുള്ളവര്‍ കണക്കുകൂട്ടിയിരുന്നത്. ഇതിന്‍റെ തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം കോര്‍പറേഷന്‍, 25 മുനിസിപ്പാലിറ്റി, 100 പഞ്ചായത്ത്, 10 ബ്ലോക്ക് എന്നിവ പിടിച്ചെടുക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. എന്നാല്‍, ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ച മൂന്നു പഞ്ചായത്ത് നാലു പഞ്ചായത്താക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 13 പഞ്ചായത്തിലാണ് ബിജെപി ഒന്നാംകക്ഷിയായത്. ഒരു ബ്ലോക്ക് പഞ്ചായത്തില്‍പ്പോലും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. ഒരു മുനിസിപ്പാലിറ്റിയില്‍പ്പോലും കേവല ഭൂരിപക്ഷമില്ല. ഒരു മുനിസിപ്പാലിറ്റിയില്‍മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ 62 ഡിവിഷനില്‍ ബിജെപി ഒന്നാംസ്ഥാനത്തായിരുന്നു. എല്‍ഡിഎഫിന് 10 ഡിവിഷനില്‍മാത്രമാണ് ഭൂരിപക്ഷമുണ്ടായിരുന്നത്. യുഡിഎഫ് 28 ഡിവിഷനില്‍ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ ഭരണം ബിജെപിക്കെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, എല്‍ഡിഎഫ് 43 ഡിവിഷനില്‍ വിജയിച്ച് ബിജെപിയുടെ മുന്നേറ്റം തടഞ്ഞുനിര്‍ത്തി. അരുവിക്കരയില്‍ ബിജെപിവോട്ടില്‍ ഗണ്യമായ കുറവുണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍തന്നെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ബിജെപിയുടെ വോട്ടില്‍ 40,204ന്‍റെ കുറവുണ്ടായി. പാര്‍ലമെന്‍റ് ഇലക്ഷന്‍റെ ഘട്ടത്തില്‍ ബിജെപിക്ക് അനുകൂലമായ പരസ്യനിലപാട് എടുക്കാതിരുന്ന എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും നൂറില്‍പ്പരം സമുദായസംഘടനാ നേതാക്കളും ബിജെപിയുടെകൂടെ കൂടിയിട്ടും അവര്‍ പ്രതീക്ഷിച്ച 34 ശതമാനത്തിന്‍റെ അടുത്തുപോലും എത്താതിരുന്നത് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും എടുത്ത വര്‍ഗീയവിരുദ്ധ- മതനിരപേക്ഷ നിലപാടിന്‍റെ ഫലമായാണ്. 

എന്നാല്‍, എസ്എന്‍ഡിപിയുടെ പിന്തുണയുണ്ടെന്ന് പ്രചരിപ്പിച്ച് ഒരു വിഭാഗം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ പല പ്രദേശങ്ങളിലും ഇത്തവണ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഫലമായാണ് ബിജെപിയുടെ വോട്ടില്‍ ചെറിയ തോതില്‍ വര്‍ധനയുണ്ടായത്. ഇത് മതനിരപേക്ഷശക്തികള്‍ തുടര്‍ന്നും ജാഗ്രത പാലിക്കേണ്ടുന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസ് സ്വീകരിച്ച ശക്തമായ വര്‍ഗീയ ധ്രുവീകരണശ്രമങ്ങളെ തുറന്നുകാണിക്കാനുള്ള പ്രചാരവേല എല്‍ഡിഎഫ് സംഘടിപ്പിച്ചു. എസ്എന്‍ഡിപി വെള്ളാപ്പള്ളിവിഭാഗം സ്വീകരിച്ച നിലപാടുകളെ തുറന്നുകാണിക്കാന്‍ പരിശ്രമം നടത്തി. എസ്എന്‍ഡിപിയുടെ പേരില്‍ എസ്എന്‍ കോളേജുകളില്‍ അധ്യാപക അനധ്യാപക നിയമനം- വിദ്യാര്‍ഥിപ്രവേശനം എന്നിവയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി, മൈക്രോഫിനാന്‍സ് വഴി നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്, ചിട്ടിക്കമ്പനി വഴിയുള്ള അവിഹിത നടപടി, ശാശ്വതീകാനന്ദയുടെ മരണവുമായി ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ എന്നിവയും ബഹുജനമധ്യത്തില്‍ ശക്തമായി ഉയര്‍ന്നുവന്നു. അതോടെ കേന്ദ്രഭരണം കൈവശമുള്ള ബിജെപിയുമായി വെള്ളാപ്പള്ളി നടേശന്‍ ബന്ധം സ്ഥാപിക്കുന്നത് സ്വാര്‍ഥതാല്‍പ്പര്യത്തിനുവേണ്ടിയാണെന്ന് എസ്എന്‍ഡിപിയുടെ മഹാഭൂരിപക്ഷം ശ്രീനാരായണീയര്‍ക്ക് മനസ്സിലാക്കാനായി. ഇതിലൂടെ വെള്ളാപ്പള്ളിയുടെ നിലപാടുകളിലൂടെ വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരുന്ന അവസ്ഥ തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചു.

ആര്‍എസ്എസിന്‍റെ വര്‍ഗീയവല്‍ക്കരണ നിലപാടുകള്‍ക്കെതിരെ തുടര്‍ന്നും ജാഗ്രതപാലിച്ച് വര്‍ഗീയശക്തികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനുള്ള തുടര്‍നടപടി സ്വീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പുഫലം ഓര്‍മപ്പെടുത്തുന്നത്.
ആര്‍എസ്എസിന്‍റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് കോണ്‍ഗ്രസ് സ്വീകരിച്ചതുപോലുള്ള ഒരു സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചതെങ്കില്‍ ഈ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നു. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്‍റെ തള്ളിക്കയറ്റമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസിനുണ്ടാകുന്ന തകര്‍ച്ച എത്ര വലുതാണെന്ന് ബിജെപി ഗണ്യമായ വോട്ടുകള്‍ നേടിയ ഓരോ വാര്‍ഡിലെയും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. എവിടെയാണോ വര്‍ഗീയശക്തികള്‍ക്കെതിരെ ജാഗ്രതക്കുറവുണ്ടാകുന്നത് അവിടങ്ങളിലാണ് ബിജെപി കടന്നുകയറുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ നേതൃത്വത്തിനുമാത്രമേ കഴിയൂ. എല്ലാ വിഭാഗത്തിലും കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍ തുടങ്ങിയവരുണ്ട്. ഇവരുടെയെല്ലാം പ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള പോരാട്ടമാണ് ഇടതുപക്ഷം സംഘടിപ്പിക്കുന്നത്. ഈ സമരൈക്യം വര്‍ഗീയതയ്ക്കെതിരായുള്ള പോരാട്ടത്തിന്‍റെ അടിത്തറയാണ്.

ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്കൊപ്പം മതനിരപേക്ഷ ചിന്താഗതിക്കാര്‍, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ദളിത്- പിന്നോക്ക ജനവിഭാഗങ്ങള്‍, ജനാധിപത്യവിശ്വാസികളായ വ്യക്തികള്‍ ഇവരെയെല്ലാം ചേര്‍ത്ത് എല്‍ഡിഎഫിന്‍റെ ബഹുജനാടിത്തറ ഇന്നത്തേതിനേക്കാള്‍ വിപുലീകരിച്ച് മുന്നോട്ടുകൊണ്ടുപോകാനാകണം. കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തുന്ന കോര്‍പറേറ്റുവല്‍ക്കരണ-  ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് കരുത്തുനല്‍കുന്ന തെരഞ്ഞെടുപ്പുഫലമാണ് ഇത്തവണ ഉണ്ടായത്. ഇതില്‍ നമുക്ക് അഭിമാനിക്കാം

13-Nov-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More