സ്ത്രീവിരുദ്ധരുടെ അഴിമതി
കോടിയേരി ബാലകൃഷ്ണന്
വിക്ടര്‍ ഹ്യൂഗോ തന്റെ പ്രസിദ്ധമായ പാവങ്ങള്‍ എന്ന നോവലിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഏറെ പ്രസക്തം. സ്ത്രീകളോടും കുട്ടികളോടും ഒരു സമൂഹം എങ്ങനെ പെരുമാറുന്നു എന്നത് ആ സമൂഹത്തിന്റെ നിലവാരം നിശ്ചയിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സ്ത്രീകളുടെ ജീവിതം എത്ര അരക്ഷിതമായി എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തിനുതന്നെ കളങ്കംസൃഷ്ടിക്കുന്നതാണ് യുഡിഎഫ് ഭരണത്തില്‍ സ്ത്രീകള്‍ക്കുണ്ടായ അനുഭവങ്ങള്‍. ഭരണാധികാരികള്‍തന്നെ സ്ത്രീകളോട് തെറ്റായ രീതിയില്‍ പെരുമാറുന്ന അവസ്ഥയില്‍ എങ്ങനെയാണ് സ്ത്രീ സൌഹൃദപരമായി നമ്മുടെ സംസ്ഥാനം മാറുക? സ്ത്രീകളുടെ ജീവിതം മെച്ചപ്പെടാന്‍ ഈ സര്‍ക്കാര്‍ മാറിയേ പറ്റൂ എന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. |
യുഡിഎഫ് സര്‍ക്കാര്‍ അഴിമതിരാജാണ് സംസ്ഥാനത്ത് നടപ്പാക്കിയത് എന്നകാര്യം കേരളജനത കൂടുതല്‍ മനസ്സിലാക്കിയ തെരഞ്ഞെടുപ്പാണിത്. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ള ഘട്ടത്തിലും പുതിയ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. മന്ത്രിസഭയുടെ അവസാനയോഗങ്ങള്‍ അഴിമതിയുടെ പൂരപ്പറമ്പായി മാറിയ വാര്‍ത്ത കേരളം ചര്‍ച്ചചെയ്തതാണ്. ഇപ്പോഴിതാ പൊതുമരാമത്തിലെ പ്രവൃത്തികള്‍ കരാര്‍ നല്‍കുന്നതിലും ജീവനക്കാരെ സ്ഥലംമാറ്റുന്നതിലും നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നു.
ടെന്‍ഡര്‍ തുകയുടെ 100 മുതല്‍ 300 ശതമാനംവരെ അധികം അനുവദിച്ച് ഖജനാവില്‍നിന്ന് കോടികള്‍ ചോര്‍ത്തിയ പ്രശ്നമാണ് ഉയര്‍ന്നുവന്നത്. മന്ത്രിമാര്‍ക്കുപുറമെ പൊതുമരാമത്ത് സെക്രട്ടറി, ചീഫ് എന്‍ജിനിയര്‍ തുടങ്ങിയ ഉന്നതരും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ സംഭവങ്ങളെ സംബന്ധിച്ച് സ്ഥാനമൊഴിഞ്ഞ വിജിലന്‍സ് ഡയറക്ടര്‍ 2015 ജൂണ്‍ 23ന് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ ടി 2–3194–13 നമ്പര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട് മുക്കിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. 0.25 ശതമാനമാണ് ഓരോ കരാര്‍പ്രവൃത്തിക്കും മന്ത്രിഓഫീസിലേക്ക് നല്‍കേണ്ടത്. അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് മൂന്നു ശതമാനവും ഓവര്‍സിയര്‍ക്ക് 1.5 ശതമാനവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ഒരു ശതമാനവും എന്ന നിലയിലാണ് പണംനല്‍കുന്നത് എന്ന സ്ഥിതിയാണുള്ളത്.
ആഭ്യന്തര സെക്രട്ടറി തുടര്‍നടപടിക്കായി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം വേണമെന്ന് ആഭ്യന്തരമന്ത്രി ആദ്യം ഫയലില്‍ കുറിച്ചത്രെ. പക്ഷേ, പെട്ടെന്ന് നിലപാട് മാറുന്നു. ഫയല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്ന് എല്ലാ കൊള്ളരുതായ്മകളുടെയും കേന്ദ്രമായി ഇതില്‍ത്തന്നെ വിശേഷിപ്പിച്ച പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തു. അതോടെ നടപടി അവസാനിച്ചു. ഇങ്ങനെ ഈ മന്ത്രിസഭയുടെ കാലത്ത് നടന്ന മറ്റൊരു തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പാമൊലിന്‍ കേസില്‍ വിചാരണ തുടരണമെന്നും ആരെയും കുറ്റവിമുക്തനാക്കാനാകില്ലെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നു. പാമൊലിന്‍ കേസും വിരല്‍ചൂണ്ടുന്നത് ഉമ്മന്‍ചാണ്ടിക്കുനേരെയാണ് എന്ന യാഥാര്‍ഥ്യവും നമ്മുടെ മുമ്പിലുണ്ട്. ഇത്രയേറെ അഴിമതി അന്വേഷണങ്ങളിലും ആരോപണങ്ങളിലുംപെട്ട ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ല.
2016 മാര്‍ച്ച് 2നും 30നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ, വിചാരണ നേരിടുന്ന മൂന്ന് അഴിമതി കേസാണ് മുഖ്യമന്ത്രി പിന്‍വലിച്ചത്. കല്ലട ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും കൃഷിവകുപ്പുമായി ബന്ധപ്പെട്ടും നടന്ന അഴിമതിക്കേസുകളാണ് പിന്‍വലിച്ചത്. വിജിലന്‍സിനെ ഉപയോഗിച്ച് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള യുഡിഎഫ് ശ്രമങ്ങള്‍ക്കുപകരം വിജിലന്‍സിനെത്തന്നെ സ്വതന്ത്ര ഏജന്‍സിയായി പ്രഖ്യാപിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് വിഭാവനംചെയ്യുന്നത്. ടെന്‍ഡറുകള്‍ ഉള്‍പ്പെടെ സുതാര്യമാക്കാനുള്ള നടപടികളും ഭരണപരിഷ്കാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സജീവമായി കേരളീയസമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിലും യുഡിഎഫ് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ത്തന്നെ. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലും ഇത്തരം പ്രശ്നം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഒരു പദ്ധതിക്കായി മന്ത്രിമാരെ ഉള്‍പ്പെടെ ഒരു സ്ത്രീ സമീപിക്കുന്നു. പദ്ധതിക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാം എന്ന് വാഗ്ദാനംചെയ്ത് ആ സ്ത്രീയുടെ കൈയില്‍നിന്ന് പണംവാങ്ങുകയും അവരെ ശാരീരികമായി ഉള്‍പ്പെടെ ചൂഷണത്തിന് വിധേയമാക്കുകയുംചെയ്തു എന്ന കാര്യമാണ് ഉയര്‍ന്നുവന്നത്.
ജനങ്ങള്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സംരക്ഷണവും പ്രോത്സാഹനവും നല്‍കേണ്ട ഭരണാധികാരികള്‍ സ്ത്രീപീഡകരായി മാറുന്നു എന്നതാണ് പ്രശ്നം. അതിലൂടെ ഒരു സ്ത്രീയെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോയി എന്ന അതീവ ഗൌരവമായ പ്രശ്നമാണ് ഈ കേസിലുള്ളത്. ഇതുമായി ബന്ധപ്പെട്ട കത്തുകളും രണ്ട് പെന്‍ഡ്രൈവുകളും ഇത് സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന രണ്ടു ഫയലും ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ മുമ്പാകെ സരിത ഹാജരാക്കി എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം സ്ത്രീകളോട് എങ്ങനെ പെരുമാറി എന്നതിന്റെ തെളിവായി ഇവയും മാറുകയാണ്.
ജിഷ എന്ന നിയമവിദ്യാര്‍ഥിനിയുടെ ദാരുണ കൊലപാതകം കേരളക്കരയെ ഞെട്ടിച്ചതാണ്. ജിഷ കൊല്ലപ്പെട്ട് ഏറെ ദിവസങ്ങളായിട്ടും കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍തപ്പുകയാണ്. പ്രശ്നത്തിന്റെ ഗൌരവം വലുതായതിനാല്‍ രാജ്യമാകമാനം ഇത് ചര്‍ച്ചചെയ്തു. എന്നിട്ടുപോലും കുറ്റവാളികള്‍മാത്രം പുറത്തുവരാതെപോകുന്നത് എന്തുകൊണ്ടാണ്? തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. ഇതിന് സാഹചര്യമൊരുക്കിയത് പൊലീസിന്റെ അനാസ്ഥയാണ്. അതുകൊണ്ടുതന്നെ ഇതിന് ഉത്തരംപറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
ജിഷയുടെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ ഈ സര്‍ക്കാരിന്റെ സ്ത്രീകളോടുള്ള സമീപനം വ്യക്തമാക്കുന്നതുകൂടിയാണ്. നിര്‍ഭയ പദ്ധതി തകര്‍ത്തില്ലായിരുന്നെങ്കില്‍ ജിഷ ജീവിച്ചിരിക്കുമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രൂപംകൊടുത്ത നിര്‍ഭയ സെല്‍ നിശ്ചലമായി. ഇതിന്റെ സ്ഥിതിയെ സംബന്ധിച്ച് അവര്‍ കുറിച്ച വാക്കുകള്‍ ഏറെ പ്രസക്തമാണ്. 2014 ജൂലൈ മുതല്‍ നിര്‍ഭയ പദ്ധതി കോമയിലാണ്. നിസ്സഹായരായ സ്ത്രീകള്‍ ഇവിടെ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്നു. അപ്രത്യക്ഷമാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. പദ്ധതിക്കായി കേന്ദ്രം നല്‍കിയ 100 കോടി രൂപയില്‍ ഒരു തുകയും ചെലവഴിച്ചില്ല.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ബലാത്സംഗം– 5982, സ്ത്രീധന പീഡന മരണം– 103, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍–886, ലൈംഗികാതിക്രമം–1997 എന്ന നിലയിലാണ് കേസുകള്‍ എന്ന് നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ത്തന്നെ രാധ എന്ന സ്ത്രീ കൊല്ലപ്പെടുന്ന സ്ഥിതിയുമുണ്ടായി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രമാത്രം പരാജയമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവഗതികള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സംസ്ഥാന ബജറ്റിലെ ജെന്‍ഡര്‍ ഓഡിറ്റും ജെന്‍ഡര്‍ ബജറ്റും ഈ സര്‍ക്കാര്‍ ഇല്ലാതാക്കി.
വിക്ടര്‍ ഹ്യൂഗോ തന്റെ പ്രസിദ്ധമായ പാവങ്ങള്‍ എന്ന നോവലിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഏറെ പ്രസക്തം. സ്ത്രീകളോടും കുട്ടികളോടും ഒരു സമൂഹം എങ്ങനെ പെരുമാറുന്നു എന്നത് ആ സമൂഹത്തിന്റെ നിലവാരം നിശ്ചയിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സ്ത്രീകളുടെ ജീവിതം എത്ര അരക്ഷിതമായി എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തിനുതന്നെ കളങ്കംസൃഷ്ടിക്കുന്നതാണ് യുഡിഎഫ് ഭരണത്തില്‍ സ്ത്രീകള്‍ക്കുണ്ടായ അനുഭവങ്ങള്‍. ഭരണാധികാരികള്‍തന്നെ സ്ത്രീകളോട് തെറ്റായ രീതിയില്‍ പെരുമാറുന്ന അവസ്ഥയില്‍ എങ്ങനെയാണ് സ്ത്രീ സൌഹൃദപരമായി നമ്മുടെ സംസ്ഥാനം മാറുക? സ്ത്രീകളുടെ ജീവിതം മെച്ചപ്പെടാന്‍ ഈ സര്‍ക്കാര്‍ മാറിയേ പറ്റൂ എന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
അഴിമതിയും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമവും ഇല്ലാതാക്കുന്നതിനും സ്ത്രീസൌഹൃദപരവും അഴിമതിരഹിതവുമായ ഭരണം സൃഷ്ടിക്കുന്നതിനുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പരിശ്രമിക്കുന്നത്. സ്ത്രീസൌഹാര്‍ദപരമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള നിരവധി നിര്‍ദേശങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പുതന്നെയാണ് എല്‍ഡിഎഫ് വിഭാവനംചെയ്യുന്നത്. ബജറ്റിലെ 10 ശതമാനം തുക സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രോജക്ടുകള്‍ക്കായി മാറ്റിവയ്ക്കാനാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. ബാലപീഡന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡനം അവസാനിപ്പിക്കുന്ന നിയമം ഇവയെല്ലാം കര്‍ശനമായി നടപ്പാക്കി സ്ത്രീസുരക്ഷ ഉറപ്പുവരുത്താനാണ് ഉദ്ദേശിക്കുന്നത്. പൊലീസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 15 ശതമാനമാക്കി ഉയര്‍ത്തുകയും എസ്ഐമാരായി കൂടുതല്‍ വനിതകളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും വേണം. ശൌചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും സുരക്ഷാക്രമീകരണവുമെല്ലാം ഉറപ്പുവരുത്തിയുള്ള കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിന്റേത്.
13-May-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍