റവല്യൂഷണറി പാര്‍ടി ഓഫ് ഇന്ത്യന്‍ പീപ്പിള്‍

വര്‍ഗീയതയ്ക്കെതിരായ പോരാട്ടം എല്ലാ രംഗത്തും ഏറ്റെടുക്കണം. സാംസ്കാരിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുമാത്രമേ വര്‍ഗീയതയുടെ കടന്നുകയറ്റം തടയാനാകൂ. അതിനു സഹായകമായ പദ്ധതികള്‍ക്ക് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്ന് തീരുമാനിച്ചു. ദേശീയതലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനും ദേശീയ തലത്തില്‍ വര്‍ഗീയതയ്ക്കും ഉദാരവല്‍ക്കരണനയങ്ങള്‍ക്കുമെതിരെ പോരാടുന്ന ബദല്‍ശക്തിയായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വളര്‍ന്നുവരാനും കഴിയുമെന്ന് പ്രത്യാശ നല്‍കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിപ്ളവപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു ചുവടുവയ്പാണ് പുതുവര്‍ഷത്തലേന്ന് സമാപിച്ച പ്ളീനമെന്ന് ചരിത്രം രേഖപ്പെടുത്തും.

അഞ്ചുദിവസമായി കൊല്‍ക്കത്തയില്‍ നടന്ന പാര്‍ടി പ്ളീനം വിജയകരമായി സമാപിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. സംഘടനാ രേഖയും പ്രമേയവും സംബന്ധിച്ചും നിര്‍ദേശിക്കപ്പെട്ട ഭേദഗതികളെക്കുറിച്ചും വിവിധ അഭിപ്രായങ്ങള്‍ സംബന്ധിച്ചും കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കി ഇരുവരും സംസാരിച്ചു. സംഘടനാ റിപ്പോര്‍ട്ടിനുമേല്‍ 157 ഭേദഗതികളും 34 നിര്‍ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടു. ഇതില്‍ 36 എണ്ണം അംഗീകരിച്ചു. സംഘടനാ പ്രമേയത്തിനുമേല്‍ 65 ഭേദഗതികളും എട്ട് നിര്‍ദേശങ്ങളും ഉയര്‍ന്നു. ഇതില്‍ ആറെണ്ണം അംഗീകരിച്ചു. ഈ ഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ളീനം അംഗീകരിച്ചു.

സാല്‍ക്കിയ  പ്ളീനം അംഗീകരിച്ച കാഴ്ചപ്പാട് ബഹുജന വിപ്ളവപ്പാര്‍ടി എന്നതായിരുന്നു. ബഹുജന പാര്‍ടി എന്ന കാഴ്ചപ്പാട് വികസിച്ചപ്പോള്‍ വിപ്ളവസ്വഭാവത്തില്‍ ചോര്‍ച്ച സംഭവിച്ചെന്നാണ് 37 വര്‍ഷത്തെ അനുഭവത്തില്‍നിന്ന് വിലയിരുത്താവുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിപ്ളവപ്പാര്‍ടി എന്നതിന് ഊന്നല്‍നല്‍കി പാര്‍ടിയുടെ വിപ്ളവ ഉള്ളടക്കം വര്‍ധിപ്പിച്ച് ഇന്ത്യയിലെ ജനങ്ങളുടെ ആകെ പാര്‍ടിയായി വികസിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്ളീനം വിലയിരുത്തി. റവല്യൂഷണറി പാര്‍ടി ഓഫ് ഇന്ത്യന്‍ പീപ്പിള്‍ എന്ന മുദ്രാവാക്യമാണ് പ്ളീനം ആവിഷ്കരിച്ചത്. പാര്‍ടിയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതുമുതല്‍ ആരംഭിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ പ്ളീനം അംഗീകരിച്ചു. വര്‍ഗ സംഘടനകളിലും ബഹുജന സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ഉശിരന്മാരായ സഖാക്കളെ പാര്‍ടിയിലേക്ക് റിക്രൂട്ട്ചെയ്യണം. അനുഭാവിഗ്രൂപ്പില്‍ ഒരുവര്‍ഷക്കാലം പ്രവര്‍ത്തിച്ച് പാര്‍ടി മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യരാണെന്ന് കരുതുന്നവരെയാണ് കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്. കാന്‍ഡിഡേറ്റ് അംഗമായി ഒരുവര്‍ഷം പ്രവര്‍ത്തിച്ചാലാണ് ഓരോരുത്തരുടെയും പ്രവര്‍ത്തനം വിലയിരുത്തി പൂര്‍ണ മെമ്പര്‍മാരാക്കുക. മെമ്പര്‍ഷിപ് സ്ക്രൂട്ടിനി നടത്തുന്ന സന്ദര്‍ഭത്തില്‍ ഓരോരുത്തരും ഉത്തരവാദിത്തം എത്രത്തോളം നിര്‍വഹിച്ചുവെന്ന് വിലയിരുത്തി വേണം മെമ്പര്‍ഷിപ് പുതുക്കേണ്ടത്. നിര്‍ജീവ അംഗങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കേണ്ട എന്ന കര്‍ശന നിലപാട് സ്വീകരിക്കണം. ഓരോ അംഗവും വരുമാനത്തിനനുസരിച്ചുള്ള ലെവി നല്‍കാന്‍ സന്നദ്ധരാകണം.

തന്റെ വരുമാനത്തിന്റെ ഒരുഭാഗം പാര്‍ടിക്കുള്ളതാണെന്ന ബോധം ഓരോ അംഗത്തിനും ഉണ്ടാകണം. മാര്‍ക്സിസം ലെനിനിസത്തിലുള്ള കൂറും തൊഴിലാളിവര്‍ഗത്തോടുള്ള പ്രതിബദ്ധതയും നിര്‍വഹിക്കുന്ന ഒരാള്‍ക്ക് മാത്രമേ പാര്‍ടി അംഗത്വത്തില്‍ തുടരാന്‍ കഴിയൂ. ഇത്തരം അടിസ്ഥാനഘടകങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകണം പാര്‍ടിയുടെ വിപ്ളവ ഉള്ളടക്കം വികസിപ്പിക്കേണ്ടത്. 

പ്രാദേശികമായി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പോരാട്ടം എല്ലാ പാര്‍ടി ഘടകങ്ങളും ഏറ്റെടുക്കണം. വര്‍ഗസമരങ്ങളിലും ബഹുജന സമരങ്ങളിലും സജീവപങ്കാളികളായി ബ്രാഞ്ച്, ലോക്കല്‍, ഏരിയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേഡര്‍മാര്‍ സദാ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണം. ബഹുജനങ്ങളില്‍നിന്ന് അകന്നുനിന്ന് കമ്യൂണിസ്റ്റ് പാര്‍ടി വികസിപ്പിക്കാനാകില്ല. ഇതില്‍ ഏറ്റവും പ്രധാനഘടകമായി പ്ളീനം കണ്ടത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം പാര്‍ടി ബ്രാഞ്ചുകള്‍ സ്വയം പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളായി മാറുക, കമ്മിറ്റി യോഗങ്ങള്‍ ചേരുക, ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നുണ്ടെന്ന് ലോക്കല്‍, ഏരിയാ ജില്ലാ കമ്മിറ്റികള്‍ ഉറപ്പുവരുത്തുക എന്നിവയാണ്. അനുഭാവി ഗ്രൂപ്പ് സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം പാര്‍ടി ബ്രാഞ്ചുകള്‍ക്കാണ്. 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റികളും മൂന്നു സംസ്ഥാനങ്ങളില്‍ ഓര്‍ഗനൈസിങ് കമ്മിറ്റികളുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംസ്ഥാന കമ്മിറ്റികളെ രാഷ്ട്രീയമായും സംഘടനാപരമായും സഹായിക്കാന്‍ ഉത്തരവാദിത്തമുള്ള പൊളിറ്റ് ബ്യൂറോയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്ളീനം തീരുമാനിച്ചു. അഖിലേന്ത്യാ കേന്ദ്രത്തില്‍ കൂടുതല്‍ സഖാക്കളെ നിയോഗിക്കണമെന്നും വര്‍ഗ ബഹുജന സംഘടനകളുടെ അഖിലേന്ത്യാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ടി അംഗസംഖ്യയില്‍ 81.3 ശതമാനം പേരും തൊഴിലാളി–കര്‍ഷക–ദരിദ്രകര്‍ഷക– കര്‍ഷകത്തൊഴിലാളി വിഭാഗത്തില്‍നിന്നുള്ളവരാണ്. തൊഴിലാളി വര്‍ഗ പ്രസ്ഥാനം എന്ന നിലയില്‍ ഇത് വലിയൊരു മുതല്‍ക്കൂട്ടാണ്. എന്നാല്‍, ഈ സാമൂഹികഘടന പാര്‍ടിയുടെ ഉപരിഘടകങ്ങളില്‍ അതേപടി പ്രതിഫലിക്കുന്നില്ല എന്നത് പ്ളീനം വിലയിരുത്തി. സംസ്ഥാന കമ്മിറ്റികളില്‍ ഈ വിഭാഗങ്ങളിലുള്ളവര്‍ 38.27 ശതമാനമാണ്. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 58.32 ശതമാനവും. ഈ അടിസ്ഥാനവര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലര്‍ക്കും മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറാന്‍ കഴിയുന്നില്ല. ഇതു കണക്കിലെടുത്ത് തൊഴിലാളി, കര്‍ഷക, കര്‍ഷകത്തൊഴിലാളി, ദരിദ്ര കര്‍ഷകവിഭാഗത്തില്‍നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട്ചെയ്യണമെന്ന് തീരുമാനിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്ന് പാര്‍ടി അംഗങ്ങളെ കൂടുതല്‍ റിക്രൂട്ട് ചെയ്യണമെന്നും ഉപരികമ്മിറ്റികളില്‍ അത്തരം കേഡര്‍മാരെ ഉള്‍പ്പെടുത്തേണ്ടതും ചര്‍ച്ച ചെയ്തു.

പാര്‍ടി അംഗസംഖ്യയില്‍ 20 ശതമാനത്തിലേറെപ്പേര്‍ യുവാക്കളാണ്. കൂടുതല്‍ യുവാക്കളെ പാര്‍ടി അംഗത്വത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ഉപരിഘടകങ്ങളില്‍ ഉള്‍പ്പെടുത്താനുമുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് സംസ്ഥാന കമ്മിറ്റികള്‍ രൂപംനല്‍കണമെന്ന് നിര്‍ദേശിച്ചു. എല്ലാ പാര്‍ടി ഘടകങ്ങളിലും യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം. 
പാര്‍ടിയുടെ ജനപ്രതിനിധികള്‍ എല്ലാ നിലവാരത്തിലും മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്നും സദാ ജനങ്ങള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംകൊടുക്കണമെന്നും നിര്‍ദേശിച്ചു.

വര്‍ഗീയതയ്ക്കെതിരായ പോരാട്ടം എല്ലാ രംഗത്തും ഏറ്റെടുക്കണം. സാംസ്കാരിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുമാത്രമേ വര്‍ഗീയതയുടെ കടന്നുകയറ്റം തടയാനാകൂ. അതിനു സഹായകമായ പദ്ധതികള്‍ക്ക് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്ന് തീരുമാനിച്ചു. ദേശീയതലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനും ദേശീയ തലത്തില്‍ വര്‍ഗീയതയ്ക്കും ഉദാരവല്‍ക്കരണനയങ്ങള്‍ക്കുമെതിരെ പോരാടുന്ന ബദല്‍ശക്തിയായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വളര്‍ന്നുവരാനും കഴിയുമെന്ന് പ്രത്യാശ നല്‍കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിപ്ളവപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു ചുവടുവയ്പാണ് പുതുവര്‍ഷത്തലേന്ന് സമാപിച്ച പ്ളീനമെന്ന് ചരിത്രം രേഖപ്പെടുത്തും.

01-Jan-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More