ജാതിയില്ലെന്ന് പറയുമ്പോള്‍ പ്രകോപനമെന്തിന് !

രാജ്യമാകെ ദളിതര്‍ക്കെതിരെ ഒടുങ്ങാത്ത ക്രൂരകൃത്യം നടക്കുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളിയാണ് ആര്‍എസ്എസ്. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരില്‍, ഉയര്‍ന്ന ജാതിക്കാര്‍ ദളിത്യുവാക്കളെ നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദനത്തിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റ് അടങ്ങിയിട്ടില്ല. ബ്രാഹ്മണ്യത്തിന്റെ ചമ്മട്ടി പ്രഹരങ്ങള്‍ ദളിതര്‍ക്കുമേല്‍ പതിഞ്ഞപ്പോള്‍ ചിരിച്ച സംഘപരിവാറിനെതിരെ ചരിത്രം തിരിയുകയാണ്. കാലങ്ങളായി സംഘപരിവാറിന്റെ കാലാള്‍പ്പടയായി കഴിഞ്ഞവരടക്കം ഗുജറാത്തിലെ ദളിതര്‍ ഒന്നടങ്കം തെരുവിലിറങ്ങി. തുടര്‍ന്ന് ഭരണത്തിന്റെ തലപ്പത്ത് ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെയാക്കി. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തെ ഈ മാറ്റംകൊണ്ട് ഗുജറാത്തില്‍പ്പോലും ബിജെപി രക്ഷപ്പെടില്ല. ഇന്ത്യയില്‍ ദളിതര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് മോഡിഭരണത്തിലാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ഈ സ്ഥിതിയില്‍ അയ്യന്‍കാളിയുടെ പേരില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രത്യേക വിഭാഗം ഉണ്ടാക്കിയതുകൊണ്ടോ സെമിനാര്‍ നടത്തിയതുകൊണ്ടോ കേരളത്തിലെ ദളിതരെ ആര്‍എസ്എസിന് കബളിപ്പിക്കാനാകില്ല. സത്യമെന്നത് മനുഷ്യന്‍ മാത്രമെന്ന് വിളംബരം ചെയ്തവരാണ് നവോത്ഥാനനായകര്‍. എന്നാല്‍, മനുഷ്യത്വം നശിപ്പിക്കാനാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ് ആര്‍എസ്എസും മറ്റ് തീവ്രവര്‍ഗീയശക്തികളും നടത്തുന്നത്. ഈ ആപത്ത് തടയാന്‍ വ്യത്യസ്ത രീതിയില്‍ നമ്മുടെ നവോത്ഥാന നായകരുടെ പോരാട്ടങ്ങളെയും ദര്‍ശനങ്ങളെയും വര്‍ത്തമാനകാലത്ത് ഉപയോഗിക്കാനാകും. അതാണ് ഇടതുപക്ഷം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി തുടങ്ങിയ മഹാന്മാരെ സിപിഐ എം തട്ടിയെടുക്കുകയും അവരെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്ന പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. 'നമുക്ക് ജാതിയില്ല' എന്ന ശ്രീനാരായണഗുരു വിളംബരത്തിന്റെ ശതാബ്ദിയാഘോഷം, നവോത്ഥാന മൂല്യം അരക്കിട്ടുറപ്പിക്കാന്‍ സിപിഐ എം സംസ്ഥാനത്തൊട്ടാകെ നടത്തുന്നതില്‍ ഇക്കൂട്ടര്‍ അസന്തുഷ്ടരാണ്. ഇക്കാര്യത്തിലുള്ള സംഘപരിവാറിന്റെ ഹാലിളക്കത്തില്‍ അസ്വാഭാവികതയില്ല. കാരണം, മണ്‍മറഞ്ഞ മഹാന്മാരുടെ ജീവിതവും വാക്കും ദര്‍ശനവും ദുര്‍വ്യാഖ്യാനിച്ച് ഹിന്ദുത്വ അജന്‍ഡ സ്ഥാപിച്ചെടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമത്തിന് തിരിച്ചടിയാണ് ശതാബ്ദിയാഘോഷം.

സിപിഐ എം പ്രവര്‍ത്തകര്‍മാത്രമല്ല, പാര്‍ടിയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിനു മതനിരപേക്ഷവാദികളും സാംസ്കാരിക സംഘടനകളും വായനശാലകളുമൊക്കെ ഈ സദ്സംരംഭത്തില്‍ പങ്കാളികളാണ്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി തുടങ്ങിയവര്‍ ഹിന്ദുത്വം ശക്തിപ്പെടുത്താന്‍ നിലകൊണ്ടവരാണെന്നും ഇവരാരും കമ്യൂണിസ്റ്റായിരുന്നില്ലെന്നും അതിനാല്‍ ഈ മഹാന്മാരുടെ പേരില്‍ ആഘോഷം സംഘടിപ്പിക്കാന്‍ സിപിഐ എമ്മിന് അവകാശമില്ലെന്നുമാണ് ആര്‍എസ്എസ് വാദം. ഗുരു ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ച കാലത്ത് ലോകത്ത് കമ്യൂണിസവും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഭരണവും എന്നത് കേവലം ആശയതലത്തില്‍നിന്ന് പ്രായോഗികതലത്തിലേക്ക് വളര്‍ന്നിരുന്നു. 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തുവന്നു. ഒക്ടോബര്‍ വിപ്ളവം വിജയിച്ച് 1917 നവംബറില്‍ സോവിയറ്റ് യൂണിയനില്‍ ചെങ്കൊടി പാറി. ഇതൊക്കെയാണെങ്കിലും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഔദ്യോഗികമായി രൂപംകൊണ്ടത് 1930കളുടെ രണ്ടാംപകുതിയിലാണ്. അതായത്, ഗുരു സമാധിയായശേഷം. അതിനാല്‍, നവോത്ഥാന നായകര്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നോ എന്ന ചോദ്യം അര്‍ഥശൂന്യമാണ്.

ആര്‍എസ്എസ് പ്രതിനിധാനംചെയ്യുന്ന ഹിന്ദുത്വ ആശയത്തിന്റെ വക്താക്കളായിരുന്നില്ല ഗുരു ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍. ഈശ്വരവിശ്വാസികളായിരുന്ന ഇവരെ നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ ആദരവോടെ സ്മരിക്കുന്നതിനെയും സംഘികള്‍ ചോദ്യംചെയ്യുന്നു. ഈ ന്യായം ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലും കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. 'ഹിന്ദു' എന്നാല്‍ ആര്‍എസ്എസ്– ബിജെപി വിഭാവനംചെയ്യുന്ന സംസ്കാരമോ മതമോ അല്ല. വേദാന്ത ശാസ്ത്രവും വിഗ്രഹാരാധനയും ദൈവനിഷേധവും നിരീശ്വരവാദവും എല്ലാംചേരുന്ന സംസ്കാരമാണ്്. ഏകദൈവവാദം, ബഹുദൈവവാദം, ദൈവത്തെ നിഷേധിക്കുന്ന പരമാണുവാദം, യാഥാര്‍ഥ്യവാദം, വിജ്ഞാനവാദം എന്നിത്യാദികളെല്ലാം അതിലുള്‍ക്കൊള്ളുന്നു.

വേദങ്ങളുടെ പ്രാമാണികതയെ അംഗീകരിക്കുന്ന ആസ്തിക ദര്‍ശനങ്ങളാണല്ലോ സാംഖ്യം, യോഗം, മീമാംസ, വൈശേഷികം എന്നിവ. ഇവ ദൈവത്തില്‍ വിശ്വസിക്കുന്നവയല്ല. ലോകായതം, മാധ്യമികം, സൌത്രാന്തികം, വൈഭാഷികം, ജൈനം മുതലായവ നാസ്തിക ദര്‍ശനങ്ങളാണ്. സാംഖ്യം, വൈശേഷികം, മീമാംസ മുതലായവ ആസ്തിക ദര്‍ശനങ്ങളും. ഇതാണ് വേദങ്ങളുടെയും ദര്‍ശനത്തിന്റെയും പാരമ്പര്യമെന്ന് വിശ്വാസികള്‍ മനസ്സിലാക്കും. അതിനാല്‍, ഇന്നത്തെ സമൂഹത്തെ പുരോഗമനപരമായി മുന്നോട്ട് കൊണ്ടുപോകാന്‍, നവോത്ഥാനമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ.

നാരായണഗുരു ഭൌതികവാദിയല്ല, അതിനാല്‍ കമ്യൂണിസ്റ്റുകാര്‍ ഗുരുവിന്റെ 'ജാതിയില്ല വിളംബരം' ആഘോഷിക്കേണ്ട എന്ന വാദവും നിരര്‍ഥകമാണ്. ഭൌതികവാദം ശ്രദ്ധേയമായ ശാസ്ത്രമാണ്. ഇന്ത്യയിലെ ആദ്യകാല ഭൌതികവാദികള്‍ ചാര്‍വാക സിദ്ധാന്തക്കാരായിരുന്നു. ഈശ്വരന്‍ വേണ്ടെന്ന് പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പന്റെ പ്രവര്‍ത്തനത്തെ ഗുരു വിലമതിച്ചിരുന്നു. 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്ന് ഗുരു പറഞ്ഞപ്പോള്‍ ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന് എന്ന് തിരുത്തിയ ശിഷ്യനാണ് സഹോദരന്‍ അയ്യപ്പന്‍. അതിന്റെപേരില്‍ ശിഷ്യനെ ഗുരു തള്ളിപ്പറഞ്ഞില്ല. ജാതിരാക്ഷസനെ തളയ്ക്കാന്‍ സഹോദരന്‍ സംഘടിപ്പിച്ച പന്തിഭോജനത്തെ ഗുരു പിന്തുണച്ചു. ജാതി വ്യവസ്ഥയെ ചോദ്യംചെയ്യാന്‍ മിശ്രഭോജനം എറണാകുളത്തെ ചെറായിയില്‍ 1917ല്‍ സംഘടിപ്പിച്ചപ്പോള്‍ അതിന് നേതൃത്വംനല്‍കിയ അയ്യപ്പനെ സ്വസമുദായത്തിലെ പ്രമാണിമാര്‍ 'പുലയന്‍ അയ്യപ്പന്‍' എന്ന് പരിഹസിച്ച് ഭ്രഷ്ട് കല്‍പ്പിച്ചു. എന്നാല്‍, മിശ്രഭോജനത്തെ താന്‍ അനുവദിക്കുന്നതായി പരസ്യമായി അറിയിച്ച് അയ്യപ്പന് സുരക്ഷാകവചം തീര്‍ത്തു നാരായണഗുരു.

ജാതി– ജന്മി– നാടുവാഴിത്ത വ്യവസ്ഥ എങ്ങനെ കേരളത്തെ നശിപ്പിച്ചെന്നും ആ വ്യവസ്ഥയ്ക്കെതിരായ നീക്കങ്ങളിലൂടെ ആധുനിക കേരളം എങ്ങനെ ഉയര്‍ന്നുവെന്നും ചരിത്രം പഠിക്കുന്ന ആര്‍ക്കും ബോധ്യമാകും. യാഥാസ്ഥിതികത്വം, വൈദികമേധാവിത്വം, അനാചാരങ്ങളുടെ വാഴ്ച– ഇവയ്ക്കെതിരായി പോരാടിയവരാണ് നവോത്ഥാന നായകരായ ശ്രീനാരയണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി മുതലായവര്‍. എന്നാല്‍, മഹാന്മാരായ സാമൂഹ്യപരിഷ്കര്‍ത്താക്കളെ തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയത വളര്‍ത്താനുള്ള ഉപകരണമാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും.

'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നതടക്കമുള്ള ഗുരുസൂക്തങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് സംഘപരിവാര്‍. ഹിന്ദു എന്ന ഒറ്റമതത്തിലേ ഗുരുവിന് കണ്ണ് പതിഞ്ഞിരുന്നുള്ളൂവെങ്കില്‍ മതമേതായാലും എന്ന് പറയില്ലായിരുന്നു. ഒരു പ്രത്യേക മതത്തിന്റെ വക്താവല്ലാത്തതുകൊണ്ടാണ് 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി' എന്ന് പറഞ്ഞത്. മുസ്ളിം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങളെയും മുഹമ്മദ്നബി, ക്രിസ്തു തുടങ്ങിയ ആരാധ്യരെയും ഗുരു സമീപിച്ചത് സൌഹാര്‍ദത്തോടെയും ബഹുമാനത്തോടെയുമാണ്. മതവിദ്വേഷം അശേഷം ഇല്ലായിരുന്നു.

ഇതുപോലെ ചട്ടമ്പിസ്വാമികളെ ക്രിസ്തുവിനെയും ക്രിസ്തു മതത്തെയും വെറുക്കുന്ന ആളാണെന്ന് സ്ഥാപിച്ച് അന്യമത വിദ്വേഷത്തിന്റെ പ്രതീകമാക്കി തരംതാഴ്ത്താനുള്ള ശ്രമവും ആര്‍എസ്എസ് നടത്തുന്നുണ്ട്. അവര്‍ണരുടെ ക്ഷേത്രപ്രവേശം, ദളിതരുടെ പഠനാവകാശം, സ്ത്രീകളുടെ ഉയര്‍ന്ന പദവി എന്നിവയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ട വിപ്ളവകാരിയാണ് ചട്ടമ്പിസ്വാമി. ജന്തുബലി, നരബലി എന്നിവയ്ക്കെതിരെയും നായര്‍സമുദായത്തില്‍ അന്ന് സാര്‍വത്രികമായിരുന്ന അനാചാരങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. മതസാഹോദര്യമായിരുന്നു ചട്ടമ്പിസ്വാമിയുടെ ജീവിതമുദ്ര. അയ്യന്‍കാളിയെയും ബലമായി പിടിച്ചെടുക്കാന്‍ ആര്‍എസ്എസുകാര്‍ ഇറങ്ങിയത് അങ്ങേയറ്റം ചരിത്രനിഷേധമാണ്. അയിത്തം ഉള്‍പ്പെടെയുള്ള ക്രൂരതകളാല്‍ അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി പൊരുതിയ ധീര നേതാവാണ് അയ്യന്‍കാളി.

രാജ്യമാകെ ദളിതര്‍ക്കെതിരെ ഒടുങ്ങാത്ത ക്രൂരകൃത്യം നടക്കുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളിയാണ് ആര്‍എസ്എസ്. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരില്‍, ഉയര്‍ന്ന ജാതിക്കാര്‍ ദളിത്യുവാക്കളെ നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദനത്തിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റ് അടങ്ങിയിട്ടില്ല. ബ്രാഹ്മണ്യത്തിന്റെ ചമ്മട്ടി പ്രഹരങ്ങള്‍ ദളിതര്‍ക്കുമേല്‍ പതിഞ്ഞപ്പോള്‍ ചിരിച്ച സംഘപരിവാറിനെതിരെ ചരിത്രം തിരിയുകയാണ്. കാലങ്ങളായി സംഘപരിവാറിന്റെ കാലാള്‍പ്പടയായി കഴിഞ്ഞവരടക്കം ഗുജറാത്തിലെ ദളിതര്‍ ഒന്നടങ്കം തെരുവിലിറങ്ങി. തുടര്‍ന്ന് ഭരണത്തിന്റെ തലപ്പത്ത് ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെയാക്കി. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തെ ഈ മാറ്റംകൊണ്ട് ഗുജറാത്തില്‍പ്പോലും ബിജെപി രക്ഷപ്പെടില്ല. ഇന്ത്യയില്‍ ദളിതര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് മോഡിഭരണത്തിലാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ഈ സ്ഥിതിയില്‍ അയ്യന്‍കാളിയുടെ പേരില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രത്യേക വിഭാഗം ഉണ്ടാക്കിയതുകൊണ്ടോ സെമിനാര്‍ നടത്തിയതുകൊണ്ടോ കേരളത്തിലെ ദളിതരെ ആര്‍എസ്എസിന് കബളിപ്പിക്കാനാകില്ല.

സത്യമെന്നത് മനുഷ്യന്‍ മാത്രമെന്ന് വിളംബരം ചെയ്തവരാണ് നവോത്ഥാനനായകര്‍. എന്നാല്‍, മനുഷ്യത്വം നശിപ്പിക്കാനാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ് ആര്‍എസ്എസും മറ്റ് തീവ്രവര്‍ഗീയശക്തികളും നടത്തുന്നത്. ഈ ആപത്ത് തടയാന്‍ വ്യത്യസ്ത രീതിയില്‍ നമ്മുടെ നവോത്ഥാന നായകരുടെ പോരാട്ടങ്ങളെയും ദര്‍ശനങ്ങളെയും വര്‍ത്തമാനകാലത്ത് ഉപയോഗിക്കാനാകും. അതാണ് ഇടതുപക്ഷം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. നല്ല നാളേക്കുവേണ്ടിയുള്ള ജനതയുടെ ഐക്യത്തിന് ഇതാവശ്യമാണ്. പുരോഗമനപരവും ആരോഗ്യപരവുമായ നമ്മുടെ പാരമ്പര്യം ആധുനികകാലത്ത് അര്‍ഥവത്തായി മുന്നോട്ടുകൊണ്ടുപോകാനുള്ള സോദ്ദേശ്യപൂര്‍ണമായ പരിശ്രമമാണ് സിപിഐ എം നേതൃത്വത്തിലുള്ള ജാതിയില്ല വിളംബര ശതാബ്ദിയാഘോഷം. ഇതൊരു അക്കാദമിക് പഠനത്തിനും അപ്പുറമുള്ള ജനകീയപ്രസ്ഥാനമാണ്.

26-Aug-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More