തകര്‍ന്നുവീണ വലതുപക്ഷം
കോടിയേരി ബാലകൃഷ്ണന്
യുഡിഎഫും കോണ്‍ഗ്രസും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന. കരകയറാനാകാത്ത പടുകുഴിയിലാണ് യുഡിഎഫ് ചെന്നുപെട്ടിരിക്കുന്നത്. യുഡിഎഫ് ഭരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ജനരോഷത്തിന് പാത്രമായിരിക്കുന്നു. എല്‍ഡിഎഫ് വിട്ട് കോണ്‍ഗ്രസിന്റെകൂടെ കൂടിയ ആര്‍എസ്പി, ജനതാദള്‍ യു എന്നീ കക്ഷികള്‍ക്ക് നിയമസഭയില്‍ മേല്‍വിലാസംപോലും ഇല്ലാതാക്കി ജനങ്ങള്‍ കടുത്ത ശിക്ഷ നല്‍കി. അധികാരക്കൊതിയാല്‍ ഇടതുപക്ഷചേരിയില്‍നിന്ന് മറുകണ്ടം ചാടിയ ഈ കക്ഷികള്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മേന്മ ഇനിയെങ്കിലും തിരിച്ചറിയുന്നില്ലെങ്കില്‍, അവര്‍ കേരളരാഷ്ട്രീയ ഭൂപടത്തില്‍നിന്നുതന്നെ തുടച്ചുമാറ്റപ്പെടും. അത് മനസ്സിലാക്കി ഈ കക്ഷികളുടെ നേതാക്കള്‍ പുനര്‍വിചിന്തനത്തിന് തയ്യാറായില്ലെങ്കില്‍ അണികളും പ്രവര്‍ത്തകരും നേതാക്കളെ വിട്ട് ഇടതുപക്ഷത്ത് എത്താന്‍ തയ്യാറാകും. ഇതുവരെയുള്ള യുഡിഎഫ് ഇനി ഉണ്ടാകില്ല എന്ന സൂചനയാണ് ഈ ജനവിധി നല്‍കുന്നത്. എല്‍ഡിഎഫിന് ഇക്കുറി 87,25,939 വോട്ടാണ് ലഭിച്ചത്. യുഡിഎഫിനാകട്ടെ, 78,08,743 വോട്ടും. 9,17,196 വോട്ട് എല്‍ഡിഎഫിന് അധികം ലഭിച്ചു. |
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രവിജയമാണ് കേരളജനത സമ്മാനിച്ചത്. 'ചരിത്രവിജയം' എന്ന പ്രയോഗം ആലങ്കാരികമായി ഉപയോഗിച്ചതല്ല. കമ്യൂണിസ്റ്റ് പാര്‍ടി ബാലറ്റിലൂടെ 1957ല്‍ അധികാരത്തിലേറിയതോടെ കേരളം ഇടതുപക്ഷകോട്ട എന്നറിയപ്പെട്ടു. പക്ഷേ, പല ഘട്ടങ്ങളിലും തെരഞ്ഞെടുപ്പിലൂടെതന്നെ കമ്യൂണിസ്റ്റ് നേതൃമുന്നണി അധികാരത്തില്‍ നിന്ന് പുറത്തായിട്ടുണ്ട്. എന്നാല്‍, രാജ്യത്താകെയുള്ള പുരോഗമനശക്തികള്‍ക്കും മതനിരപേക്ഷ വാദികള്‍ക്കും സന്തോഷം പകര്‍ന്ന് എല്‍ഡിഎഫ് നല്ല വിജയത്തോടെ ഇന്ന് അധികാരത്തിലെത്തി. ഈ ജനവിധിയില്‍ ചില പൊതുപ്രവണതകള്‍ വ്യക്തമാണ്. ജനങ്ങള്‍ തീര്‍ച്ചയായും യുഡിഎഫ് ഭരണത്തോടുള്ള എതിര്‍പ്പും സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള വിയോജിപ്പും പ്രകടമാക്കി. ഒപ്പം, എല്‍ഡിഎഫിനോടുള്ള കലവറയില്ലാത്ത പിന്തുണയും. ഇങ്ങനെ എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന്റെ മുഖ്യഘടകം സക്രീയമായ വോട്ട് അല്ലെങ്കില്‍ വോട്ടര്‍മാരുടെ ഗുണപരമായ മനസ്സമ്മതമാണ്.
ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നാട് അഭിമുഖീകരിച്ചത്. നരേന്ദ്ര മോഡി നയിക്കുന്നതും ആര്‍എസ്എസിന് പൂര്‍ണ ആധിപത്യമുള്ളതുമായ എന്‍ഡിഎയുടെ കേന്ദ്രഭരണം പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ ദേശീയമായി സൃഷ്ടിച്ചിട്ടുണ്ട്. മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അക്രമാസക്തമായ ചുവടുവയ്പ് കേന്ദ്ര–സംസ്ഥാന ഭരണങ്ങളുടെ പിന്തുണയോടെ ഭരണത്തിനകത്തും പുറത്തുമായി നടക്കുന്നു. 1930–40 കാലത്ത് ജര്‍മനിയില്‍ ഹിറ്റ്ലറെ വികസനവാദി എന്ന പേരില്‍ ജനപ്രിയനാക്കി പ്രചാരണം നടത്തിയിരുന്നു. അതേ അവസരത്തില്‍ ജൂതന്മാരെയും ജിപ്സികളെയും കമ്യൂണിസ്റ്റുകാരെയും കൊന്നൊടുക്കുന്നുണ്ടായിരുന്നു. ആ ചോരപ്പുഴ കാണാതെ ഹിറ്റ്ലറെ പിന്തുണയ്ക്കാന്‍ ഒരുവിഭാഗം ജനങ്ങള്‍ തയ്യാറായി. ചരിത്രത്തിലെ ഈ പിഴവ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചതുകൊണ്ടാണ് മോഡിഭരണത്തിനുകീഴില്‍ പല സംസ്ഥാനങ്ങളിലും ബിജെപി നേതൃസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
ഈ രാഷ്ട്രീയം കേരള മണ്ണിലും പച്ചപിടിപ്പിക്കാമെന്ന തെറ്റിദ്ധാരണ ബിജെപിക്കുമാത്രമല്ല, ചില സമുദായ സംഘടനാ നേതാക്കള്‍ക്കും ചില പിന്നോക്കവിഭാഗങ്ങളുടെ ഗ്രൂപ്പ് മേധാവികള്‍ക്കും ഉണ്ടായി. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എന്‍ഡിപി യോഗത്തിന്റെ ഇന്നത്തെ നേതൃത്വം, നവോത്ഥാന പാരമ്പര്യം കളഞ്ഞുകുളിച്ച് ബിജെപിയുടെ കാവിക്കൊടി പാറിക്കാന്‍ ഇറങ്ങിത്തിരിച്ചത് അതുകൊണ്ടാണ്. അതിനുവേണ്ടി ബിഡിജെഎസ് എന്ന കക്ഷിക്ക് രൂപംനല്‍കുകയും എന്‍ഡിഎയുടെ ഘടകകക്ഷിയാവുകയും ചെയ്തു. വിവിധ ജാതിമത സംഘടനകളെ കൂടെനിര്‍ത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ബിജെപി സംഘടിപ്പിച്ചത്. ഇതുവഴി വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കേന്ദ്ര ഭരണത്തിന്റെ നേരിട്ടുള്ള ഇടപെടലും പണമൊഴുക്കലും മാത്രമല്ല, ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം വര്‍ഗീയപ്രചാരണവും കെട്ടഴിച്ചുവിട്ടുള്ള പ്രവര്‍ത്തനമാണ് നടന്നത്. എല്‍ഡിഎഫ് കേരളത്തില്‍ തോല്‍ക്കണമെന്നത് സംസ്ഥാനത്ത് തങ്ങളുടെ വര്‍ഗീയഅജന്‍ഡ വിജയിപ്പിക്കുന്നതിനുമാത്രമല്ല, ദേശീയമായിത്തന്നെ അനിവാര്യമായ ആവശ്യമായി ബിജെപി– ആര്‍എസ്എസ് ശക്തികള്‍ കണക്കാക്കി. അതിനാല്‍, ഇടതുപക്ഷത്തെ തകര്‍ക്കുക എന്നത് മുഖ്യലക്ഷ്യമായി കണ്ട് പ്രചാരവേലകള്‍ സംഘടിപ്പിച്ചു. ഇതിനെതിരെ അതിശക്തമായ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എന്നാല്‍, യുഡിഎഫിന്റേതാകട്ടെ, കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണത്തില്‍ സ്വീകരിച്ച മൃദുഹിന്ദുത്വനയത്തിന്റെ ആവര്‍ത്തനമായി തെരഞ്ഞെടുപ്പുവേളയിലെ അടവുകളും. സോണിയ ഗാന്ധി, എ കെ ആന്റണി തുടങ്ങിയവര്‍ ചില ഘട്ടങ്ങളില്‍ പ്രചാരണയോഗങ്ങളില്‍ നടത്തിയ മോഡി വിമര്‍ശത്തിനാകട്ടെ, ജനങ്ങള്‍ ഒട്ടും വിശ്വാസ്യത കല്‍പ്പിച്ചതുമില്ല. പലയിടങ്ങളിലും യുഡിഎഫ്– എന്‍ഡിഎ വോട്ടുനീക്കുപോക്കും നടന്നു.
യുഡിഎഫ് ഭരണത്തിന് അറുതിവരുത്തുക, ബിജെപിയെയും അവരുടെ മുന്നണിയെയും ഒറ്റപ്പെടുത്തുക, എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷത്തോടെ അധികാരം നല്‍കുക– ഈ മൂന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോര്‍പറേറ്റുവല്‍ക്കരണത്തിനും സാമ്രാജ്യത്വചായ്വിനും അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ ശക്തമായ നിലപാടാണ് സിപിഐ എം മുന്നോട്ടുവച്ചത്. ഒപ്പം, സല്‍ഭരണത്തിനുള്ള ആഹ്വാനവും. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രകടനപത്രികയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.
ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ സിപിഐ എം ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ് ആവിഷ്കരിച്ച ഇടതുപക്ഷബദല്‍ കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരംകൂടിയാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങള്‍ക്കൊപ്പമായിരുന്നു കേരളത്തിലെയും തെരഞ്ഞെടുപ്പ്. ബംഗാളില്‍ സിപിഐ എം– കോണ്‍ഗ്രസ് സഖ്യം എന്ന പ്രചാരവേല ബിജെപി ശക്തമായി അഴിച്ചുവിട്ടു. കോണ്‍ഗ്രസിന്റെകൂടെ ചേരുകമാത്രമേ സിപിഐ എമ്മിന് വഴിയുള്ളൂവെന്ന് പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസും ശ്രമിച്ചു. ബംഗാള്‍ വാര്‍ത്ത ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫിന് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ കേരളീയര്‍ തയ്യാറായി.
യുഡിഎഫും കോണ്‍ഗ്രസും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന. കരകയറാനാകാത്ത പടുകുഴിയിലാണ് യുഡിഎഫ് ചെന്നുപെട്ടിരിക്കുന്നത്. യുഡിഎഫ് ഭരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ജനരോഷത്തിന് പാത്രമായിരിക്കുന്നു. എല്‍ഡിഎഫ് വിട്ട് കോണ്‍ഗ്രസിന്റെകൂടെ കൂടിയ ആര്‍എസ്പി, ജനതാദള്‍ യു എന്നീ കക്ഷികള്‍ക്ക് നിയമസഭയില്‍ മേല്‍വിലാസംപോലും ഇല്ലാതാക്കി ജനങ്ങള്‍ കടുത്ത ശിക്ഷ നല്‍കി. അധികാരക്കൊതിയാല്‍ ഇടതുപക്ഷചേരിയില്‍നിന്ന് മറുകണ്ടം ചാടിയ ഈ കക്ഷികള്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മേന്മ ഇനിയെങ്കിലും തിരിച്ചറിയുന്നില്ലെങ്കില്‍, അവര്‍ കേരളരാഷ്ട്രീയ ഭൂപടത്തില്‍നിന്നുതന്നെ തുടച്ചുമാറ്റപ്പെടും. അത് മനസ്സിലാക്കി ഈ കക്ഷികളുടെ നേതാക്കള്‍ പുനര്‍വിചിന്തനത്തിന് തയ്യാറായില്ലെങ്കില്‍ അണികളും പ്രവര്‍ത്തകരും നേതാക്കളെ വിട്ട് ഇടതുപക്ഷത്ത് എത്താന്‍ തയ്യാറാകും. ഇതുവരെയുള്ള യുഡിഎഫ് ഇനി ഉണ്ടാകില്ല എന്ന സൂചനയാണ് ഈ ജനവിധി നല്‍കുന്നത്. എല്‍ഡിഎഫിന് ഇക്കുറി 87,25,939 വോട്ടാണ് ലഭിച്ചത്. യുഡിഎഫിനാകട്ടെ, 78,08,743 വോട്ടും. 9,17,196 വോട്ട് എല്‍ഡിഎഫിന് അധികം ലഭിച്ചു.
2015ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ 3,19,820 വോട്ടാണ് അധികം ലഭിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം കിട്ടുമ്പോള്‍ 1,55,571 വോട്ടാണ് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ കിട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ, എല്‍ഡിഎഫിനേക്കാള്‍ 3,35,573 വോട്ട് അധികം ലഭിച്ചു. 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 82,64,751 വോട്ടും യുഡിഎഫിന് 79,44,931 വോട്ടും ബിജെപിക്ക് 28,07,320 വോട്ടും ലഭിച്ചു. വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ എല്‍ഡിഎഫിന് 41.85 ശതമാനവും യുഡിഎഫിന് 40.23 ശതമാനവും ബിജെപിക്ക് 14.21 ശതമാനവും. ഇപ്പോഴത്തെ യുഡിഎഫിന്റെ വോട്ടിങ് ശതമാനം 2005ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ നിലയിലേക്ക് താഴ്ന്നു. അന്ന് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസി യുഡിഎഫിന് എതിരായിരുന്നു. ഇന്ന് എല്ലാ ഗ്രൂപ്പുകളും ഒന്നിച്ചുചേര്‍ന്ന കോണ്‍ഗ്രസും അതിനൊപ്പം മുസ്ളിംലീഗ്, കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ യു, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് എന്നിവരെല്ലാം ഉണ്ടായിട്ടും യുഡിഎഫിന്റെ വോട്ട് 38.79 ശതമാനമായി കുറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച 40.2 ശതമാനം വോട്ട് ഇത്തവണ 43.35 ശതമാനമായി ഉയര്‍ന്നു. യുഡിഎഫിന്റെ വോട്ട് 42.04 ശതമാനത്തില്‍നിന്ന് 38.79 ശതമാനമായി കുറഞ്ഞു. ഇത് വ്യക്തമാക്കുന്നത് 3.65 ശതമാനം വോട്ട് എല്‍ഡിഎഫിന് വര്‍ധിച്ചപ്പോള്‍ 3.25 ശതമാനം വോട്ട് യുഡിഎഫിന് കുറഞ്ഞുവെന്നാണ്.
ഈ കണക്ക് പരിശോധിക്കുമ്പോള്‍ തെളിയുന്ന ചില രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുണ്ട്. എല്‍ഡിഎഫിനെ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനത്തില്‍ 1.78 ശതമാനത്തിന്റെ കുറവുണ്ട്. എന്നാല്‍, അതിനുശേഷം നടന്ന ലോക്സഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളേക്കാള്‍ വോട്ടിങ് ശതമാനത്തില്‍ വര്‍ധന ഉണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.65 ശതമാനവും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.5 ശതമാനവും വോട്ടിന്റെ വര്‍ധന നേടി. എന്നാല്‍, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും മോശപ്പെട്ട വോട്ടിങ് ശതമാനമാണ് ഇത്തവണ. തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.44 ശതമാനം വോട്ട് കുറഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ 7.24 ശതമാനം വോട്ട് കുറഞ്ഞു. യുഡിഎഫിന്റെ ജനപിന്തുണ പടിപടിയായി കുറഞ്ഞ് ആ മുന്നണി തിരിച്ചുവരാനാകാത്ത തകര്‍ച്ച നേരിടുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. അന്ന് 38.38 ശതമാനമായിരുന്നു വോട്ട്. അതിനു സമാനമായ തകര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായത്. എല്ലാ തെരഞ്ഞെടുപ്പുകളിലും 40 ശതമാനത്തിനു മുകളില്‍ വോട്ട് കിട്ടാറുള്ള യുഡിഎഫിന് ഇത്തവണ 38.79 ശതമാനംമാത്രമാണ് കിട്ടിയത്. എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ ഒമ്പതുലക്ഷത്തിലധികം അഥവാ, 4.56 ശതമാനത്തിന്റെ വോട്ട് അധികമുണ്ട്. മുന്‍കാലങ്ങളില്‍ രണ്ടുമുന്നണികള്‍ തമ്മില്‍ നേരിയ വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഒരുലക്ഷംമുതല്‍ മൂന്നുലക്ഷംവരെ വോട്ടിന്റെയോ ഒന്നോ രണ്ടോ ശതമാനത്തിന്റെയോ വ്യത്യാസം. അതായത്, ജയിച്ചാലും തോറ്റാലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന നില. അതിന് മാറ്റമുണ്ടായിരിക്കുന്നു. ഇത് കേരളരാഷ്ട്രീയത്തെ പുതിയ പാതയിലെത്തിച്ചിരിക്കുകയാണ്.
17-Jun-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍