സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല

കേരളത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യം. ഇത് തികച്ചും ന്യായമാണെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഭിപ്രായം. എന്നാല്‍,  ഇത് പ്രായോഗികമാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടണമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നിര്‍ബന്ധമുണ്ട്. ഇത്തരം കാര്യങ്ങളില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കി മുന്നോട്ടുപോകണമെന്നതാണ് നിലപാട്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാടാര്‍ സമുദായത്തിലെ സംവരണം സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് വ്യക്തമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നതാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്. സംവരണവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തിലും കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ച സമീപനം ദളിത് പിന്നോക്കവിഭാഗങ്ങളുടെ അവശത പരിഹരിക്കുന്നതിന് സഹായമായ ഒന്നായിരുന്നില്ല. സംവരണം പൂര്‍ണമായും ഇല്ലാതാക്കണമെന്നു പറയുന്ന ബിജെപിയുടെ നിലപാട് അവശജനവിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക. 

സംവരണകാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുന്ന സമീപനത്തെ വക്രീകരിക്കുംവിധമുള്ള പ്രചാരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ സമീപനം നിലവിലുള്ള സംവരണത്തെ സംരക്ഷിച്ച് അവശത അനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കണം എന്നതാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം രാജ്യത്ത് നടപ്പാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള നടപടികൂടിയായിരുന്നു ഇത്. എന്നാല്‍, ഈ സംവരണത്തെ അട്ടിമറിക്കുക എന്ന നിലപാടാണ് ആര്‍എസ്എസ് എക്കാലവും സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് ആര്‍എസ്എസ് നേതാവ് വൈദ്യയും സര്‍സംഘ് ചാലക് മോഹന്‍ ഭഗവതും സംവരണം പുനഃപരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. വര്‍ത്തമാനകാലത്ത് ഏതെങ്കിലും നേതാക്കള്‍ക്ക് തോന്നിയ വെളിപാടുകൊണ്ടല്ല ഇത്തരമൊരു പ്രസ്താവന. ചാതുര്‍വര്‍ണ്യ അടിസ്ഥാനത്തിലുള്ള ആധിപത്യത്തിന്റെ കാഴ്ചപ്പാടുകളാണ് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്നത്. നാട്ടിലെ മനുഷ്യരെ സംബന്ധിച്ച കാഴ്ചപ്പാട് 'വിചാരധാര'യില്‍ പറയുന്നു– 'ബ്രാഹ്മണന്‍ തലയാണ്, രാജാവ് ബാഹുക്കളും, വൈശ്യന്‍ ഊരുക്കളും, ശൂദ്രന്‍ പാദങ്ങളും'. ഇവിടെ ഓര്‍ക്കേണ്ട കാര്യം ദളിത് വിഭാഗങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍പോലും ഇവര്‍ തയ്യാറാകുന്നില്ല എന്നതാണ്. ഇങ്ങനെ ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന പ്രസ്ഥാനം ദളിതരെയും പിന്നോക്കക്കാരെയും കൈപിടിച്ചുയര്‍ത്തുന്ന സംവരണത്തെപ്പോലും അംഗീകരിക്കില്ല എന്ന് വ്യക്തമാണല്ലോ.

ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ത്തന്നെ സംവരണം എടുത്തുമാറ്റാനുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് നിലനിന്നത് പട്ടികജാതി– വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണമായിരുന്നു. ഇതുപോലും അംഗീകരിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞിരുന്നില്ല. വിചാരധാരയില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്– "ജാതിയില്‍ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ഒരു പ്രത്യേകവിഭാഗത്തില്‍ തുടരുവാനുള്ള സ്ഥാപിതതാല്‍പ്പര്യങ്ങളെ വളര്‍ത്തുകയും ചെയ്യും. സമുദായത്തില്‍ ഇതര ഘടകങ്ങളോടുകൂടി അവര്‍ ഇഴുകി ചേരുന്നതിന് ഇത് തടസ്സമാണ്''. സാമൂഹ്യ അവശത പരിഹരിക്കാനുള്ള സംവരണത്തെ ശക്തമായി എതിര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.

പില്‍ക്കാലത്ത് ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ സംവരണത്തെ അട്ടിമറിക്കാനുള്ള നടപടികളാണ് ആര്‍എസ്എസ് സ്വീകരിച്ചതെന്നു കാണാം. വി പി സിങ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പരിശ്രമിച്ചു. അപ്പോള്‍ അതിനെതിരെ ആത്മാഹുതി ഉള്‍പ്പെടെയുള്ള സമരരൂപങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിച്ചതില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് വ്യക്തം. പിന്നോക്ക ജനവിഭാഗത്തിന് കേന്ദ്രസര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്താന്‍ വി പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ച ഘട്ടത്തിലാണ് ബാബറി മസ്ജിദ് പ്രശ്നം കുത്തിപ്പൊക്കി വര്‍ഗീയധ്രുവീകരണമുണ്ടാക്കി ഈ സാമൂഹ്യമുന്നേറ്റത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാരാകട്ടെ, സംവരണത്തെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥ പഠിക്കാനുള്ള ഫലപ്രദമായ പഠനം നടക്കുന്നതുപോലും കോണ്‍ഗ്രസിതര സര്‍ക്കാര്‍ രാജ്യം ഭരിച്ചശേഷമാണ്. അങ്ങനെ രൂപീകരിക്കപ്പെട്ട മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് ഇന്ദിര ഗാന്ധിയുടെ കൈയിലായിരുന്നു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മാത്രമല്ല, പിന്നോക്കക്കാര്‍ക്ക് സംവരണം അഖിലേന്ത്യാതലത്തില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ച വി പി സിങ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും യോജിച്ചുനില്‍ക്കുകയാണ് ചെയ്തത്. രണ്ടുപേരും യോജിച്ചുനിന്ന് പിന്തുണച്ച അവിശ്വാസപ്രമേയത്തെ തുടര്‍ന്നാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ച മന്ത്രിസഭ അട്ടിമറിക്കപ്പെട്ടത്.

ബിജെപിയും കോണ്‍ഗ്രസും നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങളും ദളിത്– പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതാണ്. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് ഈ നയത്തിന്റെ കാതല്‍. പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അവിടെ നിലവിലുള്ള തൊഴിലവസരങ്ങളില്‍ 50 ശതമാനം സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട മിടുക്കരായവര്‍ക്കുള്ള അവസരവും ഇതിലൂടെ നഷ്ടമാവുകയാണ് ചെയ്യുന്നത്.

ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ തകരുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംവരണം ഉള്‍പ്പെടെ ലഭിക്കുന്ന ദുര്‍ബല ജനവിഭാഗങ്ങളെയാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതു ആരോഗ്യസംവിധാനത്തിന്റെയും തകര്‍ച്ച ഗൌരവകരമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക. അത്തരം നയത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ തടസ്സമാണെന്ന് ഇത് വ്യക്തമാകുന്നു.

സാമൂഹ്യമായി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്യ്രസമര കാലഘട്ടത്തില്‍ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടത്തോടൊപ്പംതന്നെ ഇത്തരം അവശതകള്‍ പരിഹരിക്കാനുള്ള സമരങ്ങള്‍ക്കും ഇടതുപക്ഷം നേതൃത്വം നല്‍കി. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വിധത്തിലുള്ള സംവരണം കൊണ്ടുവരുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചത്. പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി പി സിങ് മന്ത്രിസഭയ്ക്ക് ഉറച്ച പിന്തുണ നല്‍കിയതും ഇടതുപക്ഷമാണ്.

സംവരണത്തെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്. ചരിത്രത്തിന്റെ വികാസത്തിന് അനുസൃതമായി ഇക്കാര്യത്തില്‍ ശരിയായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചിട്ടുണ്ട്. മുന്നോക്കത്തിലെയും പിന്നോക്കത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കണ്ടുള്ള കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ചത്. പട്ടികജാതി/വര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യം പ്രകടനപത്രികയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തണമെന്നും അതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്ന നയവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇങ്ങനെ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിനും അത് നഷ്ടപ്പെടാത്ത വിധത്തിലാകണം എന്ന കാര്യത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സംശയമില്ല. അതുകൊണ്ടാണ് ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ് എന്ന നിലപാട് എല്‍ഡിഎഫ് സ്വീകരിച്ചത്. വസ്തുത ഇതായിരിക്കെ, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് മറ്റ് ജനവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കുമെന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്.

ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി പൊതുമേഖല സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ എസ്സി– എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം സ്വകാര്യമേഖലയിലേക്കുകൂടി വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുമെന്ന കാര്യവും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ അവതരിപ്പിക്കുന്നു. വിവിധ ജനവിഭാഗങ്ങളുടെ അവശതകള്‍ പഠിച്ച കമീഷന്‍ റിപ്പോര്‍ട്ടുകളുണ്ട്. അവ പരിശോധിച്ച് ഫലപ്രദമായി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതാണ്.

കേരളത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യം. ഇത് തികച്ചും ന്യായമാണെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഭിപ്രായം. എന്നാല്‍,  ഇത് പ്രായോഗികമാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടണമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നിര്‍ബന്ധമുണ്ട്. ഇത്തരം കാര്യങ്ങളില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കി മുന്നോട്ടുപോകണമെന്നതാണ് നിലപാട്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാടാര്‍ സമുദായത്തിലെ സംവരണം സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് വ്യക്തമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നതാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്.

സംവരണവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തിലും കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ച സമീപനം ദളിത് പിന്നോക്കവിഭാഗങ്ങളുടെ അവശത പരിഹരിക്കുന്നതിന് സഹായമായ ഒന്നായിരുന്നില്ല. സംവരണം പൂര്‍ണമായും ഇല്ലാതാക്കണമെന്നു പറയുന്ന ബിജെപിയുടെ നിലപാട് അവശജനവിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക. സംവരണംതന്നെ പാടില്ല എന്നുപറയുന്ന ബിജെപിയുമായി സഹകരിച്ച് പിന്നോക്കജനവിഭാഗങ്ങളുടെ അവശത പരിഹരിക്കാം എന്ന ചില ദളിത്– പിന്നോക്ക സംഘടനകളുടെ നിലപാട് ആത്മഹത്യാപരമാണ്. ഈഴവാദി പിന്നോക്കവിഭാഗങ്ങളുടെ സംവരണകാര്യത്തില്‍ ഉള്‍പ്പെടെ എസ്എന്‍ഡിപി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാടാണ് ബിജെപിക്കുള്ളത്. അവരുമായി ബിഡിജെഎസ് രൂപീകരിച്ച് സഖ്യമുണ്ടാക്കിയ നടപടിയെ എസ്എന്‍ഡിപിയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ നിരാകരിക്കുമെന്ന് ഉറപ്പാണ്. സമൂഹത്തിലെ വിവിധ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്നത്. അതിന് ഉതകുന്ന ക്രിയാത്മക നിലപാടാണ് സംവരണകാര്യത്തിലും എല്‍ഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.

12-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More