പാര്‍ട്ടിപ്ലീനം നല്‍കുന്ന സന്ദേശം

ദേശീയതലത്തില്‍ കോണ്‍ഗ്രസിനെയും പ്രാദേശിക ബൂര്‍ഷ്വാ കക്ഷികളെയും നേരിട്ടാണ് പാര്‍ടി വളര്‍ന്നതെങ്കിലും ഇന്ന് ദേശീയതലത്തില്‍ മുഖ്യവിപത്തായി ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി അധികാരത്തില്‍ വന്നിരിക്കയാണ്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമല്ല ആര്‍എസ്എസിന് ഉള്ളത്. ജാതി–മത ശക്തികളുടെ പിന്‍ബലമുള്ള ഭരണകക്ഷിയെയാണ് ഇന്ന് നേരിടേണ്ടത്. അതിനനുസരിച്ചുള്ള പുതിയ സംഘടനാപ്രവര്‍ത്തനവും പ്രചാരണശൈലിയും സിപിഐ എം സ്വീകരിക്കേണ്ടതുണ്ട്. പാര്‍ടി നേതാക്കളുടെയും കേഡര്‍മാരുടെയും പ്രവര്‍ത്തനരീതിയില്‍ കാലോചിതമാറ്റം ആവശ്യമാണ്. ഇതുസംബന്ധിച്ചെല്ലാം വ്യക്തമായ ദിശാബോധം നല്‍കുന്ന തീരുമാനങ്ങളാണ് പ്ളീനത്തില്‍ ഉണ്ടാകുക.

സിപിഐ എമ്മിന്റെ ചരിത്രത്തിലെ മൂന്നാമത്തെ അഖിലേന്ത്യാ പ്ളീനമാണ് കൊല്‍ക്കത്തയില്‍ തുടങ്ങിയത്. 1968ല്‍ ബര്‍ദ്വാന്‍ പ്ളീനത്തിനും 1978ലെ സാല്‍ക്കിയ പ്ളീനത്തിനുംശേഷമാണ് കൊല്‍ക്കത്ത പ്ളീനം. സാല്‍ക്കിയ പ്ളീനത്തിന് 36 വര്‍ഷത്തിനുശേഷമാണ് ഈ പ്ളീനം. 1964ല്‍ സിപിഐ എം രൂപംകൊണ്ടശേഷം പ്രത്യയശാസ്ത്ര പ്രശ്നം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് അംഗീകരിക്കുന്നതിനുവേണ്ടിയാണ് 1968ല്‍ പ്ളീനം ചേര്‍ന്നത്. 1978ലെ പ്ളീനം സംഘടനാപ്രശ്നങ്ങളില്‍ തീരുമാനം എടുക്കുന്നതിനായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ദേശീയതലത്തില്‍ സിപിഐ എമ്മിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കിയതായിരുന്നു സാല്‍ക്കിയ പ്ളീനം.

സാല്‍ക്കിയ പ്ളീനം നടക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തില്‍ ശക്തമായ മാര്‍ക്സിസ്റ്റ് വിരുദ്ധമുന്നണിയായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ജലന്ധര്‍ പാര്‍ടി കോണ്‍ഗ്രസിന്റെയും സാല്‍ക്കിയ പ്ളീനത്തിന്റെയും തീരുമാനങ്ങളെ തുടര്‍ന്നാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപംകൊള്ളുന്നതും 1980ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും.

കൊല്‍ക്കത്ത പ്ളീനം ചേരുമ്പോള്‍ യുഡിഎഫ് മുന്നണി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയും ചെയ്യുകയാണ്. കോര്‍പറേറ്റുകള്‍ക്കും ധനികവര്‍ഗത്തിനും അനുകൂലമായും വര്‍ഗീയശക്തികളുടെ പിന്തുണയോടെയും പ്രവര്‍ത്തിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള സുപ്രധാന രാഷ്ട്രീയ പോരാട്ടത്തിന് സംഘടനാപരമായും രാഷ്ട്രീയമായും കരുത്തേകുന്ന പ്ളീനമാണ് ഞായറാഴ്ച ആരംഭിച്ചത്.

10,48,000 അംഗങ്ങളും ഒരു ലക്ഷത്തോളം പാര്‍ടി ബ്രാഞ്ചും 285 ജില്ലാ കമ്മിറ്റിയും 23 സംസ്ഥാന കമ്മിറ്റിയും 10,378 മുഴുവന്‍ സമയപ്രവര്‍ത്തകരുമുള്ള പാര്‍ടിയാണ് സിപിഐ എം. ഈ പാര്‍ടി ഘടകങ്ങളെയും അംഗങ്ങളെയും ശരിയായ സംഘടനാപ്രവര്‍ത്തനത്തില്‍ അണിനിരത്തി ബഹുജന വിപ്ളവ പാര്‍ടി എന്നനിലയില്‍ സിപിഐ എമ്മിനെ വളര്‍ത്തിയെടുക്കാനുള്ള പ്രായോഗിക നടപടികള്‍ക്കാണ് പ്ളീനം രൂപംനല്‍കുന്നത്.

1978ല്‍ പ്ളീനം ചേരുമ്പോള്‍ പാര്‍ടി ദേശീയതലത്തില്‍ മുന്നേറുന്ന കാലമായിരുന്നു. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ ബംഗാള്‍, കേരളം നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ദേശീയതലത്തില്‍ പാര്‍ടിയുടെ വളര്‍ച്ചയിലുണ്ടായ സ്തംഭനം മുറിച്ചുകടന്ന് ശക്തിസംഭരിക്കാനുള്ള ഉത്തരവാദിത്തമാണ് പാര്‍ടിക്കുള്ളത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസിനെയും പ്രാദേശിക ബൂര്‍ഷ്വാ കക്ഷികളെയും നേരിട്ടാണ് പാര്‍ടി വളര്‍ന്നതെങ്കിലും ഇന്ന് ദേശീയതലത്തില്‍ മുഖ്യവിപത്തായി ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി അധികാരത്തില്‍ വന്നിരിക്കയാണ്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമല്ല ആര്‍എസ്എസിന് ഉള്ളത്. ജാതി–മത ശക്തികളുടെ പിന്‍ബലമുള്ള ഭരണകക്ഷിയെയാണ് ഇന്ന് നേരിടേണ്ടത്. അതിനനുസരിച്ചുള്ള പുതിയ സംഘടനാപ്രവര്‍ത്തനവും പ്രചാരണശൈലിയും സിപിഐ എം സ്വീകരിക്കേണ്ടതുണ്ട്. പാര്‍ടി നേതാക്കളുടെയും കേഡര്‍മാരുടെയും പ്രവര്‍ത്തനരീതിയില്‍ കാലോചിതമാറ്റം ആവശ്യമാണ്. ഇതുസംബന്ധിച്ചെല്ലാം വ്യക്തമായ ദിശാബോധം നല്‍കുന്ന തീരുമാനങ്ങളാണ് പ്ളീനത്തില്‍ ഉണ്ടാകുക.

പ്ളീനത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച പകല്‍ 1.30ന് കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടില്‍ മുതിര്‍ന്നനേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബസുവാണ് പതാക ഉയര്‍ത്തിയത്. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, മുഹമ്മദ് സലീം, സൂര്യകാന്തമിശ്ര എന്നിവര്‍ക്കൊപ്പം ഈ ലേഖകനും റാലിക്കെത്തിയ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു. നിരവധി റാലികള്‍ക്ക് സാക്ഷിയായ ബ്രിഗേഡ് പരേഡ് ഗ്രൌണ്ട് ഇത്തരമൊരു ജനമുന്നേറ്റത്തിന് അടുത്തകാലത്തൊന്നും സാക്ഷിയായിട്ടില്ല. പശ്ചിമബംഗാളിലെ 77,000 ബൂത്തില്‍നിന്നാണ് ബഹുജനങ്ങള്‍ റാലിക്ക് എത്തിയത്. തൃണമൂല്‍ ഭരണം അഴിച്ചുവിട്ട ഗുണ്ടാരാഷ്ട്രീയത്തെ അതിജീവിക്കാന്‍ വംഗനാടിനു കഴിയുമെന്ന ആത്മവിശ്വാസമാണ് റാലി നല്‍കുന്നത്.

വൈകിട്ട് ആറിന് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ 445 പേര്‍ പങ്കെടുക്കുന്നു. സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. 28നും 29നും 30നും കരടിനും പ്രമേയത്തിനുംമേല്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. 31നു ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയശേഷം റിപ്പോര്‍ട്ടിനും പ്രമേയത്തിനും അംഗീകാരം നല്‍കും.

28-Dec-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More