സത്യാനന്തരം
കോടിയേരി ബാലകൃഷ്ണന്
മറ്റ് ജില്ലകളിലില്ലാത്തവിധം ഭൂസമരവും ഭൂമിയെ ആസ്പദമാക്കിയുള്ള ബഹുജനസമരവും ഇടുക്കിയില്‍ സംഭവിക്കുന്നതിന് നിദാനം ഇടുക്കിയിലെ ഭൂപ്രശ്നത്തിലെ സങ്കീര്‍ണതയാണ്. വ്യക്തമായ ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പലപ്പോഴും നീതിപൂര്‍വമായി പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിന് വിലങ്ങുതടിയാകുന്നുണ്ട്. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുമുണ്ട്. അതുകൊണ്ടാണ് പരമ്പരാഗത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥ നടപടികളെ ജനം ചോദ്യംചെയ്യുന്നത്. ഈ ഘട്ടത്തില്‍ നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന നിയമസഭാംഗം എസ് രാജേന്ദ്രനെപോലും വന്‍കിട കൈയേറ്റക്കാരനായി ചിത്രീകരിക്കുന്ന ചില രാഷ്ട്രീയപാര്‍ടികളുടെയും മാധ്യമങ്ങളുടെയും നടപടി മനുഷ്യത്വരഹിതമാണ്. മൂന്നുതലമുറകളായി കൈമാറിക്കിട്ടിയ എട്ട് സെന്റിലാണ് രാജേന്ദ്രന്‍ വീടുവച്ച് താമസിക്കുന്നത്. എന്നിട്ടാണ് മൂന്നുതവണ മൂന്നാറിനെ പ്രതിനിധാനംചെയ്ത് എംഎല്‍എ ആയ രാജേന്ദ്രനെതിരെ അസത്യപ്രചാരണം നടത്തുന്നത്. ഇടുക്കിയില്‍ 11 ലക്ഷം ജനങ്ങളാണുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും ഭൂരേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. പട്ടയം കിട്ടാത്തവരുടെ സംഖ്യ ചെറുതല്ല. അങ്ങനെ കേരള രൂപീകരണത്തിന്റെ വജ്രജൂബിലിയായിട്ടും, ഇടുക്കിയിലെ സാധാരണ ജനങ്ങള്‍ക്ക് ഭൂരേഖ കിട്ടാത്തത് ഏറ്റവും ഗൌരവമുള്ള വിഷയമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. |
മൂന്നാര്‍ എന്നത് കേരളത്തിലെ ഒരു പ്രദേശത്തിന്റെ പേരായി ഇന്ന് ചുരുങ്ങുന്നില്ല. അതൊരു രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ വിഷയമായി പരിണമിച്ചിരിക്കുന്നു. ഈ പ്രക്രിയയില്‍ ഗൂഢമായ ചില രാഷ്ട്രീയലാക്കുണ്ട്. ഈ ലാക്ക് പൊടുന്നനെ ഉണ്ടായതല്ല. വളരെമുമ്പേ തുടങ്ങിയതും മുമ്പൊരുഘട്ടത്തില്‍ ആടിത്തിമിര്‍ത്തതുമാണ്. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ പ്രസിദ്ധീകരണശാല ഓരോവര്‍ഷവും പുതിയ വാര്‍ഷികവാക്കുകള്‍ തെരഞ്ഞെടുക്കാറുണ്ട്. ഈ വര്‍ഷത്തെ വേഡ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്ത പുതിയ വാക്ക് പോസ്റ്റ് ട്രൂത്താണ്. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ അവസ്ഥയെ വിശേഷിപ്പിക്കാനാണ് സത്യാനന്തരമെന്ന ഈ വാക്ക് ഉപയോഗിക്കുന്നത്. മൂന്നാറിലെ സംഭവഗതികളിലെ രാഷ്ട്രീയ മാധ്യമപ്രചാരണങ്ങളെ പോസ്റ്റ് ട്രൂത്തെന്ന് തികച്ചും വിശേഷിപ്പിക്കാം. വര്‍ഗീയതയും സിപിഐ എം വിരുദ്ധതയും ഉല്‍പ്പാദിപ്പിക്കാനുള്ള ഉപാധിയായി ഇതിനെ മാറ്റിയിരിക്കുകയാണ്. ഇതിനുവേണ്ടി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള മുന്നണികള്‍ പരസ്പരധാരണയോടെയും കൂട്ടുചേര്‍ന്നും സിപിഐ എം വിരുദ്ധ മഹാസഖ്യമായി മുന്നോട്ടുപോകുന്നു.
മൂന്നാര്‍വിഷയത്തിലെ പ്രധാന ഘടകം ഭൂപ്രശ്നമാണ്. കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഐ എമ്മും നിലകൊള്ളുന്നുവെന്ന വസ്തുതാവിരുദ്ധമായ ധാരണ പരത്താനുള്ള ഉദ്യമമാണ് നടത്തുന്നത്. അതിനുവേണ്ടി സര്‍ക്കാരിലും എല്‍ഡിഎഫിലും ഒരുവിഭാഗം കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നില്‍ക്കുന്നവരെന്നും മറ്റൊരുവിഭാഗം കൈയേറ്റക്കാരുടെ കൈയാളുകളെന്നുമുള്ള പ്രതീതി പരത്താനാണ് പരിശ്രമം. ഭൂമി കൈയേറി റിസോര്‍ട്ടും വന്‍കിട സൌധങ്ങളും കെട്ടിപ്പൊക്കിയവരും ആയിരക്കണക്കിനേക്കര്‍ ഭൂമി വെട്ടിപ്പിടിച്ചവരുമായ കൈയേറ്റക്കാരെ നിര്‍ദാക്ഷിണ്യം പുറത്താക്കി ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കണം. ആ ഭൂമി തോട്ടംതൊഴിലാളികളുള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് വിതരണംചെയ്യണം. നാടിന് പ്രയോജനപ്രദമായ പദ്ധതികള്‍ക്കായി ഉപയോഗിക്കണം. അതിനുവേണ്ടിയാണ് സിപിഐ എമ്മും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും നിലകൊള്ളുന്നത്. ഭൂമി കൈയേറ്റവും റിസോര്‍ട്ട് പണിയലുമൊന്നും പതിനൊന്നുമാസത്തെ എല്‍ഡിഎഫ് ഭരണത്തിനിടയില്‍ സംഭവിച്ചതല്ല. അതിന് ഉത്തരം പറയേണ്ടത് മുന്‍ യുഡിഎഫ് ഭരണങ്ങളാണ്.
മൂന്നാറിലെ ഭൂപ്രശ്നം ഇടുക്കി ജില്ലയിലെ പൊതു ഭൂപ്രശ്നവുമായി ബന്ധപ്പെട്ടതാണ്. ഇപ്രകാരം വളരെ സങ്കീര്‍ണമായ ഭൂപ്രശ്നം അഭിമുഖീകരിക്കുന്ന ജില്ലയായതുകൊണ്ടാണ് 1961ലും 63ലും എ കെ ജി പങ്കെടുത്ത് അമരാവതി, ചുരളി, കീരിത്തോട് എന്നിവിടങ്ങളിലെല്ലാം ശക്തമായ കര്‍ഷകസമരം നടന്നത്. കൃഷിക്കാരെ കുടിയിറക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും രംഗത്തുണ്ടായിരിക്കുമ്പോഴാണ് എ കെ ജി സമരരംഗത്തെത്തിയത്. സര്‍ക്കാരിന്റെ കുടിയിറക്ക് നയത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ നിരാഹാരം നടത്തിയ എ കെ ജിയുടെ സമരപ്പന്തലില്‍ ക്രിസ്തുവിശ്വാസികളായ സ്ത്രീകള്‍ കൂട്ടായി എത്തി മെഴുകുതിരി കത്തിച്ചുവച്ച് കുരിശുമാലകളില്‍തൊട്ട് പ്രാര്‍ഥന നടത്തി. ആ സമരം വിജയിച്ചപ്പോള്‍ കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടിലുകെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം കിട്ടി. 1963ല്‍ കുടിയൊഴിപ്പിക്കപ്പെട്ട നാലായിരത്തോളം കുടുംബങ്ങള്‍ക്ക് 1967ലെ ഇ എം എസ് സര്‍ക്കാര്‍ ഭൂമി നല്‍കി.
1969-70 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍നടന്ന മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ദേവികുളം, ഉടുമ്പന്‍ചോല അടക്കമുള്ള താലൂക്കുകളില്‍ കൃഷിക്കാര്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസിച്ചു. 1977ല്‍ ആനച്ചാലില്‍ കുടിയൊഴിപ്പിക്കലിനെതിരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചു. ഇങ്ങനെ പാവപ്പെട്ടവന് ഭൂമിയില്‍ വീടുവച്ച് താമസിക്കാനും കൃഷിചെയ്യാനുമുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ കൂറും നയവും മുറുകെപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും സിപിഐ എമ്മും.
മറ്റ് ജില്ലകളിലില്ലാത്തവിധം ഭൂസമരവും ഭൂമിയെ ആസ്പദമാക്കിയുള്ള ബഹുജനസമരവും ഇടുക്കിയില്‍ സംഭവിക്കുന്നതിന് നിദാനം ഇടുക്കിയിലെ ഭൂപ്രശ്നത്തിലെ സങ്കീര്‍ണതയാണ്. വ്യക്തമായ ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പലപ്പോഴും നീതിപൂര്‍വമായി പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിന് വിലങ്ങുതടിയാകുന്നുണ്ട്. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുമുണ്ട്. അതുകൊണ്ടാണ് പരമ്പരാഗത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥ നടപടികളെ ജനം ചോദ്യംചെയ്യുന്നത്. ഈ ഘട്ടത്തില്‍ നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന നിയമസഭാംഗം എസ് രാജേന്ദ്രനെപോലും വന്‍കിട കൈയേറ്റക്കാരനായി ചിത്രീകരിക്കുന്ന ചില രാഷ്ട്രീയപാര്‍ടികളുടെയും മാധ്യമങ്ങളുടെയും നടപടി മനുഷ്യത്വരഹിതമാണ്. മൂന്നുതലമുറകളായി കൈമാറിക്കിട്ടിയ എട്ട് സെന്റിലാണ് രാജേന്ദ്രന്‍ വീടുവച്ച് താമസിക്കുന്നത്. എന്നിട്ടാണ് മൂന്നുതവണ മൂന്നാറിനെ പ്രതിനിധാനംചെയ്ത് എംഎല്‍എ ആയ രാജേന്ദ്രനെതിരെ അസത്യപ്രചാരണം നടത്തുന്നത്.
ഇടുക്കിയില്‍ 11 ലക്ഷം ജനങ്ങളാണുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും ഭൂരേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. പട്ടയം കിട്ടാത്തവരുടെ സംഖ്യ ചെറുതല്ല. അങ്ങനെ കേരള രൂപീകരണത്തിന്റെ വജ്രജൂബിലിയായിട്ടും, ഇടുക്കിയിലെ സാധാരണ ജനങ്ങള്‍ക്ക് ഭൂരേഖ കിട്ടാത്തത് ഏറ്റവും ഗൌരവമുള്ള വിഷയമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.
ഇടുക്കി ജില്ല നാലുനൂറ്റാണ്ട് മുമ്പുവരെ ജനവാസം തീരെയില്ലാത്ത പ്രദേശമായിരുന്നു. രാജഭരണംമുതല്‍ ജനകീയസര്‍ക്കാരുകള്‍വരെ പിന്തുണച്ചാണ് ജനവാസമുണ്ടാക്കിയത്. മധുര ഭരിച്ച തിരുമല നായ്ക്കര്‍ മുതല്‍ തിരുവിതാംകൂര്‍ രാജഭരണംവരെയുള്ള അധികാരസംവിധാനങ്ങള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. തോട്ടം വ്യവസായത്തിന് തൊഴിലാളികളെ ആവശ്യമായപ്പോള്‍ 1870-1920 കാലഘട്ടത്തില്‍ വന്‍തോതില്‍ കുടിയേറ്റമുണ്ടായി. 1933-44ല്‍ പള്ളിവാസല്‍, ചെങ്കുളം വൈദ്യുതിപദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനത്തിനെത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതി പ്രകാരവും ആയിരക്കണക്കിനാളുകള്‍ക്ക് ഇവിടെ ഭൂമി കിട്ടി. വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്ന പദ്ധതിപ്രകാരം 1950ല്‍ ഒരുവിഭാഗത്തിന് ഭൂമി കിട്ടി. ഇങ്ങനെ ഭൂമി ലഭിച്ചവര്‍ക്കടക്കം ഇപ്പോഴും ഭൂരേഖകളില്‍ വ്യക്തത വന്നിട്ടില്ലെന്ന പരാതി നിലനില്‍ക്കുന്നു. ചെറുകിട-ഇടത്തരം-ദരിദ്ര കര്‍ഷകര്‍ക്കും നാലോ അഞ്ചോ സെന്റ് സ്ഥലമുള്ളവര്‍ക്കുംവരെ ബാങ്ക് ലോണും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിന് സാഹചര്യമില്ലാത്ത അവസ്ഥയുമുണ്ട്. ഗിരിവര്‍ഗക്കാര്‍പോലും പലപ്പോഴും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ട്. ഇത് മനസ്സിലാക്കി അര്‍ഹതപ്പെട്ട ആയിരക്കണക്കിനാള്‍ക്കാര്‍ക്ക് പട്ടയം കിട്ടുന്നതിനുള്ള നടപടി സത്വരമായി സര്‍ക്കാര്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ എല്‍ഡിഎഫിലോ മന്ത്രിസഭയിലോ ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസമില്ല.
ഇടുക്കിയിലെ സാധാരണ ജനങ്ങള്‍ക്ക് ഭൂരേഖ കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പ്രാമുഖ്യം നല്‍കുമ്പോള്‍ത്തന്നെ വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി സര്‍ക്കാരിന്റെ അധീനതയിലാക്കുകയെന്നതിനും എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും പ്രാധാന്യം നല്‍കുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുകയായിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുതന്നെ അത്തരക്കാരെ പുറത്താക്കും. അതിന് ബഹുജനപിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിനോട് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റിയോഗം ശുപാര്‍ശ ചെയ്തത്. കുടിയേറ്റവും കൈയേറ്റവും രണ്ടായി കണ്ടുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം നാടിന് പൊതുവില്‍ സ്വീകാര്യമായതാണ്. മൂന്ന് ആറുകളുടെ സംഗമഭൂമിയായ മൂന്നാറില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പലഭാഗവും ടാറ്റാ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ ഭൂമിയിടപാടുകളെപ്പറ്റിയുള്ള നിയമപരിശോധനയും നടപടിയും ആവശ്യമാണ്. മൂന്നാര്‍ ടൌണ്‍ഷിപ് ഉള്‍പ്പെടുന്ന അഞ്ഞൂറേക്കര്‍ ഭൂമി ടാറ്റാകമ്പനിയില്‍നിന്ന്മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നിട്ടും ഏതെങ്കിലുംതരത്തിലുള്ള കൈകടത്തലുകള്‍ ഏതെങ്കിലും പ്രദേശത്ത് നടത്തുന്നുണ്ടെങ്കില്‍ അതിന് തടയിടണം. പാരിസ്ഥിതികമായി സംരക്ഷിക്കേണ്ട ഭൂമി അപ്രകാരം സംരക്ഷിക്കുകയും ശേഷിക്കുന്നവ പാവപ്പെട്ടവര്‍ക്ക് പതിച്ചുകൊടുക്കുകയും പൊതുപദ്ധതികള്‍ക്കായി ഉപയോഗിക്കുകയുംവേണം.
ഇക്കാര്യത്തില്‍ നിയമസഭാകമ്മിറ്റിയുടെ റിപ്പോര്‍ട്ടിലടക്കം വ്യക്തമായ ശുപാര്‍ശകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചില നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലാകട്ടെ, കൈയേറ്റം വലിയതോതില്‍ നടന്നു. ഇത്തരം കൈയേറ്റം നടത്തിയവര്‍ വന്‍കിടക്കാരെന്നോ ചെറുകിടക്കാരെന്നോ വ്യത്യാസം നോക്കാതെതന്നെ അവരെ ഒഴിപ്പിക്കണം. അതിനാവശ്യമായ പഴുതുകളില്ലാത്ത ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ മന്ത്രിസഭയിലോ മുന്നണിയിലോ രണ്ടുചേരിയുണ്ടാകില്ല. എല്‍ഡിഎഫ് ഭരണം യുഡിഎഫ് ഭരണത്തില്‍നിന്ന് വ്യത്യസ്തമാണ്. യുഡിഎഫ് ഭരണത്തില്‍ ചില ഘട്ടങ്ങളിലെങ്കിലും വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്നതുപോലെ മുഖ്യമന്ത്രിക്കുമുകളില്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത്തരം ദുരവസ്ഥ എല്‍ഡിഎഫ് ഭരണത്തിലുണ്ടാകില്ല. ഓരോ വകുപ്പിലെയും മന്ത്രിമാര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്യ്രമുണ്ട്. എന്നാല്‍, സ്വതന്ത്രസാമ്രാജ്യമായി പ്രവര്‍ത്തിക്കുന്ന രീതി യുഡിഎഫ് ഭരണകാലത്തെ ശൈലിയാണ്. അത് എല്‍ഡിഎഫിലുണ്ടാകില്ല. ഇടുക്കിയിലെ ഭൂപ്രശ്നത്തില്‍ കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ട് നടപടി സ്വീകരിക്കുകയെന്ന നയത്തില്‍ മുന്നണിക്കും മന്ത്രിസഭയ്ക്കും പൊതുയോജിപ്പാണ്.
ഏപ്രില്‍ 20ന്റെ ഒഴിപ്പിക്കല്‍നടപടിയില്‍ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് കുരിശ് തകര്‍ത്ത നടപടി ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു. അതിനെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത് ഉചിതമായി. അല്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശത്രുചേരിക്ക് വര്‍ഗീയ രാഷ്ട്രീയ ആയുധമാകുമായിരുന്നു ആ വിഷയം. ഇടുക്കിയിലെ ഭൂപ്രശ്നവും തൊഴിലാളികളുടെ അവസ്ഥയെയുംപറ്റി നല്ല ഗ്രാഹ്യമുള്ള മന്ത്രി എം എം മണി നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ച് രാഷ്ട്രീയസമരം നടത്തുന്ന ബിജെപിയും കോണ്‍ഗ്രസ് മുന്നണിയും പ്രകടമാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ അജന്‍ഡയാണ്. പൊമ്പിളൈ ഒരുമൈ സമരത്തെ അവഹേളിച്ചില്ലെന്ന് മണി വിശദമാക്കിയിരുന്നു. തന്റെ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പ്രസംഗത്തിന്റെപേരില്‍ ഹര്‍ത്താല്‍ നടത്തിയതും ഇപ്പോള്‍ പൊമ്പിളൈ ഒരുമൈയുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും ഏകോദരസഹോദരങ്ങളെപ്പോലെ മൂന്നാറില്‍ സത്യഗ്രഹം നടത്തുന്നതും രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അതുപോലെ നിയമസഭ സ്തംഭിപ്പിക്കുന്ന സമരമുറകള്‍ നടത്തുന്നത്, ഒരുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാകുന്നത് തടയാനാണ്.
ഈ വിഷയം പാര്‍ടി സംസ്ഥാന കമ്മിറ്റി പരിശോധിക്കുകയും മണിയുടെ വിശദീകരണം കേള്‍ക്കുകയുംചെയ്തു. നാനാവശവും യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം എം മണിയെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മൂന്നാര്‍ ഭൂപ്രശ്നത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് മണിയുടെ പ്രസംഗത്തെ ഭൂകമ്പംപോലുള്ളൊരു രാഷ്ട്രീയവിഷയമാക്കി കൊണ്ടുനടക്കുന്നത്. ഇത്തരം രാഷ്ട്രീയ അടവുകള്‍കൊണ്ട് ഒന്നാംവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുപിന്നില്‍ അണിനിരക്കുന്ന ജനങ്ങളെ തടയാനാകില്ല. ഇപ്പോള്‍ നടക്കുന്ന കോണ്‍ഗ്രസ്-ബിജെപി സമരം കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ യജ്ഞത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമാണ്. ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുകയെന്ന നയത്തിലൂന്നിയാകും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുക.
28-Apr-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍