കാമ്പില്ലാത്ത സമരം

മുഖ്യമന്ത്രിയുമായി സംഭാഷണം നടത്തുന്നതിനുമുമ്പ് ആരോഗ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാണെങ്കില്‍ അതിന് അനുകൂലിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഫീസ് കുറയ്ക്കാനുള്ള സന്നദ്ധത മാനേജ്മെന്റുകള്‍ കാണിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അവര്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഈ വസ്തുത മറച്ചുവച്ച് എ കെ ജി സെന്ററില്‍നിന്ന് നിര്‍ദേശിച്ച പ്രകാരമാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കാനുള്ള നിലപാടില്‍നിന്ന് പിന്മാറിയത് എന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിചിത്രവും വിലകുറഞ്ഞതുമാണ്. അനവസരത്തില്‍ അനാവശ്യ സമരം നടത്തി അപഹാസ്യരായതിന് സിപിഐ എമ്മിനുമേല്‍ പഴിചാരുന്നത് മാന്യതയല്ല. 

അരണയുടെ സ്വഭാവമാണ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്. തലയിരിക്കുന്നിടത്ത് വാലെത്തുമ്പോള്‍ ആദ്യം ചിന്തിച്ചത് മറന്നുപോകുന്ന ജീവിയാണത്രേ അരണ. ഈ സ്വഭാവം ഉള്ളതുകൊണ്ടാണ് സ്വാശ്രയ മെഡിക്കല്‍ വിഷയം ഉന്നയിച്ച് യുഡിഎഫുകാര്‍ നിയമസഭ സ്തംഭിപ്പിച്ച് സമരം നടത്താനുള്ള 'ചങ്കൂറ്റം' കാട്ടിയത്. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്ന ശിശുവിന്റെ പിതൃത്വം മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കാണ്. ഇവര്‍ക്ക് അമ്മത്തൊട്ടിലും പിന്നീട് മേഞ്ഞുനടക്കാന്‍ കളിക്കളവും ഒരുക്കിക്കൊടുത്തതും യുഡിഎഫ് ഭരണങ്ങള്‍. അതെല്ലാം മറന്നാണ് സ്വാശ്രയത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയസമരം യുഡിഎഫ് നടത്തിയത്. ഹര്‍ത്താലിനെതിരെ നിയമം കൊണ്ടുവന്നവരാണ് മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയത്.

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍–ഡെന്റല്‍ വിദ്യാഭ്യാസമേഖല ഒരു ഈജിയന്‍ തൊഴുത്താണ്. ഇതില്‍ സമഗ്ര പൊളിച്ചെഴുത്ത് വേണം. ഫീസ് ഘടന, പ്രവേശനം എന്നിവയെ സംബന്ധിച്ച് സാമൂഹ്യനിയന്ത്രണം വേണമെന്ന ശക്തമായ നിലപാടാണ് എല്‍ഡിഎഫിനും പിണറായി വിജയന്‍ സര്‍ക്കാരിനും ഉള്ളത്. ഇത്തരമൊരു സമീപനത്തിലേക്ക് ഈ മുന്നണിയെത്തിയത് പൊടുന്നനെ ഒരുദിവസംകൊണ്ടല്ല. 

അതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. സംസ്ഥാനം രൂപംകൊണ്ടശേഷം ആദ്യമുണ്ടായ ഇ എം എസ് സര്‍ക്കാര്‍ അവതരിപ്പിച്ച വിദ്യാഭ്യാസബില്‍ അതിന്റെ പ്രാഥമിക ഘട്ടമാണ്. അന്നുമുതലാണ് സ്കൂളുകളില്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നേരിട്ട് കൊടുക്കുന്ന സംവിധാനമുണ്ടായത്. നിയമസഭയില്‍ ബില്ലിന്റെ ചര്‍ച്ചാവേളയില്‍, ഹെഡ്മാസ്റ്റര്‍ക്കു പകരം മാനേജരെ ഡിസ്ബേഴ്സിങ് ഓഫീസറാക്കണമെന്ന് പ്രതിപക്ഷം ഭേദഗതി നിര്‍ദേശമുന്നയിച്ചു. അതിനെ നിരാകരിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി മറുപടി നല്‍കിയത് മാനേജരുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കേണ്ടവരല്ല അധ്യാപകര്‍ എന്നായിരുന്നു. ആ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ച മുണ്ടശ്ശേരിയെ മണ്ടനെന്നു വിളിച്ച് വിദ്യാര്‍ഥികളെ തെരുവിലിറക്കി അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം. ആ വിമോചനസമര രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഇപ്പോഴത്തെ സമരത്തിലൂടെ വ്യക്തമാക്കുന്നു.

സ്വാശ്രയകോളേജുകളില്‍ സാമൂഹ്യനീതിയും മെറിറ്റടിസ്ഥാനത്തിലുള്ള പ്രവേശനവും ഉറപ്പാക്കാന്‍ 2006ല്‍ നിയമസഭയില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി എം എ ബേബി പുതിയ നിയമനിര്‍മാണത്തിന് തയ്യാറായി. സ്വകാര്യ–സ്വാശ്രയ മേഖലകളില്‍ നിലവിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് പരിഹാരം കണ്ടെത്താനുള്ള ആ വിദ്യാഭ്യാസബില്‍ കോടതി മരവിപ്പിച്ചു. ഇത്തവണ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതി തടഞ്ഞു. ഈ പശ്ചാത്തലമെല്ലാം വിസ്മരിച്ചാണ് വിദ്യാഭ്യാസക്കച്ചവടക്കാരുടെ ദത്തുപുത്രന്മാരായ യുഡിഎഫുകാര്‍ സ്വാശ്രയത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അപവാദവും വ്യാജ വാര്‍ത്തയും പരത്തുന്നത്. വ്യാജ പ്രചാരണത്തിന്റെ മറവില്‍ നിയമസഭ സ്തംഭിപ്പിക്കുന്ന സമരവും സഭയ്ക്കു പുറത്ത് അക്രമസമരവും നടത്തി. ഇത് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ടിക്കോ മുന്നണിക്കോ സ്വീകരിക്കാവുന്ന കാര്യമായിരുന്നോ എന്ന ആത്മപരിശോധന യുഡിഎഫ് നടത്തണം. യുഡിഎഫിന്റെ അടിത്തറയിളകി എന്നതാണ് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വിളിച്ചറിയിച്ച പ്രധാന രാഷ്ട്രീയ സന്ദേശം. കേരളത്തില്‍ ഇനി പ്രധാന പ്രതിപക്ഷം യുഡിഎഫ് അല്ല, അതിന്റെ സ്ഥാനം ബിജെപി ഏറ്റെടുക്കാന്‍ പോകുന്നുവെന്ന പ്രചാരണവും ഒരു വിഭാഗം മാധ്യമങ്ങള്‍ ശക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ബിജെപിയല്ല കോണ്‍ഗ്രസാണ് കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷമെന്ന് വരുത്തുന്നതിനുവേണ്ടി അവര്‍ സൃഷ്ടിച്ചെടുത്ത ഒരു ഞൊടുക്കുവിദ്യയാണ് സ്വാശ്രയത്തിന്റെ പേരില്‍ സഭാകവാടത്തില്‍ നടത്തിയ ഏതാനും എംഎല്‍എമാരുടെ സത്യഗ്രഹവും അതിന്റെ പേരില്‍ സഭയ്ക്കുപുറത്ത് നടത്തിയ അക്രമപേക്കൂത്തും. നിയമസഭ എന്നത് ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള വേദിയാണ്. അതിനെ സങ്കുചിത രാഷ്ട്രീയനേട്ടത്തിനുവേണ്ടി സ്തംഭിപ്പിക്കുന്നത് ജനവിരുദ്ധ നടപടിയാണ്.

വിവിധ വകുപ്പുകളിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചചെയ്ത് അംഗീകരിക്കാനാണ് നിയമസഭ മുഖ്യമായി ചേര്‍ന്നത്. കാര്യപരിപാടി നിശ്ചിതരൂപത്തില്‍ നടന്നിരുന്നെങ്കില്‍ മുന്‍ യുഡിഎഫ് ഭരണം ഓരോ വകുപ്പിലും നടത്തിയ കൊള്ളയെയും ക്രമക്കേടിനെയുംപറ്റിയുള്ള ചര്‍ച്ച സ്വാഭാവികമായി ഉയരും. അങ്ങനെവന്നാല്‍ അതിന്മേലുള്ള ഭരണനടപടിയെപ്പറ്റിയുള്ള ചിന്തയും സ്വാഭാവികമായി ഉണ്ടാകും. അതെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെ യുഡിഎഫ് സംഘടിപ്പിച്ച അനാവശ്യസമരമാണ് സ്വാശ്രയത്തിന്റെ പേരില്‍ നടന്നത്. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ കൊള്ളയും അഴിമതിയും നടത്തുകയും സാമൂഹ്യനീതി നിഷേധിക്കുകയും ചെയ്യുന്ന ചില മാനേജ്മെന്റുകള്‍ ഉണ്ടെന്നത് വസ്തുതയാണ്. മാനേജ്മെന്റുകളുമായി ഒളിച്ചുകളിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. 2011 മെയില്‍ അധികാരത്തില്‍ വന്നയുടനെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത് സ്വാശ്രയപ്രശ്നം എന്നന്നേക്കുമായി പരിഹരിക്കുമെന്നായിരുന്നു. ആ വര്‍ഷം ഒന്നും നടക്കാതെ വന്നപ്പോള്‍ കണ്ടെത്തിയ ന്യായം ഞങ്ങള്‍ അധികാരത്തില്‍ വന്നതല്ലേയുള്ളൂ എന്നതായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനമെടുക്കും എന്ന ഉറപ്പും ഉമ്മന്‍ചാണ്ടി നല്‍കി. പക്ഷേ, 2016 മെയില്‍ ജനം ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍നിന്ന് പുറംതള്ളുംവരെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ഇങ്ങനെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അഴിമതിവിളയാട്ടത്തിന് കളംതുറന്നുകൊടുത്ത ഉമ്മന്‍ചാണ്ടിയും കൂട്ടരും സ്വാശ്രയത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമരം നടത്തുന്നത് ഇരട്ടത്താപ്പും ആത്മവഞ്ചനയുമാണ്.

ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന്റെ നാല് കോളേജുമായി യുഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘകാല കരാറുണ്ടാക്കുകയും മെറിറ്റ് സീറ്റിന് 4,40,000 രൂപ ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു. 2018 വരെ ഈ കരാറിന് പ്രാബല്യമുണ്ട്. എന്നാല്‍, ഇപ്പോഴത്തെ കരാര്‍പ്രകാരം അന്ന് നിശ്ചയിച്ചതിന്റെ പകുതിയോളം തുകമാത്രമാണ് മറ്റ് കോളേജുകളില്‍ മെറിറ്റ് സീറ്റിലെ ഫീസ്. മെറിറ്റ് സീറ്റില്‍ 350 കുട്ടികള്‍ക്ക് അധികമായി പ്രവേശനം കിട്ടുകയും അവരിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയ്ക്ക് പഠിക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്തതാണോ എല്‍ഡിഫ് സര്‍ക്കാരിന്റെ കുറ്റം? തലവരിപ്പണം വാങ്ങുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. ഈ വിലക്ക് ലംഘിച്ച് കോഴവാങ്ങുന്ന വിദ്യാഭ്യാസക്കച്ചവടക്കാരെ കൈയാമംവയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മുന്‍സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയശേഷം പിന്മാറിയ നാല് കോളേജ് മെറിറ്റ് സീറ്റില്‍ എട്ട് ലക്ഷംരൂപയാണ് വാങ്ങിയത്. ഇപ്പോള്‍ അവിടങ്ങളില്‍ മെറിറ്റ് സീറ്റിലെ ഫീസ് രണ്ടര ലക്ഷമോ 25,000 രൂപയോ ആയി കുറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിനും രാജ്യപുരോഗതിക്കും ഉന്നതവിദ്യാഭ്യാസരംഗത്തെ സാമൂഹ്യനിയന്ത്രണം അനിവാര്യമാണ്. പ്രവേശനം, ഫീസ് എന്നിവയില്‍മാത്രം ഒതുങ്ങിയാല്‍ പോരാ. സാമൂഹ്യനീതി ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുയര്‍ത്തണം. ഇതിന് സാമൂഹ്യവും ഭരണപരവുമായ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിനും സര്‍വകലാശാലകള്‍ക്കും പങ്കുവഹിക്കാന്‍ കഴിയും. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ പുതിയ നിയമനിര്‍മാണത്തിനും തയ്യാറാകണം. ഇത്തരം കാര്യങ്ങളില്‍ സമവായമുണ്ടാക്കി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടത്. ഇതിനുള്ള വിവേകവും രാഷ്ട്രീയമാന്യതയും കോണ്‍ഗ്രസ് നേതൃത്വ പ്രതിപക്ഷവും ബിജെപിയും കാട്ടണം. അത് ചെയ്യാതെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അനാവശ്യമായി അധിക്ഷേപിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന് നന്നല്ല. ഫീസ് കുറയ്ക്കാന്‍ സ്വാശ്രയമാനേജ്മെന്റുകള്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അവരെ വിളിച്ച് സംഭാഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായി. അതിന് മുഖ്യമന്ത്രി സമ്മതിച്ചപ്പോള്‍ത്തന്നെ സമരം പിന്‍വലിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്.

മുഖ്യമന്ത്രിയുമായി സംഭാഷണം നടത്തുന്നതിനുമുമ്പ് ആരോഗ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാണെങ്കില്‍ അതിന് അനുകൂലിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഫീസ് കുറയ്ക്കാനുള്ള സന്നദ്ധത മാനേജ്മെന്റുകള്‍ കാണിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അവര്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഈ വസ്തുത മറച്ചുവച്ച് എ കെ ജി സെന്ററില്‍നിന്ന് നിര്‍ദേശിച്ച പ്രകാരമാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കാനുള്ള നിലപാടില്‍നിന്ന് പിന്മാറിയത് എന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിചിത്രവും വിലകുറഞ്ഞതുമാണ്. അനവസരത്തില്‍ അനാവശ്യ സമരം നടത്തി അപഹാസ്യരായതിന് സിപിഐ എമ്മിനുമേല്‍ പഴിചാരുന്നത് മാന്യതയല്ല. സുപ്രീംകോടതി അംഗീകരിച്ച കരാറില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി മാറ്റംവരുത്തിയാല്‍, ഏതെങ്കിലുമൊരു മാനേജ്മെന്റോ വിദ്യാര്‍ഥിയോ കോടതിയെ സമീപിച്ചാല്‍ മുഴുവന്‍ പ്രവേശനവും തകിടംമറിയും. ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. എന്നാല്‍, ഏതെങ്കിലും മാനേജ്മെന്റിന് കോളേജുതലത്തില്‍ ഏതെങ്കിലും വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുനല്‍കാന്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു തടസ്സവും നില്‍ക്കില്ല.

സമരം ഒത്തുതീര്‍ക്കാന്‍ പരിയാരം കോളേജിലെ 30 പേരുടെ ഫീസെങ്കിലും കുറയ്ക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുണ്ടായിരുന്നു. പ്രവേശന നടപടി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ അക്കാര്യത്തിലും പുതിയ തീരുമാനം നടപ്പാക്കുക പ്രായോഗികമല്ല. സ്വാശ്രയവിഷയത്തില്‍ ശാശ്വതപരിഹാരം കാണുകയാണ് കേരളത്തിന്റെ ആവശ്യം. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത കൌണ്‍സലിങ് പ്രവേശനത്തിന് വേണം. ഫീസ് നിര്‍ണയിച്ചു കഴിഞ്ഞാല്‍  തലവരി പാടില്ല. 50 ശതമാനം മെറിറ്റ് സീറ്റ് എന്നതില്‍ വിട്ടുവീഴ്ചയില്ല. ഒപ്പം സാമൂഹ്യനീതി ഉറപ്പുവരുത്തുകയും വേണം. ഇതിനെല്ലാംവേണ്ടി ഒരു സംവിധാനമൊരുക്കാനും സമവായം ഉണ്ടാക്കാനും കൂട്ടായ ചര്‍ച്ചയും നിര്‍ദേശങ്ങളും ആവശ്യമാണ്. ഇക്കാര്യത്തില്‍, ഭരണ–പ്രതിപക്ഷ ഭേദമെന്യേയുള്ള യോജിപ്പ് സ്വാശ്രയമാനേജ്മെന്റുകളുടെ കൊള്ളയ്ക്കെതിരെ നീങ്ങുന്നതിനുള്ള ശക്തി വര്‍ധിപ്പിക്കും. അതിന് കോണ്‍ഗ്രസും യുഡിഎഫും ബിജെപിയും തയ്യാറുണ്ടോ? അങ്ങനെയെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് സമരം പുനരാരംഭിക്കാതിരിക്കാനും അവസാനിപ്പിക്കാനും തയ്യാറാകണം. സ്വാശ്രയക്കൊള്ള ശാശ്വതമായി തടയുന്നതിന് ഒരു സംവിധാനവും വ്യവസ്ഥയും ഉണ്ടാകുന്നത് നാടിന് നല്ലതാണ്. സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്നതിനാല്‍, അവയെ അടച്ചുപൂട്ടുക എന്നതല്ല, ന്യായമായ നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കുക എന്നതേ ഇനി ചെയ്യാനാകൂ. ശൂന്യതയില്‍ ആസൂത്രണം കഴിയില്ല. എന്നാല്‍, കൊള്ള പാടില്ല. സംസ്ഥാനത്തിന് ഗുണകരമായ ഈ നയം നടപ്പാക്കാന്‍ സര്‍ക്കാരുമായി യോജിച്ച് മുന്നോട്ടുപോകുന്നതിനുള്ള വിവേകം പ്രതിപക്ഷം കാണിക്കണം.

07-Oct-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More