പ്രകടന പത്രികയിലും ബി ജെ പി ബാന്ധവം

കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയെയോ, ബിജെപി കോണ്‍ഗ്രസിനെയോ വിമര്‍ശിക്കുക പതിവില്ല. പകരം രണ്ടുപേരും ചേര്‍ന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അതിനാല്‍ ബിജെപി സര്‍ക്കാരുകളെ സംബന്ധിച്ച വിമര്‍ശം യുഡിഎഫ് ഉന്നയിക്കാറില്ല. ഇതേ നിലപാട് തന്നെയാണ് പ്രകടനപത്രികയുടെ കാര്യത്തിലും. കേരളത്തില്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവഗതികള്‍. 40 ഇടങ്ങളില്‍ പരസ്പരം സഹായിക്കാന്‍ തീരുമാനിക്കുകയും 70 ഇടങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ ബിജെപി– ബിഡിജെഎസ് സഖ്യം നിര്‍ത്തുകയുംചെയ്ത സാഹചര്യത്തില്‍ അവരുടെ രാഷ്ട്രീയനിലപാടിന്റെ പ്രതിഫലനം കൂടിയാണ് ഈ പ്രകടനപത്രിക എന്ന് വ്യക്തമാകുന്നു.

ഒരു മുന്നണിയുടെ രാഷ്ട്രീയനിലപാടും നയസമീപനങ്ങളും വ്യക്തമാക്കുന്നത് അവരുടെ പ്രകടനപത്രികയിലാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചയ്ക്ക് വിധേയമാകും. സംസ്ഥാനത്തിന്റെ വികസനവും രാഷ്ട്രീയവുമെല്ലാം കേന്ദ്ര– സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണല്ലോ. മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷതയെയും ജനാധിപത്യസംവിധാനത്തെയും ഫെഡറലിസത്തെയും തകര്‍ക്കുന്നതിന് ആക്രമണോത്സുക വര്‍ഗീയതയുമായി ബിജെപി ഇടപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കി ഒരു പ്രകടനപത്രിക അസാധ്യമാണ്. എന്നാല്‍, യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇത്തരത്തിലുള്ള വിമര്‍ശങ്ങളൊന്നും കാണാനാകുന്നില്ല.

കേന്ദ്രനയത്തിന്റെ ഭാഗമായുള്ള ആസിയന്‍ കരാറിലൂടെയാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നത്. ഇത്തരം പ്രശ്നങ്ങളെ സംബന്ധിച്ച് യുഡിഎഫിന്റെ പ്രകടനപത്രിക നിശ്ശബ്ദമാണ്. കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുണ്ട്. പ്രഖ്യാപിച്ച പദ്ധതികള്‍പോലും നടപ്പാക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച കാര്യങ്ങളും യുഡിഎഫ് പ്രകടനപത്രികയില്‍ കടന്നുവന്നിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ പരാമര്‍ശിക്കാതെ യുഡിഎഫ് എന്തുകൊണ്ടാകും പ്രകടനപത്രിക തയ്യാറാക്കിയത്? ഇതിനു പ്രധാനമായും രണ്ടു ഘടകങ്ങള്‍ കാണാം. ഒന്നാമതായി, കോണ്‍ഗ്രസ് രാജ്യത്ത് നടപ്പാക്കിയ അതേ സാമ്പത്തികനയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ അത്തരം നയങ്ങളെ വിമര്‍ശിക്കുന്ന നിലപാടും പരിപാടികളും കോണ്‍ഗ്രസിനില്ല. അതിനാല്‍ത്തന്നെ ആ നയങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ല.

രണ്ടാമതായി, കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയെയോ, ബിജെപി കോണ്‍ഗ്രസിനെയോ വിമര്‍ശിക്കുക പതിവില്ല. പകരം രണ്ടുപേരും ചേര്‍ന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അതിനാല്‍ ബിജെപി സര്‍ക്കാരുകളെ സംബന്ധിച്ച വിമര്‍ശം യുഡിഎഫ് ഉന്നയിക്കാറില്ല. ഇതേ നിലപാട് തന്നെയാണ് പ്രകടനപത്രികയുടെ കാര്യത്തിലും. കേരളത്തില്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവഗതികള്‍. 40 ഇടങ്ങളില്‍ പരസ്പരം സഹായിക്കാന്‍ തീരുമാനിക്കുകയും 70 ഇടങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ ബിജെപി– ബിഡിജെഎസ് സഖ്യം നിര്‍ത്തുകയുംചെയ്ത സാഹചര്യത്തില്‍ അവരുടെ രാഷ്ട്രീയനിലപാടിന്റെ പ്രതിഫലനം കൂടിയാണ് ഈ പ്രകടനപത്രിക എന്ന് വ്യക്തമാകുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രികയുടെ പേര് 'വികസനവും കരുതലും' എന്നതായിരുന്നു. അതിന്റെ ഭാഗമായി തൊഴിലില്ലായ്മ പരിഹരിക്കുമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഈ രംഗത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. തൊഴിലില്ലായ്മ പരിഹരിക്കപ്പെട്ടില്ല. ഫലത്തില്‍ നിയമനനിരോധനംതന്നെ നിലനില്‍ക്കുന്നു. മുപ്പതോളം മാവേലിസ്റ്റോറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടി. മാലിന്യസംസ്കരണത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തകര്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ രംഗത്തിറങ്ങി.

നെല്‍ക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, സബ്സിഡി, ഉല്‍പ്പാദന ബോണസ് എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും യുഡിഎഫ് നടപ്പാക്കിയില്ല. അര്‍ഹരായ എല്ലാ കുടിയേറ്റ കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവും ജലരേഖയായി. തീരദേശവികസനത്തിന് പ്രത്യേക പാക്കേജ് കൊണ്ടുവന്ന് നടപ്പാക്കുമെന്ന മറ്റൊരു വാഗ്ദാനം അവര്‍ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഒന്നുംചെയ്തില്ല.

കഴിഞ്ഞ യുഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ മറ്റൊരു വാഗ്ദാനം എല്ലാ കുടുംബങ്ങള്‍ക്കും വീടും വൈദ്യുതിയും പൈപ്പുവഴി കുടിവെള്ളവും ലഭ്യമാക്കും എന്നായിരുന്നു. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെ സമഗ്രപദ്ധതി തയ്യാറാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പാക്കാനുള്ള ഒരു പരിശ്രമവും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതുകൊണ്ടുതന്നെ വീണ്ടും അവ ആവര്‍ത്തിക്കുകമാത്രമാണ് ഈ പ്രകടനപത്രികയില്‍ ചെയ്തത്.

ദേശീയപാതയ്ക്ക് ഇരുവശവും വ്യവസായ ഇടനാഴി എന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പ്രാവര്‍ത്തികമായില്ല. പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനം യുഡിഎഫ് മുന്നോട്ടുവച്ചിരുന്നെങ്കിലും ലാഭത്തിലിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലായി എന്നല്ലാതെ മറ്റൊരു വിശേഷവും സംഭവിച്ചില്ല. അടിസ്ഥാനസൌകര്യ വികസനത്തിനായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനവും കഴിഞ്ഞ യുഡിഎഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. പദ്ധതി ഇനത്തില്‍ത്തന്നെ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 26,000 കോടി രൂപ വെട്ടിക്കുറവ് വരുത്തി എന്നതുമാത്രമാണ് ഈ രംഗത്ത് ഉണ്ടായത്. തീരദേശ ഹൈവേയെക്കുറിച്ചുള്ള വാഗ്ദാനവും മുന്നോട്ടുവച്ചിരുന്നു. ഒന്നും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരം– മംഗലാപുരം അതിവേഗ റെയില്‍പ്പാത എന്ന കാഴ്ചപ്പാട് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. അതും നടന്നില്ല.

സംസ്ഥാനത്തിന്റെ സ്ഥാപിത വൈദ്യുതി ഉല്‍പ്പാദനശേഷി അഞ്ചുവര്‍ഷംകൊണ്ട് 3000 മെഗാവാട്ട് അധികമായി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, ഈ രംഗത്ത് ഒരു മുന്നേറ്റവും സാധ്യമായില്ല. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തല്‍, സ്വാശ്രയ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം, ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം, ഫീസ് സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളും ജലരേഖയായി. പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് സൌരോര്‍ജ വിളക്ക് സൌജന്യമായി നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. സൌജന്യ ഡയാലിസിസ് മറ്റൊരു വാഗ്ദാനം. ഒന്നും നടപ്പായില്ല. തോട്ടംതൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം നടക്കാതെ പോയതുകൊണ്ടാണല്ലോ അവര്‍ക്ക് ഗത്യന്തരമില്ലാതെ സമരരംഗത്ത് ഇറങ്ങേണ്ടിവന്നത്.

പ്രവാസി നയം രൂപീകരിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കപ്പെട്ടില്ല. കേരളത്തെ കടക്കെണിയില്‍നിന്ന് മോചിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, കേരളത്തിന്റെ കടം സംസ്ഥാന രൂപീകരണത്തിനുശേഷം ഇതുവരെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ എത്തിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും കൈവശഭൂമി, ഭവനം, കുടിവെള്ളം, വൈദ്യുതി, കക്കൂസ് എന്നിവ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. മാത്രമല്ല, അട്ടപ്പാടിപോലുള്ള മേഖലകളില്‍ പട്ടിണിമരണം വരെ സര്‍ക്കാര്‍ അനാസ്ഥമൂലം ഉണ്ടായി. ആയുര്‍വേദത്തിനും ട്രൈബല്‍ മെഡിസിനും വേണ്ടി ഔഷധ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്ന വാഗ്ദാനവും ജലരേഖയായി.

കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നടപ്പാക്കാത്തവരാണ് പുതിയ പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നത് തിരിച്ചറിയാനാകണം.

07-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More