അംബേദ്‌കര്‍ പ്രസക്തമാവുന്നത്
കോടിയേരി ബാലകൃഷ്ണന്
അംബേദ്കര്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിനാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ജാതിവ്യവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. മാര്‍ക്‌സ് തന്നെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് 'മൂലധന'ത്തില്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ ജാതിവ്യവസ്ഥയെ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ വികാസത്തിന് ജാതിഘടന ആപല്‍ക്കരമാണെന്ന് മാര്‍ക്‌സ് 1857ലെ ഒന്നാംസ്വാതന്ത്യ്രസമരത്തെ വിലയിരുത്തുന്ന ഘട്ടത്തില്‍ വ്യക്തമാക്കി. ഇങ്ങനെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ആശയസംഹിതയാണ് മാര്‍ക്‌സിസം. അതുകൊണ്ടുതന്നെ ആശയതലത്തില്‍ ജാതീയതയ്‌ക്കെതിരായ നിലപാടെടുക്കുന്ന അംബേദ്കറുടെ കാഴ്ചപ്പാടുകളുമായി പൊരുത്തമുണ്ട്. |
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. 1891 ഏപ്രില്‍ 14ന് ജനിച്ച അദ്ദേഹം ഇന്ത്യന്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍നിന്ന് പട നയിച്ചു. ഇന്ത്യന്‍സമൂഹത്തിന്റെ സവിശേഷതയും അടിച്ചമര്‍ത്തലിന്റെ രൂപവുമായ ജാതിവ്യവസ്ഥയുടെ പീഡനങ്ങള്‍ നൂറ്റാണ്ടുകളായി രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന ജനതയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇത്തരം അനീതികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് പല രൂപത്തില്‍ ഇന്ത്യന്‍സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആധുനികകാലത്ത് ഇതിനെതിരെ ശക്തമായ പോരാട്ടം വളര്‍ത്തിയെടുത്ത മഹാനായ വ്യക്തിയെന്ന നിലയിലാണ് അംബേദ്കര്‍ പ്രസക്തനാകുന്നത്.
ബ്രിട്ടീഷ് സൈന്യത്തിലെ അംഗമായിരുന്നു അംബേദ്കറുടെ അച്ഛന്‍. അംബേദ്കറുടെ അഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. പിന്നീട് അമ്മായിയാണ് വളര്‍ത്തിയത്. 1904ല്‍ മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. ബോംബെ സര്‍വകലാശാലയില്‍നിന്ന് ബിഎ പാസായി. പിന്നീട് ബറോഡ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ് നേടി കൊളംബിയ സര്‍വകലാശാലയില്‍ പഠനം നടത്തി. ഈ കാലയളവില്‍ അദ്ദേഹത്തിന് പിഎച്ച്ഡി ബിരുദവും ലഭിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം മിലിട്ടറി സെക്രട്ടറിയായി ചേര്‍ന്നെങ്കിലും ജാതീയമായ തിക്താനുഭവംമൂലം ആ ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് മുംബൈയില്‍ കോളേജ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനുശേഷം ആ പദവി രാജിവയ്ക്കുകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്ന് എംഎസ്സി ഇക്കണോമിക്‌സും നിയമബിരുദവും നേടി. ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍നിന്ന് ഡിഎസ്സി ബിരുദവും ലഭിച്ചു. 1923ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി. 1926ല്‍ ബോംബെ നിയമസഭാ കൌണ്‍സില്‍ അംഗമായി. പിന്നീട് ബോംബെ ഗവണ്‍മെന്റ് ലോ കോളേജ് പ്രൊഫസറും പ്രിന്‍സിപ്പലുമായി. ഈ കാലയളവില്‍ നിരവധി വിഷയങ്ങളില്‍ അദ്ദേഹം ബിരുദാനന്തര ബിരുദങ്ങള്‍ നേടി.
താന്‍ അനുഭവിച്ച ജാതീയമായ പീഡനങ്ങള്‍, ജാതിക്കെതിരായ പോരാട്ടങ്ങള്‍ വളര്‍ത്തിയെടുക്കണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിലുണ്ടാക്കി. അതിനായി ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി. 1918ല്‍ സൌത്ത്‌ബോറോ കമീഷന്‍ മുമ്പാകെ ഭാരതത്തിലെ അധഃസ്ഥിതരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ നല്‍കി. നാഗ്പുരില്‍ അധഃസ്ഥിതരുടെ സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചു. നന്ദാറാം ബക്കറെ മുഖ്യ പത്രാധിപരാക്കി മറാഠി ഭാഷയില്‍ മൂകനായക് എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു. അധഃസ്ഥിത ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പടവാളായി ആ വാരിക മാറി. 1925ല്‍ പട്ടികജാതി– വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ ആരംഭിച്ചു. 1927ല്‍ ചൌഹീദാര്‍ കുളത്തില്‍നിന്ന് വെള്ളമെടുക്കുന്നതിനുള്ള അനുമതിക്കായി മാര്‍ച്ചും സത്യഗ്രഹവും സംഘടിപ്പിച്ചു. നാസിക്കിലെ കലാറാംക്ഷേത്രത്തില്‍ പ്രവേശനം നേടുന്നതിനായി വമ്പിച്ച മാര്‍ച്ചിനും അദ്ദേഹം നേതൃത്വംനല്‍കി.
കിട്ടുന്ന ഏത് അവസരവും ജാതീയമായ അവശതകളെ ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുത്തുന്ന നിലപാടിന്റെ ഭാഗമായി സൈമണ്‍ കമീഷന്റെ മുമ്പില്‍ ജാതീയമായ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അധഃസ്ഥിത വിഭാഗത്തിന്റെ യാതനകള്‍ വ്യക്തമാക്കുകയും അവയ്ക്ക് ഫലപ്രദമായ പങ്കാളിത്തം നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഇടപെടുകയും ചെയ്തു. ഒന്നാം വട്ടമേശസമ്മേളനത്തില്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പറയുന്നതിനോടൊപ്പംതന്നെ ജാതീയതയുടെ പേരില്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. അധഃസ്ഥിത സംവരണത്തിനുവേണ്ടി ശക്തമായ വാദം അദ്ദേഹം നിരത്തി.
അധഃസ്ഥിതവര്‍ഗത്തിനുവേണ്ടി പോരാടുന്നതിനോടൊപ്പം തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം നിലകൊണ്ടു. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി ബോംബെ അസംബ്‌ളിയില്‍ അവതരിപ്പിച്ച ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ബില്ലിനെ അസംബ്‌ളിയില്‍ അദ്ദേഹം എതിര്‍ത്തു. പണിമുടക്ക് അവകാശം തൊഴിലാളികളുടെ ജന്മാവകാശമാണെന്ന് അംബേദ്കര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ തൊഴിലാളിവര്‍ഗ നിലപാടുകള്‍ക്കെതിരെ കമ്യൂണിസ്റ്റ് നേതാക്കളുമായി ചേര്‍ന്ന് മാര്‍ച്ച് സംഘടിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ പഠിക്കാനും കമ്യൂണിസ്റ്റ് നേതാവായ രാംദാസ് മേത്തയോടൊപ്പം ഭവനസന്ദര്‍ശനപരിപാടികളിലും പങ്കെടുത്തു.
ജാതിവ്യവസ്ഥയുടെ ആശയ അടിത്തറ തകര്‍ക്കാന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ആരായിരുന്നു ശൂദ്രര്‍'. ചാതുര്‍വര്‍ണ്യവ്യവസ്ഥയ്‌ക്കെതിരെ നിശിതമായ വിമര്‍ശം ഇതില്‍ ഉന്നയിക്കുകയുണ്ടായി. ന്യൂനപക്ഷ പ്രശ്‌നങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 1947 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'സ്‌റ്റേറ്റ് ആന്‍ഡ് മൈനോറിറ്റീസ്' എന്ന പുസ്തകം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മൌലികാവകാശങ്ങള്‍, അധഃസ്ഥിതരുടെ സുരക്ഷയുടെ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനങ്ങളാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായിരുന്നു അംബേദ്കര്‍. 1947 ആഗസ്റ്റ് 29ന് കോണ്‍സ്റ്റിറ്റിയൂഷണല്‍ അസംബ്‌ളി ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1948ല്‍ ഭരണഘടനയുടെ കരട് അവതരിപ്പിച്ചു. 1949 നവംബര്‍ 26ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്‌ളി ഭരണഘടന അംഗീകരിച്ചു.
ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരെ അതിശക്തമായി പോരാടി അംബേദ്കര്‍. ജാതിവ്യവസ്ഥയുടെ ദുഃസ്ഥിതി കണ്ടാണ് അദ്ദേഹം ഹിന്ദുമതംതന്നെ ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അംബേദ്കറെ തെറ്റായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും ശ്രമം നടക്കുന്ന വര്‍ത്തമാനകാലത്ത് അത്തരം ശ്രമങ്ങളെ തുറന്നുകാട്ടാന്‍ കഴിയേണ്ടതുണ്ട്.
അംബേദ്കര്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിനാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ജാതിവ്യവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. മാര്‍ക്‌സ് തന്നെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് 'മൂലധന'ത്തില്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ ജാതിവ്യവസ്ഥയെ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ വിലയിരുത്തുന്നുണ്ട്.
ഇന്ത്യയുടെ വികാസത്തിന് ജാതിഘടന ആപല്‍ക്കരമാണെന്ന് മാര്‍ക്‌സ് 1857ലെ ഒന്നാംസ്വാതന്ത്യ്രസമരത്തെ വിലയിരുത്തുന്ന ഘട്ടത്തില്‍ വ്യക്തമാക്കി. ഇങ്ങനെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ആശയസംഹിതയാണ് മാര്‍ക്‌സിസം. അതുകൊണ്ടുതന്നെ ആശയതലത്തില്‍ ജാതീയതയ്‌ക്കെതിരായ നിലപാടെടുക്കുന്ന അംബേദ്കറുടെ കാഴ്ചപ്പാടുകളുമായി പൊരുത്തമുണ്ട്.
ഓരോ സമൂഹത്തിന്റെയും സവിശേഷതകളെ മനസ്സിലാക്കിയാണ് മാര്‍ക്‌സിസം– ലെനിനിസം പ്രയോഗിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗസമരത്തിന്റെ രൂപങ്ങളെ സംബന്ധിച്ചും സാമൂഹ്യനീതിക്കുവേണ്ടിയുള്ള, അതായത് ജാതിവ്യവസ്ഥയ്‌ക്കെതിരായ സമരത്തെക്കൂടി ബന്ധിപ്പിച്ചാണ് അത് മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്ന കാഴ്ചപ്പാടാണ് കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. ഇ എം എസ് തന്റെ പ്രസിദ്ധമായ 'വര്‍ഗസമരം ഇന്ത്യാ ചരിത്രത്തില്‍' എന്ന പുസ്തകത്തില്‍ ഈ കാഴ്ചപ്പാട് ഇങ്ങനെ വിശദീകരിക്കുന്നു.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം ജാതിസംബന്ധമായ, മതസമുദായം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകളായി വളര്‍ന്നുവന്ന വര്‍ഗസമരത്തിന്റെ മേധാവിത്വം വഹിക്കുന്ന വര്‍ഗങ്ങളും ആ മേധാവിത്വം വഹിക്കുന്നവര്‍ക്ക് കീഴടങ്ങാന്‍ വിധിക്കപ്പെടുന്ന വര്‍ഗങ്ങളും തമ്മില്‍ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉള്ള സംഘട്ടനങ്ങളുടെ പുത്തന്‍രൂപമാണ് ഇന്നത്തെ രാഷ്ട്രീയം. അതുകൊണ്ട് വര്‍ഗസമരത്തെയും സാമൂഹ്യനീതിയെയും കൂട്ടിച്ചേര്‍ക്കുകയല്ല വേണ്ടത്. സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരത്തെത്തന്നെ വര്‍ഗസമരമാക്കി ഉയര്‍ത്തുക; വര്‍ഗസമരത്തിന്റെ അഭേദ്യഭാഗമായി സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം നടത്തുക – ഇതാണ് ഇന്നാവശ്യം. ഇതാണ് മാര്‍ക്‌സിനെയും എംഗല്‍സിനെയും ലെനിനെയും മറ്റും പഠിച്ച ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്''.
ഇന്ത്യയിലെ പൊതുസ്ഥിതിയേക്കാള്‍ പട്ടികജാതി– വര്‍ഗ വിഭാഗങ്ങളുടെ നില കേരളത്തില്‍ മെച്ചമാണ്. എന്നാല്‍, കേരളത്തിലെ മറ്റു ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ജനവിഭാഗത്തിന്റെ ജീവിതനിലവാരം ഏറെ മെച്ചപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യത്തോടെ ഇടപെടേണ്ടത് അനിവാര്യമാണെന്ന് സിപിഐ എം കരുതുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി– വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും മറ്റു വര്‍ഗപ്രസ്ഥാനങ്ങളിലും വര്‍ഗസമരത്തിലും അണിനിരക്കേണ്ടത്. അതോടൊപ്പംതന്നെ, സവിശേഷമായ പ്രശ്‌നങ്ങളില്‍ ജാതീയമായ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശ്രമിക്കേണ്ടതുണ്ട്. ഈ പോരാട്ടത്തിന് മറ്റ് വര്‍ഗ– ബഹുജനസംഘടനകളുടെ സഹായം സ്വീകരിച്ച് മുന്നോട്ടുപോകാനും കഴിയണം. ഇത്തരം ശ്രമങ്ങള്‍ക്ക് ആവശ്യമായ ഇടങ്ങളില്‍ പാര്‍ടി പിന്തുണയ്ക്കുകയും വേണമെന്ന കാഴ്ചപ്പാടാണ് സാമൂഹ്യഅവശതയുടെ പ്രശ്‌നങ്ങളില്‍ പാര്‍ടി സ്വീകരിച്ചിട്ടുള്ളത്.
ജാതിവ്യവസ്ഥയുടെ അടിസ്ഥാനം ഫ്യൂഡല്‍ഘടനയാണ്. അതുകൊണ്ട് ഫ്യൂഡലിസത്തെ തകര്‍ത്തുകൊണ്ടുമാത്രമേ ജാതീയതയുടെ അടിവേര് തകര്‍ക്കാനാകൂ. അതോടൊപ്പംതന്നെ, ആശയമണ്ഡലത്തിലും സാംസ്‌കാരിക ജീവിതത്തിലുമെല്ലാം വേരുറപ്പിച്ച് നില്‍ക്കുന്ന ജാതീയമായ ആധിപത്യത്തിന്റെ കാഴ്ചപ്പാടുകള്‍ക്കെതിരെയും പോരാടേണ്ടതുണ്ട്. അത്തരം പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നതിന്, ജാതീയതയ്‌ക്കെതിരായി അംബേദ്കര്‍ നടത്തിയ സമരങ്ങളില്‍നിന്നും ആശയപരമായ കാര്യങ്ങളില്‍നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്.
അംബേദ്കര്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ച അവസരംപോലും ഇന്ന് രോഹിത് വെമുലയ്ക്ക് ഹൈദരാബാദ് സര്‍വകലാശാലയില്‍ ലഭിച്ചില്ല എന്നതാണ് ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ദളിത്സമൂഹം നേരിടുന്ന ദുരവസ്ഥ. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുകയും ദളിതരുടെ കുടിലുകള്‍ തീവച്ച് കുട്ടികളെ ചുട്ടുകൊല്ലുകയും ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പട്ടികജാതി– വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചുവരുന്ന സംവരണംപോലും എടുത്തുകളയുമെന്ന ഭീഷണി സര്‍ക്കാരിനെ നയിക്കുന്ന ആര്‍എസ്എസ് മുന്നോട്ടുവച്ചിരിക്കുകയാണ്. ഭരണഘടനാപരമായുള്ള ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാടേണ്ടുന്ന ഒരു സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍, അംബേദ്കര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ പ്രസക്തി വളരെയേറെ വര്‍ധിച്ചിരിക്കുകയാണ്.
14-Apr-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍