യു ഡി എഫ് - ആര്‍ എസ് എസ് ബാന്ധവം

കോണ്‍ഗ്രസ് - ബി ജെ പി വോട്ടുകച്ചവടത്തിന്റെ തുടര്‍ച്ചയാണ് ജില്ലാ ആസൂത്രണസമിതി തെരഞ്ഞെടുപ്പില്‍ കണ്ടത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആദര്‍ശം പ്രസംഗിക്കുന്ന വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍, ഇന്ദിരാഭവന്റെ മൂക്കിനുതാഴെയാണ് ബിജെപി–കോണ്‍ഗ്രസ് അവിശുദ്ധകൂട്ടുകെട്ട് അരങ്ങുതകര്‍ത്തത്. യുഡിഎഫ് ഘടക കക്ഷിയായ മുസ്ളിംലീഗിലെ രണ്ട് കൌണ്‍സിലര്‍മാരില്‍ ഒരാള്‍ ഇതിനോട് വിയോജിപ്പ്  പ്രകടിപ്പിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നെങ്കിലും ഒരാള്‍ അവിശുദ്ധ കൂട്ടുകെട്ടില്‍ പങ്കാളിയായി. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിനെ തള്ളിപ്പറയാനോ ലീഗ് കൌണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കാനോ  ലീഗ് സംസ്ഥാനനേതൃത്വം തയ്യാറായിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയാല്‍ നേടിയ ജില്ലാ ആസൂത്രണസമിതി അംഗത്വം ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കാനോ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി സ്വീകരിക്കാനോ കെപിസിസി നേതൃത്വം തയ്യാറാകാത്തതും അര്‍ഥഗര്‍ഭം.

ആര്‍എസ്എസിനെയും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിയെയും വെള്ളപൂശുക മാത്രമല്ല അവരുമായി സഖ്യംകൂടി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ നോക്കുകയെന്ന യജ്ഞത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. അതിന്റെ ഒടുവിലത്തെ പരസ്യ ഉദാഹരണമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ കണ്ടത്. ജില്ലാ ആസൂത്രണസമിതിയിലേക്ക് മൂന്ന് പ്രതിനിധികളെ തെരഞ്ഞെടുത്ത് അയക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. 100 അംഗ കൌണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള എല്‍ഡിഎഫാണ് ഇവിടെ ഭരിക്കുന്നത്. എന്നാല്‍, 35 കൌണ്‍സിലര്‍മാരുള്ള ബിജെപിയുമായി യുഡിഎഫ് സഖ്യംകൂടി ജില്ലാ ആസൂത്രണസമിതിയിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ പ്രതിനിധികള്‍ ജയിച്ചു. വനിതാസംവരണ സീറ്റില്‍ എല്‍ഡിഎഫിന്റെ അഡ്വ. ജയലക്ഷ്മിയും ജയിച്ചു. മത്സരിച്ച രണ്ട് സിപിഐ എം പ്രതിനിധികളെയും യുഡിഎഫും ബിജെപിയും കൈകോര്‍ത്ത് തോല്‍പ്പിച്ചു.  

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി 35 കൌണ്‍സിലര്‍മാരെ നേടിയത് കോണ്‍ഗ്രസിന്റെ സഹായംകൊണ്ടായിരുന്നുവെന്നത് പൊതുവില്‍ അംഗീകരിച്ച വസ്തുതയാണ്. നിയമസഭാതെരഞ്ഞെടുപ്പിലാകട്ടെ കോര്‍പറേഷന്‍ പരിധിയില്‍ നേമം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യം കൂടുകയും ചെയ്തു. നേമത്ത് ബിജെപിക്കും തിരുവനന്തപുരത്ത് കോണ്‍ഗ്രസിനും പരസ്പരം വോട്ട് മറിച്ചു. പിന്നീട് കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് വിറ്റു. ഈ വോട്ടുകച്ചവടത്തിന്റെ തുടര്‍ച്ചയാണ് ജില്ലാ ആസൂത്രണസമിതി തെരഞ്ഞെടുപ്പില്‍ കണ്ടത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആദര്‍ശം പ്രസംഗിക്കുന്ന വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍, ഇന്ദിരാഭവന്റെ മൂക്കിനുതാഴെയാണ് ബിജെപി–കോണ്‍ഗ്രസ് അവിശുദ്ധകൂട്ടുകെട്ട് അരങ്ങുതകര്‍ത്തത്. യുഡിഎഫ് ഘടക കക്ഷിയായ മുസ്ളിംലീഗിലെ രണ്ട് കൌണ്‍സിലര്‍മാരില്‍ ഒരാള്‍ ഇതിനോട് വിയോജിപ്പ്  പ്രകടിപ്പിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നെങ്കിലും ഒരാള്‍ അവിശുദ്ധ കൂട്ടുകെട്ടില്‍ പങ്കാളിയായി. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിനെ തള്ളിപ്പറയാനോ ലീഗ് കൌണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കാനോ  ലീഗ് സംസ്ഥാനനേതൃത്വം തയ്യാറായിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയാല്‍ നേടിയ ജില്ലാ ആസൂത്രണസമിതി അംഗത്വം ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കാനോ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി സ്വീകരിക്കാനോ കെപിസിസി നേതൃത്വം തയ്യാറാകാത്തതും അര്‍ഥഗര്‍ഭം. 

ആര്‍എസ്എസും ബിജെപിയും അവരുടെ കേന്ദ്രഭരണവും രാജ്യത്തിനുമേല്‍ വലിയതോതില്‍ വിപത്തുകള്‍ വിതയ്ക്കുന്നതിനുമധ്യേയാണ് കേരളത്തിലെ അവിശുദ്ധ ചങ്ങാത്തം. ബിജെപി വെറുമൊരു വലതുപക്ഷ പാര്‍ടിയല്ല. അതൊരു പിന്തിരിപ്പന്‍ വര്‍ഗീയപരിപാടിയുള്ള കക്ഷിയാണ്. സാധാരണയുള്ള വലതുപക്ഷ യാഥാസ്ഥിതിക പാര്‍ടികളില്‍നിന്ന് വ്യത്യസ്തവും. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് മാര്‍ഗനിര്‍ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്തിരുന്ന കക്ഷി എന്ന നിലയില്‍ ബിജെപിയുമായുള്ള ഏതൊരു ബന്ധവും കരുതലോടെ സ്വീകരിക്കേണ്ട സന്ദര്‍ഭമാണിത്. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍നിന്ന് മുതലെടുപ്പ് നടത്തി അധികാരത്തിലെത്തിയ കക്ഷിയാണത്. പരമ്പരാഗതമാര്‍ഗത്തിലൂടെ സമൂഹത്തെ ഭരിക്കാന്‍ ഭരണവര്‍ഗത്തിന് സാധിക്കാതെവരുന്ന സ്ഥിതിയില്‍ ആ സ്ഥാനം ഏറ്റെടുക്കുന്ന വലതുപക്ഷ പാര്‍ടികളെ പല രാജ്യങ്ങളിലും കാണാന്‍ കഴിയും. ആഭ്യന്തരരാഷ്ട്രീയത്തില്‍ വിജയമാര്‍ഗമായി ബിജെപി കാണുന്നത് രണ്ട് ആഭ്യന്തരശത്രുക്കളെയാണ്. ഒന്ന് മുസ്ളിം ന്യൂനപക്ഷം. മറ്റൊന്ന് കമ്യൂണിസ്റ്റുകാര്‍.

ഉദാരവല്‍ക്കരണത്തെയും സ്വകാര്യവല്‍ക്കരണത്തെയും പുണര്‍ന്നുകൊണ്ടുള്ള സാമ്പത്തികനയമാണ് ബിജെപിയുടേത്. അതുകൊണ്ടാണ് രണ്ടുവര്‍ഷം പിന്നിടുന്ന മോഡി സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന സാമ്പത്തികനയം ആ സര്‍ക്കാരുകളെക്കാള്‍ തീവ്രമായി നടപ്പാക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ഇണക്കത്തിലാണ്. അതുപോലെ അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള വിധേയത്വത്തിലും കോണ്‍ഗ്രസ് ഭരണത്തെ കടത്തിവെട്ടും. അമേരിക്കന്‍ ആശ്രിതത്വത്തിലേക്ക് ഇന്ത്യന്‍ ഭരണത്തെ കൂടുതല്‍ എത്തിക്കുകയാണ് മോഡി സര്‍ക്കാര്‍. ഇപ്രകാരം പിന്തിരിപ്പന്‍–വന്‍കിട–ബൂര്‍ഷ്വാ–ഭൂപ്രഭു വിഭാഗത്തെ പ്രതിനിധാനംചെയ്യുന്നതും സാമ്രാജ്യത്വവിധേയത്വം പുലര്‍ത്തുന്നതുമായ വലതുപക്ഷ വര്‍ഗീയപാര്‍ടിയാണ് ബിജെപി.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ മുതലാളിത്തം പുനഃസ്ഥാപിച്ചതും അന്താരാഷ്ട്ര ശാക്തികബന്ധങ്ങളില്‍ മൌലികമായ മാറ്റം വരുത്തി. ഇതുകാരണം മൂന്നാംലോകരാജ്യങ്ങളില്‍ മതമൌലികതാവാദം ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തെക്കൂടി പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രീയം വേരോടിക്കാന്‍ ബിജെപിയും ആര്‍എസ്എസും പരിശ്രമിക്കുന്നത്. ഇതെല്ലാം വിസ്മരിച്ചാണ് തിരുവനന്തപുരത്തടക്കം ബിജെപി–ആര്‍എസ്എസ് ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടിയത്.

കശ്മീരിലുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ദേശീയ ഐക്യത്തിനുമേല്‍ ഗുരുതരഭീഷണി ഉയരുന്ന കാലഘട്ടമാണ് ഇത്. എന്നാല്‍, ഇതിനെ ഹൈന്ദവവര്‍ഗീയശക്തികളെ അണിനിരത്തുന്നതിനുവേണ്ടിയുള്ള ഉപാധിയായി ബിജെപി ഭരണം ഉപയോഗിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസും മുസ്ളിംലീഗും അടങ്ങുന്ന യുഡിഎഫ്, ബിജെപിയുമായി സഖ്യംകൂടി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ടുകച്ചവടത്തിലേര്‍പ്പെട്ടത്.

കൊലപാതകരാഷ്ട്രീയം പ്രവര്‍ത്തനപരിപാടിയായി സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയും. അതുകൊണ്ടാണ് തിരുവോണം, നവരാത്രി തുടങ്ങിയ ആഘോഷവേളകളൊന്നും അവരുടെ നീചമായ ആക്രമണത്തിന് തടസ്സമാകാത്തത്. കാക്കിനിക്കറില്‍നിന്ന് തവിട്ടുപാന്റ്സിലേക്ക് ആര്‍എസ്എസ് വേഷംമാറിയെങ്കിലും തലകൊയ്യല്‍ രാഷ്ട്രീയം മാറിയിട്ടില്ല. അതാണ് പിണറായിയില്‍ കണ്ടത്. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം കെ മോഹനനെ ഉന്നതതലനേതാക്കളുടെ ഗൂഢാലോചനയെത്തുടര്‍ന്ന് കാവിസംഘം നവരാത്രി നാളില്‍ അരുംകൊല ചെയ്തതിന് ഒരു ന്യായവുമില്ല. ഈ കൊലനടത്തുന്ന വേളയില്‍ത്തന്നെ മാര്‍ക്സിസ്റ്റ്ആക്രമണം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കി കാവിസംഘക്കാര്‍ ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുമുന്നില്‍ അക്രമാസക്തമായ പ്രകടനം നടത്തി.  ഈ മുദ്രാവാക്യത്തിന്റെ കപടത രാജ്യത്തെ ബോധ്യപ്പെടുത്തുന്നതായി മോഹനന്റെ രക്തസാക്ഷിത്വം. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയസമ്മേളനത്തില്‍ മാര്‍ക്സിസ്റ്റ് ആക്രമണമുറവിളികൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ മുറവിളികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാവിപ്പട കൊലപാതകരാഷ്ട്രീയം തുടരുന്നത്. കാവിസംഘത്തിന്റെ കൊലപാതകരാഷ്ട്രീയത്തിന് തണലേകുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് വിരാമംകുറിക്കാനും സമാധാനപാതയിലേക്ക് സംഘപരിവാറിനെ എത്തിക്കാനും അവരുടെ നരമേധരാഷ്ട്രീയം അവസാനിപ്പിക്കാനും പ്രധാനമന്ത്രി മുന്‍കൈ എടുക്കുമോ എന്ന് നാട് ഉറ്റുനോക്കുകയാണ്. അമ്പത്തഞ്ചുകാരനായ മോഹനനെ അദ്ദേഹം ജോലിചെയ്തിരുന്ന കള്ളുഷാപ്പില്‍ കയറിയാണ്  വെട്ടിനുറുക്കിയത്. ആഴത്തിലുള്ള നാല്‍പ്പത് മുറിവ് മോഹനന്റെ ശരീരത്തിലേല്‍പ്പിച്ചു. മൂന്നുമാസത്തിനുള്ളില്‍ സിപിഐ എമ്മിന്റെ മൂന്ന് ഉശിരന്‍ സഖാക്കളെയാണ് കാവിസംഘം കണ്ണൂര്‍ ജില്ലയില്‍ മാത്രം കശാപ്പുചെയ്തത്. ആറുപേര്‍ വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ പാര്‍ടി പ്രവര്‍ത്തകനാണ് മോഹനന്‍. വോട്ടെണ്ണല്‍ദിവസം വിജയാഹ്ളാദപ്രകടനത്തിനുനേരെ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകനായ രവീന്ദ്രനെ  കൊലപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അഞ്ച് സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. മുന്നൂറിലേറെ പ്രവര്‍ത്തകരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. എണ്‍പതിലധികം വീടുകള്‍ തകര്‍ത്തു. 35 പാര്‍ടി ഓഫീസുകള്‍ ആക്രമിച്ചു.

ഇത്തരം നീചമായ ആക്രമണങ്ങള്‍ നിരന്തരം കേരളത്തില്‍ നടത്തുന്ന ആര്‍എസ്എസും ബിജെപിയും ഡല്‍ഹിയില്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുനേര്‍ക്ക് നിരന്തരം പ്രതിഷേധപ്രകടനം നടത്തുകയും പാര്‍ടിയുടെ ദേശീയനേതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്യുന്നത് ബിജെപി–ആര്‍എസ്എസ് ദേശീയനേതാക്കളുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയാണ്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തന സ്വാതന്ത്യ്രത്തിനുമേല്‍ വിലങ്ങിടാനുള്ള ഗൂഢശ്രമമാണിത്. ജനാധിപത്യശക്തികള്‍ ഒന്നാകെ ഈ നീക്കത്തില്‍ പ്രതിഷേധിക്കണം. കാവിസംഘത്തിന്റെ കൊലപാതകരാഷ്ട്രീയത്തിന് വിരാമമിടാനുള്ള ബഹുജനസമ്മര്‍ദം കൂട്ടായി ഉയരണം. സമാധാനജീവിതം ഉറപ്പുവരുത്താന്‍ എല്ലാവിധ പരിശ്രമങ്ങളോടും സിപിഐ എമ്മും എല്‍ഡിഎഫും യോജിക്കും. സമാധാനത്തിനാണ് സിപിഐ എം എപ്പോഴും മുന്‍തൂക്കം നല്‍കുന്നത്. ആര്‍എസ്എസും ബിജെപിയും സൃഷ്ടിക്കുന്ന അക്രമരാഷ്ട്രീയത്തെ കാണാതെ സിപിഐ എമ്മും ആര്‍എസ്എസും ഒരുപോലെയാണെന്ന പ്രചാരണം വി എം സുധീരനും രമേശ് ചെന്നിത്തലയുമെല്ലാം നടത്തുന്നുണ്ട്. ഇത് ആശയതലത്തില്‍ സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനുള്ള അടവാണ്. ഈ അടവിന്റെ രാഷ്ട്രീയതലത്തിലെ വളര്‍ച്ചയാണ് തിരുവനന്തപുരത്ത് ജില്ലാ ആസൂത്രണബോര്‍ഡ് തെരഞ്ഞെടുപ്പില്‍കണ്ട ബിജെപി–യുഡിഎഫ് ഐക്യം.

16-Oct-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More