ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ കേരളം തിരിച്ചറിയും

ഇന്ത്യയുടെ മഹത്തായ സമ്പത്താണ് എം ടി വാസുദേവന്‍നായര്‍. എം ടിയുടെ ഏത് കഥയിലാണ്, ഏത് നോവലിലാണ്, ഏത് തിരക്കഥയിലാണ് ദേശദ്രോഹമുള്ളത്. എല്ലാത്തിലും ജീവിതത്തിന്റെ തുടിപ്പാണുള്ളത്. 59 വര്‍ഷംമുമ്പ് എം ടി രചിച്ച ആദ്യനോവലായ 'നാലുകെട്ടു'തന്നെ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. തുടര്‍ന്ന് അസുരവിത്ത്, അറബിപ്പൊന്ന്, മഞ്ഞ്, രണ്ടാമൂഴം തുടങ്ങി എത്രയെത്ര നോവലുകള്‍. മുറപ്പെണ്ണ്, നിഴലാട്ടം, നഗരമേ നന്ദി, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, പെരുന്തച്ചന്‍, സുകൃതം ഇങ്ങനെ എത്രയെത്ര തിരക്കഥകള്‍. കഥകളാകട്ടെ ലോകനിലവാരത്തോളം ഉയരുന്നവയും എത്രയെത്ര. എത്രമാത്രം ഉദാരമായ മാനവീയഭാവങ്ങളാണ് ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയത്. എം ടിയുടെ ഓരോ കഥകളിലും ജീവിതത്തിന്റെ തുടിപ്പാണ് ദര്‍ശിക്കുന്നത്. ഇത്തരം സാഹിത്യഗോപുരങ്ങളെ തല്ലിത്തകര്‍ക്കാനുള്ള കാവിപ്പടയുടെ ശ്രമമാണ് ദേശദ്രോഹം. കലബുര്‍ഗിമാരെയും പന്‍സാരെമാരെയും തീര്‍ത്ത ചോരക്കറയുള്ള സംഘപരിവാറിന്റെ ആയുധം കേരളത്തിന്റെ മണ്ണില്‍ ഉയര്‍ത്താന്‍ കാവിപ്പടയെ പ്രബുദ്ധകേരളം സമ്മതിക്കില്ല.

കോട്ടയത്ത് ചേര്‍ന്ന ബിജെപിയുടെ സംസ്ഥാന കൌണ്‍സില്‍ യോഗത്തിന് പതിവില്‍ കവിഞ്ഞ മാധ്യമശ്രദ്ധ ഇക്കുറി കിട്ടി. കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിന് യോജിക്കാത്ത കടുത്ത അസഹിഷ്ണുത ഇവിടത്തെ സംഘപരിവാര്‍ നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ച് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കിയതും ഇതിന് കാരണമായി. നോട്ടുനിരോധത്തിലെ യുക്തിരാഹിത്യം ചോദ്യംചെയ്ത മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍നായരെയും ദേശീയഗാന വിഷയത്തില്‍ സംഘപരിവാറിന്റെ കപടദേശീയതയോട് വിയോജിച്ച ചലച്ചിത്രകാരന്‍ കമലിനെയും ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ കാട്ടുകടന്നലുകളെപ്പോലെ കടന്നാക്രമിച്ചു. ഇത് കേരളത്തിന്റെ മാതൃകാപരമായ സഹിഷ്ണുതാപാരമ്പര്യത്തിന് പോറലേല്‍പ്പിക്കുന്നതായി.

ഈ വിപത്തില്‍ ബിജെപിക്കുള്ളില്‍പ്പോലും അതൃപ്തിയുണ്ടായി എന്നതാണ് മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്റെ പരസ്യപ്രസ്താവന വ്യക്തമാക്കിയത്. എം ടി വാസുദേവന്‍നായരെയും വിപ്ളവനായകന്‍ ചെ ഗുവേരയെയും പ്രകീര്‍ത്തിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച സി കെ പത്മനാഭനോട് എന്ത് സമീപനം സ്വീകരിക്കുമെന്ന് മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പക്ഷേ, അത്തരം തര്‍ക്കങ്ങളില്‍ പത്മനാഭന്റെ നിലപാടുകളെ തള്ളി അസഹിഷ്ണുതനയം മുറുകെപിടിക്കുന്നതാണ് ബിജെപിയെന്ന് വ്യക്തമാക്കുന്നതായി അവരുടെ യോഗം അംഗീകരിച്ച പ്രമേയം. പുരസ്കാരം കണ്ട് കണ്ണ് മഞ്ഞളിക്കുന്നവരാണ് കേരളത്തിലെ സാംസ്കാരികനായകരെന്ന കണ്ടുപിടിത്തമാണ് ബിജെപി പ്രമേയത്തിലുള്ളത്. അങ്ങനെ പുരസ്കാരത്തിനുപിന്നാലെ പോകുന്നവരാണെങ്കില്‍ അവര്‍ പോകേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെയും അവരുടെ ഏജന്റുമാരുടെയും പിന്നാലെയല്ലേ. നോട്ടുനിരോധത്തില്‍ പ്രധാനമന്ത്രിയുടെ അപക്വനിലപാടിനോട് വിയോജിച്ച എം ടിയെയും ദേശീയഗാനവിഷയത്തില്‍ നിലപാട് സ്വീകരിച്ച കമലിനെയും വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ ബിജെപിക്ക് ഖേദമൊന്നുമില്ലെന്ന് അവരുടെ യോഗം സംശയലേശമെന്യേ വ്യക്തമാക്കിയിരിക്കുന്നു. മാത്രവുമല്ല സംഘപരിവാറിന്റെ അധിക്ഷേപ- അസഹിഷ്ണുതനിലപാട് തുടരുമെന്ന വിളംബരമാണ് ബിജെപി പ്രമേയം.

സി കെ പത്മനാഭന്‍ നേതൃത്വത്തിന് രുചിക്കാത്ത ഒരഭിപ്രായം പരസ്യമായി പറഞ്ഞപ്പോള്‍ ബിജെപിയുടെ മുഖപത്രവും ആര്‍എസ്എസ് വാരികയും ആ നിലപാടിനെ തള്ളി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. അതെല്ലാം കാണുമ്പോള്‍ പ്ളേറ്റോയുടെ 'റിപ്പബ്ളിക്' എന്ന പുസ്തകത്തിലെ ഗുഹയിലെ തടവുകാരുടെ ഒരു ദൃഷ്ടാന്തകഥയാണ് ഓര്‍മയില്‍ വരുന്നത്. ബന്ധനസ്ഥരായിരുന്നതിനാല്‍ തടവുകാര്‍ക്ക് പുറകോട്ടോ വശങ്ങളിലേക്കോ നോക്കാന്‍ കഴിയുമായിരുന്നില്ല. അവരുടെ മുന്നിലെ ഭിത്തിയില്‍ പതിയുന്ന ചലിക്കുന്ന നിഴലുകള്‍ യഥാര്‍ഥ മനുഷ്യരാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍, തടവില്‍നിന്ന് രക്ഷപ്പെട്ട ഒരാള്‍ പുറത്തിറങ്ങി സൂര്യകിരണങ്ങളുടെയും നിഴലുകളുടെയും ഉറവിടം കണ്ടെത്തുന്നു. മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പൂക്കള്‍ക്കും പറവകള്‍ക്കും ജീവിതചലനം നല്‍കുന്നത് സൂര്യനാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ലോകം കണ്ട മനുഷ്യന്‍ തിരിച്ച് ഗുഹയിലെത്തിയപ്പോള്‍ സത്യം പറഞ്ഞ അയാള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുപറഞ്ഞ് അവര്‍ അയാളെ കൊല്ലുന്നു.

റിപ്പബ്ളിക്കിലെ തടവുകാരുടെ സ്ഥിതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിന്‍ കീഴില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും. ഒരു വിഷയത്തില്‍ സത്യം വിളിച്ചുപറഞ്ഞ പത്മനാഭനെ ബിജെപി നേതൃയോഗം നിശബ്ദനാക്കിയതുകൊണ്ട് പ്ളേറ്റോയുടെ റിപ്പബ്ളിക്കിലെ ലോകം കണ്ട തടവുകാരന്റെ ദുരന്തം അനുഭവിക്കേണ്ടിവന്നില്ല എന്നുമാത്രം. സത്യം വിളിച്ചുപറയുന്ന സാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും മേക്കിട്ടുകേറാതെ നോട്ടുനിരോധത്തെതുടര്‍ന്ന് രാജ്യത്തിനുണ്ടായ ദുരിതവും പിന്നോട്ടടിയും പരിഹരിക്കാന്‍ മോഡിസര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്യേണ്ടത്. സ്വന്തം പണം ബാങ്കില്‍നിന്ന് കിട്ടാത്ത അവസ്ഥ 70 ദിവസമായിട്ടും തുടരുകയാണ്. ഒരാള്‍ക്ക് ബാങ്കില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുന്ന തുക 24,000 രൂപമാത്രമാണ്. സഹകരണ ബാങ്കുകളുടെമേല്‍ വീണ നിയന്ത്രണം നീക്കിയിട്ടില്ല. നവംബര്‍ എട്ടുമുതല്‍ 50 ദിവസം അതായത്, ഡിസംബര്‍ 30 ആകുമ്പോഴേക്കും എല്ലാ പ്രതിസന്ധിയും തീരുമെന്നും അല്ലെങ്കില്‍ തന്നെ ജീവനോടെ ചുട്ടുകൊന്നോ എന്നുമായിരുന്നു മോഡിയുടെ വായ്ത്താരി. ഈ കാലയളവിനുള്ളില്‍ കള്ളപ്പണം, ഭീകരത, അഴിമതി തുടങ്ങിയതെല്ലാം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഒഴുകിപ്പോകുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, ഒന്നും സംഭവിച്ചില്ല. മോഡി പിന്നീട് പ്രഖ്യാപിച്ച നോട്ടില്ലാ ക്രയവിക്രയമെന്നത് വണ്ടിക്കുപിന്നില്‍ കുതിരയെ കെട്ടുന്നതായി. ഭീകരപ്രവര്‍ത്തനം തടയാന്‍ നോട്ടുനിരോധം ഉപകരിക്കുമെന്നാണ് പ്രചരിപ്പിച്ചത്. അതിന് കള്ളപ്പണവും കള്ളനോട്ടും തടയണമെന്നും പണരഹിതക്രയവിക്രയം സാധ്യമാക്കണമെന്നുമാണ് പറഞ്ഞത്. പക്ഷേ, ഇത് സാധ്യമാക്കാന്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നു. കള്ളപ്പണക്കാരാല്‍ നിയന്ത്രിക്കുന്ന സമാന്തര സമ്പദ്വ്യവസ്ഥ രാജ്യത്ത് നിലനില്‍ക്കാന്‍ രാജ്യസ്നേഹികള്‍ ആഗ്രഹിക്കുന്നില്ല. നികുതി വെട്ടിച്ച പണമാണ് കള്ളപ്പണം. അത് കറന്‍സിയായി സൂക്ഷിക്കുകയല്ല ഭൂമി, സ്വര്‍ണം, കെട്ടിടം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഭീകരപ്രവര്‍ത്തകര്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയാണ് നടത്തുന്നതെന്ന് ഔദ്യോഗിക ഏജന്‍സികള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കൂലിപ്പണിക്കാരുടെയും ദരിദ്ര കര്‍ഷകത്തൊഴിലാളികളുടെയും ഇന്ത്യയില്‍ ഇന്നത്തെ സമ്പദ്വ്യവസ്ഥ മാറ്റാതെ നോട്ടില്ലാ സമ്പദ്വ്യവസ്ഥ പ്രായോഗികമല്ല. പുതിയ പരിഷ്കാരം അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അതിന്റെ കമ്പനികളെയും സഹായിക്കാനുള്ള കുരുട്ടുബുദ്ധിയാണ്. സാമാന്യബോധമുള്ള സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ഇക്കാര്യങ്ങള്‍ വിളിച്ചുപറയുക സ്വാഭാവികമാണ്. അത്തരം പ്രതികരണങ്ങള്‍ നടത്തുന്നവരെ  വച്ചുപൊറുപ്പിക്കില്ലെന്ന വിധത്തിലെ അസഹിഷ്ണുത ജനാധിപത്യകേരളം സമ്മതിച്ചുതരില്ല.

പുരസ്കാരങ്ങള്‍ കണ്ട് കണ്ണ് മഞ്ഞളിക്കുന്നവരല്ല, അടിയന്തരാവസ്ഥ അടക്കമുള്ള അധര്‍മങ്ങളോട് പോരാടിയ പാരമ്പര്യമുള്ളവര്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ സാംസ്കാരികലോകം. അടിയന്തരാവസ്ഥയിലെ മനുഷ്യത്വരഹിതമായ പീഡനങ്ങളെപ്പറ്റി വാര്‍ത്തകള്‍ പുറത്തുവരുംമുമ്പേ, അകക്കണ്ണുകൊണ്ട് വൈലോപ്പിള്ളി കാണുകയും അത് കവിതയില്‍ പകര്‍ത്തിവയ്ക്കുകയും ചെയ്തു. ഭാരതം ഒരു രോഗാലയമാകുന്നതിന്റെ സങ്കടവും അമര്‍ഷവും ഒ എന്‍ വി പകര്‍ന്നുതന്നു. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, കക്കാട്, സച്ചിദാനന്ദന്‍, മുല്ലനേഴി, എം കൃഷ്ണന്‍കുട്ടി തുടങ്ങി എത്രയെത്ര കവികളും സാഹിത്യകാരന്മാരും അന്ന് ഭരണത്തിന്റെ സ്വേച്ഛാധിപത്യ നീക്കത്തിനെതിരെ ജനരോഷം വളര്‍ത്തി. പൌരസ്വാതന്ത്യ്രവും ജനാധിപത്യസ്വാതന്ത്യ്രവും ഇല്ലായ്മ ചെയ്യുന്ന അതിക്രമമാണ് സാംസ്കാരിക നായകര്‍ക്കെതിരെ വാളോങ്ങുന്നതിലൂടെ കേന്ദ്രം ഭരിക്കുന്നവര്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

ചലച്ചിത്രകാരന്‍ കമല്‍ പാകിസ്ഥാനില്‍ പോകാന്‍ ശഠിക്കുന്ന സംഘപരിവാര്‍ മുമ്പ് ഇതേആവശ്യം ഭാരതത്തിന്റെ അഭിമാനമായ ബിസ്മില്ലാഖാനോടും ഉന്നയിച്ചിരുന്നു. ബിസ്മില്ലാഖാന്റെ നാല് ഷെഹ്നായികള്‍ കൊച്ചുമകന്‍ 17,000 രൂപയ്ക്ക് ഒരു ജ്വല്ലറി ഉടമയ്ക്ക് വില്‍ക്കുകയും അതില്‍ മൂന്നെണ്ണം ആഭരണവ്യാപാരി ഉരുക്കി വെള്ളിയാക്കി മാറ്റുകയും ചെയ്ത വാര്‍ത്ത സമീപദിവസങ്ങളില്‍ കാണാനിടയായി. ഒമ്പതുപതിറ്റാണ്ട് ലോകത്തെങ്ങും സ്നേഹത്തെയും സംഗീതത്തെയുംകുറിച്ച് പാടിനടന്ന ഒരു മഹാജീവിതത്തിന്റെ സമ്പാദ്യമായിരുന്നു ആ ഷെഹ്നായികള്‍. അവ ഒരുകിലോ തൂക്കമുള്ള വെള്ളിക്കട്ടികളായി വാരാണസി പൊലീസിന്റെ തൊണ്ടിമുതലായി സൂക്ഷിപ്പുമുറിയില്‍ മാറി. മുസ്ളിമായി ജനിച്ചുവളര്‍ന്ന് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം ഷെഹ്നായി വായിച്ചുവളര്‍ന്ന സാത്വികനായ മനുഷ്യനായിരുന്നു മഹാസംഗീതജ്ഞനായ ബിസ്മില്ലാഖാന്‍. ഒരിക്കല്‍ ആരാധകര്‍ എല്ലാ സുഖസൌകര്യങ്ങളുമൊരുക്കി അമേരിക്കയില്‍ സ്ഥിരതാമസത്തിന് ക്ഷണിച്ചപ്പോള്‍ ബിസ്മില്ലാഖാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. "എന്റെ ഗംഗയെയും ബനാറസിനെയും കാശിവിശ്വനാഥനെയും അവിടെ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?'' ഇങ്ങനെ കാശിവിശ്വനാഥനെ പാടിയുണര്‍ത്തുകയും ഉറക്കുകയും ചെയ്ത ബിസ്മില്ലാഖാനെപ്പോലെയുള്ളവര്‍ ജീവിച്ചുവളര്‍ന്ന മതനിരപേക്ഷരാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ മഹത്തായ സമ്പത്താണ് എം ടി വാസുദേവന്‍നായര്‍. എം ടിയുടെ ഏത് കഥയിലാണ്, ഏത് നോവലിലാണ്, ഏത് തിരക്കഥയിലാണ് ദേശദ്രോഹമുള്ളത്. എല്ലാത്തിലും ജീവിതത്തിന്റെ തുടിപ്പാണുള്ളത്. 59 വര്‍ഷംമുമ്പ് എം ടി രചിച്ച ആദ്യനോവലായ 'നാലുകെട്ടു'തന്നെ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. തുടര്‍ന്ന് അസുരവിത്ത്, അറബിപ്പൊന്ന്, മഞ്ഞ്, രണ്ടാമൂഴം തുടങ്ങി എത്രയെത്ര നോവലുകള്‍. മുറപ്പെണ്ണ്, നിഴലാട്ടം, നഗരമേ നന്ദി, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, പെരുന്തച്ചന്‍, സുകൃതം ഇങ്ങനെ എത്രയെത്ര തിരക്കഥകള്‍. കഥകളാകട്ടെ ലോകനിലവാരത്തോളം ഉയരുന്നവയും എത്രയെത്ര. എത്രമാത്രം ഉദാരമായ മാനവീയഭാവങ്ങളാണ് ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയത്. എം ടിയുടെ ഓരോ കഥകളിലും ജീവിതത്തിന്റെ തുടിപ്പാണ് ദര്‍ശിക്കുന്നത്. ഇത്തരം സാഹിത്യഗോപുരങ്ങളെ തല്ലിത്തകര്‍ക്കാനുള്ള കാവിപ്പടയുടെ ശ്രമമാണ് ദേശദ്രോഹം. കലബുര്‍ഗിമാരെയും പന്‍സാരെമാരെയും തീര്‍ത്ത ചോരക്കറയുള്ള സംഘപരിവാറിന്റെ ആയുധം കേരളത്തിന്റെ മണ്ണില്‍ ഉയര്‍ത്താന്‍ കാവിപ്പടയെ പ്രബുദ്ധകേരളം സമ്മതിക്കില്ല.

ഇതിന്റെ പ്രഖ്യാപനമാണ് പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പുഫലങ്ങള്‍. നിയമസഭയില്‍ ഒരു സീറ്റ് നേടിയതിന്റെ ഹുങ്കില്‍, ഗുജറാത്തിലും യുപിയിലുമെല്ലാം അരങ്ങുതകര്‍ക്കുന്ന വര്‍ഗീയരാഷ്ട്രീയം കളിക്കാനുള്ള മണ്ണാക്കി കേരളത്തെ മാറ്റാനുള്ള ശ്രമം സംഘപരിവാര്‍ നടത്തുകയാണ്. അതിനുള്ള തിരിച്ചടിയാണ് ജനങ്ങള്‍ പ്രാദേശിക തെരഞ്ഞെടുപ്പുഫലങ്ങളിലൂടെ നല്‍കിയിരിക്കുന്നത്.ബിജെപി കേരളത്തില്‍ മുന്നേറുകയാണെന്ന അബദ്ധപ്രചാരണത്തിന്റെ ഭോഷ്ക് തുറന്നുകാട്ടുന്നതാണ് ജനവിധി.

എല്‍ഡിഎഫ് ഭരണത്തിനെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും സിപിഐ എമ്മിനെതിരെ അക്രമം കെട്ടഴിച്ചുവിട്ടും സാഹിത്യകാരന്മാരെയും സാംസ്കാരിക നായകരെയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയും മുന്നേറാമെന്നുള്ള ബിജെപിയുടെ കേരളനയം ജനങ്ങള്‍ തള്ളുന്നുവെന്നാണ് പിണറായിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള പ്രാദേശിക തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിക്ക് വളര്‍ച്ചയും ഉയര്‍ച്ചയുമില്ലെന്ന് ഒടുവില്‍ നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലവും വ്യക്തമാക്കി. ജനുവരി അഞ്ചിന് നടന്ന 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചുവെന്നുമാത്രമല്ല, അതില്‍ നാല് സീറ്റ് പിടിച്ചെടുത്തവയുമായിരുന്നു. യുഡിഎഫിന് വന്‍തിരിച്ചടിയുണ്ടായി. രണ്ടു പഞ്ചായത്തുകളിലെ ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സ്ഥിതിയുമുണ്ടായി. യുഡിഎഫിന്റെ തകര്‍ച്ചയില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയുന്നുമില്ല. ഇതില്‍നിന്നെല്ലാം പാഠംപഠിക്കാനല്ല, വര്‍ഗീയവികാരം ചൂഷണം ചെയ്ത് ആര്‍എസ്എസിനെയും ബിജെപിയെയും വളര്‍ത്താനാണ് മോഡിസേനയുടെ ശ്രമം.  ഇതിന്റെ ഭാഗമാണ് എല്‍ഡിഎഫ് ഭരണത്തില്‍ ദളിത്പീഡനം വര്‍ധിച്ചു എന്ന ബിജെപിയുടെ നുണ. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴാണ് ആ ദാരുണ മരണത്തിന് കാരണമായ സവര്‍ണഹിന്ദു വര്‍ഗീയപ്രസ്ഥാനം യോഗം ചേര്‍ന്ന് ഒരു അസംബന്ധം നിരത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതീയമായ അസമത്വം അവസാനിപ്പിക്കാന്‍ രോഹിത് നിയമനിര്‍മാണം എന്ന ആവശ്യം തിരുവനന്തപുരത്ത് നടന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ഉയര്‍ത്തുകയും അതിനായി ദേശീയദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. സംഘപരിവാറിന്റെ ഭീഷണി നേരിട്ട് ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് പ്രതിഷേധം പുതു സമരഗാഥയായി. അതേത്തുടര്‍ന്ന് ആനന്ദ് ബെന്‍ പട്ടേലിനെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് നീക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. സംവരണം എടുത്തുകളയാന്‍ ആവശ്യപ്പെടുന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അനുയായികളാണ് കപട ദളിത്പ്രേമവുമായി കേരളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ കേരളം തിരിച്ചറിയും

 

20-Jan-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More