സൈന്യം നമ്മുടേതാണ്, സംഘികളുടേതല്ല
കോടിയേരി ബാലകൃഷ്ണന്‍
ദേശീയ ഐക്യത്തിന്റെ പ്രശ്നവും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്ന വെല്ലുവിളികളെയും ശക്തിയായി നേരിടേണ്ടതുതന്നെ. എന്നാല്‍, ഇന്ത്യന്‍ സൈന്യമെന്ന നാമത്തെ മറയാക്കി ഭരണവര്‍ഗങ്ങളും അവരുടെ പ്രത്യയശാസ്ത്രകാരന്മാരും പ്രചാരകരും ഇടതുപക്ഷത്തിനെതിരെ ശകാരപ്രചാരണം നടത്തുന്നതുകൊണ്ട് കമ്യൂണിസ്റ്റുകാരെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താമെന്നു കരുതണ്ട. ഭരണവര്‍ഗകേന്ദ്രീകരണവും അമിതാധികാരവും ചേര്‍ന്ന് സൃഷ്ടിച്ച 'വ്യാജദേശഭക്തി'യാണ് സംഘപരിവാറിന്റേത്. വാജ്പേയി ഭരണകാലത്ത് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ധീരജവാന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശവപ്പെട്ടിവാങ്ങുന്നതിനുള്ള കരാറില്‍വരെ കുംഭകോണം നടത്തിയവരാണ് ബിജെപിക്കാര്‍. പ്രതിരോധ ആവശ്യത്തിനുള്ള ഇടപാടുകളില്‍ വന്‍ കോഴയും ബിജെപി കൈപ്പറ്റുന്നുവെന്നതിന് തെളിവായിരുന്നു ബിജെപി പ്രസിഡന്റായിരുന്ന ബംഗാര ലക്ഷ്മണ്‍ കോഴക്കേസില്‍ കുടുങ്ങിയതിലൂടെ പുറത്തുവന്നത്. ശവപ്പെട്ടി കുംഭകോണം നടത്തിയവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷകരായി ചമയുന്നത് അപഹാസ്യമാണ്. |
അസത്യം സത്യമെന്നമട്ടില്‍ ആവര്‍ത്തിച്ചാല്‍ ഫലമുണ്ടാകും. ഇത് ഹിറ്റ്ലറുടെ പബ്ളിസിറ്റി തലവനായിരുന്ന ഗീബല്‍സ് ലോകത്തെ ബോധ്യപ്പെടുത്തിയതാണ്. ഹിറ്റ്ലറെ മാതൃകയാക്കുന്ന ആര്‍എസ്എസ് പ്രചാരണത്തില്‍ ഗീബല്‍സിന്റെ വഴിയിലാണ് നീങ്ങുന്നത്. അതിന് തെളിവാണ് കമ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍സൈന്യത്തെ തരംതാഴ്ത്തുന്നവരെന്നും ആര്‍എസ്എസുകാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷകരാണെന്നുമുള്ള പ്രചാരണം.
രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരില്‍നിന്ന് രക്ഷിക്കാന്‍ ജീവന്‍ നല്‍കി പോരാടുന്നതിന്റെ ഖ്യാതി ഇന്ത്യന്‍ സൈന്യത്തിനുണ്ട്. സ്വജീവന്‍ നല്‍കി പോരാടുന്ന സൈന്യത്തെ കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുകയും ആ നിലയില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍, സൈന്യത്തോട് അമിതമായ സ്നേഹപ്രകടനനാടകം ഇപ്പോള്‍ കളിക്കുന്ന ആര്‍എസ്എസ്- ബിജെപി സംഘം സ്വാതന്ത്യ്രാനന്തരകാലത്തെ നിര്‍ണായകമായ ഘട്ടങ്ങളില്‍ സൈനികസ്തുതി ചൊരിഞ്ഞിട്ടേയില്ല. പിന്തിരിപ്പന്‍ സ്വേച്ഛാധിപത്യശക്തികളുടെ ശൈലി, ഏത് രാജ്യത്തും സൈനികഭ്രാന്തും സങ്കുചിതദേശീയവാദവും കെട്ടഴിച്ചുവിടുകയാണ്. ഇവിടെ, ബിജെപി- ആര്‍എസ്എസ് ശക്തികള്‍ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും 'മുസ്ളിം പാകിസ്ഥാ'നെയും എതിരിടാന്‍ അസത്യം പ്രചരിപ്പിച്ച് ജനങ്ങളില്‍ രോഷം തിളപ്പിക്കാന്‍ നോക്കുന്നു. ഈ പശ്ചാത്തലത്തില്‍വേണം ഇന്ത്യന്‍ സൈന്യത്തിനെതിരെ ഞാന്‍ കണ്ണൂരിലെ സമ്മേളനത്തില്‍ പ്രസംഗിച്ചെന്ന ആര്‍എസ്എസ്- ബിജെപി നുണയെ വിലയിരുത്തേണ്ടത്.
സായുധസേനാ പ്രത്യേക അധികാരനിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍ ആക്ട്- അഫ്സ്പ) കേന്ദ്രസര്‍ക്കാര്‍ കണ്ണൂരില്‍ നടപ്പാക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തിന്റെ നിരര്‍ഥകതയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. അത് എങ്ങനെ സൈന്യത്തെ അധിക്ഷേപിക്കലാകും. പ്രത്യേക അധികാരനിയമത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളത്തിലെ ചിലരില്‍നിന്ന് മനുഷ്യാവകാശലംഘനങ്ങള്‍, ആ നിയമം നിലനില്‍ക്കുന്ന സ്ഥലങ്ങളിലൊക്കെ ഉണ്ടാകുന്നതായി ന്യായമായ പരാതി ഉയര്‍ന്നിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടുന്നത് എങ്ങനെ ഇന്ത്യന്‍ പട്ടാളത്തെ അപമാനിക്കലാകും. ഈ വിഷയത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജെപിയുടെ 'പുത്തന്‍ നേതാവായ' രാജീവ് ചന്ദ്രശേഖര്‍ എംപി ഒരു പ്രസ്താവന പുറപ്പെടുവിച്ചതായി കണ്ടു. ഈ സംഘരാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ പണംമുടക്കി സ്ഥാപിച്ച ഇംഗ്ളീഷ് ന്യൂസ് ചാനലായ റിപ്പബ്ളിക്കില്‍ മോഡി പ്രചാരകനായ അര്‍ണബ് ഗോസ്വാമി ഒരുദിവസത്തെ അന്തിച്ചര്‍ച്ചയ്ക്ക് വിഷയമാക്കിയത് 'കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തെ അപമാനിച്ചു'വെന്ന അടിസ്ഥാനരഹിതമായ 'സംഭവ'മാണ്.
ജെഎന്‍യുവിലെ ദേശാഭിമാനികളായ വിദ്യാര്‍ഥികളെ ദേശവിരുദ്ധരാക്കാന്‍ വ്യാജവീഡിയോ നിര്‍മിച്ച് ടിവി ചാനലിലൂടെ സംപ്രേഷണം ചെയ്തതടക്കമുള്ള നടപടികളിലൂടെ തങ്ങള്‍ തീവ്ര മോഡിഭക്തരാണെന്ന് വിളംബരംചെയ്ത ഒരുകൂട്ടം മാധ്യമപ്രമുഖരുണ്ട്. അവരുടെ നേതാവാണ് അര്‍ണബ് ഗോസ്വാമി. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചതായി കൃത്രിമമായി കൂട്ടിച്ചേര്‍ത്തതാണ് ടിവികളില്‍ സംപ്രേഷണംചെയ്ത വീഡിയോ എന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അത്തരം ന്യായീകരണമില്ലാത്ത കുറ്റകൃത്യങ്ങളുടെ സംരക്ഷകനായിരുന്ന അര്‍ണബ് ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് എന്റെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ചതില്‍ അത്ഭുതമില്ല. പക്ഷേ, ഇതുവഴി മാധ്യമ ധാര്‍മികതയുടെ അവസാനത്തെ ഉടയാടയും അര്‍ണബ് അഴിച്ചുകളഞ്ഞിരിക്കുകയാണ്. റിപ്പബ്ളിക്കില്‍ ടിവി ചര്‍ച്ചയ്ക്ക് സിപിഐ എം ലോക്സഭാംഗമായ എം ബി രാജേഷിനെ പങ്കെടുപ്പിച്ചെങ്കിലും രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ സാമാന്യനീതിയും മര്യാദയും നിഷേധിച്ചു.
കണ്ണൂരില്‍ അഫ്സ്പ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിച്ചാല്‍ ഇന്ത്യയിലെ ഏത് ജില്ലയിലും ഈ കരിനിയമം അടിച്ചേല്‍പ്പിക്കാം. രാമന്തളിയിലുണ്ടായ നിര്‍ഭാഗ്യകരമായ ഒരു കൊലപാതകത്തിന്റെ പേരിലാണ് അഫ്സ്പയ്ക്കായുള്ള ബിജെപി മുറവിളി. കൊലപാതകത്തിന്റെ എണ്ണം നോക്കിയാല്‍ കണ്ണൂരിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ പല ജില്ലയിലും. ബ്രിട്ടീഷുകാര്‍ 1942ല്‍ ക്വിറ്റിന്ത്യാ സമരക്കാര്‍ക്കെതിരെ നടപ്പാക്കിയ സൈനിക നിയമമാണിത്. 1958ല്‍ നാഗാകലാപകാരികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചു. ഭീകരപ്രവര്‍ത്തനങ്ങളുടെ മറവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കി. ഈ നിയമത്തിന്റെ മറവില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യംചെയ്താണ് മണിപ്പുരില്‍ ഇറോം ശര്‍മിള 16 വര്‍ഷം നിരാഹാരം നടത്തി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുവാങ്ങിയത്. സ്വന്തം വായില്‍ക്കൂടി ഒരുതുള്ളി ജലംപോലും ഇറക്കാതെ പട്ടാളനിയമത്തിനെതിരെ 16 വര്‍ഷം അവര്‍ പ്രതിരോധമുയര്‍ത്തി. സൈനികര്‍ ആരെ പിടിച്ചുകൊണ്ടുപോയാലും വെടിവച്ചുകൊന്നാലും സ്ത്രീകളെ ബലാത്സംഗംചെയ്താലും ചോദിക്കാന്‍പറ്റാത്ത അവസ്ഥ.
മണിപ്പുരില്‍ 2000 നവംബര്‍ രണ്ടിന് തലസ്ഥാനമായ ഇന്‍ഫാലിനടുത്ത് മാലോം എന്ന സ്ഥലത്ത് ബസ് കാത്തുനിന്ന 10 ഗ്രാമീണരെ സൈനികര്‍ വെടിവച്ചുകൊന്നു. ആ പശ്ചാത്തലത്തിലായിരുന്നു അഫ്സ്പ നിയമം പിന്‍വലിക്കാന്‍ ഗാന്ധിയന്‍ നിരാഹാരസമരം ഇറോം ശര്‍മിള തുടങ്ങിയത്. ഇതിനിടെ 2004 ജൂലൈയില്‍ തങ്ക്ജം മനോരമ എന്ന യുവതിയെ അര്‍ധസൈനികര്‍ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി. യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ജനരോഷം കത്തിപ്പടര്‍ന്നു. മുപ്പതോളം വീട്ടമ്മമാര്‍ വിവസ്ത്രരായി അസം റൈഫിള്‍സ് ആസ്ഥാനത്തേക്ക് നീങ്ങി. 'പട്ടാളമേ, ഞങ്ങളെ ബലാത്സംഗം ചെയ്യൂ' എന്നെഴുതിയ ബാനര്‍കൊണ്ട് അവര്‍ മറയ്ക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത ക്രൂരതയെയാണ്. ഈ സംഭവത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജീവന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ കമീഷനെ നിയോഗിച്ചു.
അഫ്സ്പ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നതായിരുന്നു കമീഷന്റെ ശുപാര്‍ശ. പ്രത്യേക സൈനികനിയമത്തിന്റെ മറവില്‍ സൈന്യത്തിലെ ചിലര്‍ ചെയ്യാന്‍പാടില്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന് ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമീഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെത്തുടര്‍ന്ന് അഫ്സ്പയുടെ മറവിലെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യുന്ന സുപ്രീംകോടതി വിധികളുമുണ്ടായി. ഒരു കേസിലാകട്ടെ 'ഓപ്പറേഷ'ന്റെ ഭാഗമായി സൈനികര്‍ ചെയ്യുന്ന 'എല്ലാ പ്രവൃത്തികളും' ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്കും കോടതി വിചാരണയ്ക്കും പുറത്താണെന്ന നിയമവ്യവസ്ഥയെ റദ്ദാക്കുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ക്ക് 'സമ്പൂര്‍ണ സംരക്ഷണം' ഒരു സൈനികനും അനുവദിക്കാനാകില്ലെന്നും മണിപ്പുരിലെ എല്ലാ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും അന്വേഷണത്തിനും വിചാരണയ്ക്കും വിധേയമാക്കണമെന്നും സുപ്രീംകോടതി വിധിച്ചു.
അഫ്സ്പ നിയമം നിലവിലുള്ള മണിപ്പുരിലെ സൈനികാതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ജസ്റ്റിസ് സന്തോഷ് ഹെഡ്ഗെ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷണറായിരുന്ന ജെ എം ലിന്‍ഡെ, കര്‍ണാടക ഡിജിപിയായിരുന്ന അജയകുമാര്‍ സിങ് എന്നിവര്‍ ഈ കമീഷനിലെ അംഗങ്ങളായിരുന്നു. മണിപ്പുരില്‍ 1979നുശേഷം 1528 പേരെ സൈനികര്‍ നിയമവിരുദ്ധമായി കൊലപ്പെടുത്തിയെന്ന പരാതിയാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം കമീഷന്‍ സമഗ്രപരിശോധനയ്ക്ക് വിധേയമാക്കിയത്. ആറ് സാമ്പിള്‍ കേസെടുത്ത് ആഴത്തിലുള്ള പരിശോധനയും നടത്തി. ഇതെല്ലാം കഴിഞ്ഞപ്പോള്‍ കമീഷന്‍ നല്‍കിയ നൂറുപേജിലെ റിപ്പോര്‍ട്ട് മനുഷ്യാവകാശലംഘനത്തിനുനേരെ പിടിച്ച കണ്ണാടിയായി. സൈന്യം നടത്തിയ കൊലപാതകത്തിനും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനും ഒരു ന്യായവുമില്ലെന്നും അഫ്സ്പ നിയമം മറയാക്കി സൈന്യം നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാധാരണ നിയമം ബാധകമല്ലെന്ന ഇളവ് നീതിന്യായസംവിധാനത്തെ തകിടംമറിക്കുന്നതാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് തുടര്‍ച്ചയായി സൈന്യം നടത്തിയ അതിക്രമത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനുള്ള ഉത്തരവും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് നല്‍കി.
ഇപ്രകാരം യുക്തിപൂര്‍വവും നീതിപൂര്‍വവുമായി നിലപാടെടുത്തിട്ടുള്ള പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരെയും അന്വേഷണ കമീഷനിലെ ബഹുമാന്യ വ്യക്തിത്വങ്ങളെയും രാജ്യദ്രോഹികളെന്നോ സൈന്യത്തെ അധിക്ഷേപിക്കുന്നവരെന്നോ വിളിക്കാന്‍ അന്ന് ആര്‍എസ്എസിനും ബിജെപിക്കും നാവ് പൊന്തിയില്ല. എന്നാല്‍, അഫ്സ്പ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിക്കുന്നവരെ ഇപ്പോള്‍ ഇന്ത്യന്‍ സേന വിരുദ്ധരായി ചിത്രീകരിക്കുന്നത് കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ ഭരിക്കുന്നതിന്റെ ഹുങ്കിലാണ്.
കശ്മീരില്‍ ഈ നിയമം നടപ്പാക്കിയിട്ടും പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ കാലങ്ങളായി തുടരുന്ന അഫ്സ്പ എന്ന കരിനിയമത്തിന്റെ ദുരുപയോഗം തടയണം എന്നത് പൊതു ദേശീയവികാരമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഭജനവാദത്തിന്റെയും ഭരണകൂട അടിച്ചമര്‍ത്തലിന്റെയും വൃത്തത്തെ ശുദ്ധീകരിക്കാന്‍ പ്രത്യേക സൈനികനിയമം ഗുണമായിട്ടില്ല. വടക്കുകിഴക്കന്‍ മേഖലയിലെ പൊതുസ്ഥിതിക്ക് കടകവിരുദ്ധമായി ഇടതുപക്ഷനേതൃത്വത്തിലുള്ള ത്രിപുരയ്ക്ക് ശിഥിലീകരണത്തെ എതിരിടാനും ഗോത്രവര്‍ഗജനങ്ങളും ബംഗാളിഭാഷ സംസാരിക്കുന്ന ജനങ്ങളും തമ്മിലുള്ള ഐക്യം നിലനിര്‍ത്താനും സാധിച്ചിരിക്കുന്നു. അതിന് കാരണമായ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇടതുപക്ഷഭരണം വന്നശേഷം ത്രിപുരയില്‍ അഫ്സ്പ വേണ്ടെന്നുവച്ചതാണ്. അപ്പോള്‍ അഫ്സ്പകൊണ്ട് സമാധാനവും ജനങ്ങളുടെ ഒരുമയുമുണ്ടാകുമെന്ന ഭരണകൂട സങ്കല്‍പ്പം അബദ്ധമാണെന്ന് വ്യക്തമാകുന്നു. അക്കാര്യമാണ് ഞാന്‍ കണ്ണൂര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
ദേശീയ ഐക്യത്തിന്റെ പ്രശ്നവും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്ന വെല്ലുവിളികളെയും ശക്തിയായി നേരിടേണ്ടതുതന്നെ. എന്നാല്‍, ഇന്ത്യന്‍ സൈന്യമെന്ന നാമത്തെ മറയാക്കി ഭരണവര്‍ഗങ്ങളും അവരുടെ പ്രത്യയശാസ്ത്രകാരന്മാരും പ്രചാരകരും ഇടതുപക്ഷത്തിനെതിരെ ശകാരപ്രചാരണം നടത്തുന്നതുകൊണ്ട് കമ്യൂണിസ്റ്റുകാരെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താമെന്നു കരുതണ്ട. ഭരണവര്‍ഗകേന്ദ്രീകരണവും അമിതാധികാരവും ചേര്‍ന്ന് സൃഷ്ടിച്ച 'വ്യാജദേശഭക്തി'യാണ് സംഘപരിവാറിന്റേത്. വാജ്പേയി ഭരണകാലത്ത് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ധീരജവാന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശവപ്പെട്ടിവാങ്ങുന്നതിനുള്ള കരാറില്‍വരെ കുംഭകോണം നടത്തിയവരാണ് ബിജെപിക്കാര്‍. പ്രതിരോധ ആവശ്യത്തിനുള്ള ഇടപാടുകളില്‍ വന്‍ കോഴയും ബിജെപി കൈപ്പറ്റുന്നുവെന്നതിന് തെളിവായിരുന്നു ബിജെപി പ്രസിഡന്റായിരുന്ന ബംഗാര ലക്ഷ്മണ്‍ കോഴക്കേസില്‍ കുടുങ്ങിയതിലൂടെ പുറത്തുവന്നത്. ശവപ്പെട്ടി കുംഭകോണം നടത്തിയവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷകരായി ചമയുന്നത് അപഹാസ്യമാണ്.
യുപിയില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിത്രത്തോടൊപ്പം മോഡിയുടെയും അമിത്യു ഷായുടെയും പടം ചേര്‍ത്ത് വോട്ടുപിടിക്കുകയായിരുന്നു. വോട്ടുപിടിക്കുന്നതിനുള്ള പ്രചാരണോപാധിയായി ഇന്ത്യന്‍ സൈന്യത്തെ മാറ്റിയിരിക്കുന്ന ബിജെപി- ആര്‍എസ്എസ് സൂത്രപ്പണി ദേശസുരക്ഷയ്ക്ക് ഭംഗംവരുത്തുന്നു. ഇന്ത്യന്‍ പ്രതിരോധസേനയുടെ പതാകകള്‍ ബിജെപിയുടെ കാവിക്കൊടിയുമായി കൂട്ടിക്കെട്ടുന്നത് ഭരണഘടനാലംഘനവും സ്വേച്ഛാപരവുമാണ്. സംഘപരിവാറിന്റെ വ്യാജദേശഭക്തിക്ക് ആക്കംകൂട്ടാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പേര് ഇക്കൂട്ടര്‍ ദുരുപയോഗപ്പെടുത്തുന്നു. ഇതിന്റെതന്നെ മറ്റൊരു രൂപമാണ് ന്യൂനപക്ഷദേശീയതകളെ വെല്ലുവിളിക്കുന്നതും ഇന്ത്യന്‍ ജനതയുടെ ഭക്ഷണശീലത്തെ പിച്ചിച്ചീന്തുന്നതും. തന്റെ കണ്ണൂര്‍ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നതിലൂടെ, ഗാന്ധിജിയെ കൊന്ന ഗോഡ്സെ സംഘം സത്യത്തെ കൊല്ലുന്നതിനും സമര്‍ഥരാണെന്ന് വീണ്ടും ബോധ്യപ്പെടുത്തുന്നു.
02-Jun-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍