ബി ജെ പി പ്രണയം കോണ്‍ഗ്രസിന്റെ മരണത്തിന്

സംഘപരിവാറിന് ഇന്നേവരെ അക്കൌണ്ട് തുറക്കാന്‍ പറ്റാത്ത കേരള സംസ്ഥാനത്ത് അവര്‍ക്കായി ഇടപെടുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. നേരത്തെ തുറന്ന സഖ്യം വടകരയിലും ബേപ്പൂരിലും ഉണ്ടായപ്പോള്‍ അതിനെ കേരളജനത പരാജയപ്പെടുത്തിയതാണ്. അതിനാലാണ് ആ വഴിയിലേക്ക് നീങ്ങാതെ ഇത്തരത്തിലുള്ള സഹായങ്ങള്‍ പ്രത്യക്ഷമായും വോട്ട് മറിക്കല്‍ ഉള്‍പ്പെടെയുള്ളവ പരോക്ഷമായും ചെയ്യുന്നതിന് ഇവര്‍ പരിശ്രമിക്കുന്നത്. നേരത്തെ തന്നെ യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരായി വിമര്‍ശങ്ങളൊന്നും ഉന്നയിച്ചില്ല എന്നതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസിനും ബിജെപിക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇവര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുമായി ചേര്‍ന്നു മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം തുറന്ന് എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. ബിജെപി രാജ്യത്ത് ശക്തിപ്രാപിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരെ പരാജയപ്പെടുത്തിക്കൊണ്ടാണ്. അത്തരമൊരു സ്ഥിതിവിശേഷം കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത് ബിജെപിയെ തുറന്നുകാട്ടുന്ന കാര്യത്തില്‍ അവര്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചമൂലമാണ്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന പ്രഖ്യാപനമായിരുന്നു ഉമ്മന്‍ചാണ്ടി നടത്തിയത്. അതുവഴി ബിജെപിക്ക് സ്വാധീനമുറപ്പിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ബിജെപിയെപ്പോലുള്ള ആക്രമണോത്സുക വര്‍ഗീയതയുടെ വക്താക്കളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനാധിപത്യപരമായ രാഷ്ട്രീയത്തെ സ്നേഹിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് എന്ന വിമര്‍ശം അന്നേ ഉയര്‍ന്നുവന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എസ്എന്‍ഡിപി നേതൃത്വത്തിലെ ഒരുവിഭാഗവുമായി ചേര്‍ന്ന് ബിജെപി കേരളത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള അജന്‍ഡ മുന്നോട്ടുവച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തയ്യാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അരുവിക്കരയില്‍ മുന്നോട്ടുവയ്ക്കുകയും ബിജെപിക്ക് സഹായകമാകുകയും ചെയ്ത സമീപനം ഉമ്മന്‍ചാണ്ടി വീണ്ടും അവതരിപ്പിക്കുകയാണുണ്ടായിട്ടുള്ളത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെന്നും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമായിരുന്നു കുട്ടനാട്ടിലെ യുഡിഎഫ് പൊതുയോഗത്തില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം. മാത്രമല്ല, ബിജെപിക്കെതിരെ ശക്തമായി മുന്നോട്ടുവരുന്നതിന് ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ തയ്യാറാകുന്നുമില്ല. ബിജെപിയാകട്ടെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ പ്രചാരവേല സംഘടിപ്പിക്കുന്നതിനാണ് പരിശ്രമിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്ന കാര്യം ബിജെപിക്ക് അക്കൌണ്ട് തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയും മുമ്പ് പല തെരഞ്ഞെടുപ്പുകളിലും ഉണ്ടായതുപോലെ ബിജെപിയുടെ വോട്ട് തിരിച്ചുവാങ്ങുകയും ചെയ്യാനാണ് കോണ്‍ഗ്രസ് പരിശ്രമിക്കുന്നത് എന്നാണ്.

ഉമ്മന്‍ചാണ്ടിയുടെ ഈ പ്രസ്താവന വന്നയുടനെ ഇത് ബിജെപിക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. എത്ര പരസ്പരധാരണയോടെയാണ് ബിജെപിയും ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസും നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്ന കാര്യമായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുടെ ഈ പ്രസ്താവന കേരളത്തിലെ മതനിരപേക്ഷ മനസ്സുകളില്‍ വലിയ ആശങ്കയാണ് ഉണര്‍ത്തിയത്. ബിജെപിയെ സഹായിക്കുന്ന ഈ നിലപാടിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായി രംഗത്തു വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയാന്‍ എ കെ ആന്റണിക്കും വി എം സുധീരനും നിര്‍ബന്ധിതരാകേണ്ടിവന്നു. പി പി തങ്കച്ചനുപോലും ഈ പ്രസ്താവനയെ തള്ളിപ്പറയേണ്ടിവന്നു എന്നതും പ്രസക്തമാണ്.

ശക്തമായ എതിര്‍പ്പുവന്നപ്പോള്‍ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍, ദൃശ്യമാധ്യമങ്ങള്‍ ആ പ്രസംഗം പുറത്തുവിട്ടതോടെ ഉമ്മന്‍ചാണ്ടിയുടെ നിഷേധക്കുറിപ്പിന് ഒരു വിലയുമില്ലാതായി. ബിജെപിയെ പ്രീണിപ്പിച്ച് അധികാരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള സമീപനത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും പിന്മാറിയിട്ടില്ലെന്നും അത് സജീവമായി നടക്കുകയാണെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് കേരളത്തില്‍ ചുവടുറപ്പിക്കുന്നതിനുവേണ്ടിയുള്ള പരവതാനി ഒരുക്കുന്ന നടപടികളിലേക്കാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നീങ്ങുന്നത്.

യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഫലം പ്രവചനാതീതമാണ് എന്നുമുള്ള സമീപനമാണ് എ കെ ആന്റണി പ്രചാരണത്തിനിറങ്ങിയപ്പോള്‍ സ്വീകരിച്ചത്. ആന്റണിയുടെ ഈ സമീപനത്തെപ്പോലും അംഗീകരിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല എന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതായത്, ബിജെപിയെ നേരിടുന്ന കാര്യത്തില്‍ നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് തികച്ചും പരാജയപ്പെട്ടിരിക്കുന്നു.  സംഘടനാപരമായും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ബിജെപിയെ നേരിടാന്‍ കഴിയാത്ത അവസ്ഥ കോണ്‍ഗ്രസിന് ഉണ്ട് എന്നതിന് മറ്റൊരു തെളിവാണ് ഇത്. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ളവര്‍ ബിജെപിയുമായി സഖ്യം എന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ്. 40 സീറ്റുകളില്‍ ഇത്തരം ധാരണ രൂപപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്തകളെ ബലപ്പെടുത്തുന്നതാണ് പുതിയ ഓരോ വാര്‍ത്തയും. 70 സീറ്റുകളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കൊണ്ട് യുഡിഎഫിനെ സഹായിക്കുന്ന എന്‍ഡിഎയുടെ തന്ത്രത്തിന്റെ തുടര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍.

സംഘപരിവാറിന് ഇന്നേവരെ അക്കൌണ്ട് തുറക്കാന്‍ പറ്റാത്ത കേരള സംസ്ഥാനത്ത് അവര്‍ക്കായി ഇടപെടുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. നേരത്തെ തുറന്ന സഖ്യം വടകരയിലും ബേപ്പൂരിലും ഉണ്ടായപ്പോള്‍ അതിനെ കേരളജനത പരാജയപ്പെടുത്തിയതാണ്. അതിനാലാണ് ആ വഴിയിലേക്ക് നീങ്ങാതെ ഇത്തരത്തിലുള്ള സഹായങ്ങള്‍ പ്രത്യക്ഷമായും വോട്ട് മറിക്കല്‍ ഉള്‍പ്പെടെയുള്ളവ പരോക്ഷമായും ചെയ്യുന്നതിന് ഇവര്‍ പരിശ്രമിക്കുന്നത്. നേരത്തെ തന്നെ യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരായി വിമര്‍ശങ്ങളൊന്നും ഉന്നയിച്ചില്ല എന്നതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസിനും ബിജെപിക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇവര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

ബിജെപിയുമായി ചേര്‍ന്നു മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം തുറന്ന് എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. ബിജെപി രാജ്യത്ത് ശക്തിപ്രാപിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരെ പരാജയപ്പെടുത്തിക്കൊണ്ടാണ്. അത്തരമൊരു സ്ഥിതിവിശേഷം കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത് ബിജെപിയെ തുറന്നുകാട്ടുന്ന കാര്യത്തില്‍ അവര്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചമൂലമാണ്. ഇതില്‍നിന്ന് പാഠം പഠിക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നു. ഗുജറാത്തിലെ വംശഹത്യയുടെ ഘട്ടത്തില്‍ കോണ്‍ഗ്രസ് അവിടെ പ്രതിപക്ഷത്തായിരുന്നു. അതിനെതിരെ ശക്തമായ ഒരു പ്രചാരണ പരിപാടിപോലും സംഘടിപ്പിക്കാന്‍ കഴിയാതെ തികച്ചും ദുര്‍ബലരായി കോണ്‍ഗ്രസ് മാറുകയായിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ഒരു തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം ബിജെപിയുടെ തെറ്റായ നിലപാടുകളെ എതിര്‍ത്തുകൊണ്ട് മതനിരപേക്ഷതയുടെ പക്ഷത്തേക്ക് അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല എന്നതാണ്.

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയ നയങ്ങള്‍ തിരുത്താനല്ല, പിന്തുടരാനാണ് കോണ്‍ഗ്രസ് പരിശ്രമിക്കുന്നത്. മതനിരപേക്ഷതപോലുള്ള അടിസ്ഥാന നിലപാടുകളെ കൈയൊഴിയുകയും ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിന് പരിശ്രമിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. ഈ നിലപാടാണ് പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് നാല്‍പ്പതോളം സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായത്. കേരളത്തിലും വ്യത്യസ്ത തലങ്ങളിലൂടെ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അതിനെ മറികടക്കുന്നതിനു പകരം അവരെ വളര്‍ത്തിയെടുക്കുന്ന നടപടിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നീങ്ങുന്നു എന്നത് കരുതലോടെ കാണേണ്ട ഒന്നാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയെ നേരിടുന്ന കാര്യത്തില്‍ വ്യക്തമായ പദ്ധതികളും സമീപനങ്ങളും ഇല്ലെന്നു കൂടിയാണ് ഈ സംഭവഗതികള്‍ വ്യക്തമാക്കുന്നത്.

ബിജെപിയുമായി ചേര്‍ന്ന് അധികാരം സ്വപ്നം കാണുന്നവരെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് പ്രധാനമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അക്രമോത്സുക വര്‍ഗീയ അജന്‍ഡകളുമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കണമെങ്കില്‍ സമസ്തമേഖലകളിലും പ്രതിരോധം ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടും പദ്ധതികളും സംഘടനാപരമായ രീതികളും ഉള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്ന് ഈ സംഭവഗതികള്‍ ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.

10-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More