കേരളത്തിന്‌ നാണക്കേട്!

ടീം സോളാര്‍ കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഞ്ചരക്കോടി രൂപ പലതവണയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയെന്ന് വെളിപ്പെടുത്തിയ ബിജു രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടിക്ക് സരിത എസ് നായരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന് മുന്നില്‍ മൊഴി നല്‍കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മുഖ്യമന്ത്രിക്കെതിരായും ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിട്ടില്ല. ഇ എം എസ് മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെയുള്ള വ്യക്തികള്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായി ഇരുന്നിട്ടുണ്ട്. അവരാരും അഭിമുഖീകരിക്കാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയെ തേടിയെത്തുന്നത്. ഇത്തരം ആരോപണങ്ങള്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ തേടിയെത്തുന്നുവെന്ന് അന്വേഷിക്കാന്‍ എ ഐ സി സിയും കെ പി സി സിയും തയ്യാറാവുമോ?

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നത് ഇത് ആദ്യമായല്ല. എല്ലാ ആരോപണങ്ങളും ആദ്യം നിഷേധിച്ച ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ തെളിവുകള്‍ ഓരോന്നായി എത്തിയപ്പോള്‍ പറഞ്ഞതൊക്കെ വിഴുങ്ങേണ്ട അവസ്ഥയിലേക്ക് അദ്ദേഹം എത്തി. അപ്പോള്‍ അദ്ദേഹത്തിന് ഒന്നും നിഷേധിക്കാന്‍ കഴിഞ്ഞില്ല. ബിജു രാധാകൃഷ്ണനെ കണ്ടില്ലെന്ന് ആദ്യം പറഞ്ഞ അദ്ദേഹം പിന്നീട് കണ്ടു എന്ന് തിരുത്തി പറയാന്‍ നിര്‍ബന്ധിതനായി. സരിതയെ അറിയുകയേയില്ല എന്ന് വികാരഭരിതനായി പറഞ്ഞ മുഖ്യമന്ത്രിക്ക് മുന്നില്‍, അദ്ദേഹത്തിന്റെ കാതില്‍ സ്വകാര്യം പറയുന്ന സരിതയുടെ ഫോട്ടോ തെളിവായി എത്തി. അപ്പോഴും മുഖ്യമന്ത്രി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.

ഇപ്പോള്‍ സോളാര്‍ കമ്മീഷന് മുന്നില്‍, മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളടങ്ങുന്ന മൊഴികൊടുത്ത ബിജു രാധാകൃഷ്ണന്‍, നേരത്തെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇതേ മുഖ്യമന്ത്രിയുമായി 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചര്‍ച്ച നടത്തിയിരുന്നു. അതിനെ പറ്റി ഞങ്ങള്‍ നിയമസഭയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി; “പറയത്തില്ല” എന്നായിരുന്നു. “കുടുംബകാര്യമാണ് പറയത്തില്ല” എന്ന മുഖ്യമന്ത്രിയുടെ അന്നത്തെ ന്യായവാദം തെറ്റായിരുന്നു എന്നാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന്റെ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്. അവര്‍ സംസാരിച്ചത് കുടുംബകാര്യമായിരുന്നില്ല എന്ന് ബിജുരാധാകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയ കാര്യം ഒരു ഞെട്ടലോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ എല്ലാ ധാരണകളെയും തകിടം മറിക്കുന്ന ആരോപണങ്ങളാണ് അവ. ടീം സോളാര്‍ കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഞ്ചരക്കോടി രൂപ പലതവണയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയെന്ന് വെളിപ്പെടുത്തിയ ബിജു രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടിക്ക് സരിത എസ് നായരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന് മുന്നില്‍ മൊഴി നല്‍കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മുഖ്യമന്ത്രിക്കെതിരായും ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിട്ടില്ല. ഇ എം എസ് മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെയുള്ള വ്യക്തികള്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായി ഇരുന്നിട്ടുണ്ട്. അവരാരും അഭിമുഖീകരിക്കാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയെ തേടിയെത്തുന്നത്. ഇത്തരം ആരോപണങ്ങള്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ തേടിയെത്തുന്നുവെന്ന് അന്വേഷിക്കാന്‍ എ ഐ സി സിയും കെ പി സി സിയും തയ്യാറാവുമോ?

പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് സ്ഥലം ലഭിക്കാനും ഇടുക്കി കൈലാസപ്പാറയില്‍ വിന്‍ഡ്മില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍സഹായം കിട്ടാനുമാണ് അഞ്ചരക്കോടി രൂപ നല്‍കിയതെന്നാണ് ബിജു വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതികളില്‍നിന്നു കിട്ടുന്ന ലാഭം വീതം വെക്കുമെന്ന ധാരണയുടെ പുറത്തായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പലതവണയായി മുന്‍കൂര്‍ പണം നല്‍കിയത്. ആദ്യം മൂന്നുകോടി രൂപ രണ്ടുതവണയായി നല്‍കി. രണ്ടാമത് ഔദ്യോഗികവസതിയില്‍ വെച്ച് നേരിട്ട് പണം നല്‍കി. പിന്നീട് തൃശൂര്‍ രാമനിലയത്തില്‍ വച്ച് ഒന്നരക്കോടി നല്‍കി. അതിനുശേഷം താനും സലിംരാജുമായുണ്ടായ വ്യക്തിപരമായ പ്രശ്‌നം തീര്‍ക്കാന്‍ ഒന്നരക്കോടിരൂപ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഭരണത്തിലിരിക്കുന്ന ആറു പ്രമുഖരുമായി സരിത സംസാരിക്കുന്നതിന്റെയും അവരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ജിവരാജനോട് പറയുകയുണ്ടായി. സരിതയുമായി ശാരീരികബന്ധം പുലര്‍ത്തിയ മന്ത്രിമാരായ ഷിബു ബേബിജോണ്‍, എ പി അനില്‍കുമാര്‍ എന്നിവരെ കുറിച്ചും ബിജു പറയുന്നുണ്ട്. കമ്മീഷന് മുന്നില്‍ ഇതൊക്കെ പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മന്ത്രിസഭയാകെ തന്നെ സോളാര്‍ കുംഭകോണത്തിന്റെ വക്താക്കളായി മാറുകയാണ്. ഇത്രയും മലീമസമായ രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. യു ഡി എഫ് മുന്നണിയുടെ പേര് മാറ്റേണ്ടി വരുന്ന അവസ്ഥയിലേക്ക് ആ മുന്നണി ജീര്‍ണിച്ചുപോയിരിക്കുന്നു.

നേരത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് താനും ബിജു രാധാകൃഷ്ണനും സംസാരിച്ചത് കുടുംബകാര്യമാണ് എന്നായിരുന്നു. അന്നദ്ദേഹം മൂന്നാമതൊരാള്‍ ഉള്ളതിനെ പറ്റി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നു ഒരു സാക്ഷികൂടി കൂടെ അന്ന് ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്നു എന്ന്! തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി ഒരു പുതിയ സാക്ഷിയെ മുഖ്യമന്ത്രി സൃഷ്ടിച്ചിരിക്കുകയാണ്. അങ്ങനെയൊരാള്‍ അന്നത്തെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് നേരത്തെ അത് നിയമസഭയില്‍ വ്യക്തമാക്കാമായിരുന്നല്ലൊ. ഞാന്‍ രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല ഒരു മൂന്നാമന്‍ കൂടി ചര്‍ച്ചയിലുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന് ഞങ്ങളുടെ മുഖത്ത് നോക്കി പറയാമായിരുന്നു. പക്ഷെ, അന്ന് അങ്ങനെയൊന്ന് ഇല്ലാത്തത് കൊണ്ടാവും അദ്ദേഹം പറഞ്ഞില്ല. ഇപ്പോള്‍ ഒരു സാക്ഷികൂടിയുണ്ടായിരുന്നു എന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയതിലൂടെ, തനിക്ക് രക്ഷപ്പെടാനുള്ള ഒരു വഴി ഉമ്മന്‍ചാണ്ടി ഒരുക്കിയെടുക്കുകയാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും.

മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ കമ്മീഷന് മുന്നില്‍ എത്താതിരിക്കാന്‍ ബിജു രാധാകൃഷ്ണനെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ശ്രമമുണ്ടായിരുന്നു. ഇത്തരം തടസങ്ങളെ മറികടന്ന് അയാള്‍ സോളാര്‍ കമ്മീഷന് മുന്നിലെത്തിയത് ജയില്‍ ഡി ജി പി ഇടപെട്ടതുകൊണ്ട് മാത്രമാണ്. അതിനെ തുടര്‍ന്നാണ് ജയില്‍ ഡി ജി പി സ്ഥാനത്ത് നിന്ന് ലോകനാഥ് ബെഹ്‌റയെ മാറ്റിയത്. തന്റെ നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ബിജു രാധാകൃഷ്ണന്റെ മൊഴിയിലൂടെ ഗുരുതരമായ വിഷയങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണം.

പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിയമസഭയില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞത്, ഇതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ്. പ്രതിപക്ഷത്തിന് ഈ ഗൂഡാലോചനയില്‍ പങ്കില്ല എന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. അപ്പോള്‍ ഭരണപക്ഷത്തുള്ള ആളുകളാണ് ഗൂഡാലോചനയില്‍ പങ്കാളികളായിട്ടുണ്ടാവുക. അവരാരൊക്കെയാണ്? കേരള സമൂഹത്തിനോട് അത് വെളിപ്പെടുത്താനുള്ള ബാധ്യത ഷിബു ബേബിജോണിനുണ്ട്.

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളവയാണ്. സംസ്ഥാനത്ത് ഒരു ബിസിനസ് സംരംഭകയാവാന്‍ വേണ്ടി പരിശ്രമിച്ച ഒരു സ്ത്രീയെ എങ്ങിനെയാണ് യു ഡി എഫ് സര്‍ക്കാരിന്റെ വക്താക്കള്‍ ചതിയില്‍പ്പെടുത്തി ചൂഷണം ചെയ്തത് എന്നതിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത് കമ്മീഷന് മുന്നില്‍ മൊഴി കൊടുത്ത ബിജു രാധാകൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയാണ് എന്നാണ്. ആ പ്രതിയോടൊപ്പമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 40 മിനിറ്റ് നേരം ചര്‍ച്ച നടത്തിയത്. ബിസിനസ് സംബന്ധിച്ച് ധാരണയിലെത്തിയത്. ആ ചര്‍ച്ചാ സമയത്ത് തനിക്ക് ആയാള്‍ കുറ്റവാളിയാണെന്ന് അറിയാമായിരുന്നില്ല, അന്നയാളുടെ പേര് ഡോ. ആര്‍ ബി നായര്‍ എന്നായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി വീണിടത്തുകിടന്ന് ഉരുളുന്നത്. എന്നാല്‍, പോലീസ് ഇന്റലിജന്‍സിന്റെ സാന്നിധ്യത്തിലാണ് എപ്പോഴും മുഖ്യമന്ത്രിയുള്ളത്. അദ്ദേഹത്തെ കാണാന്‍ വരുന്ന ആള്‍ക്കാരെ പറ്റി കൃത്യമായ മുന്നറിയിപ്പ്, ഇന്റലിജന്‍സ് സമയാസമയത്ത് കൊടുക്കുമെന്നതാണ് വസ്തുത. അപ്പോള്‍ തീര്‍ച്ചയായും ബിജു രാധാകൃഷ്ണനെ പറ്റിയും അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുത്തുകാണും. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം ബിജു രാധാകൃഷ്ണനുമായി ബിസിനസ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുക. എന്നിട്ട് നിയമസഭയില്‍ വൃത്തികെട്ട കള്ളക്കഥ പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ലജ്ജയില്ലേ?

മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടി, കേരളത്തിനെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുകയാണ്. മലയാളികള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഇതാണോ മലയാളിയുടെ പ്രബുദ്ധത എന്ന് രാജ്യമൊന്നാകെ മൂക്കത്ത് വിരല്‍വെക്കുന്നു. മുഖ്യമന്ത്രിയുടെ തലയിലെ 'പൊന്‍തൂവലുകള്‍' പുതിയ പുതിയ വിശേഷണങ്ങളുമായി ദിവസം തോറും കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും ഈ നാണക്കേട് പേറി നടക്കാന്‍ മലയാളികള്‍ക്ക് മനസില്ല.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ തന്റെ കൈയ്യിലുള്ള അധികാരം ഉപയോഗിച്ച് ഈ അന്വേഷണത്തെയാകെ അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തിന് സാധിക്കും. കേരളത്തിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അക്ഷേപങ്ങളെല്ലാം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷം തയ്യാറാവുന്നത് കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ്. ഭരണം കൈയ്യിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ഹുങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ പൈതൃകത്തെ പോലും ഇല്ലാതാക്കി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ സംസ്‌കാരത്തെ കേരളം തൂത്തെറിയുക തന്നെ ചെയ്യും.

 

03-Dec-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More