എവിടെയാണ് കോണ്‍ഗ്രസിന്റെ ഇരിപ്പിടം?

കേരളത്തിലെ കോണ്‍ഗ്രസ് മൂന്നോ അതിലധികം ഗ്രൂപ്പുകളുടെയോ ഫെഡറേഷനാണ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ സജീവം. ഇതില്‍ ഏത് ഗ്രൂപ്പ് നയിക്കുന്ന നേതാവിനാണ് അപ്രമാദിത്വം എന്ന തര്‍ക്കം രൂക്ഷമാണ്. ഈ ഗ്രൂപ്പ് ഏറ്റുമുട്ടല്‍ ക്രമസമാധാനപ്രശ്നമാകുമെന്നും ചോരപ്പുഴയൊഴുകുമെന്നും ഭയപ്പെട്ടാണ് സംഘടനാതെരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷന്‍ സമ്പ്രദായം കോണ്‍ഗ്രസില്‍ നടപ്പാക്കുന്നത്. ആഭ്യന്തര ജനാധിപത്യമില്ലാത്ത പാര്‍ടികളായി കോണ്‍ഗ്രസും ബിജെപിയും നിലനില്‍ക്കുകയാണ്. വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതും കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതും നോമിനേഷനിലൂടെയാണ്. എന്നാല്‍, സിപിഐ എമ്മാകട്ടെ സംഘടനാതെരഞ്ഞെടുപ്പും ഉള്‍പ്പാര്‍ടി ജനാധിപത്യവും പുലര്‍ത്തുന്നു. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പാര്‍ടിയുടെ ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ടി കോണ്‍ഗ്രസുവരെ നടത്തി രാഷ്ട്രീയ സംഘടനാചര്‍ച്ചകള്‍ക്കുപുറമെ ഉള്‍പ്പാര്‍ടി ജനാധിപത്യത്തിലൂടെ ഓരോ കമ്മിറ്റിയെയും ആ കമ്മിറ്റികള്‍ ചേര്‍ന്ന് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കുന്നു. സംഘടനയ്ക്കുള്ളില്‍ ജനാധിപത്യമില്ലാത്ത കോണ്‍ഗ്രസും ബിജെപിയും സിപിഐ എമ്മിനെ  ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്നത് അപഹാസ്യമാണ്.

പരിഹരിക്കാനാകാത്ത പ്രതിസന്ധി കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുകയാണ്. ദേശീയമായി നേരിടുന്ന തകര്‍ച്ചയും കേന്ദ്രത്തിലും മൂന്നിടത്തൊഴികെയുള്ള സംസ്ഥാനങ്ങളിലും ഭരണത്തില്‍നിന്ന് തുടച്ചുമാറ്റപ്പെട്ടതും ഈ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘടനാതലത്തില്‍മാത്രം നടത്തുന്ന മിനുക്കുപണികള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല ഈ വിഷയം. അതിനപ്പുറമുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ ഇളക്കിപ്രതിഷ്ഠ നടത്തിയ കോണ്‍ഗ്രസ് നടപടിയെ കാണേണ്ടത്. ഇരുമ്പ് വിഴുങ്ങിയതിന് ചുക്കുവെള്ളം പ്രതിവിധിയെന്ന് ധരിക്കുമ്പോലെയുള്ള ഒരു തമാശമാത്രമാണ് ഡിസിസി പ്രസിഡന്റുമാരുടെ മാറ്റംകൊണ്ട് പ്രതിസന്ധിയില്‍നിന്ന് കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നു കരുതുന്നത്.

തലമുറകളുടെ മാറ്റം, മെറിറ്റ് നിയമനം, ഗ്രൂപ്പില്ലാത്ത നടപടി തുടങ്ങിയ സവിശേഷതകള്‍ ഡിസിസി പ്രസിഡന്റുമാരുടെ ഇളക്കിപ്രതിഷ്ഠയിലുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറയുന്നത്. ഡിസിസി ഭാരവാഹി നിയമനം കോണ്‍ഗ്രസ് പാര്‍ടിയുടെ ആഭ്യന്തരകാര്യമാണ്. അതിന്റെ ഉള്ളുകളികളെപ്പറ്റി ഞങ്ങളാരും അഭിപ്രായം പറയേണ്ട കാര്യമില്ല. പക്ഷേ, 125 വര്‍ഷത്തിലധികം പാരമ്പര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപാര്‍ടിയെന്ന് സ്വയംവിശേഷണം ചാര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചെറിയൊരു ലജ്ജയെങ്കിലുംവേണം. കാരണം, ഡല്‍ഹിയില്‍ അമ്മയോ മകനോ തിരുവായ്ക്ക് എതിര്‍വായില്ലാതെ കല്‍പ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ്. അങ്ങനെയാണ് സംസ്ഥാനത്തെ 14 ജില്ലയിലും നിലവിലുള്ള കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ പുറത്താകുകയും പുതിയ പ്രസിഡന്റുമാര്‍ അവരോധിക്കപ്പെടുകയും ചെയ്യുന്നത്.

നവംബര്‍ എട്ടിന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് തന്നിഷ്ടപ്രകാരം അസാധുവാക്കി. ഇതിലൂടെ ഒരു സാമ്പത്തിക അടിയന്തരാവസ്ഥ രാജ്യത്തിനുമേല്‍ ഏകാധിപത്യരീതിയില്‍ അടിച്ചേല്‍പ്പിച്ചു. ഒരു രാത്രയിലെ മോഡിയുടെ ചെയ്തിയുടെ അതേ രീതിയിലാണ് മറ്റൊരു രാത്രി 14 ഡിസിസി പ്രസിഡന്റുമാരെ ഒറ്റ ഉത്തരവിലൂടെ മാറ്റിയത്. ഇതേത്തുടര്‍ന്ന് കെട്ടിയിറക്കുന്നവര്‍ വേണോ സംഘടനയ്ക്കുള്ളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ വേണോ എന്ന ചോദ്യം കോണ്‍ഗ്രസില്‍ സജീവചര്‍ച്ചയായിരിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ അടക്കം സംഘടനാതെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ഉന്നയിച്ചിരിക്കുന്നുവെന്നാണ് മാധ്യമവാര്‍ത്തകള്‍. ഇതിനുപിന്നാലെ സഹകരണമേഖലാ പ്രതിസന്ധിക്കെതിരെ ഡല്‍ഹിയില്‍ യുഡിഎഫ് നടത്തിയ പ്രതിഷേധ ധര്‍ണയില്‍നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനിന്നത് വിവാദമായി. ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ തന്റെ ഗ്രൂപ്പിനെ അവഹേളിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് ധര്‍ണയില്‍നിന്ന് വിട്ടുനിന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് മൂന്നോ അതിലധികം ഗ്രൂപ്പുകളുടെയോ ഫെഡറേഷനാണ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ സജീവം. ഇതില്‍ ഏത് ഗ്രൂപ്പ് നയിക്കുന്ന നേതാവിനാണ് അപ്രമാദിത്വം എന്ന തര്‍ക്കം രൂക്ഷമാണ്. ഈ ഗ്രൂപ്പ് ഏറ്റുമുട്ടല്‍ ക്രമസമാധാനപ്രശ്നമാകുമെന്നും ചോരപ്പുഴയൊഴുകുമെന്നും ഭയപ്പെട്ടാണ് സംഘടനാതെരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷന്‍ സമ്പ്രദായം കോണ്‍ഗ്രസില്‍ നടപ്പാക്കുന്നത്. ആഭ്യന്തര ജനാധിപത്യമില്ലാത്ത പാര്‍ടികളായി കോണ്‍ഗ്രസും ബിജെപിയും നിലനില്‍ക്കുകയാണ്. വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതും കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതും നോമിനേഷനിലൂടെയാണ്. എന്നാല്‍, സിപിഐ എമ്മാകട്ടെ സംഘടനാതെരഞ്ഞെടുപ്പും ഉള്‍പ്പാര്‍ടി ജനാധിപത്യവും പുലര്‍ത്തുന്നു. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പാര്‍ടിയുടെ ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ടി കോണ്‍ഗ്രസുവരെ നടത്തി രാഷ്ട്രീയ സംഘടനാചര്‍ച്ചകള്‍ക്കുപുറമെ ഉള്‍പ്പാര്‍ടി ജനാധിപത്യത്തിലൂടെ ഓരോ കമ്മിറ്റിയെയും ആ കമ്മിറ്റികള്‍ ചേര്‍ന്ന് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കുന്നു. സംഘടനയ്ക്കുള്ളില്‍ ജനാധിപത്യമില്ലാത്ത കോണ്‍ഗ്രസും ബിജെപിയും സിപിഐ എമ്മിനെ  ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്നത് അപഹാസ്യമാണ്.

ഡിസിസിക്ക് പുതിയ പ്രസിഡന്റുമാരെ നാമനിര്‍ദേശത്തിലൂടെ അവരോധിച്ചതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് പലയിടത്തും പ്രശ്നങ്ങളുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. പക്ഷേ, ഇത്തരം നോമിനേഷന്‍കൊണ്ട് കോണ്‍ഗ്രസ് നേരിടുന്ന തകര്‍ച്ച തടയാനാകില്ല. മന്‍മോഹന്‍സിങ്ങിന്റെ രണ്ടാം യുപിഎ സര്‍ക്കാരും ഉമ്മന്‍ചാണ്ടി ഭരണവും അഴിമതി, ജനവിരുദ്ധത എന്നിവയാല്‍ കരകയറാനാകാത്തവിധം ജനങ്ങളില്‍നിന്ന് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി. ദേശീയമായി കോണ്‍ഗ്രസിന്റെ തകര്‍ച്ചയും കേന്ദ്രത്തില്‍ ഭരണമില്ലാത്തതും സംസ്ഥാനത്തെ യുഡിഎഫിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ സ്ഥാപകരിലൊരാളായ കെ എം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ നയിച്ച കോണ്‍ഗ്രസും യുഡിഎഫും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ടു. ഇതുവരെ കേരള രാഷ്ട്രീയം ചലിച്ചത് എല്‍ഡിഎഫ്, യുഡിഎഫ് എന്ന ദ്വന്ദത്തിലായിരുന്നെങ്കില്‍ ബിജെപി നയിക്കുന്ന ഹിന്ദുത്വശക്തികളും കളത്തില്‍ പ്രവേശിച്ചിരിക്കുന്നു.

യുഡിഎഫ് സഹായത്താല്‍ ലഭിച്ച ഒരു നിയമസഭാസീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല ചില മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ട് ശതമാനംകൂടി ചേരുമ്പോള്‍ അപകടസൂചന വ്യക്തമാണ്. ഹിന്ദുത്വശക്തികളുടെ അപകടം തടഞ്ഞുനിര്‍ത്തുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം നയിക്കുന്ന എല്‍ഡിഎഫിന്റെ ഉള്‍ക്കരുത്തുള്ള രാഷ്ട്രീയനിലപാടും പ്രവര്‍ത്തനശൈലിയുംകൊണ്ടാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്താണെന്നും ബിജെപി മുന്നണിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്നും ഉമ്മന്‍ചാണ്ടിയും മറ്റും ആവര്‍ത്തിച്ച് പ്രസംഗിച്ചിരുന്നു. ഇതിലൂടെയെല്ലാം ബിജെപിക്കും എന്‍ഡിഎയ്ക്കും വിശ്വാസ്യത പകരുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇത് തുറന്നുകാണിക്കാനും ആര്‍എസ്എസ് വിപത്തിനെതിരെ കരുത്തുറ്റ പോരാട്ടം നടത്താനും എല്‍ഡിഎഫ് അന്നും ഇന്നും മുന്നിലുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്നു. നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്ന് പാഠംപഠിക്കാതെ പഴയ വിമോചന രാഷ്ട്രീയത്തിന്റെ വാലില്‍ത്തൂങ്ങുകയാണ് വി എം സുധീരനും മറ്റ് നേതാക്കളും. കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ സുധീരന്‍ മുന്നില്‍വരുമ്പോള്‍ അതിനെ മറികടക്കാനുള്ള കോപ്രായത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കേരളം പുരോഗമനപരമായ ദിശയിലേക്ക് പ്രയാണം ചെയ്യുകയാണ്. എന്നാല്‍, അതിന് വിലങ്ങുതടി തീര്‍ക്കുകയാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരും സംഘപരിവാറും. ഈ കാവി ഇടംകോലിടല്‍ശക്തികള്‍ക്ക് കരുത്തുപകരുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. കേരളത്തിലെ ആരോഗ്യസംരക്ഷണമേഖലയിലെ ഉന്നതകേന്ദ്രമായി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കേരളത്തിന് അനുവദിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത് അടക്കമുള്ള നടപടികള്‍ കേരളത്തോടുള്ള ദ്രോഹമാണ്. ഉന്നത നിലവാരത്തിലുള്ള ശുശ്രൂഷയ്ക്കൊപ്പം ആരോഗ്യരംഗത്തെ സമഗ്രപഠനത്തിനും ഗവേഷണത്തിനും ഉപകരിക്കുന്ന സ്ഥാപനമാണ് എയിംസ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതിനുവേണ്ടിയുള്ള സമ്മര്‍ദമുയര്‍ന്നത്. അന്നും അതിനുശേഷം എന്‍ഡിഎ സര്‍ക്കാരും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് സമ്മതിച്ചതാണ്. അനുയോജ്യമായി നാല് കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. കേരളത്തിന്റെ കാര്യം പരിഗണിക്കുമെന്ന് പാര്‍ലമെന്റിലും ഉറപ്പുനല്‍കിയതാണ്. കേരളസര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചിരുന്നു. അതെല്ലാം ജലരേഖകളാക്കി മാറ്റി  എയിംസ് കേരളത്തിന് അനുവദിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധിക്കാരപരമാണ്.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് ഇന്ത്യയിലെ സാധാരണക്കാരും ഇടത്തരക്കാരും ദുരിതക്കയത്തിലാണ്. നോട്ട് അസാധുവാക്കിയതിനുശേഷമുള്ള പണഞെരുക്കവും വരുമാനനഷ്ടവും സാമ്പത്തികമാന്ദ്യവും ജനങ്ങള്‍ക്കെന്നപോലെ സര്‍ക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലാകട്ടെ നമ്മുടെ ജനജീവിതത്തിന്റെ നാഡീഞരമ്പായ സഹകരണമേഖലയെ മുച്ചൂടും തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ഇതിനെതിരെ ബിജെപിയുടെ ഒരംഗമൊഴികെ നിയമസഭ ഒന്നായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും യോജിച്ച പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനും നിശ്ചയിച്ചു. എന്നാല്‍, കോണ്‍ഗ്രസിലെ പടലപ്പിണക്കവും സുധീരാദികള്‍ പുലര്‍ത്തുന്ന വിമോചനസമര രാഷ്ട്രീയവും കാരണം യോജിച്ച പ്രക്ഷോഭത്തില്‍നിന്ന് കോണ്‍ഗ്രസും യുഡിഎഫും പിന്മാറി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തപ്പോള്‍ ആ ഹര്‍ത്താലിനെ ബിജെപിക്കൊപ്പംനിന്ന് എതിര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്്.

സഹകരണമേഖല നശിച്ചാല്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയാണ് തകരുന്നത് എന്ന ബോധംപോലുമില്ലാതെയാണ് സങ്കുചിതമായ കമ്യൂണിസ്റ്റ്വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ഇതിന്റെ അപകടം തിരിച്ചറിയാന്‍ യുഡിഎഫിലെ മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ തയ്യാറാകുമോ? നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിലൂടെ ഹിന്ദുത്വശക്തികളുടെ വലതുപക്ഷ-യാഥാസ്ഥിതിക ഏകീകരണം ദേശീയമായി ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന് കോര്‍പറേറ്റുകള്‍ ഇന്ധനം പകരുകയും ചെയ്യുന്നു. വാജ്പോയി അധികാരത്തിലിരുന്നപ്പോള്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലായിരുന്നു. ഇന്ന് തനിച്ച് ഭൂരിപക്ഷമുണ്ട്. ഇതുകാരണം ഹിന്ദുത്വ അജന്‍ഡ തീവ്രമാക്കി. എല്ലാ മേഖലയിലും ആര്‍എസ്എസ് പിടിമുറുക്കുന്നു. തീവ്രവര്‍ഗീയത സൃഷ്ടിച്ച് നാട്ടില്‍ വര്‍ഗീയചേരിതിരിവ് വളര്‍ത്തുന്നു. എല്ലായിടങ്ങളിലും ജനാധിപത്യ കശാപ്പും നടത്തുന്നു. ഇതിന്റെ ദൃഷ്ടാന്തമായിരുന്നു ഭോപാലില്‍ കേരളീയരുടെ പൊതുസ്വീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നതിനെ തടഞ്ഞ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടി. രാഷ്ട്രീയവിയോജിപ്പുള്ള മുഖ്യമന്ത്രിമാര്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൌരാവകാശം നിഷേധിക്കുമെന്നത് മോഡി ഭരണത്തിലെ സംഘപരിവാറിന്റെ ദേശീയനയമായി മാറിയിരിക്കുന്നുവെന്നുവേണം കരുതാന്‍.

ജനാധിപത്യനിഷേധത്തിലും തീവ്രവര്‍ഗീയത സൃഷ്ടിച്ച് നാട്ടില്‍ വര്‍ഗീയചേരിതിരിവ് വളര്‍ത്തുന്നതിനുമെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കാനാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. ഇത് ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് പൂര്‍ണപരാജയമാണ്. എന്ത് രാഷ്ട്രീയനിലപാടെടുത്താലും അത് ബിജെപിക്കും ആര്‍എസ്എസിനും അലോസരമുണ്ടാകരുതെന്ന കാര്യത്തില്‍ അമിതമായ ശ്രദ്ധ സുധീരനും രമേശ് ചെന്നിത്തലയും നയിക്കുന്ന കോണ്‍ഗ്രസ് സ്വീകരിക്കുകയാണ്.നിരവധി തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഒന്നിച്ചാാേ ഘടകകക്ഷികള്‍ വെവ്വേറെയോ ബിജെപിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് മാന്യത നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസും ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുഡിഎഫും ചെയ്യുന്നത്. ഇതിനെതിരായ പ്രതിഷേധം മുസ്ളിംലീഗ്, ജെഡിയു തുടങ്ങിയ കക്ഷികള്‍ക്കുള്ളില്‍നിന്ന് ഉയര്‍ന്നുവരുമെന്ന് ഞങ്ങള്‍ കരുതുന്നു. കോണ്‍ഗ്രസിലെതന്നെ മതനിരപേക്ഷ ബോധമുള്ളവര്‍ നേതൃത്വത്തിന്റെ നിലപാടിനെ ചോദ്യംചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നു.

കേരളത്തിലെ സഹകരണമേഖലയുടെ രക്ഷയ്ക്കും നോട്ട് അസാധുവാക്കലെന്ന രാഷ്ട്രീയതട്ടിപ്പിനെതിരെയും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 29ന് മനുഷ്യച്ചങ്ങല തീര്‍ക്കുകയാണ്. നാടിനോട് സ്നേഹമുണ്ടെങ്കില്‍ ഈ സംരംഭവുമായി സഹകരിക്കാനും കൈകോര്‍ക്കാനും കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വങ്ങള്‍ തയ്യാറാകും. അവരത് ചെയ്യുന്നില്ലെങ്കില്‍ ആ പ്രസ്ഥാനങ്ങളിലെ വിവേകശാലികളായ പ്രവര്‍ത്തകര്‍ അത് ചെയ്യും.

16-Dec-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More