മൂല്യബോധം ഉറപ്പുവരുത്തും

സ്വന്തംജീവിതം പൊതുസേവനം എന്ന ലക്ഷ്യത്തിനുവേണ്ടി ചെലവഴിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ബഹുജനങ്ങളുടെ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. കമ്യൂണിസ്റ്റ് പാര്‍ടി അംഗം എന്നാല്‍ വര്‍ഗബോധം, അച്ചടക്കബോധം, ഉയര്‍ന്ന സദാചാരബോധം എന്നിവയുള്ളവരാണ്. ഇതിന് അപവാദം സംഭവിച്ചാല്‍ അത്തരക്കാരെ പാര്‍ടി വച്ചുപൊറുപ്പിക്കില്ല. പക്ഷേ, ഇന്നത്തെ ആഗോളവല്‍ക്കരണകാലത്ത് മുതലാളിത്ത സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയില്‍ എവിടെയെങ്കിലും കാല്‍വഴുതിയാല്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ പാര്‍ടി പരിശ്രമിക്കും. എന്നാല്‍, കെട്ടുപോയവരാണെങ്കില്‍ പുറന്തള്ളും. 

സിപിഐ എം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ബഹുജന വിപ്ളവ പാര്‍ടിയാണ്. ഈ പാര്‍ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയുംപറ്റി തെറ്റിദ്ധാരണകള്‍ പരത്തുന്ന നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി പൊലീസെടുത്ത കേസുകളെ വന്‍ വിവാദമാക്കിയിട്ടുണ്ട്. സ്വന്തംജീവിതം പൊതുസേവനം എന്ന ലക്ഷ്യത്തിനുവേണ്ടി ചെലവഴിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ബഹുജനങ്ങളുടെ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. കമ്യൂണിസ്റ്റ് പാര്‍ടി അംഗം എന്നാല്‍ വര്‍ഗബോധം, അച്ചടക്കബോധം, ഉയര്‍ന്ന സദാചാരബോധം എന്നിവയുള്ളവരാണ്. ഇതിന് അപവാദം സംഭവിച്ചാല്‍ അത്തരക്കാരെ പാര്‍ടി വച്ചുപൊറുപ്പിക്കില്ല. പക്ഷേ, ഇന്നത്തെ ആഗോളവല്‍ക്കരണകാലത്ത് മുതലാളിത്ത സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയില്‍ എവിടെയെങ്കിലും കാല്‍വഴുതിയാല്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ പാര്‍ടി പരിശ്രമിക്കും. എന്നാല്‍, കെട്ടുപോയവരാണെങ്കില്‍ പുറന്തള്ളും. ഇതെല്ലാം ചെയ്യാന്‍ കഴിയുന്നത് കെട്ടുറപ്പും അച്ചടക്കവുമുള്ള പാര്‍ടിയാണ് സിപിഐ എം എന്നുള്ളതുകൊണ്ടാണ്. ഇക്കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കുന്നത് സമീപസമയത്ത് ഉയര്‍ന്നുവന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

മുഖ്യമന്ത്രിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചപ്പോള്‍ ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതുപ്രകാരം പൊലീസ് നടപടി സ്വീകരിച്ച് എറണാകുളത്ത് ഒരു തട്ടിപ്പുസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ക്രിമിനല്‍ കുറ്റക്കാര്‍ ആരും പാര്‍ടി അംഗങ്ങളല്ല. അതില്‍ സിദ്ദിഖ് എന്നയാള്‍ പാര്‍ടി നേതാവാണെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചെങ്കിലും അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. എന്നാല്‍, പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും പല പരിപാടികളിലും അനുഭാവിയെന്ന വിധത്തില്‍ അയാള്‍ പങ്കെടുത്തിരുന്നു. പക്ഷേ, ഈ തട്ടിപ്പുകേസില്‍ ഒരുതരത്തിലുള്ള സംരക്ഷണവും കുറ്റവാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരും പൊലീസും നല്‍കിയില്ല. സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ പേരുപയോഗിച്ച് തട്ടിപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കുകയാണ് കര്‍ശനമായ പൊലീസ് നടപടിയിലൂടെ ചെയ്തിരിക്കുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് ഇത്തരം പരാതികള്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ലഭിച്ചാല്‍ ആ പരാതികളുടെ ഗതിയെന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ പരാതികള്‍ ഇരുട്ടറകളിലേക്കോ ചവറ്റുകുട്ടയിലേക്കോ ഉപേക്ഷിക്കപ്പെടുമായിരുന്നു.

സിപിഐ എം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന്റെ ഭരണമാണ് സംസ്ഥാനത്തുള്ളതെങ്കിലും സിപിഐ എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പരാതിവന്നാല്‍പോലും അതെല്ലാം നീതിന്യായപ്രക്രിയക്ക് വിധേയമാക്കും. അതാണ് കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വന്ന പരാതിയിന്മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിലൂടെ വെളിപ്പെടുന്നത്. ആരോപണങ്ങള്‍ നേരിടുന്നയാളെ ഏരിയ സെക്രട്ടറി എന്ന പ്രധാനപ്പെട്ട ചുമതലയില്‍നിന്ന് നീക്കംചെയ്ത് അന്വേഷണം നടത്താനുള്ള തീരുമാനം സിപിഐ എം കൈക്കൊണ്ടു. പാര്‍ടി എറണാകുളം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടപ്രകാരം സംസ്ഥാന സെക്രട്ടറിയറ്റ് അക്കാര്യം ചര്‍ച്ചചെയ്യുകയും സമഗ്രാന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളും കമീഷന്‍ പരിശോധിക്കും.

ഒന്നരവര്‍ഷംമുമ്പ് നടന്ന ഒരു സംഭവത്തെ സംബന്ധിച്ച് ഇപ്പോള്‍ പരാതി നല്‍കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി എന്തെന്നും പാര്‍ടി പരിശോധിക്കും. അത്തരം ഒരാരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നയുടന്‍തന്നെ പൊലീസ് നടപടിക്ക് നിര്‍ദേശം നല്‍കുകയും കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. എത്ര ഉന്നതനേതാവിനെതിരായ പരാതിയാണെങ്കിലും പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മടിക്കില്ല എന്ന് ഇതിലൂടെ വിളംബരം ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പൊലീസ് കേസ് വേണ്ടത്ര പരിശോധിക്കാതെയാണെന്ന എതിര്‍കക്ഷിയുടെ പരാതിയെത്തുടര്‍ന്ന് വസ്തുത പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ട്രീയനേതാക്കളും പ്രചാരണം നടത്തുന്നത് സിപിഐ എമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഈ കേസുകളെല്ലാം ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തതിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്. പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിനു സിപിഐ എം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പനിയമപ്രകാരം ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസഭരണനയത്തിന്റെ ഭാഗമായാണ് സിപിഐ എം ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസില്‍ പ്രതിയാക്കിയത്.

ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ഒരു പ്രശ്നം രാഷ്ട്രീയനേതൃത്വവും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റിയാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപാര്‍ടി, ഇടയ്ക്കും മുറയ്ക്കും അധികാരത്തില്‍വരുന്ന പ്രസ്ഥാനം, സത്യസന്ധതയോടെ പ്രശ്നങ്ങളെ സമീപിക്കുന്ന പാര്‍ടി– ഈ നിലകളിലെല്ലാം ഇടത്തരക്കാരിലടക്കം സിപിഐ എമ്മിനെപ്പറ്റിയുള്ള വിശ്വാസ്യത വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവിധ മേഖലകളില്‍പ്പെട്ട ധാരാളം ആളുകള്‍ വിവിധ പ്രശ്നങ്ങള്‍ക്ക് പാര്‍ടി നേതാക്കളെ സമീപിക്കുക സ്വാഭാവികമാണ്. അത്തരം അവസരങ്ങളില്‍ ആര്‍ക്കും പാര്‍ടിയെപ്പറ്റിയും പാര്‍ടി നേതാക്കളെപ്പറ്റിയും ആക്ഷേപമുണ്ടാകാത്തവിധത്തില്‍ ഇടപെടാന്‍ ശ്രദ്ധിക്കണം. ഇക്കാര്യം പാലക്കാട്ട് ചേര്‍ന്ന പാര്‍ടി സംസ്ഥാന പ്ളീനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദാരവല്‍ക്കരണകാലത്ത് റിയല്‍ എസ്റ്റേറ്റ് വ്യാപാരം വര്‍ധിച്ചിട്ടുണ്ട്. ഇതോടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി പല രാഷ്ട്രീയപ്രവര്‍ത്തകരും മാറുന്നുണ്ട്. ഈ ദോഷത്തിന് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ അകപ്പെടരുത്. നിലംനികത്തുന്നതിന് കൂട്ടുനില്‍ക്കുക, ബ്ളേഡ് കമ്പനികളുടെ ഭാഗമാകുക തുടങ്ങിയവയിലും പാര്‍ടി അംഗങ്ങള്‍ ഉള്‍പ്പെടരുത്്. ഇതെല്ലാം മറ്റ് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായൊരു പാര്‍ടിയാണ് സിപിഐ എം എന്ന വസ്തുത ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇത് നിലനിര്‍ത്തി മുന്നോട്ടുപോകുന്നതിനുള്ള നിലപാടാണ് തിരുവനന്തപുരത്ത് 2012ല്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാനസമ്മേളനം കൈക്കൊണ്ടത്. പാര്‍ടിയുടെ മുന്നില്‍ പ്രശ്നപരിഹാരം തേടി വ്യത്യസ്ത വിഭാഗത്തിലുള്ള ആള്‍ക്കാര്‍ വരും. പാര്‍ടി നിര്‍ദേശത്തോട് ഒരു വിഭാഗത്തിന് യോജിപ്പുണ്ടാകുന്നില്ലെങ്കില്‍, പ്രശ്നങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യേണ്ടവയാണെങ്കില്‍ അതിന് വിടുന്നതാണ് നല്ലതെന്ന് സംസ്ഥാന സമ്മേളനം നിര്‍ദേശിച്ചിരുന്നു. എന്ത് ആവശ്യത്തിനായാലും ഏത് വിഷയത്തിലായാലും ബലം പ്രയോഗിച്ച് ആരുടെയും ഭൂമി കൈവശപ്പെടുത്താനും ഭൂമിയിലുള്ള വസ്തുവകകളും ഉല്‍പ്പന്നങ്ങളും നശിപ്പിക്കാനും പാടില്ലെന്ന സുവ്യക്തമായ നിലപാട് പാര്‍ടി മുന്നോട്ടുവയ്ക്കുന്നു.

സമൂഹത്തിലെ ജീര്‍ണതകള്‍ പാര്‍ടിയെ ബാധിക്കാതിരിക്കാനാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ എന്തെങ്കിലും ഘടകങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളിലുണ്ടെങ്കില്‍ പാര്‍ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നടപടി സ്വീകരിക്കും. പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി ബോധപൂര്‍വം ആക്ഷേപമുന്നയിച്ച് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെയും പ്രത്യേകമായി  പരിശോധിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് അഞ്ചുമാസത്തിനകം സ്വീകരിച്ച ഭരണനടപടികള്‍ ജനങ്ങളില്‍ വലിയ മതിപ്പാണ് സൃഷ്ടിച്ചത്. മുന്‍ സര്‍ക്കാരിന്റെകാലത്ത് ഒരു നടപടിയും സ്വീകരിക്കാത്ത സംഭവങ്ങളെല്ലാം ഇപ്പോള്‍ പരാതിയായി ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. അത്തരം കേസുകളിലിടപെട്ട് നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനുള്ള ധീരമായ നടപടിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത് ചെയ്തിട്ടും മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും അവഹേളിക്കുംമട്ടില്‍ ചിലര്‍ പ്രചാരണം നടത്താന്‍ ഔത്സുക്യം പ്രകടിപ്പിക്കുകയാണ്. യുഡിഎഫ് ഭരണകാലത്താകട്ടെ സമാനമായ പരാതികള്‍ അന്വേഷിച്ചില്ലെന്നുമാത്രമല്ല കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് ചെയ്തത്. കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പ്, സോളാര്‍ കുംഭകോണം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍ നേര്‍സാക്ഷികളായുണ്ട്.

ആ ശൈലിയല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റേത് എന്നതുകൊണ്ടാണ് വടക്കാഞ്ചേരിയിലെ സിപിഎ എം നഗരസഭാകൌണ്‍സിലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ കര്‍ശനമായ അന്വേഷണനടപടികള്‍ സ്വീകരിച്ചത്. സ്ത്രീപീഡന ആക്ഷേപം ഒരു വനിതാ ഐപിഎസ് ഓഫീസര്‍ അന്വേഷിക്കുകയാണ്. ഈ കേസ് നേരത്തെ കൈകാര്യംചെയ്തതില്‍ വീഴ്ചസംഭവിച്ചോ എന്നന്വേഷിക്കാന്‍ വനിതാ എഡിജിപിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതെല്ലാം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് ഭരണം വ്യത്യസ്തമാണെന്ന് ബോധ്യപ്പെടുത്തുന്നു. എന്നിട്ടും കേരളം സ്ത്രീപീഡകരുടെ പറുദീസയായിരിക്കുന്നുവെന്നും ദിവസേന ദ്രൌപദിമാര്‍ വസ്ത്രാക്ഷേപത്തിന് വിധേയരാകുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആക്ഷേപം ഉന്നയിക്കുന്നു. എത്രവേഗമാണ് മുന്‍ ആഭ്യന്തരമന്ത്രിയായ ചെന്നിത്തലയ്ക്ക് മറവിരോഗം പിടിപെട്ടത്. അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ നടന്ന സംഭവങ്ങളും അവയോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളും ചെന്നിത്തല മറന്നാലും കേരളജനത മറക്കില്ല. അന്ന് ദുശ്ശാസനഭരണമായിരുന്നല്ലോ കേരളത്തില്‍. ദുശ്ശാസനന്മാരുടെ ലിസ്റ്റ് സരിതാനായര്‍ സോളാര്‍ കമീഷന് വിവരിച്ചിട്ടുണ്ടല്ലോ. അന്നത്തെ ഭരണകക്ഷി എംഎല്‍എക്കെതിരെ സരിതയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റോ തുടര്‍നടപടികളോ ഉണ്ടായില്ലല്ലോ. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ആര്‍ജവംപോലും കെപിസിസി സ്വീകരിച്ചില്ലല്ലോ.

ഈ സമീപനമല്ല വടക്കാഞ്ചേരി വിഷയത്തില്‍ സിപിഐ എം സ്വീകരിച്ചത്. ഈ വ്യത്യസ്തത അംഗീകരിക്കുന്നതിനുപകരം സിപിഐ എമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ആസൂത്രിതശ്രമം ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. സ്ത്രീപീഡന ആക്ഷേപത്തിന് വിധേയനായ കൌണ്‍സിലറെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആക്ഷേപങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കേരളത്തെ ഞെട്ടിച്ച എത്രയോ സംഭവങ്ങള്‍ യുഡിഎഫ് ഭരണകാലത്ത് നടന്നു. അതിന്മേല്‍ എന്തെങ്കിലും നടപടി അന്നത്തെ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നോ? ബാര്‍ കോഴ ഇടപാടില്‍ മദ്യമുതലാളിമാരുടെ സംഘടന സംഭരിച്ച 20 കോടി രൂപയില്‍ ഒരു കോടി രൂപ മാണിക്ക് കൈമാറിയെന്നും ബാക്കി തുക ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് കൊടുത്തെന്നും ബാര്‍ ഉടമാസംഘം വെളിപ്പെടുത്തി. പരാതി സര്‍ക്കാരിനും നല്‍കി. ഉമ്മന്‍ചാണ്ടി, കെ ബാബു, രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍ തുടങ്ങിയവരെല്ലാം ആക്ഷേപവിധേയരായി. ഇതേപ്പറ്റി അന്വേഷണം നടത്താന്‍ കെപിസിസി തയ്യാറായോ? സോളാര്‍തട്ടിപ്പിന് വിധേയനായ ശ്രീധരന്‍നായര്‍ എന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ട് അത് മുക്കിയില്ലേ? അഴിമതി, സദാചാരവിരുദ്ധത തുടങ്ങിയവയില്‍ കോണ്‍ഗ്രസിനെപ്പോലെതന്നെയാണ് ബിജെപി നേതൃത്വത്തിന്റെയും സമീപനം. വിവിധ സംസ്ഥാനങ്ങളില്‍ ആക്ഷേപവിധേയരെ സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി. എന്നിട്ട് ആ കോണ്‍ഗ്രസും ബിജെപിയും അവരുടെ മുന്നണികളും മൂല്യസംരക്ഷണത്തിന് നിലകൊള്ളുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും സിപിഐ എമ്മിനെതിരെയും  ആക്ഷേപപ്പുക പരത്താനുള്ള ആയുധങ്ങളാക്കി സമീപസമയത്ത് ഉയര്‍ന്നുവന്ന ഏതാനും ആക്ഷേപങ്ങളെ ഉപയോഗിക്കുകയാണ്. ഇത്തരം ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ തിരിച്ചറിയും.

12-Nov-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More