പ്രധാനമന്ത്രി നുണയനാവരുത്
കോടിയേരി ബാലകൃഷ്ണന്
കേരളത്തില്‍ നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നുംതന്നെ കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടില്ല. സാധാരണക്കാരുടെ ജീവിതനിലവാരത്തിലുണ്ടായ വളര്‍ച്ച, ജനാധിപത്യബോധം, പൊതുവിതരണ സമ്പ്രദായത്തിന്റെ വൈപുല്യം, മിനിമം കൂലിയിലുണ്ടായ വര്‍ധന, ജാതീയമായ അടിച്ചമര്‍ത്തലില്‍നിന്നുള്ള മോചനം, മതനിരപേക്ഷത തുടങ്ങിയ കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ബഹുദൂരം മുന്നിലെത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനുകാരണം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വിവിധ തരത്തിലുള്ള ഇടപെടലുകളാണ്. കേരളത്തിന് വന്‍തോതില്‍ സഹായം നല്‍കി എന്നാണ് മോഡിയുടെ മറ്റൊരു അവകാശവാദം. എന്നാല്‍, കേരളത്തെ തികച്ചും അവഗണിക്കുന്ന നയമാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷവും സ്വീകരിച്ചത്. നാണ്യവിളകള്‍ക്ക് വന്‍ വിലത്തകര്‍ച്ച നേരിട്ടിട്ടും അവ പരിഹരിക്കാനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേരളത്തിന് മുമ്പ് അനുവദിച്ച കേന്ദ്രപദ്ധതികള്‍പോലും നടപ്പാക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പുതുതായി ഒന്നുംതന്നെ അനുവദിച്ചതുമില്ല. |
അറുപത് വര്‍ഷക്കാലം സംസ്ഥാനത്ത് സുസ്ഥിര വികസനവും താഴെത്തട്ടിലുള്ളവര്‍ക്ക് സാമൂഹ്യസുരക്ഷയും ഒരുക്കുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍വന്ന് പ്രസ്താവിച്ചത്. യഥാര്‍ഥത്തില്‍ ഈ പ്രസ്താവനയ്ക്ക് വസ്തുതയുമായി ഒരു ബന്ധവുമില്ല. ഒരുകാലത്ത് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ ലോകമാകമാനം ചര്‍ച്ചചെയ്യുന്ന സംസ്ഥാനമാക്കി മാറ്റിയതിനുപിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് എന്നു കാണാം.
കേരളത്തിന്റെ വികസനമാതൃക ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അതിന്റെ ഭാഗമായി ലോകത്തിലെ നിരവധി പണ്ഡിതന്മാര്‍ കേരളത്തെക്കുറിച്ച് പഠിക്കാന്‍ ഇവിടെ എത്തി. അമര്‍ത്യാസെന്നിനെപ്പോലുള്ളവര്‍ കേരളത്തിന്റെ വികസന സവിശേഷതയെ വാനോളം പുകഴ്ത്തി. എന്നാല്‍, മോഡി പ്രതിനിധാനം ചെയ്യുന്ന ഗുജറാത്താകട്ടെ, വംശഹത്യയുടെ പേരില്‍ ഇന്ത്യയുടെ മുഖം ലോകജനതയുടെ മുമ്പില്‍ വികൃതമാക്കപ്പെടുന്ന സ്ഥിതിയാണ് സൃഷ്ടിച്ചത്.
മാനവിക വികസനത്തിന്റെ വിവിധ മാനദണ്ഡങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ കേരളം എവിടെ എത്തിനില്‍ക്കുന്നുവെന്നും മോഡി ഭരിച്ച ഗുജറാത്തിന്റെ നില എന്ത് എന്നും വ്യക്തമാകും. ഒരു നാടിന്റെ വികസനത്തിന്റെ പ്രധാന അളവുകോലുകളില്‍ ഒന്നാണ് സാക്ഷരത. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിന്റെ സാക്ഷരതാനിരക്ക് 93.91 ശതമാനമാണ്. അതായത്, ലോകത്തെ ഏറ്റവും വികസിതപ്രദേശങ്ങള്‍ക്ക് ഒപ്പം. 1951ല്‍ 47.78 ശതമാനമായിരുന്നതാണ് ഇരട്ടിയായി വര്‍ധിച്ചത്. ഗുജറാത്തിലെ സാക്ഷരതാ നിരക്ക് 79.31 ശതമാനമാണ്. ഒന്നുമുതല്‍ 10 വരെയുള്ള ക്ളാസുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗുജറാത്തില്‍ 58 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 49 ശതമാനവും.
സ്ത്രീ–പുരുഷ അനുപാതത്തിലും കേരളം മുമ്പില്‍ത്തന്നെ. 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിലയിലാണ് കേരളം നില്‍ക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 919 മാത്രം. ഗുജറാത്തിലാകട്ടെ, 918 ഉം. ശിശുമരണനിരക്ക് രാജ്യത്ത് 1000ത്തില്‍ 40 ആണെങ്കില്‍ കേരളത്തിലത് 12 മാത്രമാണ്. ഗുജറാത്തില്‍ 36ഉം. 17 വലിയ സംസ്ഥാനങ്ങളെടുത്താല്‍ ഗുജറാത്ത് ആരോഗ്യകാര്യത്തില്‍ 16–ാം സ്ഥാനത്താണ്. കേരളം മുന്‍പന്തിയിലും. പൌരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം പരിശോധിച്ചാലും ഈ വ്യത്യാസം കാണാം. രാജ്യത്ത് ഒരു പൌരന്റെ ശരാശരി ആയുസ്സ് 63.5 ആണെങ്കില്‍ കേരളത്തിലത് 74 ആണ്. ഗുജറാത്തില്‍ 64.1ഉം.
മോഡിയുടെ ഗുജറാത്തില്‍ തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. വ്യവസായങ്ങളെ സംബന്ധിച്ച 2010–11ലെ വാര്‍ഷിക സര്‍വേയില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ കൂലി കിട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 2001–11ല്‍ ഗുജറാത്തില്‍ തൊഴിലാളികളുടെ മൊത്തം എണ്ണത്തില്‍ നാമമാത്രമായ 0.4 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഇന്ത്യയിലാകട്ടെ, ഈ വളര്‍ച്ച 1.2 ശതമാനമായിരുന്നു. ദേശീയതലത്തില്‍ സ്ത്രീത്തൊഴിലാളികളുടെ എണ്ണം ഒരുശതമാനത്തോളം വര്‍ധിച്ചപ്പോള്‍ ഗുജറാത്തില്‍ ഒരുശതമാനം കുറവുണ്ടായി. കുടിവെള്ളം, പാര്‍പ്പിടം ഇവയുടെയെല്ലാം കാര്യത്തിലും ഏറെ പിറകിലാണ് ഗുജറാത്ത്. തൊഴിലുറപ്പ് പദ്ധതിപോലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
അഴിമതിയുടെ കാര്യത്തിലാകട്ടെ, മോഡിയുടെ ഗുജറാത്ത് രാജ്യത്ത് മുന്‍പന്തിയിലാണ്. ചതുരശ്ര മീറ്ററിന് ഒരുരൂപമുതല്‍ 30 രൂപവരെയുള്ള തുച്ഛമായ വിലയ്ക്കാണ് അദാനിക്ക് 6700 ഹെക്ടര്‍ ഭൂമി മുണ്‍ട്രോ തുറമുഖനിര്‍മാണത്തിനായി നല്‍കിയത്. എന്നാല്‍, റോഡുകള്‍ വികസിപ്പിച്ചശേഷം അദാനി ഗ്രൂപ്പ് ഈ ഭൂമി പ്ളോട്ട് തിരിച്ച് മറ്റ് സ്ഥാപനങ്ങള്‍ക്ക് വിറ്റു. തന്മൂലം ഖജനാവിന് 10,000 കോടിയോളം രൂപ നഷ്ടമുണ്ടായി. വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട തിരിമറിയില്‍ അദാനി ഗ്രൂപ്പിന് അധിക ലാഭം 1347 കോടി രൂപയാണ്. 108 വര്‍ഷം പഴക്കമുള്ള നവസാരി കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ ചതുരശ്രമീറ്ററിന് ഒരുലക്ഷം രൂപ വിലയുള്ള ഭൂമി 15,000 രൂപയ്ക്ക് നല്‍കി. പശ്ചിമബംഗാളില്‍നിന്ന് ടാറ്റയെ കൊണ്ടുവരുന്നതിന് 33,000 കോടി രൂപയുടെ വഴിവിട്ട സഹായമാണ് മോഡി നല്‍കിയത്.
ലാര്‍സന്‍ ആന്‍ഡ് ടുബ്രോ കമ്പനിക്ക് സൂറത്തില്‍ ഹാസിറ വ്യവസായ മേഖലയിലെ കണ്ണായ സ്ഥലത്ത് ചതുരശ്രമീറ്ററിന് 35,000 രൂപയോളം വിലയുള്ള 8,00,000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് ഒരു രൂപ നിരക്കില്‍ നല്‍കിയത്. സുജലാം സുഭലാം യോജനാ എന്ന ജലസേചന പദ്ധതിയിലെ തട്ടിപ്പില്‍ 1700 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടാക്കിവച്ചത്. കോര്‍പറേറ്റുകള്‍ക്ക് ഇത്തരത്തില്‍ ചെയ്ത വഴിവിട്ട സഹായങ്ങളാണ് മോഡിയെ അവരുടെ പ്രിയങ്കരനാക്കിയത്.
കേരളത്തില്‍ നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നുംതന്നെ കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടില്ല. സാധാരണക്കാരുടെ ജീവിതനിലവാരത്തിലുണ്ടായ വളര്‍ച്ച, ജനാധിപത്യബോധം, പൊതുവിതരണ സമ്പ്രദായത്തിന്റെ വൈപുല്യം, മിനിമം കൂലിയിലുണ്ടായ വര്‍ധന, ജാതീയമായ അടിച്ചമര്‍ത്തലില്‍നിന്നുള്ള മോചനം, മതനിരപേക്ഷത തുടങ്ങിയ കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ബഹുദൂരം മുന്നിലെത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനുകാരണം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വിവിധ തരത്തിലുള്ള ഇടപെടലുകളാണ്.
കേരളത്തിന് വന്‍തോതില്‍ സഹായം നല്‍കി എന്നാണ് മോഡിയുടെ മറ്റൊരു അവകാശവാദം. എന്നാല്‍, കേരളത്തെ തികച്ചും അവഗണിക്കുന്ന നയമാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷവും സ്വീകരിച്ചത്. നാണ്യവിളകള്‍ക്ക് വന്‍ വിലത്തകര്‍ച്ച നേരിട്ടിട്ടും അവ പരിഹരിക്കാനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേരളത്തിന് മുമ്പ് അനുവദിച്ച കേന്ദ്രപദ്ധതികള്‍പോലും നടപ്പാക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പുതുതായി ഒന്നുംതന്നെ അനുവദിച്ചതുമില്ല.
കേരളം വിവിധ മേഖലയില്‍ നേടിയ നേട്ടങ്ങള്‍ക്ക് അടിസ്ഥാനം നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആശയഗതികളെ കൂടുതല്‍ ശക്തമായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി എന്നതാണ്. അതിന്റെ തുടര്‍ച്ചയില്‍ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍കൂടി പരിഹരിക്കുന്നതിനുള്ള ഇടപെടലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായി. 1957 ലാണ് ഭൂപരിഷ്കരണം കേരളത്തില്‍ നടപ്പാക്കിയത്. 1980ലാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം, പൊതുമേഖലയെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന നയം തുടങ്ങിയവ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പരിഷ്കാരം ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടത്താന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. അതിനുകാരണം രാഷ്ട്രീയ നയങ്ങളിലെ ഭിന്നതയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിന്റെ വികസനനേട്ടങ്ങളില്‍ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത സംഘടനയാണ് ബിജെപി. മാത്രമല്ല, ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യത്വവിരുദ്ധമായ പല ആചാരങ്ങളെയും സമ്പ്രദായങ്ങളെയും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇവിടുത്തെ ജനാധിപത്യസംസ്കാരത്തെ തകര്‍ക്കാനാണ് ഇവര്‍ പരിശ്രമിക്കുന്നത്. ഗോമാംസത്തിന്റെ പേരുപറഞ്ഞ് രാജ്യത്ത് നടന്ന അക്രമപരമ്പരകള്‍ നമുക്ക് അറിയാവുന്നതാണ്. ജനാധിപത്യപരമായ ജീവിതക്രമത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ധാബോല്‍ക്കറെയും ഗോവിന്ദ പന്‍സാരെയെയും കലബുര്‍ഗിയെയുംപോലെയുള്ള നിരവധിപേര്‍ക്ക് അവരുടെ ജീവന്‍തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്. അത്തരമൊരു രീതി കേരളത്തില്‍ സംഘപരിവാറിന് നടപ്പാക്കാന്‍ കഴിയാത്തത് ഇവിടെ ഇടതുപക്ഷ പ്രസ്ഥാനം ആര്‍ജിച്ച കരുത്തിന്റെ അടിത്തറകൊണ്ടാണ്. ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തെ ഏറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞ സംസ്ഥാനത്ത് വന്നുനിന്ന് തെറ്റായ പ്രചാരവേല നടത്തുന്നത് കേരളജനത തിരിച്ചറിയുകതന്നെ ചെയ്യും.
09-May-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍