ആരാണ് അക്രമകാരി?

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വന്‍തോതിലുള്ള ആക്രമണമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായത്. 28 പ്രവര്‍ത്തകരാണ് ഈ കാലയളവില്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. ഇതില്‍ 18 പേരെയും കൊലപ്പെടുത്തിയത് ആര്‍എസ്എസായിരുന്നു. ആര്‍എസ്എസിന് ഇത്രയേറെ ആക്രമണത്തിന് പ്രചോദനമായത് അവരോട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദു സമീപനമാണ്. തിരുവനന്തപുരത്തെ എംജി കോളേജില്‍ പൊലീസ് ഓഫീസറെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരായുള്ള കേസുകള്‍ പിന്‍വലിക്കുകയായിരുന്നല്ലോ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരത്തില്‍ ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതിന് ഇടയാക്കിയത്.

അക്രമരാഷ്ട്രീയം എന്ന പ്രയോഗം യുഡിഎഫ് ഇടയ്ക്കിടെ നടത്തുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്ന് ചില മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഇത്തരം വിദ്യകള്‍ അവര്‍ പലപ്പോഴും പ്രയോഗിക്കാറുണ്ട്. ആരാണ് യഥാര്‍ഥ അക്രമികളെന്ന് അടുത്ത ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍തന്നെ പരിശോധിച്ചാല്‍ വ്യക്തമാകും. ജനാധിപത്യബോധം ഉന്നതമായ തരത്തില്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഈ കേരളത്തില്‍ സ്ഥാനാര്‍ഥികള്‍തന്നെ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്.

മലപ്പുറം ജില്ലയിലെ താനൂര്‍ നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് യുഡിഎഫുകാര്‍ ആക്രമിച്ചത്. വാഹനം തല്ലിത്തകര്‍ത്തു. സ്ഥാനാര്‍ഥിയെയും ഒന്നിച്ചുണ്ടായിരുന്ന പ്രവര്‍ത്തകരെയും ഭീകരമായി ആക്രമിക്കുകയും ചെയ്തു. സ്ഥാനാര്‍ഥിയെ കൊലപ്പെടുത്തുമെന്ന പരസ്യപ്രഖ്യാപനംപോലും ഉണ്ടായി.

കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയന്‍പിള്ളയെ യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ച് സൂചിപ്പിച്ച ഘട്ടത്തിലാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ഇത്തരത്തില്‍ പ്രവര്‍ത്തനരംഗത്തുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെത്തന്നെ ആക്രമിക്കുന്നവരാണ് സമാധാനത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വന്‍തോതിലുള്ള ആക്രമണമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായത്. 28 പ്രവര്‍ത്തകരാണ് ഈ കാലയളവില്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. ഇതില്‍ 18 പേരെയും കൊലപ്പെടുത്തിയത് ആര്‍എസ്എസായിരുന്നു. ആര്‍എസ്എസിന് ഇത്രയേറെ ആക്രമണത്തിന് പ്രചോദനമായത് അവരോട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദു സമീപനമാണ്. തിരുവനന്തപുരത്തെ എംജി കോളേജില്‍ പൊലീസ് ഓഫീസറെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരായുള്ള കേസുകള്‍ പിന്‍വലിക്കുകയായിരുന്നല്ലോ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരത്തില്‍ ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതിന് ഇടയാക്കിയത്.

കേരളത്തിലെ വലിയ ക്രമസമാധാനപ്രശ്നമായി കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് മാറുന്ന സ്ഥിതിയുണ്ടായതും ഇക്കാലത്തുതന്നെ. തൃശൂര്‍ ജില്ലയില്‍മാത്രം മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇങ്ങനെ കൊലചെയ്യപ്പെട്ടത്. ചാവക്കാട്ടെ ഹനീഫ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്വന്തം വീട്ടില്‍വച്ചാണ് അരുംകൊല ചെയ്തത്. നാല് പിഞ്ചുകുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും കുടുംബത്തെയും അനാഥത്വത്തിന്റെ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞ കോണ്‍ഗ്രസുകാരാണ് മാലാഖ ചമഞ്ഞ് ഇപ്പോള്‍ രംഗത്തുവരുന്നത്.

തൃശൂരിലെ അയ്യന്തോള്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയായിരുന്ന മധു ഈച്ചരത്തിനെ ക്ഷേത്രനടയില്‍ ഭാര്യയുടെ മുന്നില്‍വച്ചാണ് 2013 ജൂണ്‍ ഒന്നിന് കൊന്നത്. തൊട്ടുമുമ്പുള്ള ഒരുദിവസം വിഷുനാളില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് പ്രേംജി കൊള്ളന്നൂരിനെ വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പകതീര്‍ക്കലായിരുന്നു ഈ കൊലപാതകമെന്ന് വിലയിരുത്തപ്പെടുകയുമുണ്ടായി. 2013 ആഗസ്ത് 16ന് പ്രേംജി കൊള്ളന്നൂരിന്റെ സഹോദരനും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറുമായ ലാല്‍ജി കൊള്ളന്നൂരിനെ മാതാപിതാക്കളെ കാണാന്‍ പോകുന്ന വഴി ഇടിച്ചുവീഴ്ത്തി കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

തൃശൂര്‍ ജില്ലയില്‍ത്തന്നെ അയ്യന്തോളില്‍ സതീശ് എന്ന ആളെ ഏറെനേരത്തെ പീഡനത്തിനുശേഷം കൊലപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഒരു ഫ്ളാറ്റില്‍വച്ചാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് വഴിവിട്ട ജീവിതത്തിന്റെ ഭാഗമായുള്ള തര്‍ക്കത്തില്‍ ഇത് സംഭവിച്ചത്. ഈ കേസില്‍ കെപിസിസി  ജനറല്‍ സെക്രട്ടറിയായിരുന്ന രാമദാസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. യുഡിഎഫിന്റെ ഭരണമായിരുന്നിട്ടും അവരെപ്പോലും അറസ്റ്റ് ചെയ്യേണ്ടിവന്നു എന്നത് ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ആഴത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ്.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സംഭവം സമൂഹത്തെ ഞെട്ടിപ്പിച്ചതാണ്. ഏറെക്കാലം കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുജോലി ചെയ്തിരുന്ന രാധ എന്ന പാവപ്പെട്ട സ്ത്രീയെയാണ് അരുംകൊല ചെയ്തത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ഓഫീസില്‍  സൂക്ഷിക്കുന്ന സ്ഥിതിയും ഉണ്ടായി. ഇത്തരത്തില്‍ സ്വന്തം പാര്‍ടിയില്‍പ്പെട്ടവരെയും പാര്‍ടി ഓഫീസിലെ ജീവനക്കാരിയെപ്പോലും കൊലപ്പെടുത്തുകയുംചെയ്ത കോണ്‍ഗ്രസുകാരാണ് അക്രമരാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് രംഗപ്രവേശനം ചെയ്യുന്നത് എന്ന കാര്യം ഏറെ കൌതുകകരമാണ്.

കോണ്‍ഗ്രസും യുഡിഎഫും ബിജെപിയുമാണ് കേരളത്തില്‍ അക്രമകാരികളെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി അക്രമകാരികളുടെ മുന്നണിയാണെന്ന് മുദ്രകുത്തി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും അവയ്ക്ക് വമ്പിച്ച പ്രചാരണം നല്‍കി അക്രമകാരികളെന്ന് മുദ്രകുത്താനുമുള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പി ജയരാജനെയും ടി വി രാജേഷിനെയും കേസുകളില്‍ കുടുക്കി മുന്നോട്ടുപോകുന്ന തന്ത്രങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. അക്രമകാരികളായി മാറുന്നവരെ വെളിച്ചത്ത് കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍വച്ച് ഇടതുപക്ഷത്തിനെതിരെ പ്രചാരവേല നടത്തുന്ന ഇത്തരം രീതികളെ തിരിച്ചറിഞ്ഞ് കേരളജനത മുന്നോട്ടുപോവുകതന്നെ ചെയ്യും.

03-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More