യു ഡി എഫ് പ്രകടനപത്രികയിലെ പൊള്ളത്തരങ്ങള്‍
കോടിയേരി ബാലകൃഷ്ണന്
യു ഡി എഫ്, കഴിഞ്ഞ പത്രികയില്‍ പറഞ്ഞതും നടപ്പാക്കാത്തതുമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു എന്നുമാത്രമല്ല പുതിയ പ്രകടനപത്രികയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍പോലും കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതല്ല. കേരളത്തിന്റെ കാര്‍ഷികത്തകര്‍ച്ചയ്ക്ക് അടിസ്ഥാനമായി മാറിയ ആസിയന്‍ കരാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കാന്‍ പ്രകടനപത്രിക തയ്യാറായിട്ടില്ല. ഈ കരാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ സാഹചര്യത്തില്‍ കാര്‍ഷികപ്രശ്‌നങ്ങളെ പരിശോധിക്കാനും തയ്യാറായിട്ടില്ല. വൈദ്യുതോല്‍പ്പാദനം ഉള്‍പ്പെടെയുള്ള ഗൌരവ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍പോലും യുഡിഎഫ് തയ്യാറായില്ല എന്നും കാണാം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ അഴിമതിവിരുദ്ധ ഭരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്. |
തെരഞ്ഞെടുപ്പുഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ടികളും മുന്നണികളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ ജനങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുടെ രൂപത്തില്‍ അവതരിപ്പിക്കുക സ്വാഭാവികമാണ്. ഇത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും മുന്നണികളുടെയും നിലപാടുകള്‍ വ്യക്തമാക്കാന്‍ സഹായിക്കും. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുക എന്നത് ജനങ്ങളോട് ബാധ്യതയുള്ള ഏതൊരു രാഷ്ട്രീയപാര്‍ടിയുടെയും മുന്നണിയുടെയും കടമയുമാണ്.
ഇന്ത്യയുടെ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പുവാഗ്ദാനം എന്നനിലയില്‍ നിരവധി കാര്യങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി, പഞ്ചായത്തില്‍ വ്യവസായം, ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ തുടങ്ങിയവയെല്ലാം വിവിധതരത്തില്‍ ജനങ്ങളുടെ മുമ്പാകെ വച്ച വാഗ്ദാനങ്ങളായിരുന്നു. ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ രാജ്യത്തിന്റെ മുഖസ്ഥിതി മാറിമറിയുമായിരുന്നു. പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്നത് കോണ്‍ഗ്രസിന്റെ ശീലമാണ്. യുഡിഎഫിന്റെ പത്രികകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രികയുടെ പേര് 'വികസനവും കരുതലും' എന്നതായിരുന്നു. ഇതില്‍ മുന്നോട്ടുവച്ച കാര്യങ്ങളും യാഥാര്‍ഥ്യങ്ങളും പരിശോധിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഉള്ളുകള്ളികള്‍ നമുക്ക് വ്യക്തമാകും. പൂര്‍ണമായും ഭാഗികമായും തൊഴിലില്ലാത്ത എല്ലാ വിഭാഗം തൊഴില്‍രഹിതര്‍ക്കും നല്ല വരുമാനമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആമുഖത്തില്‍തന്നെ നല്‍കിയിരുന്ന വാഗ്ദാനം. പൊതുവിതരണസമ്പ്രദായം നവീകരിച്ചും ശക്തിപ്പെടുത്തിയും നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കുമെന്നതായിരുന്നു മറ്റൊരു സുപ്രധാന വാഗ്ദാനം.
കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെന്നുമാത്രമല്ല അത് കൂടുതല്‍ രൂക്ഷമാകുന്ന സ്ഥിതിയാണുണ്ടായത്. നിയമനനിരോധനം ഏര്‍പ്പെടുത്തി. തസ്തികകള്‍ വെട്ടിക്കുറച്ചു. അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്കുപോലും നിയമനം ലഭിക്കാത്ത സ്ഥിതി വ്യാപകമായി. ഒഴിവുവന്ന പോസ്റ്റുകള്‍ കൃത്യമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍പോലും തയ്യാറായില്ല. എന്നിട്ട് ഈ പ്രകടനപത്രികയിലും തൊഴിലില്ലായ്മയെക്കുറിച്ച് ഘോരഘോരമായ വാചകങ്ങളുണ്ട്. പൊതുവിതരണസമ്പ്രദായം തകര്‍ന്നുതരിപ്പണമായി. മുപ്പതോളം മാവേലി സ്‌റ്റോറാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയത്. റേഷന്‍സമ്പ്രദായം സര്‍ക്കാര്‍ തകര്‍ത്തതിന്റെ ഭാഗമായി റേഷന്‍വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങേണ്ട സാഹചര്യവും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. വിലക്കയറ്റം അതിന്റെ എല്ലാ സീമകളെയും ലംഘിച്ച് കുതിക്കുകയാണ്. ഇരുപതില്‍ താഴെയായിരുന്ന അരിവില 40 രൂപയോളം എത്തിച്ചു എന്നതാണ് ഈ വാഗ്ദാനങ്ങളുടെ പരിണതഫലം.
സംസ്ഥാനത്തെ മാലിന്യവിമുക്തമാക്കാന്‍ ആധുനിക മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായി. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ട് ഒന്നും നടത്തിയില്ല. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ജനകീയപിന്തുണയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍മാത്രമാണ് ഈ രംഗത്തുണ്ടായത്. തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടായത്്.
നെല്‍ക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പലിശരഹിതവായ്പ, സബ്‌സിഡികള്‍, ഉല്‍പ്പാദന ബോണസ് എന്നിവ ഉള്‍പ്പെടെ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും അവയൊന്നുംതന്നെ നടപ്പാക്കിയില്ല. മാത്രമല്ല നെല്‍വയലുകള്‍ സന്തോഷ് മാധവനെപ്പോലുള്ളവര്‍ക്ക് പതിച്ചുനല്‍കാനാണ് സര്‍ക്കാര്‍ തയ്യാറായത്. കര്‍ഷകര്‍ക്ക് കൂടുതല്‍ കടാശ്വാസം നല്‍കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ ഭാഗമായി എഴുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സ്ഥിതിയാണുണ്ടായത്. അര്‍ഹരായ എല്ലാ കുടിയേറ്റക്കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവും ജലരേഖയായി. തീരദേശവികസനത്തിന് പ്രത്യേക പാക്കേജ് കൊണ്ടുവന്ന് നടപ്പാക്കുമെന്നതായിരുന്നു മറ്റൊരു വാഗ്ദാനം. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
യുഡിഎഫിന്റെ ഇപ്പോഴത്തെ പ്രകടനപത്രികയില്‍ കൊട്ടിഘോഷിച്ച ഒന്നാണ് വീടിനെയും വൈദ്യുതിയെയും കുടിവെള്ളത്തെയും കുറിച്ചുള്ള വാഗ്ദാനങ്ങള്‍. കഴിഞ്ഞ പ്രകടനപത്രികയില്‍ യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനം പരിശോധിച്ചാല്‍ ഇവരുടെ കള്ളത്തരം വ്യക്തമാകും. യുഡിഎഫ് പ്രകടനപത്രിക ഇങ്ങനെ വാഗ്ദാനം ചെയ്തിരുന്നു– എല്ലാ കുടുംബങ്ങള്‍ക്കും വീടും വൈദ്യുതിയും പൈപ്പുവഴി കുടിവെള്ളവും ലഭ്യമാക്കും. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെ സമഗ്രപദ്ധതി തയ്യാറാക്കും (യുഡിഎഫ് പ്രകടനപത്രിക 1.53). ഈ രംഗത്ത് എന്താണ് നടന്നതെന്നു പറയാതെതന്നെ എല്ലാവര്‍ക്കും അറിയാം. ഇ എം എസ് ഭവനപദ്ധതി ഇല്ലാതാക്കി. വൈദ്യുതിമേഖലയില്‍ അധികോല്‍പ്പാദനത്തിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ല. പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും വ്യാപിച്ചു.
മൃഗസംരക്ഷണത്തിന്റെയും ക്ഷീരവികസനത്തിന്റെയും മേഖലയില്‍ രണ്ടുലക്ഷം യുവതീയുവാക്കള്‍ക്കും ഭക്ഷ്യസുരക്ഷയുടെ ഭാഗമായുള്ള പദ്ധതികളിലൂടെ ഒരുലക്ഷം യുവതീയുവാക്കള്‍ക്കും സ്ഥിരംതൊഴില്‍ നല്‍കുമെന്നായിരുന്നു പ്രകടനപത്രികയിലെ ഒന്നാം അധ്യായത്തിലെ 66ഉം 67ഉം ഖണ്ഡികയില്‍ വ്യക്തമാക്കിയത്. ഈ മേഖലയിലും ഒന്നും നടന്നില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ ഒരുലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, സ്മാര്‍ട്ട് സിറ്റി പദ്ധതിതന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാരിനുണ്ടായത്.
കരിമണല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി സംസ്‌കരിച്ച് കയറ്റുമതിചെയ്ത് പതിന്മടങ്ങ് ലാഭമുണ്ടാക്കുമെന്നായിരുന്നു മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. എന്നാല്‍, ഇത്തരത്തിലുള്ള ഒരു മുന്നേറ്റവും ഈ മേഖലയില്‍ ഉണ്ടായില്ല. തെരഞ്ഞെടുത്ത ദേശീയപാതകള്‍ക്ക് ഇരുവശവും വ്യവസായ ഇടനാഴി പ്രഖ്യാപിച്ച് കൂടുതല്‍ വ്യവസായം ആരംഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഈ രംഗത്തും ഒന്നും നടന്നില്ല. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും ലാഭത്തിലിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലായി എന്നല്ലാതെ മറ്റൊരു വിശേഷവും സംഭവിച്ചില്ല.
അടിസ്ഥാനസൌകര്യ വികസനത്തിനായി ഒരുലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസനപദ്ധതികള്‍ ഇവര്‍ മുന്നോട്ടുവച്ചിരുന്നു. പദ്ധതി ഇനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 26,000 കോടി രൂപ വെട്ടിക്കുറവ് വരുത്തി എന്നതുമാത്രമാണ് ഈ രംഗത്തുണ്ടായത്. തീരദേശ ഹൈവേയെക്കുറിച്ചുള്ള വാഗ്ദാനവും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരം– മംഗലാപുരം അതിവേഗ റെയില്‍പ്പാത എന്ന കാഴ്ചപ്പാട് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. അതും നടന്നില്ല.
സംസ്ഥാനത്തിന്റെ സ്ഥാപിത വൈദ്യുതോല്‍പ്പാദനശേഷി അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. ഈ കാലയളവില്‍ 3000 മെഗാവാട്ട് വൈദ്യുതശേഷി അധികമായി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് യുഡിഎഫിന്റെ കഴിഞ്ഞ പ്രകടനപത്രികയിലെ ഏഴാം അധ്യായത്തിലെ ഒന്നാമത്തെ ഖണ്ഡിക വ്യക്തമാക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാല്‍ കേരളം വൈദ്യുതിപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിപ്പെടുത്തല്‍, സ്വാശ്രയ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം, ദുര്‍ബല ജനവിഭാഗങ്ങളുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം, ഫീസ് സംവരണം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങളും ജലരേഖയായി. പ്‌ളസ്ടു വിദ്യാര്‍ഥികള്‍ക്ക് സൌരോര്‍ജവിളക്ക് സൌജന്യമായി നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. സൂര്യന്‍ ഉച്ചിയില്‍ തിളങ്ങുന്നുണ്ടെന്നല്ലാതെ വിളക്കാര്‍ക്കും ലഭിച്ചില്ല. വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നു പറഞ്ഞ് ജനങ്ങളെ പറ്റിച്ചവര്‍ ഇതുമായി ബന്ധപ്പട്ട നിരവധി കാര്യങ്ങള്‍ ഈ പ്രകടനപത്രികയിലും മുന്നോട്ടുവച്ചിട്ടുണ്ട് എന്നതും രസകരമാണ്. സൌജന്യ ഡയാലിസിസ് എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. അതും നടപ്പാക്കിയില്ല. വൈദ്യുതി ഇല്ലാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അധികാരമേറ്റ് ഒറ്റവര്‍ഷംകൊണ്ട് വൈദ്യുതി നല്‍കുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.
തോട്ടംതൊഴിലാളികളുടെ വേതന– സേവന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ പ്രകടനപത്രികയിലെ നാലാം അധ്യായത്തിലെ 42–ാംഖണ്ഡികയില്‍ എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു. തോട്ടംമേഖലയില്‍ എന്ത് സംഭവിച്ചു എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. പൊതുസ്ഥാപനങ്ങളുടെ മാനേജ്‌മെന്റില്‍ തൊഴിലാളി പ്രാതിനിധ്യം എന്നതായിരുന്നു മറ്റൊരു കാര്യം. എന്നാല്‍, പൊതുമേഖലയെത്തന്നെ തകര്‍ക്കുന്ന പദ്ധതികളാണ് മുന്നോട്ടുവച്ചത്. പ്രവാസിനയം രൂപീകരിക്കുമെന്ന വാഗ്ദാനവും ജലരേഖയായി. അയ്യന്‍കാളിയുടെ നാമധേയത്തില്‍ സര്‍വകലാശാല എന്ന വാഗ്ദാനവും പാഴ്വേലയായി മാറി.
കേരളത്തെ കടക്കെണിയില്‍നിന്ന് മോചിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, കേരളത്തിന്റെ കടം ഇരട്ടിയിലേറെ എത്തിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും കൈവശഭൂമി, ഭവനം, കുടിവെള്ളം, വൈദ്യുതി, കക്കൂസ് എന്നിവ ലഭ്യമാക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇത് നടപ്പാക്കിയില്ലെന്നുമാത്രമല്ല അട്ടപ്പാടിപോലുള്ള മേഖലയില്‍ പട്ടിണിമരണംവരെ സര്‍ക്കാര്‍ അനാസ്ഥമൂലം ഉണ്ടാവുകയാണ് ചെയ്തത്. ആയുര്‍വേദത്തിനും െ്രെടബല്‍ മെഡിസിനും വേണ്ടി ഔഷധഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്ന വാഗ്ദാനവും ജലരേഖയായി. മരുന്നിന്റെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന വാഗ്ദാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമായില്ല. ഇനിയും നിരവധി വാഗ്ദാനലംഘനങ്ങള്‍ പ്രകടനപത്രികയില്‍ നിലനില്‍ക്കുന്നുണ്ട്. വിസ്തരഭയത്താല്‍ അതിലേക്ക് കടക്കുന്നില്ല.
ഇത്തരത്തില്‍ വാഗ്ദാനലംഘനങ്ങളുടെ പെരുമഴ സൃഷ്ടിച്ചശേഷം ആ പ്രകടനപത്രികയിലെ പല കാര്യങ്ങളും പുതിയ പത്രികയില്‍ ആവര്‍ത്തിക്കുകയാണ്. പത്താംക്‌ളാസില്‍ എത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൌജന്യ സൈക്കിള്‍ എന്നത് ഈ വര്‍ഷത്തെ പ്രകടനപത്രികയില്‍ എട്ടാംക്‌ളാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൌജന്യ സൈക്കിള്‍ എന്നായി. കഴിഞ്ഞ പ്രകടനപത്രികയിലെ, വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നും തീരപ്രദേശത്തെ കുടുംബങ്ങള്‍ക്ക് വീടും കുടിവെള്ളവും നല്‍കും എന്നുമുള്ള വാഗ്ദാനങ്ങള്‍ ഇതിലും ആവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്രികയില്‍ പറഞ്ഞതും നടപ്പാക്കാത്തതുമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു എന്നുമാത്രമല്ല പുതിയ പ്രകടനപത്രികയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍പോലും കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതല്ല. കേരളത്തിന്റെ കാര്‍ഷികത്തകര്‍ച്ചയ്ക്ക് അടിസ്ഥാനമായി മാറിയ ആസിയന്‍ കരാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കാന്‍ പ്രകടനപത്രിക തയ്യാറായിട്ടില്ല. ഈ കരാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ സാഹചര്യത്തില്‍ കാര്‍ഷികപ്രശ്‌നങ്ങളെ പരിശോധിക്കാനും തയ്യാറായിട്ടില്ല. വൈദ്യുതോല്‍പ്പാദനം ഉള്‍പ്പെടെയുള്ള ഗൌരവ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍പോലും യുഡിഎഫ് തയ്യാറായില്ല എന്നും കാണാം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ അഴിമതിവിരുദ്ധ ഭരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ച പ്രകടനപത്രിക നടപ്പാക്കാനുള്ളതും കേരളത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതുമാണ്. രണ്ടു പ്രകടനപത്രികകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും
22-Apr-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍