വിജയവും സര്‍ക്കാരിന്റെ ഉത്തരവാദിത്വവും

ഈ സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കണം. സങ്കുചിതമായ കക്ഷിരാഷ്ട്രീയം ഭരണകാഴ്ചപ്പാടാകരുത്. മന്ത്രിമാര്‍ക്ക് ചില സൌകര്യങ്ങളും അവകാശങ്ങളുമുണ്ടാകും. എന്നാല്‍, ഇതിനെല്ലാം ജനങ്ങളുടെ പൊതു ഓഡിറ്റുണ്ടെന്ന തിരിച്ചറിവ് വേണം. ജനങ്ങളില്‍നിന്ന് അകന്നുപോകാത്ത സമീപനമായിരിക്കണം. മന്ത്രി ഓഫീസില്‍ വരുന്നവര്‍ക്ക് മാന്യമായ സഹായമുണ്ടാകണം. മന്ത്രിമാര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജില്ല– സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കണമെന്ന് പാര്‍ടി സംസ്ഥാനകമ്മിറ്റി നിശ്ചയിച്ചത് പരിപാടികളുടെ സുതാര്യത ഉറപ്പുവരുത്താനാണ്. വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനുമെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനുള്ള വിരല്‍ചൂണ്ടലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. വിജയത്തില്‍ അമിതമായി ആഹ്ളാദിക്കാതെ കൂടുതല്‍ ജനവിഭാഗത്തിലേക്കിറങ്ങി പ്രവര്‍ത്തിച്ച് കൂടുതല്‍ ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഇനി ഉണ്ടാകേണ്ടത്. വര്‍ത്തമാനകേരളം മാത്രമല്ല, ഭാവികേരളവും എല്‍ഡിഎഫിന്റെ കരങ്ങളിലാണ്. അത് സുരക്ഷിതമാക്കണം.

 

താജ്മഹലും പിസാ ഗോപുരവും ഒരുദിവസംകൊണ്ട് ഉണ്ടായതല്ല. എല്‍ഡിഎഫിന്റെ അഭിമാനകരമായ തെരഞ്ഞെടുപ്പു വിജയവും സൂര്യന്‍ ഒരുദിവസം അസ്തമിച്ചുദിച്ചതിനിടയില്‍ സംഭവിച്ചതല്ല. ഇതിലേക്ക് നയിച്ചതും ഇടയാക്കിയതുമായ നിരവധി ഘടകങ്ങളുണ്ട്. സര്‍ക്കാരിനെതിരായ ഭരണവികാരം, എല്‍ഡിഎഫിലുള്ള പ്രതീക്ഷയും വിശ്വാസ്യതയും, പ്രക്ഷോഭസമരങ്ങള്‍, കരുത്തുറ്റ സംഘടനാസംവിധാനം, കുറ്റമറ്റ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം, മികവാര്‍ന്ന സ്ഥാനാര്‍ഥിപ്പട്ടിക– ഇങ്ങനെ അനവധി ഘടകങ്ങള്‍.

ഇടതുപക്ഷനേതൃത്വത്തില്‍ നടന്ന സുദീര്‍ഘവും സുദൃഢവുമായ ജനകീയപോരാട്ടവും ബഹുജനപ്രചാരണവും പ്രധാന ഘടകമാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഇന്ത്യയില്‍ എവിടെയെങ്കിലും സിപിഐ എമ്മും ഇടതുപക്ഷവും പിന്നോട്ടടിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍, ഉടന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ആശയം കാലഹരണപ്പെട്ടെന്നും സോഷ്യലിസത്തിനും മാര്‍ക്സിസത്തിനും ആഗോളതലത്തില്‍ പ്രസക്തി നഷ്ടമായെന്നുമൊക്കെയുള്ള വാദങ്ങളുമായി കോര്‍പറേറ്റ് മാധ്യമങ്ങള്‍ രംഗത്തെത്താറുണ്ട്. അത്തരം വാദമുഖങ്ങള്‍ തെറ്റാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം 1990കളില്‍ പശ്ചചിമബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളിലുള്‍പ്പെടെ പാര്‍ടി കൂടുതല്‍ വളരുകയും ശക്തിപ്പെടുകയുംചെയ്തു. പില്‍ക്കാലത്ത് ബംഗാളിലുണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടി പ്രത്യേകമായി പരിശോധിക്കുന്ന വിഷയമാണ്. ഈ പിന്നോട്ടടി താല്‍ക്കാലികമാണ്. പ്രത്യയശാസ്ത്രകാര്യത്തില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരണമായി സിപിഐ എം ക്രിയാത്മകമായി ഉപയോഗിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി പതിറ്റാണ്ടുകളായി നടത്തിവരുന്ന എണ്ണമറ്റ പോരാട്ടങ്ങളുടെയും ജനകീയമുന്നേറ്റങ്ങളുടെയും ഫലമായി കേരളത്തില്‍ എല്‍ഡിഎഫ് വളരുകയും കരുത്താര്‍ജിക്കുകയും കൂടുതല്‍ വിശ്വാസ്യത നേടുകയുംചെയ്തു. ഇത്തരം മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും സൃഷ്ടിയായ ജനപിന്തുണയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന അടിത്തറ. എല്‍ഡിഎഫ് എന്നത് കേവലം തെരഞ്ഞെടുപ്പ് സഖ്യമല്ല. സിപിഐ എം ശക്തമായ ജനപിന്തുണയുള്ള പാര്‍ടിയായി വളര്‍ന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെ മാത്രവുമല്ല.

നൂറ്റി നാല്‍പ്പതംഗ നിയമസഭയില്‍ 91 സീറ്റിന്റെ വലിയ വിജയം നമുക്ക് ലഭിച്ചതിനുപിന്നില്‍ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ഭരണവിരുദ്ധവികാരവും അതിനെ ജനമനസ്സുകളിലുറപ്പിക്കാന്‍ ഇടതുപക്ഷനേതൃത്വത്തില്‍ നടന്ന പ്രക്ഷോഭസമരങ്ങള്‍ക്ക് കഴിഞ്ഞതുമാണ്. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വമ്പിച്ച പ്രക്ഷോഭങ്ങളാണ് നടന്നത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്കുകള്‍ ചരിത്രമായി മാറി.

യുഡിഎഫുതന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം വോട്ടെണ്ണുന്ന ദിവസം രാവിലെ ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും പ്രകടിപ്പിച്ചു. ബിജെപി, ബിഡിജെഎസ് തുടങ്ങിയവയുമായി ഉണ്ടാക്കിയ രഹസ്യബന്ധം വോട്ടായി വലിയതോതില്‍ മാറുമെന്ന പ്രതീക്ഷ ഉമ്മന്‍ചാണ്ടിക്കുണ്ടായി. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതായിരുന്നു. യുഡിഎഫില്‍  അഭിപ്രായഭിന്നത ശക്തമായിരുന്നു. അതിന്റെ ഭാഗമായാണ് ജനാധിപത്യ കേരളകോണ്‍ഗ്രസ് എന്ന പേരില്‍ ഒരുവിഭാഗം ആ മുന്നണി വിട്ടത്. ആര്‍എസ്പിയില്‍നിന്ന് ഒരു വിഭാഗവും യുഡിഎഫ് വിട്ട് ഇടതുപക്ഷചേരിയിലെത്തി. യുഡിഎഫിന്റെ ശൈഥില്യത്തെ ഇത് മൂര്‍ച്ഛിപ്പിച്ചു. കോണ്‍ഗ്രസിലാകട്ടെ അഭിപ്രായഭിന്നത രൂക്ഷമായി. നേതാക്കള്‍ക്കിടയില്‍ ആശയവ്യക്തത ഉണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും പലതട്ടിലാണെന്ന് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും വ്യക്തമായി. അഴിമതിക്കാരെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് നീക്കണമെന്ന സുധീരന്റെ അഭിപ്രായം കോലാഹലമുണ്ടാക്കിയെങ്കിലും ഒരു സമ്മര്‍ദതന്ത്രം എന്ന നിലയില്‍ അതിനെ ഉപയോഗിക്കുകയായിരുന്നു സുധീരന്‍ എന്ന ബോധ്യത്തിലേക്ക് ജനങ്ങളെത്തി.

സിപിഐ എമ്മും എല്‍ഡിഎഫും മാതൃകാപരമായ ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ ഇത് വലിയ മതിപ്പുളവാക്കി. ഇത്തരമൊരു സ്ഥിതി വളര്‍ത്തിയെടുക്കുന്നതില്‍ പൊളിറ്റ്ബ്യൂറോയുടെ വലിയ സഹായം സംസ്ഥാനത്തെ പാര്‍ടിക്ക് ലഭിച്ചു. കഴിഞ്ഞ അഞ്ചാണ്ടില്‍ നിയമസഭയ്ക്കകത്തും പുറത്തും വിവിധ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് എല്‍ഡിഎഫ് നടത്തിയ പോരാട്ടങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. ഓരോ സമരവും പരാജയമാണെന്നു പ്രചരിപ്പിച്ച് സമരത്തിന്റെ ശോഭകെടുത്താന്‍ സംഘടിതപരിശ്രമം നടന്നെങ്കിലും ആ സമരങ്ങളുടെ ശരിയും പ്രസക്തിയുമാണ് ജനവിധിയില്‍ പ്രതിഫലിച്ചത്. സിപിഐ എമ്മിനെ പ്രത്യേകിച്ചും എല്‍ഡിഎഫിനെ പൊതുവിലും ഭരണകൂടസംവിധാനങ്ങളുപയോഗിച്ച് തകര്‍ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. പാര്‍ടിനേതാക്കളെ കൊലക്കേസുകളില്‍വരെ പ്രതിചേര്‍ത്ത് ജയിലിലടച്ചും നാടുകടത്തിയും പീഡിപ്പിച്ചു. എം എം മണി, പി ജയരാജന്‍, ടി വി രാജേഷ്, പി മോഹനന്‍, കാരായി രാജന്‍ തുടങ്ങിയ സംസ്ഥാന– ജില്ലാനേതാക്കളെ ഉള്‍പ്പെടെ പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ വിവിധ സന്ദര്‍ഭങ്ങളിലായി ജയിലിലടച്ചു. ലാവ്ലിന്‍ കേസില്‍ പ്രതിചേര്‍ത്ത് പിണറായി വിജയനെ അനാവശ്യമായി വേട്ടയാടിയ കേസ് സിബിഐ കോടതി തള്ളിയത് വിരുദ്ധശക്തികള്‍ക്ക് തിരിച്ചടിയായി. ഇടതുപക്ഷത്തെ വൈരനിര്യാതനബുദ്ധിയോടെ വേട്ടയാടിയ കോണ്‍ഗ്രസ്– ബിജെപി ഭരണനയത്തോടുള്ള അസംതൃപ്തി അവസരം കിട്ടിയപ്പോള്‍ ജനം പ്രകടിപ്പിക്കുകയായിരുന്നു.

കൊടിയ അഴിമതികളാണ് കഴിഞ്ഞ അഞ്ചാണ്ടില്‍ കേരളത്തില്‍ അരങ്ങേറിയത്. സോളാര്‍ അഴിമതി, ബാര്‍കോഴ തുടങ്ങിയ നിരവധി സംഭവങ്ങള്‍ ഭരണപ്രതിച്ഛായ തകര്‍ത്തു. പരിസ്ഥിതിയെ പരിഗണിക്കാതെയും ഭൂപരിഷ്കരണ നിയമങ്ങളെപ്പോലും അട്ടിമറിച്ചും നടത്തിയ ഭൂദാനമടക്കമുള്ള മന്ത്രിസഭയുടെ അവസാനനാളുകളിലെ തീരുമാനങ്ങള്‍ ഭരണവിരുദ്ധവികാരത്തെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചു. ജനജീവിതത്തിന്റെ വിവിധമേഖലകള്‍ അഞ്ചാണ്ടിലെ ഭരണത്തില്‍ തകരുകയായിരുന്നു. റബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച, പരമ്പരാഗത– തോട്ടം മേഖലകളുടെ പിന്നോട്ടടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ദുരവസ്ഥ, അപ്രഖ്യാപിത നിയമന നിരോധനം, വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥത, ആരോഗ്യരംഗത്തെ അഴിമതി ഇതെല്ലാം ജനങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം വര്‍ധിപ്പിച്ചു.

സംഘപരിവാറിന്റെ ആക്രമണോത്സുക നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണെന്ന ബോധ്യം ജനങ്ങളിലുണ്ടായതും തെരഞ്ഞെടുപ്പ് വിജയത്തിലെ ഘടകങ്ങളിലൊന്നാണ്. മതനിരപേക്ഷ മനസ്സുള്ള കേരളജനത ഇടതുപക്ഷത്തേക്ക് ചാഞ്ഞു. സംഘപരിവാറിനെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫിന്റെ ഭരണരാഷ്ട്രീയ നയസമീപനം ന്യൂനപക്ഷങ്ങളിലടക്കം വമ്പിച്ച പ്രതിഷേധം സൃഷ്ടിച്ചു. ഈ വിഷയത്തില്‍ യുഡിഎഫിന്റെ കള്ളക്കളി ഫലപ്രദമായി തുറന്നുകാട്ടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ജിഷയുടെ ക്രൂരമായ കൊലപാതകം സൃഷ്ടിച്ച അന്തരീക്ഷം യുഡിഎഫ് സര്‍ക്കാരിന് സ്ത്രീകളെ രക്ഷിക്കാന്‍ കഴിയില്ലെന്ന സന്ദേശം ജനങ്ങളില്‍ എത്തിച്ചു. കേസന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥയും കഴിവില്ലായ്മയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സ്ത്രീസുരക്ഷയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍വരണമെന്ന ബോധം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കുന്നതിന് ഈ അന്തരീക്ഷം കരുത്തേകി. മാലിന്യസംസ്കരണ പ്രവര്‍ത്തനം, ജൈവപച്ചക്കറികൃഷി, സാന്ത്വനപരിചരണം, കായികക്ഷമത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഷല്‍ ആര്‍ട്സ്– യോഗ പരിശീലനം തുടങ്ങി സിപിഐ എം നേതൃത്വം നല്‍കിയ പരിപാടികള്‍ ജനങ്ങളില്‍ വലിയ മതിപ്പുളവാക്കി. ഇതും എല്‍ഡിഎഫ് വിജയത്തിന് അടിസ്ഥാനമായി.

സിപിഐ എം നടത്തിയ സംഘടനാപരമായ തയ്യാറെടുപ്പുകള്‍ എല്‍ഡിഎഫ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുശേഷംതന്നെ നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനകമ്മിറ്റിയുടെ മുന്‍കൈയില്‍ ആരംഭിച്ചു. എല്ലാത്തട്ടിലും ആശയപരവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ഐക്യം നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനമാണുണ്ടായത്. 2016 ജനുവരി ഒമ്പതിനും പത്തിനും എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര പഠനകോണ്‍ഗ്രസും വികസനകാഴ്ചപ്പാടും വലിയ സ്വീകാര്യത ആര്‍ജിച്ചു. പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നടത്തിയ നവകേരളമാര്‍ച്ച് പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും മാത്രമല്ല, പൊതുസമൂഹത്തെയും ആവേശംകൊള്ളിക്കുകയും പ്രതീക്ഷയുണര്‍ത്തുകയുംചെയ്തു. ഇത് കേരള രാഷ്ട്രീയത്തില്‍ എല്‍ഡിഎഫിന് മുന്‍കൈ ലഭിക്കുന്നതിനുള്ള പാത സുഗമമാക്കി. 2016 ജനുവരി ആറിന് കൊച്ചിയില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റ് പുതിയ അനുഭവമായി. സ്ത്രീപക്ഷവികസന കാഴ്ചപ്പാടും സ്ത്രീസുരക്ഷയും മുന്നോട്ടുവച്ചാണ് വനിതാപാര്‍ലമെന്റ് സംഘടിപ്പിച്ചത്.

ബിജെപിയുമായുള്ള എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ കൂട്ടുകെട്ടിനെ തുറന്നുകാണിച്ച് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്കുലര്‍ മാര്‍ച്ച് വര്‍ഗീയതയ്ക്കെതിരെ വിപുലമായ പ്രചാരണമായി. നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയെല്ലാം ബോധ്യപ്പെടുത്തി വിപുലമായ സംഘടനാപ്രവര്‍ത്തനമാണ് സിപിഐ എം നടത്തിയത്. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന കേന്ദ്രമുദ്രാവാക്യത്തിലൂന്നിയ പ്രചാരണം ഗുണംചെയ്തു. നവമാധ്യമങ്ങള്‍വഴി ശ്രദ്ധേയമായ പ്രചാരണം സംഘടിപ്പിക്കാനും കഴിഞ്ഞു. 'മതനിരപേക്ഷ– അഴിമതിവിമുക്ത– വികസിത കേരളം' എന്ന മുദ്രാവാക്യമാണ് നമ്മള്‍ മുന്നോട്ടുവച്ചത്. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്തി മുന്നോട്ടുപോകാന്‍ കഴിഞ്ഞു. ഇതും ജനങ്ങളില്‍ എല്‍ഡിഎഫിനെപ്പറ്റി മതിപ്പ് വര്‍ധിപ്പിച്ചു.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടികയും പൊതുവില്‍ നല്ല മതിപ്പുണ്ടാക്കി. എല്‍ഡിഎഫ് വിജയത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത ലക്ഷക്കണക്കിനു സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെയും പ്രതീക്ഷകള്‍ക്ക് ഇണങ്ങുന്ന വിജയമാണ് കരസ്ഥമാക്കാന്‍ കഴിഞ്ഞത്. എല്‍ഡിഎഫിന്റെ ഭാഗമായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലാത്തവരുടെകൂടി വോട്ടുകള്‍ സമ്പാദിച്ചതുകൊണ്ട് ലഭിച്ചതാണ് ഈ വിജയം. പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല തുടക്കമാണ് കാഴ്ചവച്ചതെന്ന് നിഷ്പക്ഷമതികളടക്കം സമ്മതിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷ വലുതാണ്. ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിന്റെ രാഷ്ട്രീയവും സംഘടനാപരവും ഭരണപരവുമായ കാര്യങ്ങളെപ്പറ്റി പ്രത്യേകം പരിശോധിക്കാം.

കേരളത്തിലെ ജനങ്ങള്‍ ഭാരിച്ച ചുമതലയാണ് എല്‍ഡിഎഫിന് അധികാരം നല്‍കിയതിലൂടെ ഏല്‍പ്പിച്ചിരിക്കുന്നത്. അത് നിറവേറ്റാന്‍ സിപിഐ എമ്മും എല്‍ഡിഎഫും കൂട്ടായി പരമാവധി പ്രവര്‍ത്തിക്കും. എല്‍ഡിഎഫിന്റെയോ സിപിഐ എമ്മിന്റെയോ തനതായ ഒരു ഭരണം സ്ഥാപിക്കാനല്ല ഉദ്ദേശിക്കുന്നത്. എല്‍ഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവന്ന ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. അത് നിറവേറ്റാന്‍ പാര്‍ടി– മുന്നണി പക്ഷപാതത്തിന് അപ്പുറമുള്ള നിലപാട് നമ്മള്‍ സ്വീകരിക്കണം. നമ്മള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെയുള്ള നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ഇനി അധികാരമെല്ലാം നമുക്കെന്ന തെറ്റായ ചിന്തയും അതിനനുസരണമായ വഴിതെറ്റിയ പ്രവര്‍ത്തനവും പാടില്ല. സര്‍ക്കാരും പാര്‍ടിയും മുന്നണിയും ഒരിക്കലും അന്യവര്‍ഗാശയത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തില്‍ അകപ്പെടരുത്. ആ സ്വാധീനത്തിനെതിരെ പൊരുതുകയെന്ന പരമപ്രധാന കടമ അവഗണിക്കരുത്. 

പാര്‍ടി ഉള്‍പ്പെടുന്ന മുന്നണി അധികാരത്തില്‍വന്നെങ്കിലും പാര്‍ടിയുടെ നേതൃപരമായ പങ്ക് ഉപേക്ഷിക്കില്ല. പക്ഷേ, പാര്‍ടി ബഹുജനങ്ങളുടെ കൂടെയാകും. കൂടെയാകുമ്പോള്‍ത്തന്നെ അവര്‍ക്കുമുന്നിലാകണം. അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുന്നതിനാണത്. അവരില്‍നിന്ന് ഒറ്റപ്പെടുന്നത് ഉദ്യോഗസ്ഥനിലവാരപരമായ നിലപാട് എടുക്കുമ്പോഴാണ്. അത്തരം തന്‍പ്രമാണിത്തം ഒരുതലത്തിലും ഉണ്ടാകരുത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ ഗണ്യമായ വിഭാഗങ്ങളെ സര്‍ക്കാരിനും പാര്‍ടിനേതൃത്വത്തിനുമെതിരെ തിരിച്ചുവിടാന്‍ അതിടയാക്കും. അത് ഒഴിവാക്കണം. ഇന്ത്യയെന്ന മുതലാളിത്ത രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുതലാളിത്ത സാമ്പത്തികനയത്തിന്റെ ആഘാതത്തിന്റെ രൂക്ഷത കുറയ്ക്കാനുള്ള ഒരു താങ്ങായി മാറും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ മെയ് 25ന് അധികാരത്തില്‍വന്ന സര്‍ക്കാരിന് വലിയ കടമകളാണ് നിറവേറ്റാനുള്ളത്. നവകേരളസൃഷ്ടിയാണ് പ്രധാനം. വികസനത്തിലെ കുതിപ്പ്, ജനങ്ങളെയും പ്രകൃതിയെയും മറക്കാത്ത വികസനം, ജനജീവിതം മെച്ചപ്പെടുത്തല്‍, സ്ത്രീസുരക്ഷ, സമാധാനജീവിതം, മതനിരപേക്ഷത ഉറപ്പാക്കല്‍, അഴിമതിരഹിതഭരണം, ദളിത് ജനവിഭാഗങ്ങളുടെ സംരക്ഷണവും ഉന്നമനവും തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഭരണവും ഏതാനും സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഭരണവും നവഉദാരവല്‍ക്കരണ– കോര്‍പറേറ്റ് നയങ്ങളാണ് നടപ്പാക്കുന്നത്. ഈ ജനവിരുദ്ധഭരണങ്ങളുടെ മുന്നില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വീകാര്യമായ ഒരു ബദല്‍ ജനകീയഭരണം കാഴ്ചവയ്ക്കുന്നതാകും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത് അഞ്ചാണ്ടെന്ന ഇന്നത്തേക്കുള്ള സര്‍ക്കാര്‍മാത്രമാകില്ല. തുടര്‍ഭരണം എല്‍ഡിഎഫിന് ഉറപ്പാക്കാനുള്ളതുമാകും. 

സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ കേരളീയരുടെ മനംകവരുന്നതായി. മുന്‍സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പരിശോധനമുതല്‍ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയതുവരെയുള്ള ഭരണനടപടികള്‍ ജനങ്ങളുടെ പ്രതീക്ഷയെ വളര്‍ത്തി. ഇതില്‍ അസഹിഷ്ണുതപൂണ്ട കോണ്‍ഗ്രസും ബിജെപിയും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി അധികാരമേല്‍പ്പിച്ച പിണറായി സര്‍ക്കാരിനെ സുഗമമായി ഭരിക്കാന്‍ സമ്മതിക്കില്ലെന്ന വാശിയിലാണ്. പ്രതിപക്ഷമായി നിന്നുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുക, എടുക്കുന്ന നടപടികളിലെ പോരായ്മകളും തെറ്റുകളും അനീതികളും ചൂണ്ടിക്കാട്ടുക– ഇതെല്ലാം പ്രതിപക്ഷത്തിന്റെ കടമയാണ്. അതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. പക്ഷേ, കോണ്‍ഗ്രസും ബിജെപിയും തുടക്കത്തിലേതന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വഴിമുടക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അതിനുവേണ്ടി കള്ളക്കഥകളും ആത്മഹത്യാനാടകങ്ങളുമടക്കം നിരത്താന്‍ മനസ്സാക്ഷിക്കുത്തില്ലാതെ മുന്നോട്ടുപോവുകയാണ്.

കേന്ദ്രഭരണം ദുരുപയോഗപ്പെടുത്തിയാണ് ബിജെപി ഇതിനുള്ള നീക്കം നടത്തുന്നത്. കണ്ണൂരിനെ പൊതുവിലും പിണറായി വിജയന്‍ പ്രതിനിധാനംചെയ്യുന്ന ധര്‍മടത്തെ വിശേഷിച്ചും കേന്ദ്രീകരിച്ച് സിപിഐ എമ്മിനെതിരെ അക്രമരാഷ്ട്രീയപല്ലവി ബിജെപിയുടെ കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങള്‍ ഉരുവിടുന്നു. കേന്ദ്ര വനിതാ കമീഷനെയും കേന്ദ്രമന്ത്രിമാരെയുമെല്ലാം ഇതിനുവേണ്ടി കൊണ്ടുവന്നു. ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചു. ബിജെപി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തില്‍ തലശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഇതെല്ലാം വിളിച്ചറിയിക്കുന്നത് പിണറായി സര്‍ക്കാരിനെ സുഗമമായി ഭരിക്കാന്‍ കോണ്‍ഗ്രസ്– ബിജെപി നേതൃത്വങ്ങള്‍ അനുവദിക്കില്ല എന്നാണ്. സിപിഐ എമ്മിനും എല്‍ഡിഎഫിനും ജനങ്ങള്‍ അധികാരം നല്‍കിയത് യാദൃച്ഛികമായല്ലെന്ന സത്യം ഈ പാര്‍ടികള്‍ തിരിച്ചറിയണം. കമ്യൂണിസ്റ്റുകാര്‍ നടത്തിപ്പോരുന്ന ദേശസേവനം, കോണ്‍ഗ്രസുകാര്‍ നടത്തുന്ന അഴിമതിയും ജനദ്രോഹവും, ബിജെപിയുടെ വര്‍ഗീയത കുത്തിനിറച്ച ദേശദ്രോഹപ്രവര്‍ത്തനം– ഇതെല്ലാം തിരിച്ചറിഞ്ഞ ജനങ്ങളാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ഈ തിരിച്ചറിവ് നിഷേധിച്ചാല്‍ യുഡിഎഫിനും ബിജെപിക്കും ഇനിയും കേരളത്തില്‍ വലിയ നഷ്ടം സംഭവിക്കും. പിണറായി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ബിജെപി ഉയര്‍ത്തുന്ന സമാനരാഷ്ട്രീയ മുദ്രാവാക്യം കോണ്‍ഗ്രസ് ഏറ്റെടുത്തതിനോട് മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ കക്ഷികളുടെ നിലപാട് അറിയാന്‍ നാടിന് താല്‍പ്പര്യമുണ്ട്.

1959ല്‍ ലീഗിനെ കൂട്ടുപിടിച്ച് കമ്യൂണിസ്റ്റുവിരുദ്ധമുന്നണി ഉണ്ടാക്കിയ കോണ്‍ഗ്രസിന് ഇത്തവണ നിയമസഭയില്‍ 22 അംഗങ്ങളെയെങ്കിലും കിട്ടിയത് ലീഗിന്റെ കരുണകൊണ്ടാണ്. കമ്യൂണിസ്റ്റുവിരുദ്ധമുന്നണിയില്‍ തുടരുന്ന മുസ്ളിംലീഗിനാകട്ടെ, വോട്ടും സീറ്റും ഇത്തവണ കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ വെറുക്കുന്ന കോണ്‍ഗ്രസിനൊപ്പം കൂടിയ ലീഗിന് മലപ്പുറത്തടക്കം സ്വന്തം കാലിലെ മണ്ണ് ചോര്‍ന്നുപോവുകയാണ്. മുസ്ളിംലീഗിന് പരമ്പരാഗതമായി ലഭിച്ചിരുന്ന മുസ്ളിം ജനവിഭാഗങ്ങളുടെ വോട്ടില്‍ വലിയതോതില്‍ ഇടിവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലൊഴികെ മുസ്ളിം വിഭാഗങ്ങളുടെ വോട്ട് കൂടുതല്‍ ലഭിച്ചത് എല്‍ഡിഎഫിനാണ്. അതുകൊണ്ട് മുസ്ളിംസമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ളിംലീഗിനല്ല. ഈ വസ്തുതകൂടി മനസ്സിലാക്കി ബിജെപിയുടെ രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ഗ്രസ് സമീപനത്തെ തുറന്നെതിര്‍ക്കാന്‍ മുസ്ളിംലീഗ് തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്നിരിക്കെതന്നെ കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണമാണെന്ന യാഥാര്‍ഥ്യം ഞങ്ങള്‍ അംഗീകരിക്കുന്നു. മോഡിസര്‍ക്കാരിന്റെ രാഷ്ട്രീയനയങ്ങളെ എതിര്‍ക്കുമ്പോള്‍ത്തന്നെ ഭരണഘടനാബാധ്യത അംഗീകരിച്ച് അതിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്ന് കേരളത്തിന്റെ സവിശേഷപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടതും വികസനകാര്യങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ച് നടപടികള്‍ക്ക് തുടക്കംകുറിച്ചതും. എല്‍ഡിഎഫിന് വോട്ട് ചെയ്തവരെമാത്രമല്ല വോട്ട് ചെയ്യാത്തവരെയും കക്ഷികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും എല്ലാം സഹകരിപ്പിച്ച് കേരളത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും സഹകരണാത്മകനയം സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്. 

അഴിമതിക്ക് 'എ പ്ളസ്' നേടിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. നിയമവിരുദ്ധ ഭൂദാനം, സോളാര്‍ അഴിമതി, ബാര്‍കോഴ, കടകംപള്ളി– കളമശേരി ഭൂമിതട്ടിപ്പ്– ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തട്ടിപ്പുകള്‍. ഇതെല്ലാം കര്‍ശന നിയമപരിശോധനയ്ക്ക് വിധേയമാക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. മുന്‍ ഭരണക്കാര്‍ക്കെതിരെ രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഭരണസംവിധാനത്തെ ഒരുതരത്തിലും ഉപയോഗിക്കരുത് എന്നതാണ് എല്‍ഡിഎഫിന്റെ രാഷ്ട്രീയനയം. പക്ഷേ, ഉപ്പുതിന്നവര്‍ വെള്ളംകുടിക്കണം. അഴിമതി നടത്തിയവര്‍ നിയമത്തിനുമുന്നില്‍ ഉത്തരം നല്‍കണമെന്നതില്‍ വിട്ടുവീഴ്ചയില്ല. 

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതുകൊണ്ട് പ്രക്ഷോഭസമരങ്ങള്‍ക്ക് അവധികൊടുക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കേന്ദ്രഭരണനയങ്ങള്‍ക്കെതിരായ ക്യാമ്പയിനും പ്രക്ഷോഭവും ശക്തമായി തുടരണം. നാട്ടില്‍ പ്രാദേശിക ജനകീയ സാമൂഹ്യ മുന്നേറ്റങ്ങളുമുണ്ട്. അത്തരം മുന്നേറ്റങ്ങളെ നമ്മുടെ പ്രക്ഷോഭവുമായും ബന്ധിപ്പിക്കണം. സ്ത്രീസുരക്ഷയ്ക്കായുള്ള പ്രക്ഷോഭങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങള്‍, സാര്‍വത്രിക പൊതുവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, പ്രകൃതിയെ സംരക്ഷിക്കാനുള്ള ന്യായമായ സമരങ്ങള്‍, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സാമൂഹ്യസുരക്ഷ കിട്ടാനുള്ള സംഘടിതനീക്കം– ഇത്തരം മുന്നേറ്റങ്ങളെ വിപ്ളവ ജനാധിപത്യപോരാട്ടങ്ങളുമായി ബന്ധിപ്പിക്കാനുതകുന്ന പൊതുവേദികള്‍ കണ്ടെത്തണം. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന കര്‍മപരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കണം. 

ഈ പശ്ചാത്തലത്തിലാണ് ബഹുജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഓരോ പാര്‍ടിഘടകവും അംഗങ്ങളും കൂടുതല്‍ സജീവമായി ഇടപെടണമെന്ന ആഹ്വാനം പാര്‍ടി സംസ്ഥാന കമ്മിറ്റി നല്‍കിയത്. സര്‍ക്കാര്‍ വന്നതുകൊണ്ട് ജനങ്ങളില്‍നിന്ന് അകലുന്ന അവസ്ഥയുണ്ടാകരുത്. അവരുമായി നിരന്തരം ബന്ധപ്പെടണം. സര്‍ക്കാര്‍ എടുക്കുന്ന ഓരോ തീരുമാനവും നേട്ടങ്ങളും പ്രചരിപ്പിക്കാന്‍ പാര്‍ടിഘടകങ്ങള്‍ ഓരോ വീടുമായും ബന്ധപ്പെടണം. ഒരു കാരണവശാലും സര്‍ക്കാര്‍ സ്വാധീനവും പാര്‍ടി സ്വാധീനവും ബഹുജനങ്ങള്‍ക്കെതിരെ പ്രയോഗിക്കരുത്. ഇതുമായി ബന്ധപ്പെടുത്തിയാണ് പാര്‍ടി അധികാരകേന്ദ്രമായി മാറരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. അഴിമതി ഒരുകാരണവശാലും വച്ചുപൊറുപ്പിക്കരുത്. കോണ്‍ഗ്രസും ബിജെപിയും മനപ്പൂര്‍വം നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാനും കുരുതിക്കളം തീര്‍ക്കാനും ഇറങ്ങുന്നുണ്ട്. ഇതുകൂടി മനസ്സിലാക്കി സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സിപിഐ എം മുന്‍കൈയെടുക്കണം. 

സിപിഐ എം മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതിന് സംസ്ഥാനകമ്മിറ്റി മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പരാതികളില്‍ നിശ്ചിതസമയത്തിനകം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപത്തിന് പരിഹാരം കാണണം. അപേക്ഷയുമായി എത്തുന്നവര്‍ക്ക് സംതൃപ്തിയോടെ പോകാന്‍ കഴിയണം. മന്ത്രിമാരും മന്ത്രിമാരുടെ ഓഫീസും മാത്രം അഴിമതിമുക്തമായാല്‍ പോരാ. എല്ലാ ഓഫീസുകളും അഴിമതിമുക്തമാക്കണം. ജനസേവനം ശക്തമാക്കാനും അഴിമതിയില്ലാതാക്കാനും സേവനാവകാശനിയമവും വിവരാവകാശനിയമവും ശക്തിപ്പെടുത്തുകയും ആവശ്യമെങ്കില്‍ മാറ്റംവരുത്തുകയും വേണം. ജീവനക്കാരുടെ എല്ലാ സംഘടനകളെയും യോജിപ്പിച്ച് അണിനിരത്തി സിവില്‍ സര്‍വീസ് അഴിമതിമുക്തമാക്കണം. 

ഉദ്യോഗസ്ഥസ്ഥലംമാറ്റത്തില്‍ കൃത്യമായ മാനദണ്ഡം പാലിക്കണം. ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലും വൈരനിര്യാതനബുദ്ധിയും പുലര്‍ത്തി സ്വീകരിച്ച നടപടികള്‍ പുനഃപരിശോധിച്ച് തിരുത്തണം. ഓരോ വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രിമാര്‍ ഉറപ്പുവരുത്തണം. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിമാര്‍ പാലിക്കണം. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കണം. മറ്റുള്ളവയില്‍ നയപരമായ വ്യക്തത ആവശ്യമുണ്ടെങ്കില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനപക്ഷമാകണം. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പം കേന്ദ്രഭരണം കൈയാളുന്ന ബിജെപിയും സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ നേരിടാന്‍ എല്‍ഡിഎഫിന്റെ ബഹുജനാടിത്തറ വിപുലീകരിക്കുകയും സംഘടനാപ്രവര്‍ത്തനം ശക്തമാക്കുകയും വേണം. 43.35 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുള്ള മുന്നണി എന്ന നിലയില്‍നിന്ന് 50 ശതമാനത്തിലധികംപേരുടെ പിന്തുണ നേടുന്നിടത്തേക്ക് എല്‍ഡിഎഫിനെ മാറ്റണം. ഇതിന് അനുസൃതമായി ബഹുജനാടിത്തറ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. യുഡിഎഫിലെ ഘടകകക്ഷിയായ ആര്‍എസ്പി, ജനതാദള്‍ യു, സിഎംപി എന്നിവര്‍ക്ക് കോണ്‍ഗ്രസിനോടൊപ്പം നിന്നപ്പോള്‍ ഒരു സീറ്റും ഇക്കുറി ജനങ്ങള്‍ നല്‍കിയില്ല. ഇടതുപക്ഷരാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ തിരിച്ചടിയാണിത്. ഇവര്‍ക്കുപിന്നില്‍ അണിനിരന്നവരടക്കമുള്ള ബഹുജനങ്ങളെ, പ്രത്യേകിച്ച് മതനിരപേക്ഷ ചിന്താഗതിക്കാരെയും അധ്വാനിക്കുന്ന വര്‍ഗത്തില്‍പ്പെട്ടവരെയും ആകര്‍ഷിക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. മതന്യൂനപക്ഷങ്ങള്‍ പൊതുവില്‍ എല്‍ഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും ചില ജില്ലകളില്‍ ക്രൈസ്തവ ജനവിഭാഗം യുഡിഎഫിനുപിന്നില്‍തന്നെ നിലയുറപ്പിച്ചു എന്നാണ് തെരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടുന്നത്. ഈ വസ്തുത കണക്കിലെടുത്തുള്ള പ്രവര്‍ത്തനവും നടത്തേണ്ടതുണ്ട്. 

ഈ സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കണം. സങ്കുചിതമായ കക്ഷിരാഷ്ട്രീയം ഭരണകാഴ്ചപ്പാടാകരുത്. മന്ത്രിമാര്‍ക്ക് ചില സൌകര്യങ്ങളും അവകാശങ്ങളുമുണ്ടാകും. എന്നാല്‍, ഇതിനെല്ലാം ജനങ്ങളുടെ പൊതു ഓഡിറ്റുണ്ടെന്ന തിരിച്ചറിവ് വേണം. ജനങ്ങളില്‍നിന്ന് അകന്നുപോകാത്ത സമീപനമായിരിക്കണം. മന്ത്രി ഓഫീസില്‍ വരുന്നവര്‍ക്ക് മാന്യമായ സഹായമുണ്ടാകണം. മന്ത്രിമാര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജില്ല– സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കണമെന്ന് പാര്‍ടി സംസ്ഥാനകമ്മിറ്റി നിശ്ചയിച്ചത് പരിപാടികളുടെ സുതാര്യത ഉറപ്പുവരുത്താനാണ്. വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനുമെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനുള്ള വിരല്‍ചൂണ്ടലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. വിജയത്തില്‍ അമിതമായി ആഹ്ളാദിക്കാതെ കൂടുതല്‍ ജനവിഭാഗത്തിലേക്കിറങ്ങി പ്രവര്‍ത്തിച്ച് കൂടുതല്‍ ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഇനി ഉണ്ടാകേണ്ടത്. വര്‍ത്തമാനകേരളം മാത്രമല്ല, ഭാവികേരളവും എല്‍ഡിഎഫിന്റെ കരങ്ങളിലാണ്. അത് സുരക്ഷിതമാക്കണം.

21-Jun-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More