ചെറുത്തുനില്‍ക്കും

എന്റെ ഭൂമിയുടെ അവസാന തുണ്ടും 
നിങ്ങള്‍ എടുത്തേക്കാം
എന്റെ പൈതൃകവും നിങ്ങള്‍ കവര്‍ന്നേക്കാം
എന്റെ പുസ്തകങ്ങളും കവിതകളും 
നിങ്ങള്‍ കത്തിച്ചേക്കാം
എന്റെ മാംസം പട്ടികള്‍ക്ക് 
എറിഞ്ഞുകൊടുത്തേക്കാം
എന്റെ ഗ്രാമത്തിലെ മേല്‍ക്കൂരകള്‍ക്കുമേല്‍ 
നിങ്ങള്‍ ഭീതിയുടെ ചിലന്തിവല വിരിച്ചേക്കാം
ഓ, സൂര്യന്റെ ശത്രുക്കളേ.
.നഷ്ടങ്ങളുടെ കടലില്‍നിന്ന് മടങ്ങുകയാണ്
സൂര്യനും
പലായനം ചെയ്യപ്പെട്ടവര്‍ക്കൊപ്പം. 
അവള്‍ക്കും അവനും വേണ്ടി
ഞാന്‍ പ്രതിജ്ഞയെടുക്കുന്നു
എന്റെ സിരകളിലെ അവസാന തുടിപ്പു വരെ
ഞാനൊരിക്കലും അനുരഞ്ജനത്തിനില്ല
ഞാന്‍ ചെറുത്തുനില്‍ക്കും
ഞാന്‍ ചെറുത്തു നില്‍ക്കും 
ഞാന്‍ ചെറുത്തുനില്‍ക്കും!!!

സംഘടനാ രേഖയ്ക്കും പ്രമേയത്തിനും മേലുളള പ്രതിനിധികളുടെ ചര്‍ച്ച പ്ളീനത്തിന്റെ നാലാംനാള്‍ ഉച്ചയോടെ പൂര്‍ത്തിയായി. 62 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 21 മണിക്കൂറും 50 മിനിറ്റും നീണ്ട ചര്‍ച്ച വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായിരുന്നു. കേരളത്തില്‍നിന്ന് കെ എന്‍ ബാലഗോപാലാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അഖിലേന്ത്യാ കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എം ബി രാജേഷും ഡോ. വി ശിവദാസനും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളെയും വിവിധ വര്‍ഗ സംഘടനകളെയും ബഹുജന സംഘടനകളെയും അഖിലേന്ത്യാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രതിനിധാനം ചെയ്താണ് സഖാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ പാര്‍ടിയുടെ ശക്തിയും ദൌര്‍ബല്യങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പഠനക്കളരികൂടിയായി പ്ളീനം.

ബൂര്‍ഷ്വാമാധ്യമങ്ങളുടെ പ്രചാരണവും പ്ളീനത്തില്‍ നടന്ന ചര്‍ച്ചയും തമ്മില്‍ ഒരു ബന്ധവുമില്ല. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ അടവുനയങ്ങളാണ് ചര്‍ച്ചചെയ്യുന്നത് എന്ന ധാരണയില്‍ ധാരാളം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ അടവുനയം സംബന്ധിച്ച് 21ാം പാര്‍ടി കോണ്‍ഗ്രസ് തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ആ നയങ്ങള്‍ നടപ്പാക്കാന്‍ പാര്‍ടി സംഘടനയെയും വര്‍ഗ ബഹുജന സംഘടനകളെയും എങ്ങിനെ ശക്തിപ്പെടുത്താമെന്നതാണ് പ്ളീനം പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി പാര്‍ടിയുടെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കുക, അതിന് സഹായകമായ വിധം വര്‍ഗ സംഘടനകളുടെയും ബഹുജന സംഘടനകളെയും വിപുലീകരിക്കുക, പാര്‍ടിക്ക് ഇന്ന് ആകര്‍ഷിക്കാന്‍ കഴിഞ്ഞതിനെക്കാള്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുക, ഇതിന്റെ ഭാഗമായി അസംഘടിതരായ എല്ലാ ജനവിഭാഗങ്ങളെയും സംഘടിപ്പിക്കാന്‍ പാര്‍ടി അംഗങ്ങള്‍ ഇടപെടുക, മിനിമം വേതനംപോലും ലഭ്യമാകാതെ തൊഴില്‍ ഏറ്റെടുക്കേണ്ടിവരുന്നവരെ സംഘടിപ്പിച്ച് സമരശക്തിയായി വളര്‍ത്തുക, അതിന് സഹായകമായ വിധത്തില്‍ ബഹുജന സംഘടനകളെ  സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, അത്തരം ബഹുജന സംഘടനകളില്‍ അണിനിരക്കുന്നവരെ സംഘടനാ ബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാക്കി വളര്‍ത്തിയെടുക്കാന്‍ അതിനകത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ടി അംഗങ്ങള്‍ മുന്‍കൈയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പോരായ്മകള്‍ വിശദമായി പരിശോധിക്കപ്പെട്ടു. അതിന് മാറ്റംവരുത്താനുള്ള പ്രായോഗിക നിര്‍ദേശങ്ങളുമാണ് ചര്‍ച്ചയില്‍ സഖാക്കള്‍ ഉന്നയിച്ചത്.

ഇന്ത്യയില്‍ സിപിഐ എമ്മിന് അസമമായ വളര്‍ച്ചയാണുള്ളത്. ബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളിലാണ് പാര്‍ടി അംഗസംഖ്യയുടെയും ബഹുജന സ്വാധീനത്തിന്റെയും സിംഹഭാഗവും. ഈ മൂന്നു സംസ്ഥാനങ്ങളിലുമുള്ള സ്വാധീനം കൂടുതല്‍ വിപുലീകരിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശക്തി സംഭരിക്കുകയും ചെയ്യുക, അതുവഴി കൂടുതല്‍ ബഹുജന പിന്തുണയുള്ള അഖിലേന്ത്യാതലത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനമായി വളരുക എന്ന ഉത്തരവാദിത്തമാണ് സിപിഐ എം ഏറ്റെടുക്കേണ്ടതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇതിനായി പ്രവര്‍ത്തന ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങളുണ്ടായി.
സാമൂഹിക ഘടനയില്‍ വന്ന മാറ്റവും വിവര സാങ്കേതിക രംഗത്തുവന്ന വളര്‍ച്ചയും കണക്കിലെടുത്തുള്ള പ്രവര്‍ത്തന പരിപാടികളാണ് സഖാക്കള്‍ നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ ബുധനാഴ്ച ചേര്‍ന്ന പി ബി യോഗം പരിശോധിച്ചു. വ്യാഴാഴ്ച പ്ളീനത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന മറുപടിയില്‍ ഈ പ്രശ്നങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കും. പ്ളീനത്തില്‍ ഉണ്ടായ സുപ്രധാന കാര്യമാണ് അവതരിപ്പിക്കപ്പെട്ട മൂന്നു പ്രമേയങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍.

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ നൂറാം വാര്‍ഷികം 2016 നവംബര്‍ ഏഴു മുതല്‍ ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയമാണ് ആദ്യത്തേത്. പിബി അംഗം എം എ ബേബി അവതരിപ്പിച്ച പ്രമേയത്തെ ആര്‍ അരുണ്‍ കുമാര്‍ പിന്താങ്ങി. ഒക്ടോബര്‍ വിപ്ളവത്തിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടും വിധം ബുദ്ധിജീവികളെയും എഴുത്തുകാരെയും ഇടതുപക്ഷ അനുഭാവികളെയും അനുകൂലികളെയും ഉള്‍പ്പെടുത്തിയുള്ള സംവാദങ്ങളും സെമിനാറുകളും പ്രദര്‍ശനങ്ങളും രാജ്യമാകെ സംഘടിപ്പിക്കും. ഭഗത് സിങ്, നെഹ്റു, മുസാഫര്‍ അഹമ്മദ് തുടങ്ങിയ സ്വാതന്ത്യ്ര സമര നേതാക്കളെയും ടാഗോറിനെ പോലുള്ള കവികളെയും പെരിയാറിനെ പോലുള്ള സാമൂഹിക വിപ്ളവകാരികളെയും ഒട്ടനവധി യുവാക്കളായ സ്വാതന്ത്യ്രസമര സേനാനികളെയും ഒക്ടോബര്‍ വിപ്ളവം ഏതൊക്കെ വിധം സ്വാധീനിച്ചുവെന്നത് പ്രചാരണ പരിപാടികളില്‍ ഉയര്‍ത്തിക്കാട്ടും. 2017 നവംബര്‍ ഏഴിന് രാജ്യമൊട്ടൊകെ ഒക്ടോബര്‍ വിപ്ളവത്തിന്റെ ശതാബ്ദി ആചരണത്തിനായി ജനങ്ങളെ വലിയ തോതില്‍ ഒത്തുചേര്‍ക്കും. ഇതിലൂടെ വര്‍ഗിയ, പ്രതിലോമ, വിഘടന, വിഭാഗീയ ആശയങ്ങള്‍ ഉയര്‍ത്തുന്ന അപകടം തുറന്നുകാട്ടും– പ്രമേയത്തില്‍ പറഞ്ഞു.

ത്രിപുര ഇടതുമുന്നണി ഭരണത്തിനുകീഴില്‍ ചടുലമായി വികസിക്കുന്നതിനെ  പി ബി അംഗം വൃന്ദ കാരാട്ട് അവതരിപ്പിച്ച പ്രമേയം ശ്ളാഘിച്ചു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനുതകുന്ന ബദല്‍നയങ്ങള്‍ ആവിഷ്കരിക്കാമെന്ന് ത്രിപുര തെളിയിച്ചുവെന്ന് പ്രമേയം പറഞ്ഞു. ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ത്രിപുര ജനതയെ പ്ളീനം അഭിവാദ്യം ചെയ്തു. പി ബി അംഗം ജി രാമകൃഷ്ണന്‍ പിന്താങ്ങി.

അങ്ങേയറ്റം വികാരഭരിതമായ അന്തരീക്ഷത്തിലാണ് പൊരുതുന്ന ബംഗാളിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്ന പ്രമേയം അംഗീകരിച്ചത്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും മുമ്പില്ലാത്ത വിധമുള്ള ഭീകരവാഴ്ചയ്ക്കുമെതിരായും ബംഗാളിലെ ജനങ്ങള്‍ കെട്ടിപ്പടുക്കുന്ന ധീരോദാത്തമായ ചെറുത്തുനില്‍പ്പിന് ഈ ലേഖകന്‍ അവതരിപ്പിച്ച പ്രമേയം അഭിവാദ്യമര്‍പ്പിച്ചു. പ്രമേയത്തെ പിന്തുണച്ചുള്ള പ്രസംഗത്തില്‍ പലസ്തീന്‍ കവി സമി അല്‍ കാസിമിന്റെ “സൂര്യന്റെ ശത്രു’എന്ന കവിത അശോക് ധാവ്ളെ ആലപിച്ചത് പ്രതിനിധികളെ ആവേശത്തിലാഴ്ത്തി. ഒത്തുതീര്‍പ്പില്ലെന്നും ചെറുത്തുനില്‍പ്പ് തുടരുമെന്നുമുള്ള സന്ദേശമാണ് കവിത.
കവിതയിലെ ചില വരികള്‍ ഇങ്ങനെ പകര്‍ത്താം:

എന്റെ ഭൂമിയുടെ അവസാന തുണ്ടും 
നിങ്ങള്‍ എടുത്തേക്കാം
എന്റെ പൈതൃകവും നിങ്ങള്‍ കവര്‍ന്നേക്കാം
എന്റെ പുസ്തകങ്ങളും കവിതകളും 
നിങ്ങള്‍ കത്തിച്ചേക്കാം
എന്റെ മാംസം പട്ടികള്‍ക്ക് 
എറിഞ്ഞുകൊടുത്തേക്കാം
എന്റെ ഗ്രാമത്തിലെ മേല്‍ക്കൂരകള്‍ക്കുമേല്‍ 
നിങ്ങള്‍ ഭീതിയുടെ ചിലന്തിവല വിരിച്ചേക്കാം
ഓ, സൂര്യന്റെ ശത്രുക്കളേ.
.നഷ്ടങ്ങളുടെ കടലില്‍നിന്ന് മടങ്ങുകയാണ്
സൂര്യനും
പലായനം ചെയ്യപ്പെട്ടവര്‍ക്കൊപ്പം. 
അവള്‍ക്കും അവനും വേണ്ടി
ഞാന്‍ പ്രതിജ്ഞയെടുക്കുന്നു
എന്റെ സിരകളിലെ അവസാന തുടിപ്പു വരെ
ഞാനൊരിക്കലും അനുരഞ്ജനത്തിനില്ല
ഞാന്‍ ചെറുത്തുനില്‍ക്കും
ഞാന്‍ ചെറുത്തു നില്‍ക്കും 
ഞാന്‍ ചെറുത്തുനില്‍ക്കും!!!

31-Dec-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More