അഴിമതിക്കാര്‍ ഇനിയും ഏറെയുണ്ട്

യു.ഡി.എഫിന്റെ രാഷ്ട്രീയത്തിനകത്ത് വലിയ കോളിളക്കമാണ് വരും നാളുകളില്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൃഷ്ടിക്കുക. മാണിയുടെ അഴിമതി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതും രാജിയിലേക്ക് കലാശിച്ചിട്ടുമുള്ളത്. എന്നാല്‍ മന്ത്രിസഭയിലെ മറ്റുപലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇതില്‍ പ്രതിയാക്കപ്പെടും എന്ന വസ്തുതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. അതുകൊണ്ട് തന്നെയാണ് കേസ് അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടുകൊണ്ടിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ്. എം.പോളുമായി ഈ കേസിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ കോഴ കേസ് ശരിയായവിധം മുന്നോട്ട് പോകുന്നതിന് തടസം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. വരും നാളുകളില്‍ അത്തരം കാര്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും.

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയ ശേഷം പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധനമന്ത്രി കെ.എം.മാണി തല്‍സ്ഥാനം രാജിവെച്ചിരിക്കുകയാണ്. 30 മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്ത്വത്തിനൊടുവിലാണ് കെ.എം.മാണി മന്ത്രിസ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഒരു നിമിഷം കൊണ്ട് തീരുന്ന പ്രശ്‌നമാണ് ഇത്തരത്തില്‍ ഏറെ നീണ്ടുപോകുന്ന അവസ്ഥ ഉണ്ടാക്കിയത്.

കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഏറെകാലം പ്രവര്‍ത്തിച്ച കെ.എം.മാണി നാണംകെട്ടാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെട്ടത് പൊതുപ്രവര്‍ത്തനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവിധം ഉള്ള നിലപാട് സ്വീകരിക്കാന്‍ കെ.എം.മാണി തയ്യാറാവാത്തത് കൊണ്ടാണ്. ഈ പ്രശ്‌നം ഉയര്‍ത്തി പിടിച്ചുകൊണ്ട് നിരവധി പ്രക്ഷോഭങ്ങള്‍ പാര്‍ടിയുടേയും എല്‍.ഡി.എഫിന്റേയും നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുകയുണ്ടായി. കോടതി വിധികള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഉയര്‍ന്ന് വന്നിട്ടും അവയെ ഒന്നും ഗൗനിക്കാതെ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി കൂടിയാണ് നാണംകെട്ട് പുറത്ത് പോകേണ്ട സാഹചര്യം കെ.എം.മാണിക്ക് ഉണ്ടായത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് ഇത് ഒരു പാഠം കൂടിയാണ്.

കെ.എം.മാണി മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് ഇടയായതിന്റെ കാര്യങ്ങള്‍ പുറത്ത് വരുന്നത് 2014 ഒക്‌ടോബര്‍ 31-നാണ്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ വേണ്ടി മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബാര്‍ അസോസിയേഷന്റെ നേതാവായ ബിജു രമേശന്റെ വെളിപ്പെടുത്തല്‍ അന്നാണ് പുറത്ത് വന്നത്. ഈ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം വിജിലന്‍സിന് വിടുക എന്ന തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടി വന്നു. ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി അടച്ച ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ കെ.എം.മാണി ആവശ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യവും പുറത്ത് കൊണ്ടുവന്നു. ഈ ഘട്ടത്തില്‍ വസ്തുതകള്‍ അംഗീകരിക്കാതെ ബിജു രമേശിനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കാനാണ് കെ.എം.മാണി തയ്യാറായത്. ബാറുടമകളെ കാണുകയോ അവരില്‍ പണമോ പാരിതോഷികമോ കൈപ്പറ്റിയിട്ടില്ലെന്നും മാണി പറയുകയുണ്ടായി. 

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഴിമതിക്കാര്യത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ ഘട്ടത്തില്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന കാര്യവും ഹൈക്കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് മാണിയെ ചോദ്യം ചെയ്യുകയും മാണിയുടെ ടൂര്‍ ഡയറി പരിശോധിക്കുകയും ചെയ്തു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ഉണ്ടായി. ഇതിനിടെ വസ്തുതാ വിവര റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറ്റം ചെയ്തു. ഇതിന്റെ തുടര്‍ച്ചയില്‍ അന്തിമ റിപ്പോര്‍ട്ട് എസ്.പി നല്‍കുകയും ചെയ്തു.

എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ മാണിയെ കുറ്റവിമുക്തനാക്കികൊണ്ട് തുടരന്വേഷണം ആവശ്യമില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ നല്‍കുകയും ചെയ്തു. വിജിലന്‍സ് കോടതി പരിശോധിച്ച് വിജിലന്‍സ് ഡയറക്ടറുടെ ഈ നടപടി ചോദ്യം ചെയ്തു. മാത്രമല്ല ഇത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. വിജിലന്‍സ് ഡയറക്ടര്‍ തനിക്ക് അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടാണ് അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു. ശരിയായ കാര്യങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ കണ്ടില്ല എന്നും വേണ്ടാത്ത കാര്യങ്ങളാണ് തന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് എന്നതും കോടതി വ്യക്തമാക്കി. നിലവിലുള്ള അന്വേഷണം വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

കോടതിയുടെ ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇതിനെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കി. ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശനമാണ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നടത്തിയത്. തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിയെ ഹൈക്കോടതി ശരിവെച്ചു. അഴിമതി ആരോപിക്കപ്പെട്ട മന്ത്രി രാജിവെക്കുക എന്നത് അദ്ദേഹത്തിന്റെ മനസാക്ഷിക്ക് അനുസരിച്ച് ചെയ്യേണ്ടതാണെന്ന കാര്യവും കോടതി ഓര്‍മ്മിപ്പിച്ചു. സീസറുടെ ഭാര്യ പോലും സംശയത്തിന്റെ നിഴലിലായിക്കൂടാ എന്ന പരാമര്‍ശം പോലും കോടതി നടത്തി. കോടതിയുടെ ഈ ശക്തമായ ഇടപെടലും എല്‍.ഡി.എഫ് മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഗത്യന്തരമില്ലാതെ കെ.എം.മാണിക്ക് രാജിവെക്കേണ്ടി വന്നത്. 

ഇടതുപക്ഷ ജനാധിപത്യമുന്നണി ഇക്കാര്യത്തില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളും നിലപാടുകളും അക്ഷരംപ്രതി ശരിയാണെന്ന് ആര്‍ക്കും വ്യക്തമാകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്‌കാരം സംരക്ഷിക്കുന്നതിന് വേണ്ടി എല്‍.ഡി.എഫ് നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇത്. കെ.എം.മാണിക്കെതിരായി ഉയര്‍ന്നുവന്ന ആരോപണത്തില്‍ വസ്തുത ഉണ്ടെന്ന് വ്യക്തമാക്കപ്പെട്ട സാഹചര്യത്തിലാണ് മാണി ബജറ്റ് അവതരിപ്പിക്കരുത് എന്ന ഏറ്റവും ന്യായമായ ആവശ്യം എല്‍.ഡി.എഫ് ഉയര്‍ത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ട് എന്ന ഹുങ്കിന്റെ അടിസ്ഥാനത്തില്‍ ബജറ്റ് അവതരിപ്പിക്കാതെ തന്നെ അവതരിപ്പിച്ചു എന്ന് പ്രഖ്യാപിക്കുന്ന സ്ഥിതി നിയമസഭയില്‍ ഉണ്ടായി. അന്ന് നിയമസഭയില്‍ മാണിയെ പിന്തുണച്ച് ലഡു വിതരണം ചെയ്തവര്‍ പോലും മാണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ സദാചാരം സംരക്ഷിക്കുക എന്ന സുപ്രധാനമായ ദൗത്യമാണ് ഈ പ്രക്ഷോഭത്തിലൂടെ എല്‍.ഡി.എഫ് മുന്നോട്ട് വെച്ചതെന്ന് അന്ന് അതിനെ എതിര്‍ത്തവര്‍ പോലും സമ്മതിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്.

കേരള മന്ത്രിസഭയില്‍നിന്ന് കെ.എം. മാണി രാജിവച്ചതോടെ അഴിമതി വിമുക്തമായ മന്ത്രിമാരുടെ സംഘമായി ഈ മന്ത്രിസഭ മാറിയിട്ടില്ല. മുഖ്യമന്ത്രി തൊട്ട് മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവിടെ ഉയര്‍ന്നുവന്ന അഴിമതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭം പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. അന്വേഷണം പ്രഖ്യാപിച്ചിട്ടും ഈ പ്രശ്‌നത്തില്‍ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയുള്ള കുത്സിത ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തുകയുണ്ടായി. ഇടതുപക്ഷ സംഘടനകളുടെ നിയമവശങ്ങള്‍ കീറിമുറിച്ചുള്ള ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന സ്ഥിതിയുണ്ടായത്. കമ്മീഷന്റെ മുമ്പാകെ ഉയര്‍ന്നുവന്ന നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ കമ്മീഷന് മുമ്പാകെ മൊഴി നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുകയും ചെയ്തു. 

സോളാര്‍ കുംഭകോണം, കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്, സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്, വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വഴി അഴിമതി നടത്തിയ പ്രശ്‌നം, കണ്‍സ്യൂമര്‍ ഫെഡ് അഴിമതി, ഫാര്‍മസി കോളേജ് അഴിമതി, പാറ്റൂരിലെ ഫ്‌ളാറ്റിന്റെ ഭൂമി തട്ടിപ്പുകേസ് തുടങ്ങിയ അഴിമതികളുടെ പരമ്പര തന്നെ ഇക്കാലത്ത് ഉയര്‍ന്നുവരികയുണ്ടായി. ഇതിനു പുറമെ, സ്ഥലംമാറ്റത്തിനും മറ്റും കൈക്കൂലി വാങ്ങുന്ന പ്രശ്‌നങ്ങളും സജീവമായി ഉയര്‍ന്നുവരികയുണ്ടായി. ചുരുക്കത്തില്‍, അഴിമതിയുടെ കൂടാരമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഇത്തരം കേസുകളില്‍ ശരിയായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. ഡി.ജി.പി ജേക്കബ് തോമസിന്റെ അനുഭവം സര്‍ക്കാരിന്റെ നിലപാടുകളുടെ സാക്ഷ്യപത്രമാണ്.

കെ.എം. മാണി രാജിവയ്‌ക്കേണ്ടിവന്ന ബാര്‍ കോഴ കേസില്‍ തന്നെ നിരവധി മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കെ.എം.മാണിക്കെതിരായുള്ള വിജിലന്‍സിന്റെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ മാണിക്ക് പുറമെ നാല് ഉന്നതര്‍ക്ക് കൂടി പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തുകയുണ്ടായി. മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാണിയെ കണ്ടത് എന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ ശബ്ദരേഖയും ഇതിനിടെ പുറത്ത് വരികയുണ്ടായി. നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്ന കാര്യവും ഉയര്‍ന്നുവന്നു. തുടര്‍ന്ന് ബിജു രമേശന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുകയും മന്ത്രി കെ.ബാബുവിന് 10 കോടി രൂപ കൈക്കൂലി നല്‍കപ്പെട്ട കാര്യവും ഇതില്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. ബാബുവിനെതിരെ അന്വേഷണം ആകാമെന്ന നിയമോപദേശവും ഉണ്ടായി. എന്നാല്‍, അദ്ദേഹത്തിനെതിരായ അന്വേഷണത്തെ അട്ടിമറിക്കുന്നതിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപെട്ടത്. ഇതെല്ലാം കാണിക്കുന്നത് ബാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത് എന്നതാണ്.

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി ശരിവെച്ചിട്ടുള്ള തുടരന്വേഷണത്തേയും അട്ടിമറിക്കുന്ന നിലപാടായിരിക്കും യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും ഉണ്ടാവുക എന്ന് മറ്റു പല കേസുകളുടെയും അനുഭവത്തില്‍നിന്ന് വ്യക്തമാകും. പാമോലിന്‍ കേസ്, കെ.എം.എം.എല്‍ അഴിമതി, ടൈറ്റാനിയം കേസ് തുടങ്ങിയവയിലെല്ലാം തുടരന്വേഷണം അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. ബാര്‍ കോഴക്കേസിലും ഇത്തരമൊരു സ്ഥിതിവിശേഷം ഇല്ലാതിരിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടത്തിയാല്‍ മാത്രമേ യാഥാര്‍ത്ഥ്യം പുറത്തുവരികയുള്ളൂ. ബാര്‍ കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു എന്നതിന്റെ സൂചനയാണ് കെ.എം. മാണി തിരിച്ചുവരുമെന്ന പ്രസ്താവനയിലൂടെ വെളിച്ചത്തുവന്നിട്ടുള്ളത്.

യു.ഡി.എഫിന്റെ രാഷ്ട്രീയത്തിനകത്ത് വലിയ കോളിളക്കമാണ് വരും നാളുകളില്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൃഷ്ടിക്കുക. മാണിയുടെ അഴിമതി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതും രാജിയിലേക്ക് കലാശിച്ചിട്ടുമുള്ളത്. എന്നാല്‍ മന്ത്രിസഭയിലെ മറ്റുപലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇതില്‍ പ്രതിയാക്കപ്പെടും എന്ന വസ്തുതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. അതുകൊണ്ട് തന്നെയാണ് കേസ് അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടുകൊണ്ടിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ്. എം.പോളുമായി ഈ കേസിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ കോഴ കേസ് ശരിയായവിധം മുന്നോട്ട് പോകുന്നതിന് തടസം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. വരും നാളുകളില്‍ അത്തരം കാര്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും.

 

17-Nov-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More