വളരണം ഈ നാട് തകരണം ഈ ഭരണം

സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വികസനം. പൊതുമുതല്‍ സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുനടത്തുന്ന കോര്‍പറേറ്റുവല്‍ക്കരണത്തെയാണ് യുഡിഎഫ് വികസനമായി കൊട്ടിഘോഷിക്കുന്നത്.
കെപിസിസി പ്രസിഡന്റിനുപോലും അംഗീകരിക്കാന്‍ പറ്റാത്ത സര്‍ക്കാരായി ഈ സര്‍ക്കാര്‍ അധഃപതിച്ചു. കെപിസിസി പ്രസിഡന്റ് എതിര്‍പ്പ് പ്രകടിപ്പിച്ച പദ്ധതികള്‍പോലും വന്‍കിട കമ്പനികള്‍ക്കുവേണ്ടി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഭരണതലത്തില്‍ സുധീരനേക്കാള്‍ പിടിപാട് സന്തോഷ് മാധവനും ഹോപ് പ്ളാന്റേഷന്‍ ഗ്രൂപ്പുകാര്‍ക്കുമാണെന്ന് ഇത് വ്യക്തമാക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്ന് തിരിച്ചറിഞ്ഞാണ് ചില യുഡിഎഫ് എംഎല്‍എമാര്‍തന്നെ മത്സരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. “'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന യുഡിഎഫിന്റെ മുദ്രാവാക്യം പ്രാവര്‍ത്തികമായാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഭൂമിയേ ഉണ്ടാകാത്ത സ്ഥിതിയാണ് ഉണ്ടാവുക

കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലുള്ള അഴിമതികളാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷനുമുമ്പാകെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മണിക്കൂറുകളോളം വിചാരണയ്ക്ക് വിധേയനായി. ഈ മന്ത്രിസഭയിലെ ധനമന്ത്രിക്കാകട്ടെ, മന്ത്രിസഭയില്‍നിന്ന് രാജിവച്ച് പുറത്തുപോകേണ്ടിവന്നു. മറ്റ് നിരവധി മന്ത്രിമാര്‍ക്കെതിരെ തെളിവുകള്‍ പുറത്തുവന്നു. വിജിലന്‍സിനെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിച്ചത് നാട്ടിലാകമാനം പാട്ടായി.

അഴിമതിക്കായും നമ്മുടെ നാടിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നവിധത്തിലും ഭൂപരിഷ്കരണത്തെതന്നെ അട്ടിമറിക്കുന്ന പദ്ധതികളാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. 2008ല്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നെല്‍വയല്‍– നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ചു. റിയല്‍എസ്റ്റേറ്റ് മാഫിയക്കുവേണ്ടി നിയമങ്ങളില്‍ തുടര്‍ച്ചയായ ഇളവുവരുത്താനും സന്നദ്ധമായി. എമര്‍ജിങ് കേരള ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇത്തരമൊരു സമീപനം മുന്നോട്ടുവച്ചെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറേണ്ട സാഹചര്യമുണ്ടായി. അതിന്റെ ഫലമായി ഭൂമിയില്ലാത്തവര്‍ക്ക് ലഭിക്കേണ്ട ഭൂമി റിയല്‍എസ്റ്റേറ്റ് മാഫിയക്കുകീഴില്‍ അടിയറവയ്ക്കപ്പെട്ടു. 

എണ്ണൂറ്റിഇരുപത്തിരണ്ട് തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പുള്ള അവസാന മന്ത്രിസഭാ യോഗങ്ങളില്‍ യുഡിഎഫ് കൈക്കൊണ്ടത്. ഈ തീരുമാനങ്ങള്‍ പലതും അജന്‍ഡയില്‍പ്പോലും ഇല്ലാത്തവയായിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍പ്രകാരം ഭൂരിപക്ഷം ഫയലുകളും നിലംനികത്തല്‍ ക്രമപ്പെടുത്താനുള്ളവയാണ്. ഭൂമാഫിയക്കും നികുതി വെട്ടിപ്പുകാര്‍ക്കുംവേണ്ടി എടുത്ത തീരുമാനങ്ങളുടെ പരമ്പരയാണ് ഇവിടെ കാണാനാവുന്നത്.

സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഏറ്റവും ആദ്യം പുറത്തുവന്നത് കോട്ടയത്തെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ 378 ഏക്കര്‍ നിലം റക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വാങ്ങുന്നതിന് അനുമതി നല്‍കിയെന്നാണ്. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍– നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു പദ്ധതി അംഗീകരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞു. കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന പദ്ധതി എന്നാണ് പരിസ്ഥിതിവകുപ്പ് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. കൃഷിവകുപ്പും ഫിഷറീസ്വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇങ്ങനെ സര്‍ക്കാരിന്റെ വകുപ്പുകള്‍തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രശ്നത്തിലാണ് അതിനെയെല്ലാം മറികടന്ന് സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക് ഭൂമി നല്‍കാന്‍ ഈ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

കോടിമത മൊബിലിറ്റി ഹബ്ബ് പദ്ധതിക്കായി കോട്ടയം താലൂക്കിലെ നാട്ടകം വില്ലേജില്‍പ്പെട്ട 100 മുതല്‍ 125 ഏക്കര്‍ ഭൂമി സ്വന്തം ഇഷ്ടത്തോടുകൂടി പദ്ധതിക്കായി ഭൂവുടമകളോട് നല്‍കാന്‍ ആവശ്യപ്പെട്ടു. പകരമായി നല്‍കപ്പെട്ട സ്ഥലത്തിന്റെ 50 ശതമാനം ഭൂമി പരിവര്‍ത്തനാവകാശത്തോടുകൂടി ഭൂവുടമകള്‍ക്ക് നല്‍കുന്ന തരത്തിലുള്ള പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രി ചെയര്‍മാനായുള്ള കോടിമത മൊബിലിറ്റി ഹബ്ബിനാണ് ഈ ഭൂമി ഏറ്റെടുത്ത് നല്‍കുന്നത്. കൃഷിഭൂമി ഇത്തരത്തില്‍ വന്‍കിടക്കാര്‍ക്ക് പതിച്ചുകൊടുക്കുന്നു എന്ന ഗൌരവമായ പ്രശ്നമാണ് ഇവിടെ ഉയര്‍ന്നുവന്നിരിക്കുന്നത്.

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍പ്പെട്ട 47 ഏക്കര്‍ നെല്‍പ്പാടം നികത്തുന്നതിനുള്ള അനുമതിയും ഈ സര്‍ക്കാര്‍ നല്‍കി. പൊതു ആവശ്യ പ്രവൃത്തിയുടെ പരിധിയിലാണ് അനുമതി എന്നാണ് ഉത്തരവിലുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ 47 ഏക്കര്‍ നെല്‍പ്പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് കൊച്ചി മെഡിസിറ്റി ആന്‍ഡ് ടൂറിസം പദ്ധതി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് പകലോമറ്റം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഈ ഭൂമി പതിച്ചുനല്‍കുന്നത് നെല്‍വയല്‍സംരക്ഷണ നിയമത്തിനും നീര്‍ത്തടസംരക്ഷണ നിയമത്തിനും എതിരാണ്. എന്നിട്ടും അതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. 

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജില്‍ സമൃദ്ധിവില്ലേജ് പ്രോജക്ടിനായി 150.73 ഏക്കര്‍ ഭൂമി ഇളവ് അനുവദിച്ച് നല്‍കുന്നതിനുള്ള ഉത്തരവും അഴിമതി ലക്ഷ്യമിട്ടാണ്. സ്മാര്‍ട്ട് ടൌണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത്. കൃഷിസ്ഥലമാണെന്ന് ബോധ്യപ്പെട്ട് മുന്‍ കലക്ടര്‍ മിനി ആന്റണി അനുമതി നിഷേധിച്ച സ്ഥലമാണിത്. മുഖ്യമന്ത്രിയുടെ മുന്‍ ഉപദേശകനുവേണ്ടിയാണ് നിയമങ്ങളെ മറികടന്ന് കൃഷിസ്ഥലം നികത്താന്‍ അനുമതി നല്‍കിയത്.

സര്‍ക്കാര്‍ ഭൂമിയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ 883 ഏക്കര്‍ ഭൂമിയുടെ കരമടയ്ക്കാന്‍ നെല്ലിയാംപതിയിലെ കരുണഎസ്റ്റേറ്റിന് (ഇപ്പോള്‍ പോപ്സ് എസ്റ്റേറ്റ്) യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1963ലെ ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 72 അനുസരിച്ച് 1970 ജനുവരി ഒന്നുമുതല്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോപ്സണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി പോക്കുവരവ് ചെയ്തത് റദ്ദാക്കുകയും സര്‍വേ– റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടറോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. കമ്പനി അപ്പീലിന് പോയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍സത്യവാങ്മൂലം 2015 ജനുവരി 15ന് സമര്‍പ്പിച്ചു. കരുണ എസ്റ്റേറ്റ് കൈവശംവച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ വാദമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇങ്ങനെ കോടതിയില്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അതിനെയെല്ലാം കാറ്റില്‍പ്പറത്തി കരം അടയ്ക്കുന്നതിന് അനുമതി നല്‍കിയത്.

പീരുമേട് താലൂക്കില്‍ ഹോപ് പ്ളാന്റേഷന്‍ കമ്പനിക്ക് 750 ഏക്കര്‍ മിച്ചഭൂമി വിട്ടുനല്‍കാനും മന്ത്രി അടൂര്‍ പ്രകാശ് ഉത്തരവിറക്കി. മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുക്കാന്‍ 1998 നവംബര്‍ മൂന്നിന് സുപ്രീംകോടതി ഉത്തരവ് വന്ന ഭൂമിയാണിത്. 2004ലെ ആന്റണി മന്ത്രിസഭയും 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരും ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഉടമകള്‍ എതിര്‍ത്തെങ്കിലും ഹൈക്കോടതി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട ഭൂമിയാണ് ഇപ്പോള്‍ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചത്.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നല്‍കുകയാണുണ്ടായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പദ്ധതിക്കാണ് ഇപ്പോള്‍ തിരക്കിട്ട് അനുവാദം നല്‍കിയത്. 2009ല്‍ ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡിന്റെ കൈയിലുള്ള 128 ഏക്കര്‍ ഭൂമി മിച്ചഭൂമി എന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. പിന്നീട് ഈ കമ്പനി മെസേഴ്സ് കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മാറ്റി ഈ ഭൂമി ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍, റിയല്‍എസ്റ്റേറ്റ് താല്‍പ്പര്യമാണ് ഇതിനുപിന്നിലുള്ളതെന്ന് കാണിച്ച് സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞു. ഇതിനെയെല്ലാം മറികടന്നാണ് 90 ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെട്ട ഈ പ്രദേശം പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്.

കാസര്‍കോട്ടെ വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റ് കൈയേറിയ 41 ഏക്കര്‍ പതിച്ചുകൊടുക്കാന്‍ ഉന്നതതലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യൂ കമീഷണറുടെ ഓഫീസില്‍ ഹിയറിങ് നടന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2011ല്‍ തുടങ്ങിയ ഗൂഢാലോചനയാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. 2500 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ പുറത്തുവന്ന ഉത്തരവുകളിലെ കണക്ക് പ്രകാരംതന്നെ സര്‍ക്കാരിന് നഷ്ടപ്പെടാന്‍ പോകുന്നത്. നെല്‍വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ മാറ്റവും മറ്റും 25,000 ഏക്കറോളം ഭൂമി നികത്തുന്നതിന് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ അഴിമതിയോടൊപ്പം കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥതന്നെ തകര്‍ക്കുന്ന സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങിയത്. കേരളത്തിലെ മൂന്നുലക്ഷത്തിലേറെ വരുന്ന ജനങ്ങള്‍ ഒരു സെന്റ് ഭൂമിയില്ലാതെ അലഞ്ഞുതിരിയുമ്പോഴാണ് ഇത്തരം നടപടികള്‍. മിച്ചഭൂമി യഥാര്‍ഥത്തില്‍ ഇത്തരം വിഭാഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത്. അതിനുപകരം വന്‍കിടക്കാര്‍ക്ക് എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തി പതിച്ചുകൊടുക്കുന്നത് സര്‍ക്കാരിന്റെ താല്‍പ്പര്യം ആരോടാണെന്ന് വ്യക്തമാക്കുന്നതാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതികളില്‍ പൊതുവില്‍ കാണപ്പെടുന്ന സവിശേഷത ഭൂമി പതിച്ചുനല്‍കുന്ന അഴിമതിക്കെതിരെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളും നിലപാട് എടുത്തിരുന്നു എന്നാണ്. ഇതിനെയൊക്കെ മറികടന്ന് വന്‍കിടക്കാര്‍ക്ക് ഉത്തരവ് ലഭിക്കുന്നതിന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും ഇടപെട്ടു. അഴിമതിയുടെ പ്രഭവകേന്ദ്രം ആരെന്ന്് ഇതില്‍നിന്ന് പകല്‍വെളിച്ചംപോലെ വ്യക്തം.

ചില ഉത്തരവുകള്‍ പിന്‍വലിച്ചു എന്ന് പറയുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളി തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ പേരില്‍ വിജിലന്‍സ് ആസ്ഥാനത്തെ ടോപ്പ് സീക്രട്ട് സെക്ഷന്‍ അന്വേഷണം നടത്തുന്ന കേസിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാത്ത സ്ഥിതിയുണ്ടാക്കുന്ന ഉത്തരവും പുറപ്പെടുവിച്ചു. ഇത് പിന്‍വലിച്ചു എന്ന് പറയുന്നുണ്ടെങ്കിലും മാറ്റമൊന്നും വന്നിട്ടില്ലെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരളത്തില്‍ വമ്പിച്ച വികസനമുണ്ടാക്കി എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 7.6 ശതമാനം നിരക്കിലാണ് സമ്പദ്ഘടന വളര്‍ന്നതെങ്കില്‍ 6.1 ശതമാനം എന്ന നിലയില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വളര്‍ച്ച. ഈ ഇനത്തില്‍ കഴിഞ്ഞവര്‍ഷം ലാപ്സായത് 10,000 കോടി രൂപയാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ 12,000 കോടി രൂപകൂടി ഉണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ 22,000 കോടി രൂപയോളം പദ്ധതി അടങ്കല്‍പോലും ചെലവാക്കാത്തവരാണ് വികസനത്തെപ്പറ്റി സംസാരിക്കുന്നത്.

സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വികസനം. പൊതുമുതല്‍ സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുനടത്തുന്ന കോര്‍പറേറ്റുവല്‍ക്കരണത്തെയാണ് യുഡിഎഫ് വികസനമായി കൊട്ടിഘോഷിക്കുന്നത്.
കെപിസിസി പ്രസിഡന്റിനുപോലും അംഗീകരിക്കാന്‍ പറ്റാത്ത സര്‍ക്കാരായി ഈ സര്‍ക്കാര്‍ അധഃപതിച്ചു. കെപിസിസി പ്രസിഡന്റ് എതിര്‍പ്പ് പ്രകടിപ്പിച്ച പദ്ധതികള്‍പോലും വന്‍കിട കമ്പനികള്‍ക്കുവേണ്ടി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഭരണതലത്തില്‍ സുധീരനേക്കാള്‍ പിടിപാട് സന്തോഷ് മാധവനും ഹോപ് പ്ളാന്റേഷന്‍ ഗ്രൂപ്പുകാര്‍ക്കുമാണെന്ന് ഇത് വ്യക്തമാക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്ന് തിരിച്ചറിഞ്ഞാണ് ചില യുഡിഎഫ് എംഎല്‍എമാര്‍തന്നെ മത്സരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. “'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന യുഡിഎഫിന്റെ മുദ്രാവാക്യം പ്രാവര്‍ത്തികമായാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഭൂമിയേ ഉണ്ടാകാത്ത സ്ഥിതിയാണ് ഉണ്ടാവുക

28-Mar-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More