വീണ്ടും യു ഡി എഫ്-ബി ജെ പി ബാന്ധവം

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ അതിനെതിരെ വമ്പിച്ച പ്രതിഷേധം മതനിരപേക്ഷവാദികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തിലാണ് പുതിയ കള്ളക്കഥകളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായി സിപിഐ എം സഖ്യമുണ്ടാക്കി എന്നായിരുന്നു പ്രചാരവേല. 1975ല്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യപരമായ അവകാശങ്ങളെ തകര്‍ക്കുന്ന നിലയുണ്ടായപ്പോള്‍ അതിനെതിരായി ശക്തമായ ബഹുജനമുന്നേറ്റം രാജ്യത്ത് ഉയര്‍ന്നുവന്നു. ജനസംഘവുമായി ഒരിക്കലും സിപിഐ എം മുന്നണി ഉണ്ടാക്കിയിട്ടില്ല. സ്വാതന്ത്യ്രസമരസേനാനിയായിരുന്ന ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാപാര്‍ടിയും ഈ പോരാട്ടത്തില്‍ സജീവമായിരുന്നു. അടിയന്തരാവസ്ഥ കൊണ്ടുവന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ അവര്‍ക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനതാപാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സിപിഐ എം ചെയ്തത്. 1979ല്‍ കേരളത്തില്‍ നാല് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ടിയാണ് സിപിഐ എം. ഇതിനകം ഇരുനൂറ്റിമുപ്പതോളം പാര്‍ടി സഖാക്കളാണ് കേരളത്തില്‍ ആര്‍എസ്എസ് ആക്രമണത്താല്‍ കൊല ചെയ്യപ്പെട്ടത്. ഇത്തരം ഒരു പാര്‍ടിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

കേരളത്തില്‍ ഇപ്പോള്‍ ബിജെപി മുഖ്യശത്രുവാണെന്ന് എ കെ ആന്റണി പ്രസ്താവിച്ചിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, യുഡിഎഫ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാഴ്ചപ്പാടിന് കടകവിരുദ്ധമാണ് എന്നതാണ് യാഥാര്‍ഥ്യം. എല്ലാ ഘട്ടത്തിലും ബിജെപിയെ സഹായിച്ചതും അവര്‍ക്ക് അക്കൌണ്ട് തുറക്കാന്‍ സൌകര്യം ഒരുക്കാനും അതുവഴി അധികാരം ഉറപ്പിക്കാനും ശ്രമിച്ചത് യുഡിഎഫാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണിത്. എ കെ ആന്റണിതന്നെ ബിജെപി– ബിഡിജെഎസ് സഖ്യത്തെ സംബന്ധിച്ച് ഒരക്ഷരംപോലും പറയാന്‍ തയ്യാറായില്ല എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്.

1991ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള രഥ ഘോഷയാത്രയുമായി ബന്ധപ്പെട്ട രാഷ്ട്രീയസംഭവങ്ങളാണ് ഈ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. പകരം അഡ്വ. രത്നസിങ് ബിജെപിയുടെയും യുഡിഎഫിന്റെയും പിന്തുണയോടെ മത്സരിക്കുകയായിരുന്നു. സമാനമായ സ്ഥിതിവിശേഷമായിരുന്നു കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ അസംബ്ളി മണ്ഡലത്തിലും. മാധവന്‍കുട്ടി എന്ന ആര്‍എസ്എസുകാരന്‍ എല്‍ഡിഎഫിനെതിരെ സ്ഥാനാര്‍ഥിയായി വന്നു. യുഡിഎഫിന്റെ പരസ്യപിന്തുണ അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ ബിജെപിക്ക് കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ യുഡിഎഫിന്റെ പരസ്യപിന്തുണയോടെ പദ്ധതികള്‍ ആവിഷ്കരിച്ചു. അമ്പതോളം മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫിന് കൈമാറാനും ധാരണയുണ്ടായി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയ വടകരയിലും ബേപ്പൂരിലും അവര്‍ പരാജയപ്പെട്ടു. ഇത്തരത്തില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാനുള്ള സാഹചര്യം ഇല്ലാതാക്കി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചത് ഇടതുപക്ഷ ജനാധിപത്യമുന്നണിയായിരുന്നു. ഈ രണ്ട് സീറ്റിലും ബിജെപിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

അമ്പത് മണ്ഡലങ്ങളില്‍ ആര്‍എസ്എസ് വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കാണ് നല്‍കിയതെന്ന് കെ ജി മാരാര്‍ പിന്നീട് തുറന്നു പറഞ്ഞു. ഇക്കാരണത്താല്‍മാത്രം 41 മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചു. കെ കരുണാകരന്‍ മുന്‍കൈ എടുത്ത് നടത്തിയ ഈ സഖ്യം അന്നത്തെ കെപിസിസി പ്രസിഡന്റ് ആന്റണിയുടെ മൌനാനുവാദത്തോടെയായിരുന്നു. ഇക്കാര്യത്തില്‍ തെറ്റുപറ്റി എന്ന് തുറന്നുപറയാന്‍ ആന്റണി ഇതുവരെ തയ്യാറായിട്ടില്ല. അതിനുശേഷം ഇതുപോലെ പരസ്യമായി തുറന്ന സഖ്യം ഉണ്ടാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഖ്യമുണ്ടാക്കുന്ന രീതി കേരളത്തില്‍ തുടര്‍ന്നുമുണ്ടായി. 2001ല്‍ ആര്‍എസ്എസുമായി പ്രാദേശികമായി വോട്ട് കച്ചവടം ഉറപ്പിച്ച് യുഡിഎഫ് ഭൂരിപക്ഷം നേടി. 2005ല്‍ തിരുവനന്തപുരം ലോക്സഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍എസ്എസ് വോട്ട് കച്ചവടം ചെയ്തിട്ടും ജയിച്ചില്ല. കെ കരുണാകരന്റെ ഭീഷണി നേരിടാനായിരുന്നു ഈ ധാരണ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപിയും യുഡിഎഫും തമ്മില്‍ പരസ്യവും രഹസ്യവുമായ ബന്ധമുണ്ടായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ നാല്‍പ്പതോളം മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ധാരണയായി കഴിഞ്ഞു. എഴുപതോളം മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ ബിജെപി– ബിഡിജെഎസ് സഖ്യം നിര്‍ത്തിയിരിക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഇപ്പോള്‍ത്തന്നെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ കോ– ലീ– ബി സഖ്യമാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടു അംഗങ്ങളാണ് ഉള്ളതെങ്കില്‍ ബിജെപിക്ക് നാല് അംഗങ്ങളുണ്ട്. ഒരാള്‍ മുസ്ളിംലീഗുമാണ്. കുറ്റിക്കോല്‍ പഞ്ചായത്തിലാകട്ടെ പ്രസിഡന്റ് സ്ഥാനം സിപിഐ എമ്മിനാണ്. എന്നാല്‍,  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റിബല്‍ അടക്കം കോണ്‍ഗ്രസിലെ ആറുപേരും ബിജെപിയെ പിന്തുണച്ചു. അങ്ങനെയാണ് ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.

കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് അവകാശപ്പെട്ടാണ് ബിജെപി എസ്എന്‍ഡിപിയിലെ ഒരു വിഭാഗവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഡസന്‍ കണക്കിന് ജാതിസംഘടനകളുടെ പിന്തുണയും ഉറപ്പുവരുത്തി. എസ്എന്‍ഡിപിയിലെ ഒരു വിഭാഗവും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുമെന്ന നിലപാട് എടുത്ത് ശക്തമായ പ്രചാരവേല സംസ്ഥാനത്തെമ്പാടും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഈ ഘട്ടത്തില്‍പ്പോലും അതിനെതിരെ നിലപാട് എടുത്ത് മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസോ സാക്ഷാല്‍ എ കെ ആന്റണിയോ തയ്യാറായില്ല. ആര്‍എസ്എസ്– വെള്ളാപ്പള്ളി  ബാന്ധവത്തിന്റെ അപകടത്തെ ശക്തമായി പ്രതിരോധിച്ചത് എല്‍ഡിഎഫായിരുന്നു. ആ നിലപാട് ഉയര്‍ത്തി 87 നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. 65 ശതമാനം തദ്ദേശസ്ഥാപനങ്ങളിലും വിജയിക്കാനുമായി.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നു പറയാനും കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചു. ഇത്തരത്തില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ സഹായകമായ നിലപാടുകളാണ് യുഡിഎഫ് എന്നും സ്വീകരിച്ചത്. ബിജെപിയെ രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നേരിടാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസിന്റെ സ്വാധീനമേഖലകളില്‍ ബിജെപി നിലയുറപ്പിച്ചതെന്നതും നാം മറന്നുകൂടാ. ഗാന്ധിജിയെയായിരുന്നില്ല നെഹ്റുവിനെയാണ് വെടിവച്ച് കൊല്ലേണ്ടിയിരുന്നതെന്ന് കേസരിയില്‍ ലേഖനം വന്നിട്ടുപോലും അതിനെതിരെ പ്രതികരിക്കാതെ ആര്‍എസ്എസിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഈ ലേഖനത്തിനെതിരെ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തതുമില്ല.

2020 ഓടെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുക എന്ന അജന്‍ഡയുടെ ഭാഗമായാണ് സംഘപരിവാര്‍ ഘര്‍വാപസി സംഘടിപ്പിച്ചത്. ഇതിനെതിരെ ജനാധിപത്യസര്‍ക്കാരുകളെല്ലാം കേസെടുത്തപ്പോള്‍ അത്തരമൊരു കേസുപോലും രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാനമായിരുന്നു കേരളം. സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗം നടത്തിയതിനാണ് പ്രവീണ്‍ തൊഗാഡിയക്കെതിരെ കേസെടുത്തത്. ആ കേസുപോലും ഈ സര്‍ക്കാര്‍ പിന്‍വലിച്ചു. തിരുവനന്തപുരം എംജി കോളേജില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസുകാര്‍ നടത്തിയ ശ്രമത്തിനെതിരെ ചാര്‍ജ് ചെയ്യപ്പെട്ട കേസും പിന്‍വലിക്കുകയാണ് ഉണ്ടായത്. ചീഫ് സെക്രട്ടറിയായിരുന്ന സി പി നായരെ ആര്‍എസ്എസുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസും ഇതേപോലെ പിന്‍വലിച്ചു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെ ബിജെപിക്ക് കുറേ സീറ്റുകള്‍ ലഭിച്ചത് യുഡിഎഫിന്റെ സഹായത്തോടെയാണ് എന്നതും നാം മറക്കരുത്.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ അതിനെതിരെ വമ്പിച്ച പ്രതിഷേധം മതനിരപേക്ഷവാദികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തിലാണ് പുതിയ കള്ളക്കഥകളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായി സിപിഐ എം സഖ്യമുണ്ടാക്കി എന്നായിരുന്നു പ്രചാരവേല. 1975ല്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യപരമായ അവകാശങ്ങളെ തകര്‍ക്കുന്ന നിലയുണ്ടായപ്പോള്‍ അതിനെതിരായി ശക്തമായ ബഹുജനമുന്നേറ്റം രാജ്യത്ത് ഉയര്‍ന്നുവന്നു. ജനസംഘവുമായി ഒരിക്കലും സിപിഐ എം മുന്നണി ഉണ്ടാക്കിയിട്ടില്ല. സ്വാതന്ത്യ്രസമരസേനാനിയായിരുന്ന ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാപാര്‍ടിയും ഈ പോരാട്ടത്തില്‍ സജീവമായിരുന്നു. അടിയന്തരാവസ്ഥ കൊണ്ടുവന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ അവര്‍ക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനതാപാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സിപിഐ എം ചെയ്തത്. 1979ല്‍ കേരളത്തില്‍ നാല് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ടിയാണ് സിപിഐ എം. ഇതിനകം ഇരുനൂറ്റിമുപ്പതോളം പാര്‍ടി സഖാക്കളാണ് കേരളത്തില്‍ ആര്‍എസ്എസ് ആക്രമണത്താല്‍ കൊല ചെയ്യപ്പെട്ടത്. ഇത്തരം ഒരു പാര്‍ടിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വസ്തുതകള്‍ ഇതായിരിക്കെ സംഘപരിവാറുമായി ചേര്‍ന്നു എന്ന കോണ്‍ഗ്രസിന്റെ പ്രചാരവേല ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.

05-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More