നവകേരളത്തിന്റെ നാന്ദി

കേരള വികസനത്തിന്റെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്കുള്ള പ്രായോഗിക ബദലുകളാണ് ഈ കര്‍മപദ്ധതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാലിന്യ നിര്‍മാര്‍ജനം, ജൈവകൃഷി വ്യാപനം പോലുള്ള കാര്യങ്ങളില്‍ അവര്‍ ഇടപെടാതിരുന്നപ്പോള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍കൈയിലും സഹകരണപ്രസ്ഥാനങ്ങളുടെ പിന്തുണയിലും പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും കരുത്തിലുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാം നടത്തിയത്. ഇപ്പോഴാകട്ടെ കേരളത്തിലൊരു ജനകീയ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്.  കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഒരു അധ്യായത്തിന്റെ ആരംഭമാണ് പ്രഖ്യാപിക്കുന്നത്. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ പാര്‍ടിയും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.

നവകേരളമിഷനിലൂടെ കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ ഒരു അധ്യായം രചിക്കപ്പെടുകയാണ്. കേരളത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതും മനുഷ്യജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നതുമായ ഇടതുപക്ഷ വികസന പരിപ്രേക്ഷ്യത്തിന്റെ പ്രായോഗികരൂപമാണ് നവകേരള മിഷന്‍. അതിന് തുടക്കം കുറിക്കാന്‍ പോകുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. കേരള പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയ നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന കേരള വികസന നയമാണ് ഇതിലൂടെ നടപ്പാക്കാന്‍ പോകുന്നത്. 

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ, ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ (ആര്‍ദ്ര മിഷന്‍), സമഗ്ര വിദ്യാഭ്യാസ നവീകരണം, ഹരിത കേരളം എന്നിങ്ങനെ നാലു പദ്ധതിയാണ് നവകേരള മിഷനിലൂടെ നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിജയം ധനനീക്കിയിരിപ്പിലൂടെ മാത്രം സാധിക്കുന്നതല്ല. അതിനായി വളരെയേറെ മാനുഷിക ശേഷിയും ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെയും രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളെയും സംഘടനകളെയും വിവിധ മേഖലകളില്‍ വൈദഗ്ധ്യം ആര്‍ജിച്ച വ്യക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുക എന്നത് നീണ്ടകാലമായി കേരളത്തില്‍ ചര്‍ച്ചചെയ്യുന്ന ആവശ്യങ്ങളിലൊന്നാണ്. എന്നാല്‍, പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് നാളിതുവരെ സാധിച്ചിട്ടില്ല. പലവിധ പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ അതിനൊന്നിനും പ്രഖ്യാപിത ലക്ഷ്യങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണങ്ങളെക്കുറിച്ച് ഇവിടെ വിശകലനം ചെയ്യുന്നില്ല. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) കേവലമായ ഭവനനിര്‍മാണ പദ്ധതിയല്ല. പാര്‍പ്പിട സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്ന എല്ലാത്തരം സേവനങ്ങളും ഗുണമേന്മയോടെ ലഭ്യമാക്കും. അതുവഴി ഭൌതികസാഹചര്യങ്ങളുടെ അപര്യാപ്തതമൂലം പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ പൊതുധാരയിലെത്തിക്കും. ഭൂമിയുള്ളവര്‍ക്കു മാത്രമല്ല ഭൂമിയില്ലാത്തവര്‍ക്കും ഇതിലൂടെ വാസസ്ഥലം ലഭ്യമാക്കും. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും തീരദേശത്തും തോട്ടം മേഖലകളിലും തൊഴിലെടുക്കുന്നവര്‍ക്കും ഇതിലൂടെ സ്ഥിരം പാര്‍പ്പിടസംവിധാനം ഉറപ്പുവരുത്തും. അതുവഴി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയും ഉയര്‍ന്ന ജീവിതസൌകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന പദ്ധതി കൂടിയായിരിക്കും.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഭൌതിക സാഹചര്യങ്ങളുടെ അപര്യപ്തതയാല്‍ കിതച്ചു നില്‍ക്കുകയാണ്. അതിനൊരു മാറ്റമുണ്ടാകണമെന്നത് പൊതുസമൂഹത്തിന്റെ ആകെ ആഗ്രഹമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യപരിപാലന സൌകര്യങ്ങളില്‍ കേരളം വളരെയേറെ മുന്നിലാണ്. ഈ മേഖലയില്‍ മുന്‍കാലങ്ങളില്‍ നടത്തിയ ജനകീയ ഇടപെടലിന്റെയും സര്‍ക്കാര്‍ നിക്ഷേപത്തിന്റെയും ഫലമാണിത്. എന്നാല്‍, ഇന്ന് നവഉദാരവല്‍ക്കരണത്തിന്റെ ഫലമായി ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ സംവിധാനം ദുര്‍ബലമാകുകയും സ്വകാര്യമൂലധനം വിസ്തൃതമാകുകയും ചെയ്തിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ഭൂരിപക്ഷവും കച്ചവടലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതശരീരം വിട്ടുകൊടുക്കുന്നതിനു പോലും വിലപേശലുകള്‍ നടത്തുന്നതായ വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. മാനദണ്ഡങ്ങളില്ലാത്ത ഫീസ് നിരക്കുകളും പണത്തിന്റെ പിടിച്ചുപറിയുമാണ് ഇവിടങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇക്കാരണങ്ങളാല്‍തന്നെ സമൂഹത്തിലെ പിന്നണിയില്‍ കിടക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വന്‍കിട സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ സൌകര്യങ്ങള്‍ അപ്രാപ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളാകട്ടെ ചികിത്സാ രംഗത്തെ ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഒരുക്കാത്തതിന്റെ ഫലമായി അവിടങ്ങളില്‍ മികച്ചനിലയില്‍ രോഗനിര്‍ണയവും ചികിത്സയും നടത്താന്‍ കഴിയുന്നില്ല. നഗരകേന്ദ്രങ്ങളിലെ ചുരുക്കം ചില ആശുപത്രികള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഡോക്ടര്‍മാരുടെ ലഭ്യതയും കുറവാണ്. ഈ സ്ഥിതിവിശേഷത്തെ മാറ്റിയെടുക്കണമെങ്കില്‍ ഒരു പുതിയ സാമൂഹ്യ അവബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

കേരളീയ പൊതുവിദ്യാഭ്യാസ മേഖല ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യാനാകാത്ത മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി ഏറെക്കുറെ എല്ലാ കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നവഉദാരവല്‍ക്കരണ സാമ്പത്തികനയവും കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളും ഈ മേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ രൂപപ്പെടുത്തുകയാണ്. വിദ്യാഭ്യാസത്തെ കേവലം വില്‍പ്പനച്ചരയ്ക്കായി മാത്രം കാണുന്ന കമ്പോള കാഴ്ച്ചപ്പാടിനെ ജനകീയ ഇടപെടലിലൂടെ ചെറുക്കാന്‍ സാധിക്കേണ്ടതുണ്ട്. അതിന് സമഗ്രമായ ഒരു വിദ്യാഭ്യാസ നവീകരണ പദ്ധതി ആവശ്യമാണ്. അതുതന്നെയാണ് നവകേരളമിഷനിലെ മറ്റൊരു അജന്‍ഡയായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. ജാതി-മത ശക്തികളുടെ ഇടപെടലിനാല്‍ വിഷമയമായി മാറിയിരിക്കുന്ന മേഖലയാണിത്. കേരളീയ ജനാധിപത്യസമൂഹം രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി നമ്മുടെ മതനിരപേക്ഷ സാമൂഹ്യ കൂട്ടായ്മകളെ ദുര്‍ബലപ്പെടുത്തും. മാതൃഭാഷ സംരക്ഷണത്തിനും പൊതുവിദ്യാഭ്യാസം പ്രധാനമാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് അറുതിവരുത്താന്‍ കഴിയണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്താല്‍  മികച്ച അധ്യാപകരാണ് പൊതുവിദ്യാലയങ്ങളിലുള്ളത്. എന്നാല്‍, പൊതുവിദ്യാലയങ്ങളുടെ ഭൌതികവും അക്കാദമികവുമായ നിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മതനിരപേക്ഷ ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കുന്നതിന് പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തണം. അതിനായി ആധുനിക പഠനസൌകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുകയും മെച്ചപ്പെട്ട പഠനാന്തരീക്ഷം പ്രദാനം ചെയ്യുകയും വേണം.

കേരളീയ വികസന പരിപ്രേക്ഷ്യത്തിന്റെ ആണിക്കല്ലായി കിടക്കുന്നത് അതിന്റെ പാരിസ്ഥിതിക വീക്ഷണമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ നമുക്ക് വിലകൊടുത്ത് വാങ്ങാനോ പുനഃസൃഷ്ടിക്കാനോ സാധ്യമല്ലാത്തതാണ്. പാരിസ്ഥിതിക മൌലികവാദം അംഗീകരിക്കാനാകില്ല. എന്നാല്‍, പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതും പ്രകൃതിയോട് പടവെട്ടി വളര്‍ന്ന മനുഷ്യന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും കൂടിയുള്ളതാണ്. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടു കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രസ്തുത മേഖലയില്‍ ഇടപെടുന്നത്.

പാരിസ്ഥിതിക സംരക്ഷണം ആരോഗ്യവിദ്യാഭ്യാസ മേഖലകളുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനം, അതുസംബന്ധിച്ച പൊതുഅവബോധം രൂപപ്പെടുത്തല്‍, പരിസര ശുചിത്വം ഇതൊക്കെ ഇതില്‍ ഉള്‍പ്പെടും. വിഷമയമായ ഭക്ഷ്യസാധനങ്ങളാണ് ഇന്നത്തെ മാര്‍ക്കറ്റില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് തദ്ദേശീയമായ കാര്‍ഷിക വികസനത്തിനായുള്ള ഇടപെടല്‍ ആവശ്യമാണ്. പരിസര ശുചീകരണത്തിന്റെയും ജൈവപച്ചക്കറിയുടെയും ജനകീയ ക്യാമ്പയിനുകളിലെ അനുഭവം ഇതിനെ ശക്തിപ്പെടുത്തും. കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമവും ഇതിന്റെ ഭാഗമായി ഉണ്ടാകും. വരാന്‍ പോകുന്ന രൂക്ഷമായ വരള്‍ച്ചയെ നേരിടുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളും ഇതിലുണ്ടാകും. നദികള്‍, കായലുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കുന്നതിന് പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

കേരള വികസനത്തിന്റെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്കുള്ള പ്രായോഗിക ബദലുകളാണ് ഈ കര്‍മപദ്ധതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാലിന്യ നിര്‍മാര്‍ജനം, ജൈവകൃഷി വ്യാപനം പോലുള്ള കാര്യങ്ങളില്‍ അവര്‍ ഇടപെടാതിരുന്നപ്പോള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍കൈയിലും സഹകരണപ്രസ്ഥാനങ്ങളുടെ പിന്തുണയിലും പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും കരുത്തിലുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാം നടത്തിയത്. ഇപ്പോഴാകട്ടെ കേരളത്തിലൊരു ജനകീയ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്.  കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഒരു അധ്യായത്തിന്റെ ആരംഭമാണ് പ്രഖ്യാപിക്കുന്നത്. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ പാര്‍ടിയും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.

08-Dec-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More