മാണിയും യു ഡി എഫും

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഞായറാഴ്ചത്തെ തീരുമാനം എന്തായാലും യുഡിഎഫ് എന്ന രാഷ്ട്രീയസംവിധാനത്തിന്റെ അസ്ഥിത്വം ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ആ മുന്നണിയിലെ ഘടകകക്ഷികളായ ജനതാദള്‍ യു, ആര്‍എസ്പി, ജോണ്‍വിഭാഗം സിഎംപി എന്നിവയ്ക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. ആ കക്ഷികളുടെ സമ്പൂര്‍ണ പരാജയത്തിന് കോണ്‍ഗ്രസും അവര്‍ നയിക്കുന്ന മുന്നണിയും കാരണമാണെന്നതിനാല്‍ യുഡിഎഫ് ഉപേക്ഷിക്കുക എന്ന ആവശ്യം ആ കക്ഷികളിലും ശക്തമായി. കോണ്‍ഗ്രസിലാകട്ടെ ഗ്രൂപ്പുകള്‍ തമ്മിലെ തര്‍ക്കവും അഴിക്കാനാകാത്ത കുരുക്കുകളായി. സര്‍വപ്രതാപിയായി വാണ ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ അതിനെ അംഗീകരിക്കാത്ത സ്ഥിതിയാണ്. പ്രതിപക്ഷ ഉപനേതാവ് സാധാരണയായി പ്രധാന കക്ഷിയുടെ നിയമസഭയിലെ ഉപനേതാവ് തന്നെയാകുന്നതാണ് പതിവ്. അതിന് മാറ്റംവരുത്തി മുസ്ളിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പ്രതിപക്ഷ ഉപതോവ് സ്ഥാനം നല്‍കേണ്ടിവന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ആഴംകൊണ്ടാണ്. കേരള നേതാക്കളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയതുകൊണ്ട് തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല.

കേരളരാഷ്ട്രീയം ഇന്നൊരു പുതിയ ദശാസന്ധിയിലാണ്. എല്‍ഡിഎഫിനെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു എന്നതില്‍ ഒതുങ്ങുന്നതല്ല ഈ മാറ്റം. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ഏറെക്കുറെ തുല്യശക്തികള്‍ എന്ന നിലയിലാണ് കഴിഞ്ഞ കുറെ പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതിന് മൗലികമായ മാറ്റംവന്നു. അതിന്റെ പ്രഖ്യാപനമായിരുന്നു നിയമസഭാതെരഞ്ഞെടുപ്പ് ഫലം. ഒരുലക്ഷം വോട്ടിന്റെ മുന്‍കൈയിലോ ഒരുശതമാനം വോട്ടിന്റെ വ്യത്യാസത്തിലോ ഒരു മുന്നണി മറ്റൊരു മുന്നണിയില്‍നിന്ന് ഭരണം കൈവശപ്പെടുത്തുന്ന പതിവ് മാറി. എല്‍ഡിഎഫും യുഡിഎഫും തമ്മിലെ അന്തരം വളരെ വലുതായി. എല്‍ഡിഎഫിന് 43.35 ശതമാനവും യുഡിഎഫിന് 38.77 ശതമാനവും വോട്ട്. നാലര ശതമാനത്തിന്റെ അന്തരം. വോട്ടെടുപ്പുഫലം കൊണ്ടുമാത്രമല്ല, പൊതുരാഷ്ട്രീയ സാഹചര്യത്തില്‍ കരകയറാനാകാത്ത പതനത്തിലാണ് യുഡിഎഫ്. പിഴച്ച ഭരണത്തിലൂടെ ജനങ്ങളുടെ വെറുപ്പിന് പാത്രമായ യുഡിഎഫ് കൂടുതല്‍ തകരാന്‍ പോകുന്നുവെന്നാണ് പ്രാദേശിക ഉപതെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കെ എം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം കലാപക്കൊടി ഉയര്‍ത്തി യുഡിഎഫ് വിടുമെന്ന പ്രതീതി സൃഷ്ടിക്കുന്നത്.

യുഡിഎഫ് വിടുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളാനോ സാധൂകരിക്കാനോ ഇടംനല്‍കാതെ മാണി പള്ളിയില്‍ ധ്യാനത്തിലാണ്. ചരല്‍ക്കുന്നില്‍ ചേരുന്ന നേതൃയോഗത്തെ തുടര്‍ന്ന് ഞായറാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മല എലിയെ പ്രസവിച്ചുവെന്ന് പറഞ്ഞപോലെയാകുമോ മാണിയുടെയും കൂട്ടരുടെയും തീരുമാനം എന്നത് കാത്തിരുന്നു കാണാം. അമ്പതാണ്ട് പിന്നിടുന്ന കേരള കോണ്‍ഗ്രസ് ഇന്ന് ഒറ്റപ്പാര്‍ടിയല്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയകക്ഷികളോ ഗ്രൂപ്പുകളോ കേരള കോണ്‍ഗ്രസ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. മാണിയുടെ കക്ഷിതന്നെ മാണി, പി ജെ ജോസഫ് എന്നീ നേതാക്കള്‍ നയിക്കുന്ന രണ്ട് ഗ്രൂപ്പുകളുടെ സമ്മിശ്രമാണ്. കോണ്‍ഗ്രസിനോട് കലഹിച്ചും കോണ്‍ഗ്രസിന്റെ ഭരണനയങ്ങളില്‍ വിയോജിച്ചും കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചും രൂപംകൊണ്ട പാര്‍ടിയാണത്. ആ രാഷ്ട്രീയപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം കൈക്കൊണ്ടാല്‍ അത് അര്‍ഥവര്‍ത്താകും.

യുഡിഎഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്രബ്ളോക്കായി ഇരിക്കാനുള്ള ആലോചന സജീവമാണെന്നാണ് ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അത്തരം തീരുമാനം എടുക്കാനുള്ള രാഷ്ട്രീയയുക്തിയും ശക്തിയും ആ പാര്‍ടി സ്വീകരിക്കുമോ എന്നതും അതിന് പ്രേരണയാകുന്ന വഴിതെറ്റിയ ചരടുബന്ധങ്ങള്‍ ഉണ്ടോയെന്നതും വൈകാതെ വ്യക്തമാകും. കേരള കോണ്‍ഗ്രസിന്റെ യഥാര്‍ഥ സ്ഥാപകന്‍ പി ടി ചാക്കോയോട് എത്രമാത്രം ക്രൂരതയാണ് കോണ്‍ഗ്രസ് കാട്ടിയതെന്ന് ഇന്ന് വിവരിക്കുന്ന മാണിയുടെ പാര്‍ടി, ബാര്‍ കോഴക്കേസ് വിഷയത്തില്‍ മാണിയെമാത്രം ക്രൂശിച്ചു എന്നാണ് വിലപിക്കുന്നത്. എന്നാല്‍, ഈ കക്ഷി പ്രതിനിധാനംചെയ്യുന്നു എന്ന് അവകാശപ്പെടുന്ന കര്‍ഷകാദി വിഭാഗങ്ങളോട് കോണ്‍ഗ്രസും അതിന്റെ 10 വര്‍ഷത്തെ കേന്ദ്രഭരണവും ഇപ്പോഴത്തെ മോഡിഭരണവും ദ്രോഹം കാട്ടുന്നു. അത് തുറന്നുകാട്ടി, അതിനെതിരായി പോരാടുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അതിന് പകരം മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അക്രമാസക്തമായി നിലകൊള്ളുന്ന ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യംപറ്റി കാവിപക്ഷത്തേക്ക് ചേക്കേറാനുള്ള പാതയിലാണ് മാണിയും കുടുംബവുമെങ്കില്‍ തികച്ചും ആത്മഹത്യാപരമാകും. 

ബാര്‍കോഴയും അതില്‍ മാണിയുടെ പങ്കുമൊന്നും ബിജെപിയെയും ആര്‍എസ്എസിനെയും അലട്ടുന്ന കാര്യങ്ങളല്ല. എങ്ങനെയും കേരളത്തില്‍ കാവിസംഘത്തിന് വേരോട്ടമുണ്ടാക്കുക എന്നതാണ് അവരുടെ അജന്‍ഡ. പക്ഷേ, ഇതേ ചൂണ്ടയില്‍ കുരുങ്ങിയ വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും കൂട്ടുകെട്ട് നഷ്ടക്കച്ചവടമായി. നാട് അവര്‍ക്ക് നല്‍കിയ മുന്നറിയിപ്പാണിത്. അവരുടെ പുതിയ രാഷ്ട്രീയകക്ഷിക്ക് മേല്‍വിലാസം ഇല്ലാതായി. ബിജെപി പാളയത്തില്‍ എത്തിയാല്‍ മാണിയുടെ കക്ഷിക്കും സംഭവിക്കുക അതാകുമെന്ന് ഓര്‍ക്കുക.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഞായറാഴ്ചത്തെ തീരുമാനം എന്തായാലും യുഡിഎഫ് എന്ന രാഷ്ട്രീയസംവിധാനത്തിന്റെ അസ്ഥിത്വം ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ആ മുന്നണിയിലെ ഘടകകക്ഷികളായ ജനതാദള്‍ യു, ആര്‍എസ്പി, ജോണ്‍വിഭാഗം സിഎംപി എന്നിവയ്ക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. ആ കക്ഷികളുടെ സമ്പൂര്‍ണ പരാജയത്തിന് കോണ്‍ഗ്രസും അവര്‍ നയിക്കുന്ന മുന്നണിയും കാരണമാണെന്നതിനാല്‍ യുഡിഎഫ് ഉപേക്ഷിക്കുക എന്ന ആവശ്യം ആ കക്ഷികളിലും ശക്തമായി. കോണ്‍ഗ്രസിലാകട്ടെ ഗ്രൂപ്പുകള്‍ തമ്മിലെ തര്‍ക്കവും അഴിക്കാനാകാത്ത കുരുക്കുകളായി. സര്‍വപ്രതാപിയായി വാണ ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ അതിനെ അംഗീകരിക്കാത്ത സ്ഥിതിയാണ്. പ്രതിപക്ഷ ഉപനേതാവ് സാധാരണയായി പ്രധാന കക്ഷിയുടെ നിയമസഭയിലെ ഉപനേതാവ് തന്നെയാകുന്നതാണ് പതിവ്. അതിന് മാറ്റംവരുത്തി മുസ്ളിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പ്രതിപക്ഷ ഉപതോവ് സ്ഥാനം നല്‍കേണ്ടിവന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ആഴംകൊണ്ടാണ്. കേരള നേതാക്കളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയതുകൊണ്ട് തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല.

യുഡിഎഫ് ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിക്കുകയും ചെന്നിത്തല ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതും മുന്നണിയില്‍ കലഹമായി. ചെന്നിത്തല ഏകപക്ഷീയമായാണ് ചെയര്‍മാന്‍പദവി ഏറ്റെടുത്തതെന്ന വിമര്‍ശമോ ആക്ഷേപമോ പരിഹാസമോ ആണ് മാണി പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. ഇതിന് തുടര്‍ച്ചയായാണ് ചരല്‍ക്കുന്ന് തീരുമാനം വരാന്‍ പോകുന്നത്. ഇങ്ങനെ സര്‍വവിധത്തിലും യുഡിഎഫ് സമ്പൂര്‍ണ തകര്‍ച്ചയിലാണ്.    

യഥാര്‍ഥത്തില്‍ ഇത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണ്. സ്വാതന്ത്യ്രസമരവേളയില്‍ മുതല്‍ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ടീയം കേരളത്തില്‍ തലനീട്ടിയിരുന്നെങ്കിലും സ്വാതന്ത്യ്രാനന്തര കാലത്താണ് അത് ശക്തിപ്പെട്ടത്. അതിന് നേതൃത്വം അന്നും ഇന്നും കോണ്‍ഗ്രസിനാണ്. പലപ്പോഴും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ മറികടന്ന് മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയചേരിക്ക് കഴിഞ്ഞു. അതിനായി വര്‍ഗീയശക്തികളെ മാറിയുംമറിഞ്ഞും കൂട്ടുപിടിച്ചു. ആ സമീപനം തുടരുകയാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അധികാരത്തണലില്‍ വിമോചനസമരം അടക്കമുള്ള അഴിഞ്ഞാട്ട സമരങ്ങള്‍ കെട്ടഴിച്ചുവിടാനും മാധ്യമങ്ങളുടെ പിന്തുണയോടെ കുപ്രചാരണം നടത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍, ഈ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പഴഞ്ചരക്കായി എന്ന ബോധം ഇന്ന് നാട്ടില്‍ പൊതുവില്‍ വളര്‍ന്നിരിക്കുകയാണ്.

പിണറായി വിജയന്‍ നേതൃത്വംനല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുസ്വീകാര്യത, ഇക്കാര്യത്തില്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. കമ്യൂണിസ്റ്റുകാരെ നഖശിഖാന്തം എതിര്‍ത്ത വിഭാഗങ്ങള്‍പോലും ഇന്ന് അവരെ ആത്മമിത്രമായും തങ്ങളുടെയും നാടിന്റെ  രക്ഷകരായും കാണുന്ന തലത്തിലേക്ക് മാറി. ഹിന്ദുത്വവര്‍ഗീയരാഷ്ട്രീയം ദേശീയവിപത്തായ സാഹചര്യത്തില്‍ ഈ മാറ്റത്തിന് പ്രസക്തിയേറെയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത്, കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ പടുത്തുയര്‍ത്തിയ യുഡിഎഫിന് ഇനി മുന്നോട്ടുപോകാനാകില്ല എന്നതാണ്. അതുകൊണ്ട് എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും സുധീരനും വിവേകമുണ്ടെങ്കില്‍ ചെയ്യേണ്ടത്, കമ്യൂണിസ്റ്റ് വിരോധത്തില്‍ അധിഷ്ഠിതമായ യുഡിഎഫിനെ എത്രയുംവേഗം പിരിച്ചുവിടുക എന്നതാണ്. എത്രയുംവേഗം പിരിച്ചുവിടുന്നുവോ അത്രയുംവേഗം ആ മുന്നണിക്ക് മാനക്കേട് കുറഞ്ഞുകിട്ടും 

 

05-Aug-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More