വെള്ളാപ്പള്ളിയുടെ വെല്ലുവിളി
കോടിയേരി ബാലകൃഷ്ണന്
'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന ശ്രീനാരായണഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ശിവഗിരിമഠവും വിവിധ ശ്രീനാരായണസംഘടനകളും മതനിരപേക്ഷ– പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ, ഇതിനോട് അസഹിഷ്ണുത പ്രകടിപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നത് വിചിത്ര പ്രതിഭാസമാണ്. ഗുരു ആജീവനാന്ത അധ്യക്ഷനായിരുന്ന എസ്എന്‍ഡിപി യോഗത്തെ ഗുരുവിന്റെ സുപ്രധാനമായ ദര്‍ശനം പ്രചരിപ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കി നിര്‍ത്തിക്കുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ മഹാപരാധം ചെയ്യുക മാത്രമല്ല, ഗുരുവിളംബരത്തെ ദുര്‍വ്യാഖ്യാനിക്കാനും അദ്ദേഹം തയ്യാറായിരിക്കുന്നു. ഇത് വല്ലാത്തൊരു വിധിവൈപരീത്യമാണ്. ഗുരുവിളംബരം സ്മരിക്കപ്പെടേണ്ട ഒന്നല്ലെന്നാണ് 'യോഗനാദം' മുഖപ്രസംഗത്തിലൂടെ അദ്ദേഹം കട്ടായം വാദിക്കുന്നത്. അതിനാലാണ് 'നമുക്ക് ജാതിയില്ല' എന്ന വരി ഊരിയെടുത്ത് അത് ഗുരുവിളംബര സന്ദേശമായി വ്യാഖ്യാനിച്ച് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന വിമര്‍ശം നടേശന്‍ ഉന്നയിക്കുന്നത്. ജാതി പ്രചരിപ്പിച്ച ആളാണ് ഗുരു എന്ന് സ്ഥാപിക്കാനുള്ള നീചനീക്കമാണ് ഇതിലൂടെ നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന ആര്‍എസ്എസ്– ബിജെപിയുടെ കൈയിലെ കളിപ്പാവയായി നടേശകുടുംബം മാറിയിട്ട് കാലം കുറച്ചായി. പക്ഷേ, സംഘപരിവാറിനോട് കൂറുകാട്ടാന്‍, ഗുരുവിനെ ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കാമോ എന്ന് ന്യായമായി ആരും ചോദിച്ചുപോകും. |
നവോത്ഥാന മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പ്പര്യമുള്ളവരും അതിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിവരും എന്നവിധത്തില്‍ കേരളത്തിന്റെ സാമൂഹ്യരംഗം വിഭജിക്കപ്പെട്ടിരിക്കയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ കേരളത്തിലെ നാവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള എസ്എന്‍ഡിപി യോഗം നേതൃത്വത്തിലെ മുഖ്യവിഭാഗം നവോത്ഥാനമൂല്യങ്ങളെ പിച്ചിച്ചീന്തുന്ന അനഭിലഷണീയ 'പ്രവര്‍ത്തനങ്ങളി'ലാണ്. വന്നുവന്ന് ഗുരുവചനങ്ങള്‍ക്ക് നാളിതുവരെ ആരും കല്‍പ്പിക്കാത്ത അര്‍ഥങ്ങള്‍ ചമയ്ക്കാനും ഇക്കൂട്ടര്‍ ഉത്സാഹിക്കുന്നു.
'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന ശ്രീനാരായണഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ശിവഗിരിമഠവും വിവിധ ശ്രീനാരായണസംഘടനകളും മതനിരപേക്ഷ– പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ, ഇതിനോട് അസഹിഷ്ണുത പ്രകടിപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നത് വിചിത്ര പ്രതിഭാസമാണ്. ഗുരു ആജീവനാന്ത അധ്യക്ഷനായിരുന്ന എസ്എന്‍ഡിപി യോഗത്തെ ഗുരുവിന്റെ സുപ്രധാനമായ ദര്‍ശനം പ്രചരിപ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കി നിര്‍ത്തിക്കുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ മഹാപരാധം ചെയ്യുക മാത്രമല്ല, ഗുരുവിളംബരത്തെ ദുര്‍വ്യാഖ്യാനിക്കാനും അദ്ദേഹം തയ്യാറായിരിക്കുന്നു. ഇത് വല്ലാത്തൊരു വിധിവൈപരീത്യമാണ്.
ഗുരുവിളംബരം സ്മരിക്കപ്പെടേണ്ട ഒന്നല്ലെന്നാണ് 'യോഗനാദം' മുഖപ്രസംഗത്തിലൂടെ അദ്ദേഹം കട്ടായം വാദിക്കുന്നത്. അതിനാലാണ് 'നമുക്ക് ജാതിയില്ല' എന്ന വരി ഊരിയെടുത്ത് അത് ഗുരുവിളംബര സന്ദേശമായി വ്യാഖ്യാനിച്ച് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന വിമര്‍ശം നടേശന്‍ ഉന്നയിക്കുന്നത്. ജാതി പ്രചരിപ്പിച്ച ആളാണ് ഗുരു എന്ന് സ്ഥാപിക്കാനുള്ള നീചനീക്കമാണ് ഇതിലൂടെ നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന ആര്‍എസ്എസ്– ബിജെപിയുടെ കൈയിലെ കളിപ്പാവയായി നടേശകുടുംബം മാറിയിട്ട് കാലം കുറച്ചായി. പക്ഷേ, സംഘപരിവാറിനോട് കൂറുകാട്ടാന്‍, ഗുരുവിനെ ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കാമോ എന്ന് ന്യായമായി ആരും ചോദിച്ചുപോകും.
"നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'' എന്ന വിളംബരം 1916ല്‍ 'പ്രബുദ്ധ കേരളം' മാസികയിലാണ് അച്ചടിച്ചത്. അന്ന് ഗുരു താമസിച്ചത് ആലുവ അദ്വൈതാശ്രമത്തിലായിരുന്നു. അതിനാല്‍ ഗുരുശിഷ്യന്‍ ചൈതന്യ സ്വാമിയാണ് ഗുരുകല്‍പ്പന പ്രകാരം അത് അച്ചടിപ്പിച്ചത്. ജാതി ചിന്തയില്ലാത്തവരെ മാത്രമേ ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ക്കൂ എന്നും വ്യക്തമാക്കി. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ആളല്ല താനെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്, അനുയായികള്‍ എന്ന് കരുതിയവരില്‍ ഒരു ഭാഗം വഴിതെറ്റിയതുകൊണ്ടാണ്. ഇതേ കാലത്തുതന്നെ, 'എസ്എന്‍ഡിപി യോഗത്തിന് ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു' എന്നും ഗുരു എഴുതി അറിയിച്ചിരുന്നു. അപ്പോള്‍, ഗുരുസന്ദേശത്തിലെ ഒന്നോ രണ്ടോ വരികള്‍മാത്രം അടര്‍ത്തിയെടുത്ത് അത് പറഞ്ഞ സാഹചര്യത്തെയും കാലഘട്ടത്തെയും മനഃപൂര്‍വം തമസ്കരിച്ച് ഗുരുദര്‍ശനങ്ങളെ വിളംബരശതാബ്ദി ആഘോഷിക്കുന്നവര്‍ വളച്ചൊടിക്കുന്നു എന്ന നടേശവിലയിരുത്തല്‍ വസ്തുതാവിരുദ്ധവും ചരിത്രനിഷേധവുമാണ്.
മനുഷ്യന്‍ ഒന്നാണെന്ന സന്ദേശമാണ് ഗുരു എന്നും നല്‍കിയത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ അനാചാരങ്ങള്‍ പുലര്‍ത്തുന്നതിനും തമ്മില്‍ കലഹിക്കുന്നതിനും ഗുരു എതിരായിരുന്നു. അതിനാല്‍ ഗുരുവിന് പൊടുന്നനെ തോന്നിയ വെളിപാടല്ല, നമുക്ക് ജാതിയില്ലെന്ന ആശയം. അതിന്റെ അറിയപ്പെടുന്ന ആദ്യകര്‍മരംഗമായിരുന്നു 1888ലെ അരുവിപ്പുറം പ്രതിഷ്ഠ. കേരളത്തിലെ സമാധാനപരമായ സാമൂഹ്യപരിവര്‍ത്തനത്തിന് ഗുരു നല്‍കിയ വിപ്ളവകരമായ സംഭാവനയായിരുന്നു അത്. അതില്‍പ്പോലും സംഘപരിവാര്‍വിഷം പുരട്ടാന്‍ വെള്ളാപ്പള്ളി നടേശന്‍ മടിക്കുന്നില്ലെന്നത് വല്ലാത്തൊരു പതനമാണ്. അരുവിപ്പുറത്ത് ഈഴവ ശിവനെയാണ് ഗുരു സ്ഥാപിച്ചതെന്ന് അടിവരയിട്ട് നടേശന്‍ പറയുന്നത് ശ്രീനാരായണനെ കേവലം ഒരു സമുദായത്തിന്റെ മാത്രം ആളായി ചുരുക്കാനാണ്. ഹിന്ദുക്കളില്‍ സവര്‍ണരും അവര്‍ണരുമുണ്ടായിരുന്നു. അവര്‍ണരില്‍ ഈഴവരും ഉള്‍പ്പെടും. ഈഴവര്‍ക്ക് ബ്രാഹ്മണരുടെ അടുത്തുപോകാന്‍ അവകാശമില്ല. പുലയനും പറയനും ഈഴവന്റെ അടുത്തുപോകാന്‍ പറ്റില്ല. അങ്ങനെയുള്ള കാലത്ത് സവര്‍ണര്‍ക്ക് പ്രത്യേക ദൈവങ്ങളും അവര്‍ണര്‍ക്ക് വേറെ ദൈവങ്ങളുമായിരുന്നു. ദൈവപ്രതിഷ്ഠയ്ക്ക് അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു. അതുകൊണ്ടാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതില്‍ പുരികം ചുളിച്ചവര്‍ക്ക് മറുപടിയായി അത് നമ്മുടെ ശിവനാണെന്ന മറുപടി നല്‍കിയത്. ആ മറുപടിയിലൂടെ താന്‍ ജനിച്ച ജാതി വിളിച്ചുപറയുകയല്ല, ബ്രാഹ്മണമേധാവിത്വ വ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു.
പ്രതിഷ്ഠയുടെ സമീപം അദ്ദേഹം എഴുതിവച്ചത് മനസ്സിരുത്തി ഒരാവര്‍ത്തി ഇക്കൂട്ടര്‍ വായിച്ചെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
"ജാതി ഭേദം, മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥനമാണിത്''
സംഘപരിവാര്‍ കൂട്ടുകെട്ടില്‍ തുടരുമ്പോള്‍ ഗുരുവിളംബരത്തിന്റെ ശതാബ്ദി വിസ്മരിക്കുന്നതും ഗുരുവചനങ്ങളുടെ ശരിയായ അര്‍ഥം വിസ്മരിക്കുന്നതും സ്വാഭാവികം. വിവിധ ജാതികളിലും മതങ്ങളിലും പിറന്നവരായ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം നല്‍കിയ ഗുരു തന്റെ അറുപതാം വയസ്സില്‍ നല്‍കിയ "നമുക്ക് ജാതിയില്ല'' എന്ന വിളംബരം ഒരു കൈയബദ്ധമല്ല. ആ ആശയം ഗുരുവിന്റെ ജീവിതനദിയുടെ പ്രവാഹമായിരുന്നു എന്നും. അതിന് ഉത്തമ ദൃഷ്ടാന്തമാണ് സഹോദരന്‍ അയ്യപ്പന്റെ സഹോദരപ്രസ്ഥാനത്തിനും മിശ്രഭോജനത്തിനും ഗുരു നല്‍കിയ പിന്തുണ. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ എറണാകുളത്തെ ചെറായിയില്‍ 1917ലായിരുന്നു മിശ്രഭോജനം. അതിലേക്ക് നയിച്ചത് ഗുരുവിന്റെ ഉപദേശമായിരുന്നെന്ന് അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. ജാതിചിന്ത ഇല്ലാതാക്കാന്‍ എന്തുചെയ്യാമെന്ന, ഉന്നതവിദ്യാഭ്യാസം നേടി ചെറായിയില്‍ തിരിച്ചെത്തിയ അയ്യപ്പന്‍ എന്ന ചെറുപ്പക്കാരന്റെ ആലോചനയ്ക്ക് ഗുരു ശക്തി പകര്‍ന്നു. ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണരോട് സവര്‍ണര്‍ക്കുള്ള അകല്‍ച്ച യാഥാര്‍ഥ്യമാണ്. അതിനെതിരായ പോരാട്ടത്തെ ബലപ്പെടുത്തണമെങ്കില്‍ തങ്ങള്‍ക്ക് താഴെയുള്ള ദളിതരോട് പുലര്‍ത്തുന്ന അകല്‍ച്ചയ്ക്ക് അറുതിവരുത്തണമെന്നായിരുന്നു ഗുരു കണ്ടത്. അങ്ങനെ കൂട്ടുകാരുമായുള്ള ആശയവിനിമയത്തിനൊടുവില്‍ ജാതിവ്യവസ്ഥയെ ചോദ്യംചെയ്യാന്‍ മിശ്രഭോജനം എന്ന പ്രവര്‍ത്തനപരിപാടിയില്‍ എത്തി. ദളിത് കുട്ടികള്‍ക്കൊപ്പം ആഹാരം കഴിച്ച് ജാതിനശീകരണയജ്ഞം നടത്തി. അതിന് നേതൃത്വം നല്‍കിയ സഹോദരന്‍ അയ്യപ്പനെ 'പുലയനയ്യപ്പന്‍' എന്നുവിളിച്ച് സമുദായത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍, അതിനെ ചോദ്യംചെയ്ത് ശ്രീനാരായണഗുരുതന്നെ രംഗത്തെത്തി.
മിശ്രഭോജനത്തിന് താനനുവദിച്ചിട്ടുണ്ടെന്ന് ഗുരു പരസ്യമായി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറരുതെന്ന് തന്നെ സന്ദര്‍ശിച്ച അയ്യപ്പനോട് ഗുരു നിര്‍ദേശിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ കൂടിക്കാഴ്ചയില്‍ ഗുരു പറഞ്ഞത് ഇപ്രകാരം: "നാം എല്ലാം അറിഞ്ഞു. അയ്യപ്പന്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഇതൊരു വലിയ പ്രസ്ഥാനമായി വളരും. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി. ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം. എതിരുകാരുടെ അറിവുകേടിന് മാപ്പുനല്‍കാന്‍ ഒരിക്കലും മടികാണിക്കരുത്''. ഇതിനുശേഷം ഒരു ലിഖിതസന്ദേശം നല്‍കി. അത് ഇതാണ്: "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ടും അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് ഒരു ദോഷവുമില്ല''. ഇപ്രകാരം ശ്രീനാരായണഗുരു അനുഗ്രഹിച്ച, സഹോദരന്‍ അയ്യപ്പന്‍ നേതൃത്വംനല്‍കിയ മിശ്രഭോജന പ്രസ്ഥാനത്തിന്റെയും ശതാബ്ദിയിലേക്കാണ് നാട് നീങ്ങുന്നത്. ജാതിയില്ലാ പ്രഖ്യാപനത്തിന്റെയും പന്തിഭോജനപ്രസ്ഥാനത്തിന്റെയും ശതാബ്ദി ആഘോഷം മാനവികനവോഥാന മൂല്യങ്ങളെ ശക്തിപ്പെടുത്താനുള്ളവയാണ്. ഇതിനെതിരെ ശ്രീനാരായണപ്രസ്ഥാനത്തിന്റെ ലേബലില്‍ വെളിച്ചപ്പാടുകളായി രംഗത്തുവരുന്നവരുടെ രാഷ്ട്രീയം നാട് തിരിച്ചറിയും. കുമാരനാശന്‍ ഇരുന്ന കസേരയില്‍ ഇരുന്ന് ഇത്തരം ഗുരുനിന്ദ വേണോ എന്ന ആത്മപരിശോധന നന്ന്.
08-Jul-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍