മുന്‍ഗണന യുദ്ധത്തിനാവരുത്, സമാധാനത്തിനാവണം
കോടിയേരി ബാലകൃഷ്ണന്
അതിര്‍ത്തിരേഖ കടന്ന് പാകിസ്ഥാന് ഇന്ത്യ കനത്തപ്രഹരം ഏല്‍പ്പിച്ചെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഭീകരതയെ അമര്‍ച്ച ചെയ്യുന്നതിനുള്ള യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുന്നതിനെ ആരും എതിര്‍ക്കില്ല. നുഴഞ്ഞുകയറ്റക്കാരെ പിടികൂടുകതന്നെ വേണം. അതിനായി സൈന്യത്തിന്റെ ഇടപെടലുകളും ജാഗ്രതയും ആവശ്യമാണ്. എന്നാല്‍, മുന്‍ഗണന നല്‍കേണ്ടത് യുദ്ധത്തിനല്ല, സമാധാനത്തിനാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനവും സ്വൈരവും ജനങ്ങളുടെ പുരോഗതിയും സൌഹാര്‍ദവും ലാക്കാക്കി ബന്ധം മെച്ചപ്പെടുത്തണം. അതിന് കശ്മീരില്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കണം. ജനങ്ങളെ കൂടെനിര്‍ത്തുന്ന നടപടികള്‍ അതിന് സര്‍ക്കാര്‍ സ്വീകരിക്കണം. അങ്ങനെ ചെയ്യണമെങ്കില്‍ കശ്മീര്‍പ്രശ്നം ഉപയോഗിച്ച് രാജ്യത്ത് വര്‍ഗീയധ്രുവീകരണം വരുത്താനുള്ള ബിജെപിയുടെ നീചരാഷ്ട്രീയം അവസാനിപ്പിക്കണം. |
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോഴിക്കോട് പ്രസംഗവും അനുബന്ധ നിലപാടുകളും ആപല്‍സൂചന നല്‍കുന്നു. അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങള്‍ ഈ ആശങ്കയ്ക്ക് അടിവരയിടുന്നതാണ്. പരുഷവും യുദ്ധോത്സുകവുമായ വാദങ്ങളും ഗോഗ്വാ വിളികളുമാണ് മോഡി കോഴിക്കോട്ട് നടത്തിയത്. 'ഭയപ്പെടുത്തി ശക്തിനേടുക' എന്നത് ഒരു ഗീബല്‍സിയന്‍ തന്ത്രമാണ്. ഹിറ്റ്ലറുടെ പ്രചാരണ മന്ത്രിയായിരുന്ന ഗീബല്‍സിന്റെ ചതുരോപായങ്ങള്‍ വര്‍ത്തമാനകാലത്ത് തന്മയത്വത്തോടെ പ്രയോഗിക്കുകയാണ് മോഡി കോഴിക്കോട്ട് ചെയ്തത്. ജൂതന്മാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള രാജ്യങ്ങള്‍ ജര്‍മനിയെ ആക്രമിക്കാന്‍ ശ്രമിക്കയാണെന്ന് പ്രചരിപ്പിച്ച് യുദ്ധഭീതി പരത്താന്‍ നാസികള്‍ ശ്രമിച്ചു. ജൂതന്മാരും കമ്യൂണിസ്റ്റുകളും ക്രൂരന്മാരും കൊലയാളികളുമാണെന്നും ജൂതന്മാര്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തി ആര്യമേന്മ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്നും വിശ്വസിപ്പിക്കാന്‍ പണിപ്പെട്ടു. ആ അന്തരീക്ഷത്തിലാണ് നാസികള്‍ ജൂതരെ കൂട്ടക്കൊല ചെയ്തത്.
ഗീബല്‍സിനെ തോല്‍പ്പിക്കുന്ന അടവുകളാണ് തനിക്കുള്ളതെന്ന് മോഡി ബോധ്യപ്പെടുത്തുന്നു. ഈ പ്രചാരണത്തില്‍ ചില ശുദ്ധാത്മാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും വീണുപോകുന്നു. അതിന് തെളിവാണ് മോഡിയുടെ പ്രസംഗത്തെ പിന്തുണച്ച് സെപ്തംബര്‍ 26ലെ 'മനോരമ' മുഖപ്രസംഗം. 'ഭീകരതയ്ക്ക് എതിരെ ദൃഢപ്രഖ്യാപനം' എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിന് ഉപതലച്ചാര്‍ത്തായി 'പാകിസ്ഥാന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ്' എന്നും കൊടുത്തിട്ടുണ്ട്. 'രാജ്യരക്ഷ സംബന്ധിച്ച ഒരു ദിശാസൂചികയായി മോഡിയുടെ കോഴിക്കോട് പ്രസംഗം' എന്ന നിരീക്ഷണത്തോടെ തുടങ്ങുന്ന മുഖപ്രസംഗം സ്തുതിഗീതമായി മുന്നേറി അവസാനിക്കുന്നത് ഇങ്ങനെയാണ്: 'രാജ്യത്തിന് വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും ബിജെപി ദേശീയകൌണ്‍സിലുമായി ബന്ധപ്പെട്ട് കോഴിക്കോടുണ്ടായ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക എന്ന വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാര്‍ ഇനി ഏറ്റെടുക്കേണ്ടത്.' കശ്മീരിലെ ഉറിയില്‍ 18 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പൊതുപ്രസംഗം എന്ന നിലയില്‍ പ്രത്യേകതയുള്ളതാണെങ്കിലും പക്വതയുള്ള ഒരു ഭരണാധികാരിയില്‍നിന്ന് കേള്‍ക്കേണ്ട ശബ്ദവും വാക്കുകളും ആശയങ്ങളുമല്ല കേട്ടത്. അത് ചൂണ്ടിക്കാട്ടുന്നതിനുള്ള മാധ്യമകടമ നിറവേറ്റാതെ മോഡിയും കൂട്ടരും കെട്ടിപ്പൊക്കുന്ന 'കപട ദേശസ്നേഹ' പ്രചാരണത്തിന്റെ കെണിയില്‍ വീഴുന്നത് വിനയാണ്.
ഉറി ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ക്കുറ്റമാണ്. വിലയേറിയ 18 സൈനികരുടെ ജീവനാണ് നഷ്ടമായത്. സംഭവം ദേശവ്യാപകമായി സൃഷ്ടിച്ച ജനവികാരത്തെ തെറ്റായ നിലയില്‍ തിരിച്ചുവിടാനാണ് മോഡിയും സംഘപരിവാറും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാതെ ബിജെപി ദേശീയകൌണ്‍സില്‍ പ്രമേയത്തെയും മോഡിയുടെ പ്രസംഗത്തെയും കണ്ണടച്ച് പിന്തുണയ്ക്കുന്നത് സ്വതേ വികൃതിയായ കുരങ്ങന് ഇഞ്ചിനീര് കൊടുക്കുംപോലെ അപകടം വരുത്തും. വരുന്നവര്‍ഷം ഗുജറാത്ത്, യുപി അടക്കം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടര്‍ ലൂ ആകാനാണ് സാധ്യത. ഇപ്പോഴത്തെ ജനവികാരത്തെ വഴിതെറ്റിക്കാനാണ് പാകിസ്ഥാനുമായി യുദ്ധത്തിന് കളമൊരുക്കുന്നത്. അതിനുള്ള യുദ്ധപ്പനി പടര്‍ത്തുകയാണ്. കശ്മീര്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് പുറമെ പാകിസ്ഥാനുമായുള്ള ബന്ധം കുടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഉണ്ടാകുകയാണ്. ഇതിന്റെ ഭാഗമായി സിന്ധുനദീജല കരാര്‍ റദ്ദാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഭീഷണി പുറപ്പെടുവിച്ചു. ഇത് വീണ്ടുവിചാരമില്ലാത്ത നടപടിയാണ്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ തമ്മില്‍ നല്ല ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന അയൂബ്ഖാനുമാണ് 1960ല്‍ കരാറില്‍ ഒപ്പിട്ടത്. ബിയാസ്, രവി, സത്ലജ്, സിന്ധു, ചിനാബ്, ത്സലം എന്നീ ആറു നദികളിലെ ജലം പങ്കുവയ്ക്കുന്നതിനുള്ള കരാറാണ്. ജലം കൊടുത്തില്ലെങ്കില്‍ പാകിസ്ഥാനിലെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന വിഷമതകള്‍ക്കൊപ്പം ചില ഘട്ടങ്ങളില്‍ ഇന്ത്യയിലെ ചില പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിലുമാകും. അന്താരാഷ്ട്രകോടതിയില്‍ ചോദ്യംചെയ്യുന്ന പ്രശ്നവുമാകും.
ഇന്ത്യ, പാകിസ്ഥാനുമായി മൂന്നുവട്ടം യുദ്ധം ചെയ്തിട്ടുണ്ട്. അന്നുപോലും പാകിസ്ഥാനിലെ ജനങ്ങളുടെ വെള്ളംകുടിയും ആഹാരവും മുട്ടിക്കുമെന്ന് പറഞ്ഞില്ല. മോഡി പ്രധാനമന്ത്രിയായശേഷം പാകിസ്ഥാനില്‍ യാത്രനടത്തുകയും അവിടത്തെ പ്രധാനമന്ത്രിയുടെ മകളുടെ കല്യാണത്തിന് സമ്മാനം കൊടുക്കുകയും ചെയ്തിരുന്നല്ലോ. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1999 ഫെബ്രുവരിയില്‍ റോഡുമാര്‍ഗം അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെ ലാഹോറില്‍ എത്തുകയും അവിടത്തെ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് ലാഹോര്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നല്ലോ. ദില്ലിയില്‍നിന്ന് ലാഹോറിലേക്കുള്ള ബസ്റൂട്ട് യാത്ര ശക്തിപ്പെടുത്തലും അന്ന് നടന്നു.
ഇന്തോ–പാക് ബന്ധങ്ങള്‍ ഇനിയും മെച്ചമാക്കുകയാണ് വേണ്ടത്. ഭീകരരെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ നിലപാട് എടുക്കുന്നതിനൊപ്പം ഇരുരാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം വളര്‍ത്തുകയും വേണം. 1953ല്‍ നെഹ്റു നടത്തിയ കറാച്ചിയാത്ര മോഡി ഓര്‍ക്കണം. അന്ന് ആറുമൈല്‍ ദൂരം റോഡിന്റെ ഇരുവശത്തും ജനങ്ങള്‍ തിങ്ങിനിന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 'നെഹ്റു സിന്ദാബാദ്' എന്ന മുദ്രാവാക്യവും മുഴക്കി. 1953ന് ശേഷം കഴിഞ്ഞ 63 വര്‍ഷത്തിനിടയില്‍ ഇന്തോ– പാക് ബന്ധത്തില്‍ വലിയ വിള്ളലുണ്ടായി. ബന്ധം മെച്ചപ്പെടുത്താതിരുന്നതില്‍ കോണ്‍ഗ്രസ് നേതൃസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. ഇതിനപ്പുറം മോഡി നേതൃത്വംനല്‍കുന്ന ഹിന്ദുത്വ നയം ഇന്തോ– പാക്ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മുന്‍ ബിജെപി സര്‍ക്കാരും പാകിസ്ഥാനെ നമ്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിച്ച് പൊക്രാനില്‍ അണുബോംബ് പൊട്ടിച്ചു. പക്ഷേ, ഇന്ത്യ അഞ്ച് അണുബോംബ് പൊട്ടിച്ചപ്പോള്‍ പാകിസ്ഥാന്‍ ആറെണ്ണം പൊട്ടിച്ചു. അണുബോംബുകൊണ്ട് കളിച്ച് അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും അന്നത്തെ ഭരണാധികാരികളുടെ പരാജയപ്പെട്ട നയം ആവര്‍ത്തിക്കാനുള്ള മോഡിസര്‍ക്കാരിന്റെ പുറപ്പാട് നന്നല്ല.
അതിര്‍ത്തിരേഖ കടന്ന് പാകിസ്ഥാന് ഇന്ത്യ കനത്തപ്രഹരം ഏല്‍പ്പിച്ചെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഭീകരതയെ അമര്‍ച്ച ചെയ്യുന്നതിനുള്ള യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുന്നതിനെ ആരും എതിര്‍ക്കില്ല. നുഴഞ്ഞുകയറ്റക്കാരെ പിടികൂടുകതന്നെ വേണം. അതിനായി സൈന്യത്തിന്റെ ഇടപെടലുകളും ജാഗ്രതയും ആവശ്യമാണ്. എന്നാല്‍, മുന്‍ഗണന നല്‍കേണ്ടത് യുദ്ധത്തിനല്ല, സമാധാനത്തിനാണ്.
ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനവും സ്വൈരവും ജനങ്ങളുടെ പുരോഗതിയും സൌഹാര്‍ദവും ലാക്കാക്കി ബന്ധം മെച്ചപ്പെടുത്തണം. അതിന് കശ്മീരില്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കണം. ജനങ്ങളെ കൂടെനിര്‍ത്തുന്ന നടപടികള്‍ അതിന് സര്‍ക്കാര്‍ സ്വീകരിക്കണം. അങ്ങനെ ചെയ്യണമെങ്കില്‍ കശ്മീര്‍പ്രശ്നം ഉപയോഗിച്ച് രാജ്യത്ത് വര്‍ഗീയധ്രുവീകരണം വരുത്താനുള്ള ബിജെപിയുടെ നീചരാഷ്ട്രീയം അവസാനിപ്പിക്കണം.
അങ്ങേയറ്റം അപകടകരമായ സ്ഥിതിയിലാണ് കശ്മീര്‍. താഴ്വരയില്‍ സ്ഥിതി നിയന്ത്രണാതീതമാണ്. സുരക്ഷാസേനയുമായി സംഘര്‍ഷത്തിന് ഇറങ്ങുന്നവരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നേരിടുന്നതിന് അവസാനമായിട്ടില്ല. പെല്ലറ്റ് തോക്ക് കാരണം പൂര്‍ണമായോ ഭാഗികമായോ കാഴ്ച നഷ്ടമായവര്‍ നൂറുകണക്കിനാണ്. സുരക്ഷാസേനയുടെ വെടിവയ്പ് അടക്കമുള്ള നേരിടലില്‍ കുട്ടികള്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടു. ഈദ് നാളില്‍പ്പോലും ശ്രീനഗറിലെ ഒരു മുസ്ളിംപള്ളിയും തുറക്കാന്‍ അനുവദിച്ചില്ല. ഈദ്ഗാഹുകളില്‍പ്പോലും വിശ്വാസികളെ ആരാധനയ്ക്ക് അനുവദിച്ചില്ല. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ അനുകൂല സംഘടനകളും ഭീകരവാദികളുമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് വിലയിരുത്തി ബലപ്രയോഗത്തിലൂടെ പ്രതിഷേധം അടിച്ചമര്‍ത്തുന്ന മോഡിസര്‍ക്കാരിന്റെ നയം പ്രശ്നപരിഹാരത്തിന് ഉതകില്ല. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടങ്ങിയ സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം നല്ല ചുവടുവയ്പായിരുന്നു. എന്നാല്‍, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കേന്ദ്രസര്‍ക്കാരും ജമ്മു കശ്മീര്‍ സര്‍ക്കാരും ഉടന്‍ രാഷ്ട്രീയചര്‍ച്ച ആരംഭിക്കണമെന്ന സര്‍വകക്ഷിസംഘത്തിന്റെ സംയുക്ത പ്രസ്താവനയിലെ നിര്‍ദേശം നടപ്പാക്കാന്‍ മോഡിസര്‍ക്കാര്‍ മടിക്കുന്നു. ഈ വിനാശനിലപാടിന് ആക്കംകൂട്ടുന്നതാണ് ബിജെപിയുടെ കോഴിക്കോട് സമ്മേളനത്തിന്റെ പ്രമേയവും മോഡിയുടെ പ്രസംഗങ്ങളും.
ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന് ആഹ്വാനം ചെയ്ത ബിജെപിയും മോഡിയും കശ്മീര്‍വിഷയത്തില്‍ അവിടത്തെ ജനങ്ങളുടെ വിചാരവികാരങ്ങളെ തെല്ലും മാനിക്കാത്തതില്‍ അത്ഭുതമില്ല. കാരണം കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനാവകുപ്പ് എടുത്തുകളയാന്‍ വാശിയോടെ നിലപാട് എടുത്ത നേതാവാണ് ഉപാധ്യായ. പാകിസ്ഥാന്‍, കശ്മീര്‍ എന്നീ വിഷയങ്ങളുടെയും കെട്ടിച്ചമച്ച അക്രമക്കഥകളുടെയും പേരില്‍ മുസ്ളിങ്ങളെയും കമ്യൂണിസ്റ്റുകാരെയും കടന്നാക്രമിക്കുന്നതിനാണ് മോഡി സമയം കണ്ടത്. മുസ്ളിങ്ങളെ വോട്ടുബാങ്കായി കാണരുതെന്നും അവരെ സ്വന്തംപോലെ തുല്യരായി കരുതണമെന്നുമുള്ള കാഴ്ചപ്പാട് ഉപാധ്യായയെ ഉദ്ധരിച്ച് അദ്ദേഹം അവതരിപ്പിച്ചു. അത് കേവലം ഭംഗിവാക്കും അതിനപ്പുമുള്ള തട്ടിപ്പുംമാത്രം. മുസ്ളിങ്ങളെ പരിഷ്കരിക്കുകയോ നവീകരിക്കുയോ ചെയ്ത് തങ്ങളുടെകൂടെ കൂട്ടാനാണ് മോഡിയുടെ ഉപദേശം. ആര്‍എസ്എസ് അജന്‍ഡയില്‍ മുങ്ങിക്കുളിച്ചാല്‍, അത്തരം മുസല്‍മാന്മാരെ പരിഷ്കരിച്ചവരായി സംഘപരിവാര്‍ കരുതും എന്നര്‍ഥം. നവീകരണത്തിന് വിധേയരാകാത്തവരെ ഗുജാറാത്തിലും ദാദ്രിയിലും പരീക്ഷിച്ച വിദ്യക്ക് വിധേയമാക്കുമെന്ന് സാരം.
ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ തലവനായ മോഡി ഹിന്ദുത്വ അജന്‍ഡയില്‍ ഊന്നിയാണ് മുസ്ളിം നവീകരണത്തെപ്പറ്റി പറഞ്ഞത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം ആര്‍എസ്എസ് ഒരിക്കലും മറച്ചുവയ്ക്കുന്നില്ല. പൌരാവകാശം നഷ്ടപ്പെടുന്ന മുസ്ളിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഹിന്ദുമതത്തെയും ഹിന്ദു ദൈവങ്ങളെയും ആദരിച്ച് ജീവിച്ചുകൊള്ളണമെന്ന ആശയമാണ് ഗോള്‍വാള്‍ക്കറും ഉപാധ്യായയും വ്യക്തമാക്കിയിട്ടുള്ളത്. അതിലെ അന്തരാര്‍ഥമാണ് മുസ്ളിം പരിഷ്കരണമെന്ന മോഡിയുടെ ഉപദേശത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്.
മുസ്ളിം വിരോധംപോലെ കമ്യൂണിസ്റ്റ് വിരോധവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സംഘാംഗമാണ് താനെന്ന് മോഡി വ്യക്തമാക്കി. അതുകൊണ്ടാണ് കോഴിക്കോട് പ്രസംഗങ്ങളിലെല്ലാം കമ്യൂണിസ്റ്റ് അക്രമം എന്ന സാങ്കല്‍പ്പിക കഥാകഥനം ഇടംകണ്ടത്. കള്ളം പറയുക, അതില്‍ത്തന്നെ ഉറച്ചുനില്‍ക്കുക എന്നത് ഗീബല്‍സിയന്‍ തന്ത്രമാണ്. അതാണ് മോഡി പയറ്റിയത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. തീവ്രവാദം അടിച്ചമര്‍ത്താന്‍ യുക്തമായ നടപടികള്‍ സ്വീകരിക്കാം. എന്നാല്‍, യുദ്ധഭ്രാന്ത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ.
30-Sep-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍